Wednesday 30 June 2021 04:33 PM IST

മനുഷ്യരുടെ സകല പാപങ്ങളും കഴുകുന്ന പുഴ: മലയാളികൾ അവിടേയ്ക്ക് ഒഴുകുന്നു

Baiju Govind

Sub Editor Manorama Traveller

6 - papanasam main

ജീവിതത്തിനു നിറം മങ്ങുന്നിടത്ത് ശരണം തേടി പുറപ്പെടുന്ന പദയാത്ര മാത്രമല്ല തീർഥാടനം. മോഹഭംഗങ്ങൾക്കു മുൻപേ മനസ്സിനെ പാകപ്പെടുത്താനുള്ള പ്രയാണവുമാണ് ക്ഷേത്രനഗരികളിലേക്കുള്ള സഞ്ചാരം. നൂറ്റാണ്ടു പിന്നിട്ട എല്ലാ ക്ഷേത്രങ്ങളുടെ മുറ്റത്തും ജീവിതത്തിന്റെ നെയ്ത്തിരി കത്തിയെരിയുന്നതു കാണാം. പ്രദക്ഷിണവീഥിയിൽ പതിഞ്ഞ അനുഭവങ്ങളുടെ കാൽപ്പാടുകളിലും കാലം കരിപടർത്തിയ കൽവിളക്കിലും യാത്രികന്റെ മനസ്സ് പുതുവഴി തിരയുന്നു; അവിടെയാണ് തീർഥാടനം ആരംഭിക്കുന്നത്.

തെങ്കാശിയിൽ നിന്ന് അംബാസമുദ്രത്തിലേക്കു യാത്ര ചെയ്യുന്ന സഞ്ചാരിയുടെ മനസ്സ് തീർഥാടകന്റെ പുതപ്പണിഞ്ഞ് കാഴ്ചകളുടെ തൊടുകുറിയണിയുന്നു. മുരുകനും കാളിയമ്മയും വാഴുന്ന തിരുമലൈകോവിലും താമ്രപർണിക നദിക്കരയിലെ പാപനാശം ക്ഷേത്രവും സഹ്യാദ്രിമല ധ്യാനപീഠമാക്കിയ അഗസ്ത്യമുനിയുടെ പർണശാലയുമാണ് ഈ യാത്രയിലെ പുരാണവീഥി.

4 - papanasam

അഗസ്ത്യാർകൂടത്തിന്റെ ആത്മാവാണ് ‘താമരപരണി’യെന്നു തമിഴ്നാട്ടുകാർ പറയുന്ന താമ്രപർണികാനദി. മരണാനന്തര ചടങ്ങുകൾക്കു വിശിഷ്ടമെന്നു കരുതപ്പെടുന്ന ‘പാപനാശം’ തീർഥ കടവാണ് താമ്രപർണികയുടെ പ്രശസ്തി.

പുനലൂരിൽ നിന്നു ചെങ്കോട്ട വഴി തിരുനെൽവേലി റൂട്ടിൽ അംബാസമുദ്രം പട്ടണത്തിലാണ് പാപനാശത്തേക്കുള്ള റോഡിന്റെ തുടക്കം. അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിൽ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് പാപനാശനാഥന്റെ ക്ഷേത്രം. കിഴക്ക് ദർശനമാക്കിയ ഗോപുരത്തിനു മുന്നിലെ മണ്ഡപത്തിന്റെ കൽപ്പടവുകൾ അവസാനിക്കുന്നതു താമ്രപർണികയിലാണ്. ഉരുളൻപാറകളിലൂടെ ഒഴുകിയിറങ്ങുന്ന താമ്രപർണികയുടെ തീരത്തു ശിവക്ഷേത്രം ഉണ്ടായത് അഗസ്ത്യമുനിയുടെ തപസ്സിന്റെ ഫലമെന്ന് ഐതിഹ്യം.

‘‘സ്വർഗത്തിലെ മണ്ഡപത്തിൽ ശിവപാർവതീ വിവാഹം നേരിൽ കാണാൻ അഗസ്ത്യമുനി ആഗ്രഹിച്ചു. അഗസ്ത്യന്റെ തപസ്സിൽ സംതൃപ്തനായ ശിവൻ കല്ല്യാണ ചേലയുടുത്ത് പാർവതിയോടൊപ്പം താമ്രപർണികയുടെ തീരത്തു പ്രത്യക്ഷപ്പെട്ടു. പുഴയുടെ തീരത്തു വിഗ്രഹം സ്ഥാപിച്ച് പാപനാശനാഥനായി തന്നെ പൂജിക്കാൻ അഗസ്ത്യമുനിക്ക് അനുഗ്രഹം നൽകി.’’

