Thursday 03 November 2022 04:19 PM IST : By സ്വന്തം ലേഖകൻ

ദുബായിയുടെ ആകാശത്തു പറവയായി സാനിയ അയ്യപ്പൻ; സ്കൈഡൈവിങ് വിഡിയോ ട്രെൻഡിങ്

saniya-iyyappan-sky-diving-video-trending-cover

സഞ്ചാരപ്രിയയായ നടി സാനിയ അയ്യപ്പന്റെ സ്കൈഡൈവിങ് വിഡിയോ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആവുന്നു. ദുബായിയുടെ ആകാശത്ത് ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതും താഴേക്ക് ചാടുന്നതുമെല്ലാം ഈ വിഡിയോയിലുണ്ട്.

ഗൾഫിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് ദുബായ്. ബുര്‍ജ് ഖലീഫയടക്കം കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് ഉത്സവങ്ങളുമെല്ലാം ദുബായ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. ദുബായിലെത്തുന്ന സാഹസിക സഞ്ചാരികളുടെ പ്രിയവിനോദമാണ്‌ സ്കൈ ഡൈവിങ്. ഇതിന് ഇൻഡോർ, ഔട്ട്ഡോർ സൗകര്യം ഇവിടെ ലഭ്യമാണ്.

ദുബായിലെ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള മികച്ച ഓപ്ഷനാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയെല്ലാം ഉറപ്പാക്കിയാണ് സ്കൈഡൈവ് ദുബായ് സേവനം നല്‍കുന്നത്.

പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് കടലിന്‍റെയും മറുവശത്ത് കണ്ണെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഔട്ട്‌ഡോര്‍ സ്കൈഡൈവിങ് ചെയ്യാനായി ഉള്ളത്. ഒരു പ്രഫഷനൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം.