Tuesday 23 May 2023 03:09 PM IST : By ഈശ്വരൻ ശീരവള്ളി

ആ കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാകാം, 100ൽ അധികം മനുഷ്യരുടെ തലവെട്ടിയ നാഗാലാന്റിലെ കോനിയാക് വംശജരുടെ നാട്ടിലേക്ക്

head-hunters

നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക് ഗോത്രവംശജരുടെ വിശേഷങ്ങൾ...

ഓൾ ഇന്ത്യ യാത്രയ്ക്ക് മുൻപ് ബൈക്കുമായി സർവീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ മെക്കാനിക്കിന്റെ ചോദ്യം, ‘പുതിയൊരു വണ്ടി എടുത്തിട്ടു പോരേ അടുത്ത റൈഡ്?’. അജു വെച്ചുച്ചിറയ്ക്ക് പക്ഷേ തന്റെ ബജാജ് ഡിസ്കവർ 150 യിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. ആദ്യം കന്യാകുമാരി–കശ്മിർ റൈഡിൽ കൂടെ നിന്നതുപോലെ ഈ ഓൾ ഇന്ത്യാ റൈഡിലും ഇവൻ ഒപ്പം നിൽക്കുമെന്ന് ഉറപ്പായിരുന്നു. നാലു വർഷത്തിന്റെ പഴക്കമോ 1,30,000 കി മീ ഓടിയതോ ഒരു പരിമിതി ആകില്ല എന്ന വിശ്വാസം. മുൻപൊരിക്കൽ റൈഡിങ്ങിനു പുറപ്പെട്ടിട്ട് ബുള്ളറ്റ് അല്ല വാഹനം എന്ന കാരണത്താൽ മാറ്റിനിർത്തപ്പെട്ടതിന്റെ വാശിയിലാണ് ആദ്യ കശ്മീർ റൈഡിനു പുറപ്പെട്ടത്. ഇന്നും വണ്ടി മാറ്റാത്തതിന്റെ ഒരു കാരണം അതു തന്നെ. അങ്ങനെയാണ് നിലമ്പൂരുകാരൻ രാജേഷിനൊപ്പം കഴിഞ്ഞ ഏപ്രിലിൽ ഓൾ ഇന്ത്യ യാത്ര പുറപ്പെട്ടത്. 

20190717_102449

കൊച്ചിയിൽനിന്ന് തുടങ്ങി കന്യാകുമാരി, ധനുഷ്കോടി, മധുര, ചെന്നൈ വഴി കർണാടകത്തിലെത്തി. അവിടെ ചിത്രദുർഗയും ബദാമി–പട്ടടക്കലും ഹംപിയും സന്ദർശിച്ച് ആന്ധ്രയിലെ ഗണ്ഡിക്കോട്ട വഴി വറംഗലിലൂടെ വിശാഖപട്ടണം  എത്തി. ഛത്തിസ്ഗഡിലെ ചിത്രകൂട് വെള്ളച്ചാട്ടവും റയ്പുരും പിന്നിട്ട് ഒഡിഷയിൽ. പുരിയും കൊണാർക്കും കണ്ട് കൊൽക്കത്തയിൽ. പിന്നെ ഡാർജിലിങ് വഴി അസം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ,  ഇന്ത്യയുടെ അതിർത്തികൾ, അതിർത്തി കടന്ന് അയൽ രാജ്യങ്ങൾ... ആ യാത്ര നീണ്ടു. 

ഓരോ സ്ഥലത്തും പുതിയ മനുഷ്യർ, സമൂഹങ്ങൾ. ഭാഷയും വേഷവും ആചാരവും ജീവിതവും വ്യത്യസ്തം. അജുവിന് ഏറെ വിചിത്രമായ ഒട്ടേറെ ഓർമകൾ നൽകിയ പ്രദേശമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. അതിൽ ഒന്നാണ് നാഗാലാന്റിലെ ഹെഡ്ഹണ്ടേഴ്സിന്റെ ഗോത്രമായ കൊനിയാക്ക് വംശക്കാരോടൊപ്പം താമസിച്ച ഏതാനും ദിവസങ്ങൾ. 