താമ്രപർണിക

1 - papanasam

സമുദ്രം പോലെ വിസ്തൃതമായ കൃഷിഭൂമിയാണ് അംബാസമുദ്രം. പട്ടണത്തിലെ മൊത്തം കടകൾ എണ്ണി നോക്കിയാൽ എണ്ണപ്പലഹാരങ്ങളും ചായയും വിൽക്കുന്ന ഒറ്റമുറി ടീ ഷോപ്പുകളുടെ പട്ടണം. തെങ്കാശി പട്ടണത്തിലെ ഇടുങ്ങിയ റോഡ് താണ്ടിയാൽ അംബാസമുദ്രം വരെ ദേശീയ പാതയുടെ ഇരുവശത്തും ചോളവും കരിമ്പും പരുത്തിയും വിളയുന്നു. വലിയ പുളിമരങ്ങൾ തണലിട്ടു നിൽക്കുന്ന ഹൈവേ, ഡ്രൈവിങ്ങിൽ താൽപര്യമുള്ളവർക്കു ഹരം പകരും. അതേസമയം, പാപനാശം റോഡിലേക്ക് തിരിഞ്ഞാൽ റോഡിന്റെ വീതി കുറഞ്ഞ് കാനനപാതയായി മാറുന്നു.

തിരുനെൽവേലി ജില്ലയിൽ ഏറ്റവുമധി വെള്ളച്ചാട്ടങ്ങളുള്ള അംബസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറാണ് പാപനാശം ക്ഷേത്രം.

തിരുനെൽവേലിയുടെ ഹൃദയഭൂമിയിലൂടെ മന്നാർ സമുദ്രത്തിൽ (ഇന്ത്യൻ മഹാസമുദ്രം) ലയിക്കുന്ന താമ്രപർണികയുടെ കരയിലാണ് അംബാസമുദ്രം, തിരുനെൽവേലി, ശ്രീവൈകുണ്ഠം, തിരുച്ചെന്തൂർ പട്ടണങ്ങൾ. അഗസ്ത്യാർകൂടത്തിൽ ഉദ്ഭവിച്ച് ക്ഷേത്രത്തിന്റെ സമീപത്ത് എത്തുന്നതുവരെ താമ്രപർണികയിൽ അഞ്ച് വെള്ളച്ചാട്ടങ്ങളുണ്ട്. ഇരുമ്പിന്റെ അംശമുള്ള ജലം എന്ന് അർഥമാക്കിയാണ് ‘താമ്ര’ പർണികയെന്നു നദിക്കു പേരു വന്നതെന്ന് കഥ. പേയാർ, പമ്പാർ, ഉൾതാർ, കൊറിയാർ, സർവയ്യാർ എന്നീ പോഷകനദികൾ ഒരുമിച്ചാണ് താമ്രപർണിക ഇരുകരതൊട്ടൊഴുകുന്നത്.

2 - papanasam

പാപനാശനാഥനായ പരമശിവനും പാർവതിയുമാണ് പാപനാശം ക്ഷേത്രത്തിൽ പ്രതിഷ്ഠ. പന്തീരടി പൊക്കമുള്ള മതിലും കോട്ടവാതിലിനോളം വലുപ്പമുള്ള കവാടവും ഗോപുരവും ചോളരാജാക്കാന്മാരുടെ കാലത്ത് നിർമിച്ചതെന്ന് കരുതപ്പെടുന്നു. കരിങ്കൽപാളികൾ കൊത്തി മിനുക്കി കെട്ടിപൊക്കിയ ക്ഷേത്രം പുരാതന ക്ഷേത്രസങ്കൽപ്പത്തിന്റെ സമ്പൂർണതയാണ്. ക്ഷേത്രഗോപുരത്തിനു മുന്നിലെ ആൽത്തറയും നദിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുമാണു സന്ദർശകരുടെ വിശ്രമസ്ഥലം. ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾക്കു വരുന്നവർ അർച്ചന ചെയ്ത് മുങ്ങി നിവർന്നു സമർപ്പിക്കുന്ന മാലകൾ താമരഭരണിയുടെ ഓളങ്ങൾ തഴുകി ഓർമപ്പൂക്കളായി ഒഴുകുന്നു.

വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ മാറ്റി നിർത്തിയാലും പാപനാശം ക്ഷേത്രം സന്ദർശകരുടെ മനസ്സിനെ കുളിരണിയിക്കും. അംബാസമുദ്രത്തിൽ നിന്നു പാപനാശം വരെയുള്ള റോഡും അവിടെ നിന്ന് കളക്കാട് മുണ്ടൻതുറ കടുവാ സങ്കേതത്തിലേക്കുള്ള കാട്ടുപാതയും സുന്ദരമായ കാനനക്കാഴ്ച ഒരുക്കുന്നു. അഗസ്ത്യമുനിയുടെ ശിൽപം പ്രതിഷ്ഠിച്ച ക്ഷേത്രത്തിലാണ് റോഡ് അവസാനിക്കുന്നത്. പാപനാശത്തിനും അഗസ്ത്യാർ കോവിലിനും ഇടയിൽ താമ്രപർണികയ്ക്കു കുറുകെ ഒരു അണക്കെട്ടുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച – സെൻട്രൽ ഗ്യാപ്. ഈ അണക്കെട്ടും വെള്ളച്ചാട്ടവും ഒട്ടേറെ സിനിമകൾക്കു പശ്ചാത്തലമായി. പാറയുടെ വിടവ് നികത്തി വേനൽക്കാലത്തും വെള്ളം നിലനിർത്തുന്ന കോൺക്രീറ്റ് തടയണയുടെ ഭംഗി അഗസ്ത്യാർ കോവിലിലേക്കുള്ള റോഡിൽ നിന്നാൽ മുഴുവനായും ക്യാമറയിൽ പകർത്താം. അഗസ്ത്യരെ പ്രതിഷ്ഠിച്ച കോവിലും മുഖമണ്ഡപവും നദീതീരത്തിനോടു ചേർന്നു നിൽക്കുന്ന മൺപുറ്റുമാണ് അഗസ്ത്യാർ ക്ഷേത്രത്തിൽ കാണാനുള്ളത്. അഗസ്ത്യരുടെ ക്ഷേത്രത്തിൽ വിശ്വാസികൾ സ്വയം പൂജ നടത്തി താമ്രപർണികയിൽ കുളിച്ച് മലയിറങ്ങുന്നു.

3 - papanasam

തിരുമല കോവിൽ

ചെങ്കോട്ടയിൽ നിന്ന് തിരുമല കോവിലിക്കു തിരിയുന്ന സ്ഥലമാണു വിശ്വനാഥപുരം. തങ്കത്തേര് പ്രദക്ഷിണം വയ്ക്കുന്ന ചുറ്റുപാതയും കരിങ്കൽ തൂണുകൾ മേൽക്കൂര താങ്ങുന്ന തിരുമല കോവിലും വിശ്വനാഥപുരത്തു നിന്നാൽ കാണാം. മുരുകന്റെ ബാലരൂപമായി കുമാരസ്വാമിയും കാളിയമ്മയും വാണരുളുന്ന തിരുമല ക്ഷേത്രമുറ്റത്തേക്ക് പഴനിമലയിലെ പോലെ പടികളാണ്. പടികയറാൻ വയ്യാത്തവർക്ക് മലയെ ചുറ്റി ടാറിട്ട റോഡുണ്ട്. പ്രദക്ഷിണവീഥിയിൽ നിന്നാൽ മേക്കര അണക്കെട്ടും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളും ആസ്വദിക്കാം. തെങ്കാശിയെ മൊത്തമായി ക്യാമറയിൽ പകർത്താൻ തിരുമല കോവിലാണ് ഐഡിയൽ ലൊക്കേഷൻ. അതേസമയം തിരുമല കോവിലിന്റെ ‘കംപ്ലീറ്റ് പിക്ചർ’ കിട്ടണമെങ്കിൽ എതിർവശത്തുള്ള മലയുടെ മുകളിൽ കയറണം.

5 - papanasam

നൂറ്റാണ്ടു പഴക്കമുള്ള കോവിലിന്റെ മുറ്റത്തുള്ള കുളമാണ് തിരുമലയുടെ ഐശ്വര്യം. കുന്നിനു മുകളിൽ വെള്ളം നിറച്ചു വച്ചിട്ടുള്ള ക്ഷേത്രക്കുളം ബാലമുരുകനായ കുമാരസ്വാമിയുടെ കാരുണ്യമെന്നു വിശ്വാസം. തമിഴ്നാട്ടുകാരുടെ രക്ഷകനാണ് മലമുകളിൽ വാഴുന്ന വേലേന്തിയ മുരുകൻ. പഴനിമലയിലേതു പോലെ തിരുമലയിലും മുരുക വിഗ്രഹത്തിൽ പാലഭിഷേകവും ഭസ്മാഭിഷേകവും നടത്തുന്നതാണ് പ്രധാന ചടങ്ങ്. അഭിഷേക ദർശനം ആത്മശുദ്ധീകരണമെന്നാണു തീർഥാടകരുടെ വിശ്വാസം.

7 - papanasam

താമ്രപർണികയിൽ പാപനാശം വരുത്തി, തിരുമല കയറിയ ശേഷം കട്ടക്കുടിയിരിപ്പ്, പുതൂർസൗത്ത് വഴി കേരളത്തിലേക്കു തിരിക്കുമ്പോൾ തെങ്കാശിയിൽ എന്തോ മറന്നു വച്ചതായി തോന്നി. വീണ്ടും ആ വഴിക്കു പോകാൻ നിർബന്ധിക്കും വിധം ഓർമപ്പെടുത്തൽ. ഒരുപക്ഷേ ഇതേ അനുഭവമായിരിക്കാം പാപനാശത്തും തിരുമലയിലും എല്ലാ സമയത്തും ജനത്തിരക്കിനു കാരണം.

തിരുമല

പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, പൻപൊഴി, തിരുമല (കോട്ടയം – തിരുമല 159 കി.മീ.)

പാപനാശം

പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, അംബാസമുദ്രം, പാപനാശം (കോട്ടയം – പാപനാശം 190 കി.മീ)