Tuesday 23 May 2023 03:34 PM IST

മഴക്കാലം സുന്ദരിയാക്കുന്ന ഇടങ്ങൾ, പോകാം കേരളത്തിലെ മൺസൂൺ ഡെസ്റ്റിനേഷനുകളിലേക്ക്...

Akhila Sreedhar

Sub Editor

monsoon 021


‘യുദ്ധത്തിനൊരുങ്ങുന്ന പടയാളികളെ പോലെ ആകാശത്ത് മേഘങ്ങൾ കറുപ്പിന്റെ പടച്ചട്ട വലിച്ചിട്ടു. ‍പോരാട്ടം തുടങ്ങും മുമ്പേ അറിയിപ്പെന്നോണം ഇങ്ങ് ഭൂമിയിൽ ആദ്യത്തെ മിന്നൽപിണർ വന്നുമായ്ഞ്ഞു. അയയിൽ നിന്ന് തുണിയെടുക്കാനോ സ്കൂൾ ബാഗിൽ കുട വയ്ക്കാനോ ഓർക്കും മുമ്പ് പോരാട്ടം തുടങ്ങി. മഴ, ആദ്യത്തെ തുള്ളി മണ്ണിൽ തൊട്ടപ്പോൾ ഭൂമി ഉന്മാദിയായി, എങ്ങും പുതുമണ്ണിന്റെ മണം. ഈ മൺസൂൺ യാത്രകളുടേതു കൂടിയാണ്. മഴത്തണുപ്പിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങാതെ, മഴ കാണാനും അനുഭവിക്കാനും നമുക്കൊരു യാത്ര പോയാലോ? ഈ പെരുമഴക്കാലത്ത് എവിടേയ്ക്ക് യാത്ര പോകും എന്നല്ലേ,


പൊന്മുടി

monsoon 013

പൊന്നിന്റെ കിരീടം ചാർത്തിയ മലനിരകളാണ് പൊന്മുടി. മലദൈവങ്ങൾ പൊന്ന് സൂക്ഷിക്കുന്ന കുന്നുകളെന്ന് ആദിവാസികൾ വിശ്വസിക്കുന്ന ഇടം. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടി ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം – നെടുമങ്ങാട് – വിതുര – കല്ലാർ റൂട്ടിൽ 60 കിലോമീറ്റർ ദൂരമുണ്ട് പൊന്മുടിയിലേക്ക്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം സെന്ററാണിത്. ചാറ്റൽ മഴ നനഞ്ഞ് കെ എസ് ആർ ടി സിയുെട ജനലോരത്ത് പാട്ടും കേട്ടങ്ങനെയിരുന്ന് പൊന്മുടി കുന്ന് കയറിയാലോ? നെടുമങ്ങാട് നിന്നും വിതുര, കല്ലാർ നിന്നുമെല്ലാം പൊന്മുടിയിലേക്ക് കെ എസ് ആർ ടി സി സർവീസുണ്ട്. വർഷം മുഴുവൻ തണുപ്പുള്ള കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത. കല്ലാർ കഴിയുന്നതോടെ കാട് തുടങ്ങുകയായി. 22 ഹെയർപിൻ വളവുകളാണ് പിന്നിടാനുള്ളത്. വഴിയിലുടനീളം ചെറിയ നീർച്ചാലുകളും മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നതും അല്ലാത്തതുമായ വെള്ളച്ചാട്ടങ്ങൾ കാണാം. ഉഷ്ണമെഖലാ മഴക്കാടുകളാണ് പൊന്മുടിയെ സുന്ദരിയാക്കുന്നത്. എക്കോ പോയിന്റ്, ഗോൾഡൻ വാലി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പൊന്മുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ടോപ് േസ്റ്റഷൻ.

താമസത്തിനായി പൊന്മുടി ഗസ്റ്റ് ഹൗസ് , കെ. ടി. ഡി. സി കോട്ടേജ് തുടങ്ങിയവ ആശ്രയിക്കാം. റൂം മുൻകൂട്ടി ബുക്ക് ചെയ്യണം. ഭക്ഷണത്തിനായി പൊന്മുടിയിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ കാന്റീനും, കെ ടി ഡി സിയുടെ റസ്റ്ററന്റുമുണ്ട്.


