Friday 03 September 2021 04:53 PM IST : By Text & Photo : Paulson Joy

പുള്ളിപ്പുലിയുടെ ചിത്രം തേടി ജയ്പുരിന്റെ നഗര ഹൃദയത്തിലെ പച്ച തുരുത്തിൽ... ജലാന സഫാരി

Paulson Photo New

നിബിഡവനത്തിനു നടുക്കു വലിയ മതിൽ കെട്ടിത്തിരിച്ചിരിക്കുന്ന ഒരു ക്ഷേത്രം ലക്ഷ്യമാക്കിയാണ് ജിപ്സി നീങ്ങുന്നത്. ആദ്യ സഫാരിയാണ്. പക്ഷികളുടെയും ചീവിടുകളുടെയും കളകളനാദങ്ങളും കരച്ചിലുകളും കേട്ട് കാട് ആസ്വദിച്ചാണ് യാത്ര. പെട്ടെന്നാണ് ഗൈഡ് കുൽദീപിന്റെ വിളി വന്നത്. ക്ഷേത്രത്തിനകത്തു പുള്ളിപ്പുലി ഉണ്ടെന്നും പെട്ടെന്ന് ക്യാമറയുമായി വരാനുമാണ് കുൽദീപ് വിളിച്ചു പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യം ഒരിക്കലും പ്രതീക്ഷിക്കാത്തതുകൊണ്ടു തന്നെ ക്യാമറയും ലെൻസും തയാറാക്കിവച്ചിരുന്നില്ല. പുള്ളിപ്പുലി ക്ഷേത്രത്തിനു പുറത്തു വരുന്നതും വലിയ മതിൽക്കെട്ട് ചാടിക്കടക്കുന്നതും വെറും കാഴ്ചക്കാരായി കണ്ടുനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. കുൽദീപിനൊപ്പം ക്ഷേത്ര പൂജാരിയും ഞങ്ങൾക്കരികിലേക്കു തെല്ലു വെപ്രാളത്തോടെ ഓടി വന്നു. അവർ ക്ഷേത്രത്തിനകത്തു കയറി ലൈറ്റ് ഓണാക്കിയപ്പോഴാണ് തൊട്ടടുത്ത് കിടക്കുന്ന പുലിയെ കണ്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയെ ക്ഷേത്രത്തിൽ കണ്ട പൂജാരി നിലവിളിച്ചു. ഇതു കേട്ട് പേടിച്ച പുലി മതിൽക്കെട്ട് ചാടി കാട്ടിലേയ്ക്കു പോവുകയാണുണ്ടായത്. എന്തായാലും തുടക്കം കൊള്ളാം. ഫോട്ടോ കിട്ടിയില്ലെങ്കിലും നല്ല പ്രതീക്ഷയ്ക്കു വകുപ്പുണ്ടെന്നു മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ സഫാരി ഗെയ്റ്റിൽ തിരിച്ചെത്തി...

ജയ്പൂരിലെ ജലാന സംരക്ഷിത വനമേഖല, ആദ്യകാഴ്ചയിൽ തന്നെ ഏതൊരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുടെയും മനസ്സ് കീഴടക്കുന്ന സുന്ദരി. പിങ്ക് സിറ്റിയുടെ ഹൃദയത്തിലെ പച്ചപ്പിലേക്കാണ് പുള്ളിപ്പുലിയെ സ്വപ്നം കണ്ടുള്ള ഈ യാത്ര...

നഗരത്തിനു നടുവിലെ കാട്

പച്ചപ്പിന്റെ പശ്ചാത്തലത്തിൽ മരത്തിൽ കിടക്കുന്ന പുള്ളിപ്പുലി, കബനിയിലേക്കുള്ള യാത്ര ആ ഒരു ഫ്രെയിം മനസ്സിൽ കണ്ടായിരുന്നു. പക്ഷേ, കാട് കനിയാൻ ഭാഗ്യം കൂടി തുണ വേണം. കബനി യാത്രയ്ക്കിടെ സുഹൃത്ത് പറഞ്ഞാണ് ജയ്പൂരിന്റെ ഹൃദയഭാഗത്തെ കാടിനെ കുറിച്ചറിയുന്നത്. നെടുമ്പാശേരിയിൽ നിന്നും ബെംഗളൂരു വഴിയാണ് ജയ്‌പുരിലേക്കുള്ള വിമാനം. പിറ്റേന്ന് പുലർച്ചെ ഒരു മണിയോടെയാണ് ജയ്‌പുർ നഗരത്തിലെത്തുന്നത്. ഒരു ചെറിയ ഉറക്കത്തിനു ശേഷം ജിപ്സി ഉടമ സുമിത്ത് പറഞ്ഞയച്ച കാറിൽ സഫാരിക്കു തയാറായി.

