Saturday 27 August 2022 04:52 PM IST : By Text and Photo : Deepu Cyriac

നീലഗിരിയുടെ സ്വന്തം തോടാ പോത്തുകൾ

toda buffallo

ഒരു ഊട്ടി യാത്രയിലായിരുന്നു അവലാഞ്ചിയിൽ സഫാരി ഉണ്ടെന്നുള്ള കാര്യം അറിയുവാൻ സാധിച്ചത്. മുതുമല – ബന്ദിപൂർ പോലെ അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു സ്ഥലമായിട്ടാണ് അവലാഞ്ചി(Avalanche) യെക്കുറിച്ച് തോന്നിയത്. മുൻപരിചയമില്ലാതെ ദുർഘടം പിടിച്ച വഴികളിലൂടെ പുത്തൽ കാഴ്ച്ചകൾ പുൽകാൻ പ്രതീക്ഷാനിർഭരനായി ഞാൻ അവലാഞ്ചിയിൽ എത്തിയപ്പോൾ യാന്ത്രികമായി വനപാലകൻ പറഞ്ഞു,

“ഇന്നേക്ക് സഫാരി ഇല്ല സാർ. ടൂറിസ്റ്റ് റൊമ്പ കമ്മിയായതിനാലെ നാളേയ്ക്ക് വാങ്കേ”.

ദേഷ്യവും നിരാശയും തളം കെട്ടിയ നിമിഷത്തിൽ ഇനി എന്ത് ചെയ്യണമെന്ന ചിന്തയിലായി. മഞ്ചൂർ - മുള്ളി ചുരം വഴിയുള്ള യാത്ര വേറിട്ട അനുഭവമായിരിക്കുമെന്ന് പല യാത്രികരിൽ നിന്നും കേട്ടിട്ടുള്ളതിനാൽ അത് ശ്രമിക്കാമെന്ന് കരുതി. 43 ഹെയർപിൻ ബെൻഡ് ഉള്ള ഒരു സിംഗിൾ റോഡാണ് ഇത്. വന്യതയിൽ ചാലിച്ച ഗഡൈ ഡാം[Geddai dam] താണ്ടിയുള്ള സഞ്ചാരം റോഡവസാനിക്കുന്ന കേരള തമിഴ്നാട് അതിർത്തിയിൽ ചെന്നെത്തുന്നു. പിന്നീട് കോയമ്പത്തൂരിലേയ്ക്കും അട്ടപ്പാടിയിലേയ്ക്കുമായി വഴി പിരിയുന്നു. എതിർദിശയിൽ നിന്നും ഒരു വാഹനം പോലും ഇല്ലാതിരുന്ന ഒരവിസ്മരണീയ യാത്രയായിരുന്നു അത്.

gaur at mully

അഗളി ചെക്ക് പോസ്റ്റിനടുത്തുള്ള ചായക്കടയിൽ നിന്നും ഒരു ചൂട് ചായയും കടിയും കഴിച്ച് മാനാർ പാലം താണ്ടി വീണ്ടും യാത്ര തിരിച്ചു. ചുരം കയറി വന്നപ്പോൾ ഓർക്കാപ്പുറത്ത് ഒരു കൂട്ടം കാട്ടുപോത്തുകൾ വഴിയ്ക്ക് കുറുകെ നിൽക്കുന്നു. ആകസ്മികമായി ഉണ്ടായ കാഴ്ച തെല്ല് അമ്പരപ്പും ഭയപ്പാടും സൃഷ്ടിച്ചെങ്കിലും എന്നെ ഒന്നു ഗൗനിക്കുക പോലും ചെയ്യാതെ കാറിന്റെ ഒരു വശത്ത് രണ്ട് പോത്തുകൾ അയവിറക്കി കിടക്കുന്നു. മനുഷ്യരെ കണ്ട് ശീലമായിട്ടുണ്ടാവണം ഇവയ്ക്ക്. ഒരു ഇളമുറക്കാരൻ എന്നെ കണ്ട് പകച്ച് എന്തു ചെയ്യണമെന്നറിയാതെ അടുത്തുള്ള കുന്നിൻചെരുവിലേയ്ക്ക് ഓടി മറഞ്ഞു. ഉദ്വേഗജനകമായ യാത്രയ്ക്ക് വിരാമമേകി രാത്രിയോടുകൂടി ഊട്ടിയിലെ ഹോട്ടലിൽ എത്തി. അടുത്ത ദിവസത്തെ അവലാഞ്ചി സഫാരിയ്ക്കായി തയ്യാറെടുത്ത് ഞാൻ പതിയെ നിദ്രയിലാണ്ടു.