പാപനാശം

അപകടകരമല്ലാതെ കേരളത്തിൽ ബീച്ച് മൺസൂൺ ആസ്വദിക്കാൻ പറ്റിയ ഇടങ്ങളുണ്ടോ? മഴനനഞ്ഞ് കടൽ കണ്ട് മനസ്സിൽ ഓർമകളുടെ ഉപ്പ് രസം നിറയും മുമ്പേ ലൈഫ് ഗാർഡുകളുടെ പുറകിൽ നിന്നുള്ള വിളി വരും.

ദക്ഷിണകാശി, ഈ വിശേഷണമല്ലാതെ പാപനാശം കടലോരത്തെ പിന്നെങ്ങനെ വിളിക്കും. തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴക്കൂട്ടം – ചിറയിൻകീഴ് വഴി 43 കിലോമീറ്റർ അകലെയാണ് വർക്കല / പാപനാശം ബീച്ച്. പഞ്ചാരമണൽ വിരിച്ച തീരം. ഒരറ്റം ചേർന്ന് തിരമാലകൾക്ക് ചുംബിക്കാനായി പ്രകൃതിയൊരുക്കിയ ചെങ്കൽ കുന്ന്. ദക്ഷിണ കേരളത്തില്‍ വര്‍ക്കലയില്‍ മാത്രമാണ് കടലിന് കാവലെന്നോണം ഇങ്ങനെ കുന്നുകളുള്ളത്. കുന്നിന്റെ മുകള്‍ഭാഗത്തായി സഞ്ചാരികള്‍ക്ക് വേണ്ടിയൊരു നടപ്പാതയും അതിനോട് ചേര്‍ന്ന് ഹോട്ടലുകളും ചിപ്പികളും കക്കയും കൊണ്ടുള്ള കൗതുകവസ്തുക്കള്‍, പുസ്തകങ്ങള്‍, രാജസ്ഥാനി വസ്ത്രങ്ങള്‍ തുടങ്ങിയവ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുമുണ്ട്. ഈ കുന്നില്‍ നിന്ന് നോക്കിയാല്‍ കടലിന്റെ മനോഹരദൃശ്യം 360 ഡിഗ്രി വ്യൂ ആയി ആസ്വദിക്കാം. വർഷകാലം വർക്കല/ പാപനാശം ബീച്ചിലെ വിരുന്നുകാലം കൂടിയാണ്. ഇവിടുത്തെ കടലിൽ മുങ്ങി നിവരുമ്പോൾ പാപങ്ങൾ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. ഹിന്ദുമതവിശ്വാസികൾ മരണാനന്തര ബലി കർമങ്ങൾ ചെയ്യുന്ന സ്ഥലമാണ് പാപനാശം ബീച്ച്.

ഒരിക്കലും അനുഭവിച്ചു മടുക്കാത്ത രണ്ട് അനുഭൂതികൾ കടലും മഴയും. വിദേശസഞ്ചാരികള്‍ ധാരാളമെത്തുന്ന ഇവിടം നൈറ്റ് ബീച്ച് ലൈഫ് പൂർണമായും ആസ്വദിക്കാൻ പറ്റിയ ഇടമാണ്.



ബേക്കൽ കോട്ടയും കടലും

monsoon 014

തോരാതെ പെയ്യുന്ന മഴയിൽ ബേക്കൽ കോട്ടയ്ക്ക് മുകളിൽ നിന്ന് അറബിക്കടലിനെ പ്രണയിച്ചിട്ടുണ്ടോ? ആർത്തലയ്ക്കുന്ന തിരമാലയെ ഒരൊറ്റ തലോടലിൽ ശാന്തമാക്കുന്ന ബേക്കൽ കോട്ടയുടെ മാന്ത്രികത ഒരിക്കലെങ്കിലും കാണണം. കാസർകോടിന്റെ മുഖമാണ് ബേക്കൽ കോട്ട. കോട്ടയുടെ മൂന്നുഭാഗത്തും ഇരമ്പിയാർക്കുന്ന കടലിന്റെ ഭംഗി മഴക്കാലത്ത് അതിന്റെ പൂർണതയിൽ ആസ്വദിക്കാം. കാസർകോട് – ചെമ്മനാട് – ഉദുമ റൂട്ടിൽ 16 കിലോമീറ്റർ യാത്രയുണ്ട് ബേക്കൽ കോട്ടയിലേക്ക്. കാഞ്ഞങ്ങാട് – പള്ളിക്കരെ റൂട്ടിലാണെങ്കിൽ 12 കിലോമീറ്റർ. 35 ഏക്കറിലായി കിടക്കുന്ന ബേക്കൽ കോട്ട കടൽവഴിയുള്ള ആക്രമണം ചെറുക്കാനായി 17 ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ബേക്കൽ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് ബേക്കൽ കോട്ടയുടെ ടൂറിസം ചുമതല. കോട്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി കടലിലേക്ക് ഇറങ്ങാവുന്ന ഒരു തുരങ്കമുണ്ട്. എന്നാൽ അപകടസാധ്യത കണക്കിലെടുത്ത് ഇതു വഴി സഞ്ചാരികൾക്ക് പ്രവേശനമില്ല. കോട്ടയുടെ മധ്യത്തിലായി നിലകൊള്ളുന്ന 40 അടി ഉയരമുള്ള നിരീക്ഷണ ഗോപുരം കടൽകാഴ്ച പൂർണമായും ഇവിടെ നിന്ന് കാണാം. ബേക്കലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. കോട്ട പണിക്കഴിപ്പിച്ച ഇക്കേരിനായ്ക്കാന്മാരുടെ കുലദൈവമായ ഹനുമാനാണ് പ്രതിഷ്ഠ. പൂന്തോട്ടങ്ങളും കടൽക്കാറ്റും തിരമാലയുടെ താരാട്ടും വർഷമഴയുടെ കുളിരും ആസ്വദിക്കാൻ ബേക്കലിന്റെ തീരത്തേക്ക് പോകാം.