ആവേശത്തോടുകൂടെയാണ് ഞങ്ങൾ ജയ്‌പുർ നഗരത്തിലൂടെ യാത്ര തുടങ്ങിയത്. ദീപാലംകൃതമായ പൗരാണികത തുളുമ്പുന്ന കൊട്ടാരസദൃശമായ കെട്ടിടങ്ങൾ. എയർപോർട്ടിൽ നിന്നു അധികം ദൂരയല്ലാതെ ജവാഹർ സർക്കിൾ ഗാർഡൻ. ജയ്‌പുരിന്റെ നാഗരികത ഒട്ടും വിട്ടുമാറാത്ത ഒരു പ്രദേശത്തു വലിയ ഒരു വനം സംരക്ഷിച്ചിരിക്കുന്നു, അതാണ് ജലാന.

jalna3

ജലാനയുടെ സംരക്ഷിതമേഖലയ്ക്കകത്തുള്ള ക്ഷേത്രമാണ് പ്രധാന ആകർഷണം. ആദ്യം അവിടെ പോയി വന്നാലോ എന്ന് ജിപ്സി ഡ്രൈവർ കുൽദീപിന്റെ പ്രേരണയാലാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. അപൂർവ ചിത്രത്തിനുള്ള അവസരം ആദ്യംതന്നെ നഷ്ടമായി. താൻ നിലവിളിച്ചതിനാലാണ് പുള്ളിപ്പുലി ഓടി പോയതെന്ന് പൂജാരി ഞങ്ങളോട് സങ്കടം പറഞ്ഞു.

ഇനി കാട് കനിയണം

ഓരോ സഫാരിയിലും മയിലുകളുടെയും കുരങ്ങുകളുടെയും അലാം കാൾ ശ്രദ്ധിച്ചു. യാത്ര ഉദ്ദേശം ഒന്നരമണിക്കൂർ പിന്നിട്ടു. കാടിന്റെ മറ്റൊരു സോണിൽ ആയാണ് സഫാരി വാഹനം നിൽക്കുന്നത്. ആ സോണിലൂടെ യാത്ര തുടരുന്നതിനിടയിൽ കുൽദീപിന്റെ ഫോണിൽ ഒരു കാൾ വന്നു. അമ്പലത്തിനടുത്തു പുലിയെ കണ്ടെന്നും പെട്ടന്ന് അങ്ങോട്ടെത്താനുമാണ് മറ്റൊരു ജിപ്സി ഡ്രൈവർ വിളിച്ചറിയിച്ചത്. പെട്ടന്ന് തന്നെ ഞങ്ങൾ അവിടെ എത്തിയെങ്കിലും പുലിക്കു പകരം നാല് ജിപ്സികളാണ് കണ്ടത്. അവരിലൊരാളായി കാത്തിരിപ്പ് തുടരുന്നു. പെട്ടെന്ന് ദൂരെ മലമുകളിലൂടെ പുള്ളിപ്പുലി നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ എടുക്കാനുള്ള സാഹചര്യം കിട്ടും മുൻപേ അത് കാടിനുള്ളിലേക്ക് മറഞ്ഞു. അങ്ങനെ രണ്ടാം തവണയും പുലി ‘കൊതിപ്പിച്ച് കടന്നു കളഞ്ഞു’.

jalna4

ഇനി അഞ്ചു സഫാരികൂടിയുണ്ടല്ലോ; എന്തായാലും നമുക്കു പുലിയുടെ പടം കിട്ടും എന്ന് കുൽദീപ് ആശ്വസിപ്പിച്ചു. ഉച്ചകഴിഞ്ഞു നല്ല തെളിഞ്ഞ കാലാവസ്ഥയിൽ പുലിയെ എന്തായാലും കാണാൻ കഴിയും എന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ സഫാരി തുടങ്ങി. എങ്ങനെയെങ്കിലും പുലിയെ കാണിച്ചുതരണം എന്ന വാശിയിലാണ് കുൽദീപും. ഉദ്ദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആകാശം മേഘാവൃതമായി. പതിയെ ചാറിതുടങ്ങിയ മഴ അധികം താമസിയാതെ ശക്തിയാർജിച്ചു. ആ കാട്ടിൽ തുറന്ന ജിപ്സിയിൽ കഷ്ടിച്ച് ക്യാമറ മാത്രം നനയാതെ പിടിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. സഫാരി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ കുറച്ചകലെയായി കുരങ്ങന്മാർ ഒച്ചയും ബഹളവും ഉണ്ടാക്കുന്നത് കേട്ടു. സമയം കളയാതെ ആ ദിശയിലേക്ക് പോയി. വേട്ടമൃഗങ്ങളുടെ സാന്നിധ്യം മറ്റു മൃഗങ്ങളെ അറിയിക്കാനാണ് അവ ഇങ്ങനെ അലാം കാൾ പുറപ്പെടുവിക്കുന്നത്.