manar bridge and gaur calf

ഊട്ടിയിലെ അവലാഞ്ചിയിലേയ്ക്കുള്ള വനയാത്രയിലാണ് അവിചാരിതമായി തോടാ പോത്തുകളെ കാണുവാൻ ഇടയായത്. തോടാ പോത്തുകളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുവെങ്കിലും ആദ്യ കാഴ്ച്ച അവലാഞ്ചി യാത്രയിലായിരുന്നു. ഊട്ടിയിൽ നിന്നും ഇത്തലാർ വഴി പൊട്ടി പൊളിഞ്ഞ ടാർ റോഡിൽ സഞ്ചരിക്കുമ്പോഴായിരുന്നു റോഡിന്റെ ഒരു വശത്ത് മരത്തണലിന്റെ ശീതിളമയിൽ അയവിറക്കി ഏതാനം പോത്തുകൾ കിടക്കുന്നത് കാണുവാൻ സാധിച്ചത്. അക്രമാസക്തമായ ഭാവം അവയിൽ പ്രകടമായിരുന്നു. അത്തരത്തിലുള്ള ഭാവപ്പകർച്ച പ്രതീക്ഷിച്ചിരുന്നില്ല. അവയുടെ നിറവും രൂപവുമാണ് ഏറെ കൗതുകം ജനിപ്പിച്ചത്.

toda buffallo and avalanche

നമ്മുടെ നാട്ടിലെ പോത്തുകളിൽ നിന്ന് ഇവയെ വേറിട്ടതാക്കുന്നത് ഇവയുടെ ഇളം ചാരനിറവും, വലിയ വായ്ത്തടവും, വിശാലമായ നെറ്റിത്തടവുമാണ്. ചെറിയ ശരീരവും കുറിയ കരുത്തുറ്റ കാലുകളും, ചെറിയ വാലും, കഴുത്തിന്റെ ഭാഗത്ത് രണ്ട് ശെവ്റോൺ അടയാളങ്ങളും, ചന്ദ്രക്കല ആകൃതിയും കൂർത്ത അറ്റവുമുള്ള അഴകാർന്ന വലിയ കൊമ്പുകളുമാണ് തോടാ പോത്തുകളുടെ പ്രത്യേകത. കിടാവുകൾക്ക് മഞ്ഞ കലർന്ന ഇളം തവിട്ടുനിറമാണ്.

toda buffallo2

തമിഴ്നാട്ടിലെ നീലഗിരിമലകളിൽ മാത്രം കാണപ്പെടുന്ന ഒരു ഗോത്ര വിഭാഗമാണ് തോടർ (Todas). ഇടയസമൂഹമായ ഇവർ 5000 വർഷത്തെ പ്രജനനപ്രക്രിയയിലൂടെ പരിണമിപ്പിച്ച ഒരു വർഗ വകഭേദമാണ് തോടാ പോത്തുകൾ. തോടർ വികസിപ്പിച്ചതിനാൽ ഇവ തോടാ പോത്തുകൾ എന്ന് അറിയപ്പെടുന്നു(Toda Buffalo). തോടറും അവരുടെ പോത്തുകളും തമ്മിലുള്ള ബന്ധം പ്രാചീന കാലം മുതലേ ഉള്ളതാണ്. തോടറിന്റെ ദേവതയായ ‘തായ്കിർഷി’ ഒരു അദ്ഭുത പ്രവൃത്തി നടത്തി എന്നതാണ് ഐതിഹ്യം. ‘നേരികയർ’ എന്ന തടാകത്തിൽ തായ്കിർഷി ദേവി ചൂരൽ കൊണ്ട് ജലത്തിൽ അടിക്കുകയും ഓരോ അടിയിലും ഓരോ പോത്തുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ഈ സൃഷ്ടികർമ്മം ഇന്നത്തെ ഗവർണർ ചോല എന്ന സ്ഥലം വരെ പോത്തുകൾ വരിവരിയായി എത്തുന്നതു വരെ നടന്നുകൊണ്ടേയിരുന്നു എന്നാണ് കഥ.

todas

ഈ ഗോത്രത്തെക്കുറിച്ചും പോത്തുകളെക്കുറിച്ചും 1603ലെ ചരിത്രരേഖയിൽ പറഞ്ഞിരിക്കുന്നത് ഈ ഗോത്രവർഗം കൃഷിയിലോ മറ്റ് വ്യാപാര മേഖലകളിലോ ഏർപ്പെട്ടില്ലായിരുന്നുവെന്നും അവർ പൂർണ്ണമായും പോത്തിന്റെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് അവയുടെ പാലും വെണ്ണയും ആശ്രയിച്ചായിരുന്നു കഴിയുന്നതെന്നാണ്.

നീലഗിരിക്കുന്നുകളിലെ ഉയർന്ന ചോല പുല്പ്രദേശങ്ങളിൽ അധിവസിക്കുവാൻ പ്രാപ്തരും രോഗപ്രതിരോധശക്തിയുള്ളവയുമാണ് ഈ ഇനം പോത്തുകൾ. തോടാ പോത്തുകൾ പാതി വന്യമായതിനാൽ ആക്രമകാരികളുമാണ്.

ഊട്ടിയുടെ ആവാസവ്യവസ്ഥയ്ക്ക് വിരുദ്ധമായ പൈൻമരങ്ങളുടേയും, വാറ്റലുകളുടേയും, യൂക്കാലി മരങ്ങളുടേയും, ഡാമുകളുടേയും വരവ് വലിയ ഒരു വിഭാഗം പുല്മേടുകൾ നഷ്ടപ്പെടുവാൻ ഇടയാക്കിയിട്ടുണ്ട്. ഇത് തോടർ ഇടയസമൂഹത്തിന് അവരുടെ പോത്തുകളെ മേയ്ക്കുവാൻ ഇടമില്ലാതാകുവാൻ കാരണവുമായി. മേയാനുള്ള ഇടം കുറഞ്ഞപ്പോൾ പോത്തുകൾ കാട് കയറാൻ നിർബന്ധിതമാവുകയും അതുവഴി കടുവകളുടേയുo പുലികളുടേയും ആക്രമണത്തിന് ഇരയാകുന്ന സ്ഥിതിഗതിയുമുണ്ടായി. ഈ പ്രതിസന്ധി തോടറുകൾക്ക് അവരുടെ പരമ്പരാഗത ഇടയതൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിച്ചു. 1500ൽ താഴെ മാത്രം തോടാ പോത്തുകളാണ് ഇന്ന് നീലഗിരിയിലുള്ളത്.

toda buffallo3

4.4 ലിറ്റർ മുതൽ 8.8 ലിറ്റർ വരെ വളരെ ഉയർന്ന കൊഴുപ്പുള്ള പാൽ തോടാ പോത്തുകളിൽ നിന്നും ദിനംപ്രതി ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു എരുമയുടെ ക്ഷീരോല്‌പ്പാദന കാലഘട്ടത്തിൽ 500 കിലോ പാൽ വരെ ഉദ്പാദിപ്പിക്കപ്പെടുന്നു. തോടറുകൾക്ക് പുറമേ നീലഗിരിയിലെ ഇതര ഗോത്രവിഭാഗങ്ങളായ ബഡഗാസും (Badagas) കോട്ടാസുo (Kotas) ചെറിയ തോതിൽ തോടാ പോത്തുകളെ വളർത്തുന്നുണ്ട്.