കുമരകം

monsoon 017

ഇനി നമുക്ക് വേറിട്ടൊരു മഴക്കാലത്തെ യാത്ര ആസ്വദിക്കാൻ കേരളത്തിന്റെ നെതർലാൻഡിലേക്ക് വണ്ടി വിട്ടാലോ? കോട്ടയം ജില്ലയിലെ കുമരകത്തേക്ക്. വേമ്പനാട്ട് കായൽത്തീരത്ത് സ്ഥിതിചെയ്യുന്ന പച്ചപ്പുനിറഞ്ഞ ദ്വീപുസമൂഹമാണ് കുമരകം. വർഷം മുഴുവൻ സഞ്ചാരികളുടെ തിരക്കാണിവിടെ. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് കുമരകം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം ജില്ലക്കാരുടെ തനി നാടൻ ഭക്ഷണവും വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയുമാണ് പ്രധാന ആകർഷണം. മികച്ച റിസോർട്ടുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ഹൗസ് ബോട്ടിൽ ഒരുക്കിയിട്ടുള്ളത്.നൈറ്റ്, ഡെ, നൈറ്റ് & ഡെ എന്നിങ്ങനെ വിവിധ പാക്കേജുകളായി ഹൗസ് ബോട്ട് ട്രിപ്പ് തിരഞ്ഞെടുക്കാം.

കുമരകം പക്ഷിസങ്കേതത്തിനടുത്തുള്ള ചേർപ്പുങ്കൽ പാലത്തിനു സമീപത്ത് നിന്നാണ് ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്നത്. വേമ്പനാട്ട് കായലിനെ വലം വച്ച് വരുന്ന യാത്രയിലെ പ്രധാന കാഴ്ച പാതിരാമണൽ ദ്വീപാണ്. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന പാക്കേജിനനുസരിച്ച് നിരക്ക് വ്യത്യാസം വരാം. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് യാത്രയുടെ സമയം.


ചമ്പക്കുളം വള്ളംകളി

monsoon 016

മഴക്കാലം ആവേശത്തിന്റെ ഉത്സവമാക്കി മാറ്റുന്ന ഗ്രാമമാണ് ചമ്പക്കുളം. വീറും വാശിയും നിറഞ്ഞ വള്ളംകളി കാണാൻ മഴ പ്രോത്സാഹനത്തിനെത്തുന്നതോടെ കാണികളിലും പോരാട്ടവീര്യം ആളിക്കത്തും. ആലപ്പുഴയ്ക്കും ചങ്ങനാശേരിക്കും മധ്യേ നെടുമുടിയിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ് ചമ്പക്കുളം ഗ്രാമം. ചമ്പക്കുളം മൂലം വള്ളം കളിയുടെ പേരിലാണ് ഇവിടം പ്രശസ്തമായത് . മിഥുനത്തിലെ മൂലം നാളിലാണ് വള്ളം കളി നടക്കുന്നത്. കേരളത്തിലെ വള്ളംകളികളിൽ ആറന്മുള വള്ളംകളി കഴിഞ്ഞാൽ ഏറെ പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളത്തേത്. പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളം ആറിലാണ് വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ് വള്ളംകളിയുടെ െഎതിഹ്യം. കൊല്ലവർഷം 990ൽ ചെമ്പകശേരി രാജാവായിരുന്ന പൂരാടം തിരുനാൾ ദേവനാരായണനാണ് വള്ളംകളിയ്ക്ക് തുടക്കം കുറിച്ചത്. ജയിക്കുന്ന വള്ളത്തിന് ‘രാജപ്രമുഖൻ ട്രോഫി’ പുരസ്കാരമായി നൽകുന്നു. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നീ തരം വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

