Thursday 27 April 2023 04:34 PM IST

ഒന്നാം കിളി രണ്ടാം കിളി... നൂറ്റിയൊന്നാം കിളി വീട്ടുമുറ്റത്തു നിന്ന്

Easwaran Namboothiri H

Sub Editor, Manorama Traveller

nature photo veli thatha Photos : Abhinav D Nair

പുലർവെട്ടത്തിനൊപ്പം പ്രഭാതഭേരി മുഴക്കുന്ന കിളിക്കൊഞ്ചലുകളും മധ്യാഹ്നത്തില്‍ മരച്ചില്ലകൾക്കിടയിൽ താളത്തിലുള്ള കുറുകലുകളും സായംസന്ധ്യക്ക് ചക്രവാളത്തിലെവിടെയോ ചേക്കേറുന്ന കിളികളുടെ ‘കലപില’യും കേൾക്കാത്തവരുണ്ടോ? ആവർത്തിച്ചു കേൾക്കുമ്പോൾ ആ പക്ഷികളെ ശപിച്ചുകൊണ്ട് അവിടെ നിന്ന് ഓടിയകലുന്നവരാണ് ഏറെപ്പേരും. എന്നാൽ മുറ്റത്തൊരു കിളിനാദം കേട്ടാൽ, പറമ്പിലെ മരത്തിൽ ചിറകടിശബ്ദം മുഴങ്ങിയാൽ, പറമ്പിനപ്പുറത്തെ തോട്ടു വക്കിലെ കുറ്റിക്കാട്ടിലേക്കാരോ പറന്നിറങ്ങിയാൽ മുറിയിൽ ഇരിപ്പുറയ്ക്കാത്ത ചെറുപ്പക്കാരനാണ് ആലക്കോട് സ്വദേശി അഭിനവ് ഡി. നായർ. കോവിഡ് ലോക്ഡൗൺ കാലത്ത് നേരം കളയാൻ പക്ഷികളെ നിരീക്ഷിച്ചു തുടങ്ങിയ അഭിനവ് പെട്ടെന്നാണ് അതുവരെ

കണ്ടിട്ടില്ലാത്ത ഒട്ടേറെ പക്ഷികളെ തന്റെ വീട്ടുമുറ്റത്തും സമീപത്തെ തോട്ടങ്ങളിലും ശ്രദ്ധിച്ചത്. അവയെ ഓരോന്നായി ക്യാമറയിൽ പകർത്തി തുടങ്ങി. ചിത്രം പകർത്തുന്നത് ഹരമായി മാറി.

nature photo attakruppan kakka thampuran ആറ്റക്കറുപ്പൻ,കാക്കത്തമ്പുരാൻ

ഓലേഞ്ഞാലി, ആറ്റക്കറുപ്പൻ, കാട്ടിലെക്കിളി, നീലക്കുരുവി, നീലമേനിപാറ്റപിടിയൻ, മണികണ്ഠൻ, മീൻകൊത്തിച്ചാത്തൻ, മലമ്പുള്ള്, നാകമോഹൻ, തവിട്ടുപാറ്റപിടിയൻ, തേൻകൊതിച്ചിപരുന്ത് അങ്ങനെ നീളുന്ന ചിത്രങ്ങളുടെ പട്ടികയിൽ നൂറ്റിയൊന്നാമൻ ആയിരുന്നു മോതിരതത്ത. പ്രകൃതിയുടെ വൈവിധ്യമുള്ള കാഴ്ചകൾക്ക് ആദ്യം നിരീക്ഷിക്കേണ്ടത് സ്വന്തം വീട്ടുപരിസരങ്ങൾ തന്നെയാണെന്ന് അടിവരയിട്ട് ഓർമിപ്പിക്കുന്നു അഭിനവിന്റെ അനുഭവങ്ങൾ...

കാട് കാണാൻ വാങ്ങിയ ക്യാമറ

കൃഷിയിടങ്ങളുടെ പച്ച മേലാപ്പ് ചുറ്റിയ നാടാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ആലക്കോട്. അവിടെ ഇലപൊഴിഞ്ഞതും പുതുനാമ്പ് പൊടിച്ചതുമായ മരങ്ങളുടെ ഇടയിൽ, തലയിൽ നീലത്തൊപ്പിയിട്ട വെൺനീലികൾ ചികഞ്ഞ് നടക്കുന്ന റബർതോട്ടത്തിൽ ഇരുന്ന് അഭിനവ് കഥ പറഞ്ഞു തുടങ്ങി...

n_p natu bul bul naka mohan muthupillai നാട്ടുബുൾബുൾ , നാകമോഹൻ, മുത്തുപ്പിള്ള

‘‘മൂന്നു വർഷം മുൻപ് കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്താണ് പുതിയ ഡിജിറ്റൽ ക്യാമറ കയ്യിലെത്തുന്നത്. വനം, വന്യജീവി ചിത്രങ്ങളെടുക്കാനുള്ള താൽപര്യമാണ് ക്യാമറ വാങ്ങാൻ പ്രേരിപ്പിച്ചത്. പുത്തൻ ഗന്ധം മാറും മുൻപ് അതൊന്ന് ക്ലിക്ക് ചെയ്യാൻ ആവേശത്തോടെ നോക്കുമ്പോൾ മുൻപിൽ കണ്ടത് നാട്ടു ബുൾബുൾ എന്ന ചെറു കിളിയെ ആണ്. ചാരനിറമുള്ള സാധാരണ നാടൻ പക്ഷികളിലൊന്നിന്റെ ചിത്രം ആദ്യമായി ക്യാമറയിൽ പതിയുമ്പോൾ പക്ഷികളുടെ വിശാലമായ ലോകത്തേക്കുള്ള ആദ്യ ക്ലിക്ക് ആകും അതെന്നു പ്രതീക്ഷിച്ചതേയില്ല.

പിന്നീട് ഓരോ പക്ഷിയെ കാണുമ്പോഴും ക്യാമറയിലേക്ക് പകർത്തുന്നതിന് ശ്രദ്ധിച്ചു. പണം മുടക്കി കബനിയിലും നാഗർഹോളയിലും വന്യജീവി ചിത്രങ്ങൾ പകർത്താൻ പോയിരുന്നതിനെക്കാൾ രസകരമായി പക്ഷികളെ ചിത്രീകരിക്കുന്നത്. ക്രമേണ വീടിനു പരിസരത്തെ ഒരു കിലോമീറ്റർ ചുറ്റളവ് പതിവ് ‘ലൊക്കേഷ’നായി. ഞങ്ങളുടെ നാട്ടിൻപുറത്ത് ഇത്ര പക്ഷികളുണ്ടെന്ന് തിരിച്ചറിയുന്നത് ചിത്രങ്ങളിലൂടെയാണ്.

n_p kattile kili thee kakka thee kuruvi തീക്കുരുവി, കാട്ടിലെക്കിളി, തീകാക്ക

നാട്ടിലെത്തിയ തീകാക്ക

പകർത്തിയ ചിത്രങ്ങളിൽ ഏറെ ആവേശം നിറച്ചത് മലബാർ ട്രാഗൻ എന്ന തീകാക്കയുടേതാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഏറെ ഇളവുകൾ നൽകിയ സമയം. അപ്പോഴേക്ക് അൻപതോളം ഇനങ്ങളിൽ പെട്ട പക്ഷികളുടെ ചിത്രങ്ങൾ പകർത്തി. ഒരു ദിവസം രാവിലെ ഉറക്കമുണർത്തിയത് അതുവരെ കേട്ടിട്ടില്ലാത്ത ശബ്ദമായിരുന്നു. പക്ഷിയുടേതു തന്നെ എന്ന ഉറപ്പിൽ പുറത്തിറങ്ങി മരങ്ങളിലൊക്കെ നോക്കിയിട്ടും ഒന്നും കണ്ടില്ല. പെട്ടെന്നാണ് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വീട്ടിലേക്കു നീട്ടി വലിച്ചിരിക്കുന്ന സർവീസ് വയറുകളിലൊന്നിലെ ചുവപ്പ് നിറം കണ്ണിലുടക്കിയത്.

കാടിനുള്ളിൽ മാത്രം കാണപ്പെടുന്ന പക്ഷിയായിട്ടാണ് തീകാക്കയെ വിശേഷിപ്പിക്കാറുള്ളത്. പ്രകൃതി തന്നെ സമ്മാനിച്ചതുപോലെ വീട്ടുമുറ്റത്തെത്തിയ പക്ഷിയുടെ കുറേ ചിത്രങ്ങൾ അന്നു പകർത്താനായി. ഒന്നര വർഷത്തിനു ശേഷം വീണ്ടും ഒരിക്കൽക്കൂടി തീകാക്കയെ ഈ പരിസരത്ത് കണ്ടു. അന്നും ഏതാനും നല്ല ചിത്രങ്ങൾക്ക് പോസ് ചെയ്തുതന്നിട്ടാണ് അത് പറന്നകന്നത്.

നിത്യഹരിതവനങ്ങൾ ആവാസസ്ഥലമാക്കുന്ന തീക്കുരുവി എന്ന കിളിയെയും സമീപത്തെ റബർ തോട്ടത്തിൽ കാണാനും ചിത്രമെടുക്കാനും സാധിച്ചിട്ടുണ്ട്.

n_p neela kuruvi neela patta pidiyan നീലക്കുരുവി, നീലമേനിപാറ്റപിടിയൻ

ദേശാടനക്കിളികളുടെ സ്‌റ്റോപ്

എന്തുകൊണ്ടാണ് എന്നറിയില്ലെങ്കിലും ഒട്ടേറെ ദേശാടനക്കിളികളെ കാണാൻ സാധിക്കുന്ന ഇടമാണ് ആലക്കോടും പരിസരങ്ങളും. മുത്തുപ്പിള്ള എന്ന നന്നേ ചെറിയ കിളി മുതൽ ഉപ്പുപ്പയും നാകമോഹനക്കിളിയും അടക്കം ഒട്ടേറെ വിരുന്നുകാരെ കാണാനും ചിത്രമെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. പാറ്റപിടിയൻ പക്ഷികളുടെ വിഭാഗത്തിലുള്ള ചെറുകിളിയാണ് മുത്തുപ്പിള്ള അഥവാ ലയാഡ്സ് ബേഡ്. വടക്കുകിഴക്കൻ ഇന്ത്യയും ചൈന, മ്യാൻമാർ പ്രദേശങ്ങളുമൊക്കെയാണ് ഇവയുടെ സ്വാഭാവിക വാസസ്ഥാനം. മൺസൂൺ അവസാനിച്ച ശേഷമാണ് ഇവ കേരളത്തിലെത്തുന്നത്. കഴിഞ്ഞ വർഷമാണ് യൂറേഷ്യൻ ഹോപ് എന്ന ഉപ്പൂപ്പ നെല്ലിപ്പാറ പള്ളിയുടെ പരിസരങ്ങളിൽ കണ്ടത്. ഒറ്റത്തവണയേ അതിനെ കാണാൻ പറ്റിയുള്ളു എങ്കിലും അത് മനുഷ്യനെ പേടിച്ച് പറന്നകലുന്നതല്ല. പല പക്ഷികളും നമ്മൾ ഏറെ അടുത്തെത്തിയാലും പറന്നകലാതെ തീറ്റതേടൽ തുടർന്നുകൊണ്ടിരിക്കുന്നത് കാണാം.

സമീപത്തൊരു പുരയിടത്തിലെ ഫാമുമായി ബന്ധപ്പെട്ടാണ് പല ദേശാടനക്കിളികളും ഈ പരിസരങ്ങളിൽ താവളമടിക്കുന്നതെന്നു കരുതുന്നു. പാരഡൈസ് ഫ്ലൈ ക്യാചർ എന്ന നാകമോഹനക്കിളി ഫാം പരിസരങ്ങളില്‍ നിന്ന് തീറ്റകൊത്തിപ്പെറുക്കി നടക്കുന്നത് ചില സീസണുകളിൽ പതിവു കാഴ്ചയാണ്. ദേശാടനക്കിളികളായ കാവി, മഞ്ഞക്കിളി, നീലമേനി പാറ്റപിടിയൻ, കാട്ട് പക്ഷികളായ തീക്കുരുവി, തെക്കൻ കരിങ്കാളി എന്നിവ അവിടെ പതിവുകാരാണ്. വഴികുലുക്കി എന്ന കിളിയെ ദിവസങ്ങളോളം വീട്ടിലെ പട്ടിക്കൂടിനോട് ചേർന്ന് കാണാൻ പറ്റിയിരുന്നു. രാവിലെ 7 ന് വന്നാൽ 11 വരെ ആ പരിസരത്ത് അതുണ്ടാകും. കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളെ ഭക്ഷണമാക്കാൻ വന്നതായിരിക്കും എന്നാണ് ഊഹിക്കുന്നത്.

കൂടുകെട്ടി കൂട്ടുകൂടിയ മലമ്പുള്ള്

ലോക്ഡൗൺ കാലത്തിന്റെ തുടക്കത്തിൽ വീട്ടു പരിസരത്ത് വലിയൊരു പക്ഷിയെ പലവട്ടം കണ്ടു. പരുന്തുകളുടെ കൂട്ടത്തിൽ പെട്ട എറിയൻ എന്ന പക്ഷിയായിരിക്കും അതെന്നു കരുതിയാണ് ചിത്രമെടുത്തത്. പിന്നീട് സമൂഹമാധ്യമങ്ങളിലെ പക്ഷിനിരീക്ഷക സുഹൃത്തുക്കളുടെ സഹായത്തോടെ മലമ്പുള്ള് ആണതെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ നിരീക്ഷിച്ചപ്പോൾ അയൽപക്കത്ത് രണ്ട് വീടുകൾക്കപ്പുറമുള്ള പുരയിടത്തിലെ പ്ലാവിലാണ് അതിന്റെ കേന്ദ്രമെന്നും അത് ഇണക്കിളിക്കൊപ്പം അവിടെ കൂടൊരുക്കുകയാണെന്നും കണ്ടെത്തി. കുറച്ചുകാലം ഇവയെ നിരീക്ഷിക്കുകയായിരുന്നു ഹോബി.