ഞങ്ങൾക്കു കാണാൻ കഴിയാത്ത വിധം ഒരു ചെറിയ മൺതിട്ടയുടെ പുറകിലാണ് പുലി. കാടിനുള്ളിൽ ഇരുട്ടുവീഴും വരെ കാത്തിരുന്നു. ഫലമുണ്ടായില്ല. മഴ പെയ്താൽ മനുഷ്യരെക്കാളും മടിയന്മാരാണ് പുലി. അവ എവിടെയെങ്കിലും പതുങ്ങിക്കൂടും.

ആ ദർശനത്തിന്റെ പേര്, ജൂലിയറ്റ്

jalna2

തീരെ പ്രതീക്ഷയില്ലാതെയാണ് അടുത്ത ദിവസം തുടങ്ങിയത്. ചാറ്റൽമഴയുണ്ട്. ഞങ്ങളെ സഫാരിക്ക് കൊണ്ടുപോകാൻ അന്നു വന്നത് മറ്റൊരു ഡ്രൈവർ ആയിരുന്നു. സഫാരി തുടങ്ങി അൽപസമയത്തിനുള്ളിൽ പഴയ ഗൈഡ് കുൽദീപിന്റെ കാൾ എത്തി. ആദ്യ ദിവസം പോയ അമ്പലത്തിലേക്കുള്ള വഴിയിൽ എത്താനായിരുന്നു സന്ദേശം. അവിടെയെത്തിയതും കുൽദീപ് ആംഗ്യം കാട്ടി വണ്ടിയുടെ വേഗത കുറപ്പിച്ചു റോഡിൽ തന്നെ നിർത്താൻ ആവശ്യപ്പെട്ടു. ഇടതു വശത്തേക്കു കൈ നീട്ടി അവിടെ പുലി ഉണ്ടെന്നും ആംഗ്യഭാഷയിൽ അറിയിച്ചു. അതെ, ഞങ്ങളുടെ തൊട്ടു മുൻപിൽ വെറും അഞ്ചു മീറ്റർ അകലത്തിൽ പുലി. രണ്ടു ദിവസം മുഴുവൻ മനസിൽ കൊണ്ടുനടന്ന പിരിമുറുക്കം ആണ് ജൂലിയറ്റ് എന്ന് വിളിപ്പേരുള്ള ആ പെൺപുലിയുടെ ദർശനത്തിലൂടെ അകന്നത്. നല്ല കുറേ ചിത്രങ്ങൾ മനസ്സിനും ക്യാമറയ്ക്കുും സമ്മാനിച്ച് അവൾ കാടിനുള്ളിലേക്ക് മറഞ്ഞു.

jalna5

പുള്ളിപ്പുലികൾക്കു പുറമെ വംശനാശഭീഷണിയുള്ള വരയൻ ഹൈന, പുള്ളിമാൻ, ബ്ലൂ ബുൾ, കുറുക്കൻ, ഒട്ടേറെ പക്ഷികൾ എന്നിവയുടെ വലിയ ആവാസവ്യവസ്ഥയാണ് ജലാന. കുടുംബസമേതം വളരെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന ഒരു ചെറുകാടാണ് ഇത്. ജയ്‌പുർ സിറ്റിയുടെ ഡൗൺടൗൺ എന്നൊക്കെ ഈ കാടിനെ വിശേഷിപ്പിക്കാം. ജലാനയിലെ സഫാരി രാവിലെയും വൈകുന്നേരവും ആയതുകൊണ്ട്, സഫാരി കഴിഞ്ഞുള്ള സമയം ജയ്‌പുർ നഗരം കാണാൻ വിനിയോഗിക്കാം..

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India
  • Wild Destination