IMG_2574

പട്ടി ഇറച്ചി കിലോ 250 രൂപ

ഇംഫാലിൽനിന്നാണ് നാഗാലാൻഡിലെ കൊഹിമയിലേക്ക് പുറപ്പെട്ടത്. കൊഹിമയിലെ മാർക്കറ്റിൽ കണ്ടത് എലി, തവള, ഗിനിപ്പന്നി തുടങ്ങിയവയെക്കൊണ്ടുള്ള വിഭവങ്ങളായിരുന്നു. അവിടെ ഒരു കിലോ പട്ടി ഇറച്ചിക്ക് വില 250 രൂപ മാത്രം! ബൈക്ക്  ഓടിക്കൊണ്ടിരുന്നു. കൊഹിമയിൽനിന്ന് വോഖ, തുങ്സെൻ, മോൻ വഴി അതിർത്തിപ്രദേശമായ ലോങ്‌വയിൽ എത്തണം. നാഗാലാൻഡിന്റെ ഒരു പ്രത്യേകത മിക്കവാറും സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷം നാലുമണിയോടെ കടകളൊക്കെ അടയ്ക്കും. അന്ന് ഒരു പള്ളി മുറ്റത്ത് ടെന്റ് അടിക്കാൻ അനുവാദം ചോദിച്ചപ്പോൾ അവിടെ അതിഥികൾക്കായുള്ള മുറി തുറന്നു തന്നു.

മോൻ എന്ന സ്ഥലത്തേക്കുള്ള യാത്രതന്നെ ഒരു വലിയ അനുഭവമാണ്. ദേശീയപാത എന്നു പറയുന്നെങ്കിലും നമ്മുടെ പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. പലേടത്തും ഗൂഗിൾ മാപ്പിൽ വഴി അടയാളപ്പെടുത്തി കാണിക്കുമെങ്കിലും മുന്നിൽ റോഡൊന്നും ഇല്ല. അടുത്ത് എവിടെയോ ഉരുൾപൊട്ടലോ മറ്റോ സംഭവിച്ച് ചെളിയാണ് വഴി മുഴുവൻ. രണ്ടും കൽപിച്ച് മുന്നോട്ട് പോകാൻ തുനിഞ്ഞു. അൽപം ചെന്നപ്പോഴേക്കും വണ്ടികൾ രണ്ടും ചെളിയിൽ ഉറച്ചു. മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഒടുവിൽ ഏറെ കഷ്ടപ്പെട്ട് അതിൽനിന്ന് രക്ഷപെട്ട് മുന്നോട്ടു പോയി. ഇടയ്ക്ക് ഒരു ഇംഗ്ലിഷുകാരനെ പരിചയപ്പെട്ടു. കഴിഞ്ഞ 22 വർഷമായി എല്ലാവർഷവും ആറുമാസം ഇന്ത്യയിൽ പലേടങ്ങളിലായി ബൈക്കിൽ റൈഡ് ചെയ്യുന്ന ഒരാൾ. ഞങ്ങളുടെ റൂട്ടിൽ തന്നെയാണ് സായിപ്പും സഞ്ചരിക്കുന്നത്. അങ്ങനെ ത്രീ മെൻ ആർമി ആയി. 

IMG_2615

കോനിയാക്കുകളുടെ ഗ്രാമത്തിൽ

ലോങ്‌വ ഗ്രാമത്തിലെ കോനിയാക് ഗോത്രവിഭാഗത്തിന്റെ അടുത്തേക്കാണ് യാത്ര. ഇന്ത്യ–മ്യാന്മർ അതിർത്തിയിലാണ് ഈ ഗ്രാമം. ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് ഞങ്ങളെ സ്വീകരിച്ചു. താനും കുടുംബവും കോനിയാക് ഗോത്രക്കാരാണെന്നും പരമ്പരാഗത കുടിൽ ഉപയോഗിച്ച് ഒരു ഹോംസ്‌റ്റേ നടത്തുകയാണ് എന്നൊക്കെ കേട്ടപ്പോൾ സന്തോഷമായി, ഇനി താമസം തിരയേണ്ടല്ലോ. 

ആ വീട്ടിൽ ചെന്നു കയറിയപ്പോൾ ഒരു മ്യൂസിയത്തിൽ എത്തിപ്പെട്ടതുപോലെ. മണ്ണും മുളയും ഓലയുമൊക്കെ ഉപയോഗിച്ച വീടിന് മുന്നൂറു വർഷത്തിന്റെ പഴക്കം ഉണ്ടത്രേ. ഒരടി ഘനത്തിൽ ഓല മേഞ്ഞ മേൽക്കൂര അഞ്ചോ ആറോ വർഷം കൂടുമ്പോൾ മാറും. മണ്ണും മുളയും ഉപയോഗിച്ചുള്ള ഭിത്തി ആവശ്യാനുസരണം പുതുക്കലുകൾ നടത്തും. കുടിലിന്റെ പ്രധാന വാതിലിന് മാത്രം ഇരുന്നൂറു വർഷത്തെ പഴക്കമുണ്ട്. നിറയെ കൊത്തുപണികൾ ഉള്ള വാതിൽ. വീടിന്റെ ഭിത്തി അലങ്കരിച്ചിരിക്കുന്നത് കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളുടെ കൊമ്പുകളും തലയോട്ടികളും. എല്ലാ വീട്ടിലും മൂന്നും നാലും തോക്കുകളും ഉണ്ട്.  