തോടർ സമൂഹത്തിലെ ഓരോ അമ്പലങ്ങളിലേയും ആചാരകർമ്മങ്ങൾ പര്യവസാനിച്ചിരുന്നത് എരുമ പാൽ അഭിഷേകത്തോടു കൂടിയാണ്. ക്ഷേത്രനട തുറക്കുന്നത് ആദ്യത്തെ കിടാവിന്റെ ജനനത്തോടു കൂടിയാണ്. അതിനുശേഷം പാൽ ക്ഷേത്രപൂജാരി ശേഖരിക്കുകയും, അത് വെണ്ണയാക്കുകയും അത് അമ്പലത്തിനുള്ളിൽ ദീപം തെളിയിക്കാൻ ഉപയോഗിക്കുകയും ചെയ്യും. ഒരു ക്ഷേത്രത്തിലേയ്ക്ക് ചേർക്കപ്പെട്ട ഒരു പോത്തിൻക്കൂട്ടം നഷ്ടപ്പെട്ടാൽ അത് ആ ക്ഷേത്രത്തിന്റെ തന്നെ നാശത്തിന്റെ ലക്ഷണമായിട്ടാണ് അവർ പരിഗണിച്ചിരുന്നത്. തോടർക്ക് പരമ്പരാഗതമായി ആചാരത്തിന്റെയുo ആരാധനയുടേയും ഭാഗമായി പ്രത്യേക അമ്പലങ്ങൾ വരെ അവരുടെ തോടാ പോത്തുകൾക്കായി പണികഴിപ്പിച്ചിരുന്നു.

തോടറുടെ ജീവിതശൈലിയും സoസ്ക്കാരവും തോടാ പോത്തുകളുമായി ആഴമായി ഇഴചേർന്നാണിരിക്കുന്നത്. വളരെ പരിപാവനവും പരിശുദ്ധവുമായി കാണുന്ന ഈ ഇനം പോത്തുകളെ അവരുടെ ക്ഷേത്രങ്ങളിൽ വിശിഷ്ട സ്ഥാനങ്ങളാണ് നല്കി പോരുന്നത്. ഒരു ശരാശരി തോടറുടെ ജീവന്മരണകാലത്തെ ആചാര അനുഷ്ഠാനങ്ങളിൽ തോടാ പോത്തുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ഇത്തലാറിന്റെ വിജനതയാർന്ന ഗ്രാമവീഥിയിലൂടെ മെല്ലെയുള്ള സവാരിയിൽ കാറ്റിൽ തഴുകി ഒഴുകിയ മർമ്മരവും കാട്ടു കോഴിയുടെ ഇടവിട്ടുള്ള കൂവലും കേൾക്കാമായിരുന്നു. യാത്രയുടെ മദ്ധ്യത്തിൽ നീലഗിരിയുടെ മാറിൽ മാത്രം കണ്ടുവരുന്ന ഈ അപൂർവ്വ ഇനം ജീവികളെ എന്റെ ക്യാമറക്കണ്ണുകളിൽ പകർത്തി കോടമഞ്ഞ് പുല്കിയ അവലാഞ്ചിയെ ലക്ഷ്യമാക്കിയ എന്റെ സഞ്ചാരം തുടർന്നു.

avalanche

[മഞ്ചൂർ - മുള്ളി റോഡ് തമിഴ് നാട് സർക്കാർ അടച്ചതിനാൽ ഇന്ന് അതുവഴി സഞ്ചരിക്കുവാൻ സാധ്യമല്ല ]

Tags:
  • Manorama Traveller
  • Travel India
  • Wild Destination