വള്ളംകളിയ്ക്ക് മുന്നോടിയായി തോരണങ്ങളും അലങ്കാരങ്ങളും നാടൻ കലാരൂപങ്ങളും നിറയുന്ന ഘോഷയാത്ര നടക്കാറുണ്ട്. ആലപ്പുഴക്കാർക്ക് വള്ളംകളി മതമൈത്രിയുടെ ചിഹ്നം കൂടിയാണ്. മഴ എത്രയൊക്കെ നനച്ചാലും വിജയകുതിപ്പിലേക്കുള്ള ചൂടാണ് ഓരോ തുഴച്ചിലുകാരന്റെയും ഉള്ളിൽ. ഈ ആവേശം കാണികളിലേക്ക് പകർന്നുതുടങ്ങുമ്പോൾ ആർപ്പോ..ാാാാ...വിളിയും വള്ളപ്പാട്ടുകളും ആ താളത്തിനൊത്ത ചുവടുകളും ഒന്നായി മാറും. പണ്ടൊക്കെ കരക്കാർ തമ്മിലായിരുന്നു വള്ളപ്പോര്. ഇന്നിപ്പോൾ അത് വിവിധ ക്ലബുകൾ തമ്മിലായി മാറി എന്ന വ്യത്യാസം മാറ്റി നിർത്തിയാൽ വള്ളം കളിയുടെ മുഖഛായയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല.


മലബാർ റിവർ ഫെസ്റ്റിവൽ

monsoon 012

കോഴിക്കോട് തുഷാരഗിരിയുടെ ഭാഗമായ ചാലിപ്പുലയിലും ഇരുവഞ്ഞിപ്പുഴയിലും ഇനി സാഹസിക പ്രകടനത്തിന്റെ ഓളമടിച്ചുയരും.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവലാണ് മലബാർ റിവർ ഫെസ്റ്റിവൽ. ചാലിയാർ പുഴയുടെ കൈവഴികളാണ് ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും. 2013 ലാണ് മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കുന്നത്. ഓഗസ്റ്റ് 4–6 വരെയാണ് ഈ വർഷത്തെ മത്സരം നടക്കുക. തുഷാരഗിരി ഇന്റർനാഷനൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ദക്ഷിണേന്ത്യയിലെ തന്നെ ഏക വൈറ്റ് വാട്ടർ കയാക്കിങ് മത്സരമാണ്. പാറക്കെട്ടുകള്‍ക്ക് മേൽ കുത്തിയൊഴുകുന്ന നദിയിലൂടെ നടത്തുന്ന അതി സാഹസിക കയാക്കിങ്ങാണ് വൈറ്റ് വാട്ടർ കയാക്കിങ്. സ്ലാലോം, ഡ്രൗൺ റിവർ, ബോട്ടർ ക്രോസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേയ്സ് എന്നിങ്ങനെയാണ് മലബാർ റിവർ ഫെസ്റ്റിലെ മത്സര ഇനങ്ങൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും തരംതിരിച്ച് മത്സരമുണ്ട്. വിജയിയെ കാത്തിരിക്കുന്നത് റാപ്പിഡ് രാജ, റാപ്പിഡ് റാണി പുരസ്കാരമാണ്. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങി പത്തിലധികം രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ കയാക്കിങ്ങിൽ പങ്കെടുക്കാനെത്തുന്നു.

എത്തിച്ചേരാൻ: കോഴിക്കോട് ടൗണിൽ നിന്ന് വയനാട് റോഡ് വഴി 43 കിലോമീറ്റർ അകലെയാണ് കോടഞ്ചേരി. കോടഞ്ചേരി – കൈതപ്പൊയിൽ റോഡ് വഴി മലബാർ റിവർഫെസ്റ്റ് നടക്കുന്ന ചാലിപ്പുഴ, പുലിക്കയം കടവിൽ എത്താം.