n_p nmalampullu manikandan kili മലമ്പുള്ള്, മണികണ്ഠൻ

കൂടു നിർമാണം പൂർത്തിയാക്കിയതും മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുടെ സാന്നിധ്യവുമൊക്കെ അറിയാൻ പറ്റുമെങ്കിലും ചിത്രം ലഭിക്കാനുള്ള സാധ്യത ഇല്ലായിരുന്നു. ഏറെ ഉയരത്തിലായിരുന്നു കൂട്. അൽപനാളുകൾക്ക് ശേഷം കുഞ്ഞുങ്ങളെ കൂടിനു വെളിയിൽ കൊണ്ടുവരുന്നതും പറക്കാൻ പഠിപ്പിക്കുന്നതും പിന്നീട് കുടുംബമായി ആകാശത്തേക്ക് ചിറക് വിരിച്ചുയരുന്നതും ഒക്കെ കാണാൻ സാധിച്ചു. അന്നവർ ആ കൂട് ഉപേക്ഷിച്ചു പോയി, ഒരു വർഷത്തിനു ശേഷമാണ് മലമ്പുള്ളിനെ വീണ്ടും ഈ പരിസരങ്ങളിൽ കണ്ടത്.

പുള്ള് എന്നു കേൾക്കുമ്പോൾ പലരും കരുതുന്നത് രാത്രിയിൽ ഭയാനകമായ ശബ്ദമുണ്ടാക്കുന്ന കാലൻകോഴിയായിട്ടാണ്. ഇവ രണ്ടും വ്യത്യസ്തമാണ്. കാലൻകോഴി ഈ പരിസരങ്ങളിലുണ്ടെങ്കിലും ഇതുവരെ ക്യാമറയ്ക്കു മുന്നിൽ കിട്ടിയിട്ടില്ല.

ആലക്കോട് ടൗണിൽ നിന്ന് നാലു കിലോമീറ്റർ മാറി ഒരു മലയുടെ താഴ്‌വരയിലാണ് വീട്. ആ മലയിലും അതിനപ്പുറമുള്ള താഴ്‌വരയും സമീപത്തെ തോട്ടുവക്കും ഒക്കെയാണ് സ്ഥിരം ലൊക്കേഷനുകളാകുന്നത്. നിങ്ങളെന്നെ വിളിച്ചോ?

photo from kabini and photographer abhnav കബനിയിൽ നിന്ന് പകർത്തിയ ചിത്രം, അഭിനവ്

വിവിധ പക്ഷികളുടെ ‘കോളുകൾ’ രേഖപ്പെടുത്തിയത് ഇന്റർനെറ്റിൽ ലഭിക്കും. ഒരിക്കൽ അത്തരത്തിൽ അതൊന്നു പരീക്ഷിക്കാൻ പകൽ സമയം ചെമ്പൻ നത്തിന്റെ കോൾ സ്പീക്കറിലൂടെ കേൾപ്പിച്ചു. ശബ്ദം കേട്ട നത്ത് വന്നു, എന്നാൽ പകൽ സമയത്ത് കാഴ്ച കുറഞ്ഞ പക്ഷി ആയിട്ടും അത് കോൾ പുറപ്പെടുവിച്ച ഇടം വരെയും തിരിച്ചും പറന്നുപോയിട്ട് എവിടെയും തട്ടുകയോ വഴി തടസ്സപ്പെടുകയോ ചെയ്തില്ല എന്നത് അദ്ഭുതപ്പെടുത്തി‌. നിക്കോൺ കൂൾപിക്സ് സീരിസിലെ ക്യാമറയുമായി കബനിയിലും തോൽപ്പെട്ടിയിലും സഫാരിക്കു പോയിരുന്നു. കടുവയുടെയും കരിമ്പുലിയുടെയും ചിത്രങ്ങളെടുക്കുകയും ചെയ്തു. എങ്കിലും അതിനൊന്നും ‘‘സ്വന്തം വീട്ടിലെ ഭക്ഷണത്തിനൊപ്പം രുചികരമാകില്ലല്ലോ..’’ അഭിനവ് പുഞ്ചിരിയോടെ ക്യാമറ എടുത്ത് തോട്ടത്തിലെ മരച്ചില്ലകളിലക്ക് പറന്നെത്തിയ ചെഞ്ചിലപ്പിനെ ഫോക്കസ് ചെയ്തു..

Tags:
  • Travel Photos
  • Manorama Traveller
  • Wild Destination