IMG_2609

ആ ഭാഗത്തെ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ‘രാജകൊട്ടാരം’. കൊട്ടാരം എന്നാൽ ഒാലക്കുടിലുകൾക്ക് ഇടയിൽ ഷീറ്റിട്ട കെട്ടിടം. അത് അവിടുത്തെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണിതുകൊടുത്തതാണത്രേ. രാജാവ് ഉറങ്ങുന്നത് ഇന്ത്യയിലും ഭക്ഷണം കഴിക്കുന്നത് മ്യാന്മറിലും ആണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ അതിശയിച്ചു, കാരണം മറ്റൊന്നുമല്ല കൊട്ടാരത്തിന്റെ പകുതി ഇന്ത്യയിലും പകുതി മ്യാന്മറിലും ആണ്. കോനിയാക് ഗോത്രത്തിന്റെ അധീനതയിലൂള്ള സ്ഥലം മ്യാന്മർ പ്രദേശത്തേക്ക് ഒരു 13 കിലോ മീറ്റർകൂടി ഉണ്ട്. 

തലവെട്ടിയുടെ മുന്നിൽ

സായിപ്പിന്റെ വക ആയിരം രൂപ രാജാവിന് സമ്മാനിച്ചു, അതിനുശേഷം രാജാവ് ഞങ്ങളെ കോനിയാക് ഗോത്രത്തിലെ അവസാനത്തെ ‘തലവെട്ടിയുടെ’ ഹെഡ്ഹണ്ടറിന്റെ, അടുത്തേക്ക് വിട്ടു. പണ്ട് ഗോത്രങ്ങൾ തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്ന കാലത്ത് പലരും എതിർ ഗോത്രത്തിൽപ്പെട്ടവരുടെ തല വെട്ടി എടുത്ത് രാജാവിന് കാഴ്ചവയ്ക്കും. ഇങ്ങനെ തലവെട്ടി എടുക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ വീരപരിവേഷമാണ് കിട്ടുന്നത്. ഓരോ തലവെട്ടലിനും ഓരോ ചെറിയ മനുഷ്യത്തല, ഓടുകൊണ്ടുള്ളത് കിട്ടും. അത് മാലയിൽ കോർത്തിട്ടാണ് തലവെട്ടികൾ നടക്കുക. മാല നോക്കിയാൽ എത്ര മനുഷ്യരുടെ തല കൊയ്തവനാണ് മുൻപിൽ നിൽക്കുന്നതെന്ന് അറിയാം. 1970കളിലാണത്രേ അവസാനത്തെ തലവെട്ടൽ നടന്നത്.   

20190608_130838

മുഖത്ത് കറുത്ത മഷി പൂശി, രണ്ട് കാതിലും ആടിന്റെ കൊമ്പ് അണിഞ്ഞ് ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഒരു കൊച്ചു മനുഷ്യൻ ഒട്ടേറെ പേരുടെ തല കൊയ്തെടുത്തവനാണെന്ന് വിശ്വസിക്കാനാകില്ല. എഴുപത്തിയാറ് വയസ്സാണ് പ്രായം എന്നു പറഞ്ഞെങ്കിലും കാഴ്ചയിൽ നൂറിന് അടുത്ത് തോന്നും. ആദ്യം ചോദ്യങ്ങളിൽനിന്നും ഫൊട്ടോകളിൽനിന്നും അകന്നു മാറിയെങ്കിലും അൽപം പണം നൽകിയപ്പോൾ എന്തിനും റഡി. പുലിപ്പല്ല് മാലകളും പരമ്പരാഗത മാലകളും അണിഞ്ഞു. എന്നാൽ തലവെട്ടികളുടെ അടയാളമായ  വെങ്കലത്തലകളുടെ മാല അണിയാൻ തയ്യാറായില്ല. ഇപ്പോൾ ഏതോ ഒരു കുറ്റബോധം വേട്ടയാടുന്നുണ്ടാകാം... തലവെട്ടിയുടെ സവിശേഷ ആയുധങ്ങളും ഞങ്ങളെ കാണിച്ചു. ഇന്നത്തെ മനുഷ്യരുമായി താരതമ്യം ചെയ്താൽ ഏറെ വർഷങ്ങൾ പിറകിൽ കിടക്കുന്നതുപോലെ അമ്പും വില്ലും, കുന്തം, പലതരത്തിലും വലിപ്പത്തിലും ഉള്ള വെട്ടുകത്തികൾ തുടങ്ങിയവയാണ് ആയുധങ്ങൾ. രണ്ട് നാടൻ തോക്കുകളും സ്വന്തമായി ഉണ്ട്. 