ചിന്നക്കനാൽ

monsoon 020

ശാന്തമായ പ്രകൃതിയില്‍ കാലവർഷത്തിന്റെ നനുത്ത തലോടൽ ഏറ്റുവാങ്ങാൻ പറ്റിയ സ്ഥലമാണ് ചിന്നക്കനാൽ. മൂന്നാറിന്റെ തണുപ്പും പശ്ചിമഘട്ടത്തിന്റെ ഹരിതാഭയും കളങ്കമേശാത്ത അന്തരീക്ഷവും ഒത്തുചേരുന്ന ഇടം. വെട്ടിയൊരുക്കിയ തേയിലതോട്ടങ്ങളുടെയും ഗ്രാമീണതയുടെയും സൗന്ദ്യം പേറുന്ന ഒരു കൊച്ചുഗ്രാമം. ഇവിടെ മൺസൂൺ സമയം വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമൊരുക്കുന്നു. മഴയുടെ തണുത്ത തലോടലിൽ മലകളും തോട്ടങ്ങളും പച്ച പുതയ്ക്കും. പെയ്തിറങ്ങിയ െവള്ളത്തുള്ളികൾ ആരേയും കൂസാതെ ഒഴുകുന്ന അരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും തീർക്കും. മേഘമാലകൾ അകന്നൊതുങ്ങുമ്പോൾ മലകളെ മൂടിയെത്തുന്ന കോടമഞ്ഞിനുപോലും വർഷകാലത്ത് വേറിട്ടൊരു തണുപ്പാണ്. ചിന്നക്കനാലിലെ മൺസൂൺ നേരിട്ടറിയേണ്ട ‘പെരിയ’ അനുഭവം തന്നെയാണ്.

monsoon 015


മഴനനഞ്ഞ് പ്രകൃതിയിലേക്കൊരു ട്രെയിൻ യാത്ര...

ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്ര

monsoon 018

പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഈ പാട്ടും കൃഷ്ണഗുഡിലെ ഒരു പ്രണയകാലത്ത് എന്ന സിനിമയും എന്നും ഓർക്കുന്ന മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു റെയിൽവേ േസ്റ്റഷനുണ്ട്. അങ്ങാടിപ്പുറം. കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടാണ്, ഷൊർണൂർ – നിലമ്പൂർ പാത. ഈ മൺസൂൺ പ്രണയാതുരമാക്കാൻ ട്രെയിനിന്റെ വിൻഡോ സീറ്റിലിരുന്ന് നിലമ്പൂർ കാഴ്ചകളിലേക്കൊരു ‘തീവണ്ടി’യാത്ര പോകാം. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിലൊന്നാണ് ഷൊർണൂർ– നിലമ്പൂർ. കുന്തിപ്പുഴയും വെള്ളിയാറും ഒലിപ്പുഴയും കുതിരപ്പുഴയും കടന്നാണ് 66 കിലോമീറ്റർ നീളമുള്ള ഈ റെയിൽ റൂട്ട് നിലമ്പൂരെത്തുന്നത്. രാജറാണി എക്സ്പ്രസും ആറ് പാസഞ്ചർ ട്രെയിനുമാണ് നിലമ്പൂർ റൂട്ടിലേക്ക് ഷൊർണൂരിൽ നിന്നുള്ളത്.

ഷൊർണൂർ– വാടാനംകുറിശ്ശി– വല്ലപ്പുഴ– കുലുക്കല്ലൂർ – ചെറുകര – അങ്ങാടിപ്പുറം – പട്ടിക്കാട്– മേലാറ്റൂർ – തുവൂർ –തൊടിയപ്പുലം– വാണിയമ്പലം എന്നിങ്ങനെ 11 േസ്റ്റഷനുകളിലൂടെ കടന്ന് രണ്ടുമണിക്കൂർ യാത്രയാണ് നിലമ്പൂരേക്ക്.

പ്രകൃതിയാണ് ഈ യാത്രയിലെ കൂട്ട്, ഒരൊറ്റ ജനലിനപ്പുറം അവളിങ്ങനെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും.



അതിരപ്പിള്ളി – മലക്കപ്പാറ റോഡ് ട്രിപ്

monsoon 019

കാടും മലയും വെള്ളച്ചാട്ടവും ഡാമുകളും എല്ലാം ആസ്വദിക്കാൻ മഴയെ കൂട്ടുപിടിച്ചൊരു റോഡ് യാത്ര, ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം പൂർണമായി മനസ്സിൽ വരച്ചിടാൻ കഴിയുന്നൊരു യാത്ര. സമയവും ലക്ഷ്യവും തിട്ടപ്പെടുത്താത്ത യാത്രകളായിരിക്കണം റോഡ് യാത്രകൾ. എവിടെ എത്തിച്ചേരണം എന്ന് നേരത്തെ തീരുമാനിക്കരുത്. മലക്കപ്പാറ കഴിഞ്ഞും നല്ല കാഴ്ചകളുണ്ടെന്ന് സാരം. പോകുന്ന വഴികളെല്ലാം മനസ്സുനിറയ്ക്കുന്ന വിഭവങ്ങളായിരിക്കും. മഴക്കാടുകൾ നിഴൽ വിരിച്ച വഴികൾ, അതിരപ്പിള്ളി വെള്ളച്ചാട്ടം കൊഞ്ചിച്ചിരിക്കുന്ന ശബ്ദം, കാടിന്റെ തണുപ്പ്, മഴയോടുള്ള പ്രണയം ഇത്രയും നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിൽ‌ മാത്രം ഈ റൂട്ട് തെരഞ്ഞെടുക്കാം.

ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി റൂട്ടിൽ 12 കിലോമീറ്റർ പിന്നിട്ടാൽ തുമ്പൂർമുഴി പുഴയും പൂമ്പാറ്റകളുടെ ഉദ്യാനവും കാണാം. ഇവിടുത്തെ തൂക്കുപാലമാണ് പ്രധാന ആകർഷണം. പൂമ്പാറ്റകളും പൂക്കളും മനസ്സിൽ കുട്ടിക്കാലത്തിന്റെ നൊസ്റ്റാൾജിയ വാരി വിതറും. മഴപെയ്ത്ത് ജാലകപ്പടിയിൽ തൊടുമ്പോൾ നൂൽമഴയാണെങ്കിൽ അവളുടെ പ്രണയത്തെ ഏറ്റുവാങ്ങി വേണം മുന്നോട്ടുള്ള യാത്ര. ഇവിടെ നിന്ന് 14 കിലോമീറ്റർ പിന്നിട്ടാൽ അതിരപ്പിള്ളി വെള്ളച്ചാട്ടമെത്തും. മഴക്കാലത്ത് ഉഗ്രരൂപിയായി മാറുന്ന അതിരപ്പിള്ളിയെ ഒരിക്കലെങ്കിലും കണ്ടിരിക്കണം. വാഴച്ചാൽ പോകും വഴി റോഡരികിലായി അതിരപ്പിള്ളിയുടെ സാംപിൾ വെള്ളച്ചാട്ടമെന്നോണം മഴക്കാലത്ത് ജീവൻ വയ്ക്കുന്ന ചാർപ്പ വെള്ളച്ചാട്ടം കാണാം. അതിരപ്പിള്ളിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരമുണ്ട് വാഴച്ചാലിലേക്ക്. ഇനി മുന്നോട്ട് കാടാണ്. ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ അനുമതി വാങ്ങി യാത്ര തുടരാം.

ശ്രദ്ധിക്കുക, വാഹനം വേഗത കുറച്ച് കാഴ്ചകൾ കണ്ട് മുന്നോട്ട് പോവാൻ ശ്രമിക്കുക. ആനയുൾപ്പെടെ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇനിയങ്ങോട്ട് 12 കിലോമീറ്റർ മുന്നോട്ട് പോയാൽ വളഞ്ഞുപുളഞ്ഞ് പോകുന്ന കയറ്റവും ഇറക്കവുമുള്ള റോഡാണ്, എത്തുന്നത് പെരിങ്ങൽക്കുത്ത് ഡാമിൽ. സിനിമയ്ക്ക് സെറ്റിട്ട പോലെ ഒരിടം. ഇവിടം വിട്ടാൽ പിന്നെ കടകളൊന്നും ഇല്ല. പെരിങ്ങൽകുത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു ബംഗ്ലാവുണ്ട്. കാഴ്ചകളിൽ വേണമെങ്കിൽ അതും ഉൾപ്പെടുത്താം. ആനക്കയം – ഷോളയാർ വഴി മലക്കപ്പാറയിലേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. വാഴച്ചാൽ വിട്ടാൽ പിന്നെ മലക്കപ്പാറയിലാണ് ജനവാസ കേന്ദ്രമുള്ളത്.