20190426_114908

നാഗാലാൻഡിൽ പുരുഷൻമാർ ബഹുഭൂരിപക്ഷവും കറുപ്പും പുകച്ച് വീട്ടിലിരിക്കുമ്പോൾ സ്ത്രീകളാണ് അധ്വാനിക്കുന്ന ജനവിഭാഗം. കോനിയാക്കുകളും വ്യത്യസ്തരല്ല. ഇവിടെ കൃഷിപ്പണിക്കു പോകുന്ന സ്ത്രീകൾക്കൊപ്പം തോക്ക് ധാരികളായ രണ്ടോ മൂന്നോ പുരുഷൻമാരും ഉണ്ടാകും. ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില സാധനങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ഇവർതന്നെ കൃഷി ചെയ്ത് എടുക്കുന്നു. കിട്ടുന്ന പക്ഷിമൃഗാദികളെ എല്ലാം തീൻമേശയിൽ എത്തിക്കാനും ഇവർക്ക് മടിയില്ല.  ലോങ്‌വയിൽനിന്ന് മോൻ വരെ ഒരു ബസ് പുലർച്ചയും ഉച്ചയ്ക്കു ശേഷവും ഉണ്ട്. 

അടുത്ത ദിവസം യാത്ര തുടരാൻ ഭാവിച്ചപ്പോൾ കനത്ത മഴ. ഏതായാലും ഒരു ദിവസംകൂടി ഇവിടെ തങ്ങാൻ തീരുമാനിച്ചു. ഇംഗ്ലീഷുകാരൻ സുഹൃത്ത് മഴയൊന്നും കൂസാതെ പുറപ്പെട്ടു. ഹോംസ്‌റ്റേയിൽ നാഗാ ചായയും കുടിച്ച് ആ വീട്ടിലെ കാരണവരോട് സംസാരിച്ച് മഴസമയം തള്ളി നീക്കി. സാധാരണ ചായയിൽനിന്ന് വ്യത്യസ്തമായ നാഗാ ചായ മധുരമോ പാലോ ചേർക്കാതെ വേണം കുടിക്കാൻ. അത് എപ്പോഴും അടുക്കളയിൽ കനൽപ്പുറത്ത് ചൂടോടെ ഇരിക്കും. ഇഷ്ടംപോലെ എടുത്തു കുടിക്കാം. പിന്നെ കുട്ടികളുടെ കൂടെ കളിച്ചും ആ പ്രദേശത്ത് ചുറ്റിയും അവിടത്തെ പള്ളി സന്ദർശിച്ചും ബാക്കി സമയം. പിറ്റേന്ന് യാത്ര പുനരാരംഭിച്ചു. 

Nathula-top

അരുണാചൽ പ്രദേശിൽ ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ പതിക്കുന്ന ഗ്രാമങ്ങൾ ലക്ഷ്യം വച്ചാണ് യാത്ര തുടർന്നത്. 

ഡബിൾ സെഞ്ച്വറി തികച്ച പര്യടനം

എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ അതിർത്തികളും സന്ദർശിച്ച് അജുവും സുഹൃത്തും പര്യടനം പൂർത്തിയാക്കാൻ 201 ദിവസം എടുത്തു. ഭൂട്ടാനിലും ബംഗ്ലാദേശിലും അതിർത്തി കടന്ന് അയൽ രാജ്യത്തും പോയി. അനുഭവങ്ങളും കാഴ്ചകളുമായി വലിയൊരു സമ്പത്ത് സ്വന്തമാക്കിയ അജു ആ അനുഭവങ്ങൾ വ്ലോഗിലൂടെ പങ്കുവച്ച് എല്ലാവരെയും യാത്രയ്ക്ക് പ്രചോദിപ്പിക്കുകയാണ്. 

Tags:
  • Manorama Traveller
  • Travel India
  • Wild Destination