Wednesday 25 May 2022 04:52 PM IST : By A. S. Ravuthar

ആഗ്രയിലെ രത്നപ്പെട്ടി, നൂർജഹാൻ പിതാവ് മിർസാ ഗിയാസ് ബേഗിന്റെ ഓർമയ്ക്ക് നിർമിച്ച ബേബി താജ്

itmad ud daula agra

ആഗ്ര ബസ് സ്റ്റാൻഡിലെ അന്വേഷണമുറിയിൽ ചെന്ന് ഇത്‌മാദ് ഉദ് ദൌളയ്ക്ക് ബസ് ഉണ്ടോ എന്നു ചോദിച്ചു. അവിടിരുന്നയാൾ കൈമലർത്തി. ബസ് ഉണ്ടെന്നോ ഇല്ലെന്നോ എന്താണ് അയാൾ പറയുന്നതെന്ന് മനസ്സിലാകുന്നുമില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ നിൽ‌പുണ്ടായിരുന്നു. ടാക്സി ഡ്രൈവർ ദിലീപ്. കാറിൽ പോകാമെന്ന് അയാ‍ൾ പറഞ്ഞപ്പോൾ വേണ്ട ഓട്ടോയിൽ പൊയ്ക്കൊള്ളാം എന്നായി ഞാൻ. അയാൾ നിർബന്ധിക്കുന്നതിനിടയിലാണ് കാർ കണ്ടത്. ഒരു പഴഞ്ചൻ അംബാസഡർ. അയാളുടെ ഭാവം കണ്ടപ്പോൾ ഒരു പക്ഷേ, ദിവസങ്ങളായിക്കാണും അയാൾക്ക് ഒരു ഓട്ടം കിട്ടിയിട്ട് എന്ന് തോന്നി. അതോടെ ആ കാർ മതിയെന്ന് ഉറപ്പിച്ചു. ദിലീപിന്‌ പെരുത്ത് സന്തോഷം. അറുപതിനു മേൽ പ്രായം തോന്നിക്കുന്ന ദിലീപിന്റെ ചെറുപ്പകാലത്ത് വാങ്ങിയതാവണം ആ കാർ. അങ്ങനെ പൌരാണികമാ‍യ ആഗ്രാ നഗരത്തിലൂടെ പുരാതനമായ ഒരു അംബാസഡറിൽ കാ‍ഴ്ചകാണാനിറങ്ങി.

തിരക്കേറിയ, അഴുക്കുപിടിച്ച തെരുവുകൾ പിന്നിട്ട് അരമണിക്കൂറോളം സഞ്ചരിച്ചു. യമുനാ നദിയുടെ കിഴക്കേ കരയിലുള്ള ചരിത്രസ്മാരകത്തിനു മുന്നിൽ ടിക്കറ്റ് കൌണ്ടറിലെത്തുമ്പോൾ ഇന്ത്യക്കാരായി ഞങ്ങളും അവിടുത്തെ കുറേ പണിക്കാരും മാത്രമാണുണ്ടായിരുന്നത്. മൂന്നു മണിയുടെ ചൂടിൽ നഗരം കത്തിക്കാളുന്നതു കൊണ്ടാവാം സന്ദർശകർ കുറവ്. ഉള്ളതാകട്ടെ വിദേശികളും. ദാഹം തീർക്കാനായി കൂളറിൽ എപ്പോഴും ശുദ്ധജലം ലഭ്യമാണ്. ഡൽ‌ഹിയിലെയും ആഗ്രയിലെയും മിക്ക ചരിത്രസ്മാ‍രകങ്ങളിലും ഈ സൌകര്യം ഒരുക്കിയിട്ടുണ്ടെന്നത് സഞ്ചാരികൾക്ക് ഒരാശ്വാസമാണ്.

itmad ud daula memorial

ടിക്കറ്റ് കൌണ്ടറിൽ നിന്നു തന്നെ പ്രവേശനകവാടം കാ‍ണാം. മുഗൾ സ്മാരകങ്ങളുടെ പ്രത്യേകതയായ ചെങ്കല്ലിൽ തീർത്ത ഒരു കൂറ്റൻ കെട്ടിടം. രണ്ടു നില വരുന്ന കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാൽ പങ്ക് ഉയരത്തിലുള്ള പടു കൂറ്റൻ പ്രവേശനവാതിലാണതിന്. രണ്ടു നിലകളിലുമായുള്ള നാലു ജനാലകൾക്കും ആ നിലയ്ക്കൊപ്പം ഉയരമുണ്ട്. പ്രവേശന കവാടത്തിലേക്കുള്ള വഴിയുടെ ഇരുവശവും ഭംഗിയായി വെട്ടിയൊരുക്കിയിരിക്കുന്ന പുല്ലുകൾ.

ഭാഗ്യവുമായി വന്ന മകൾ

പ്രവേശനകവാടത്തിൽ തന്നെ സ്മാരകത്തിന്റെ ചരിത്രം പറയുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ പത്നി നൂർജഹാൻ തന്റെ പിതാവ് മിർസ ഗിയാസ് ബേഗിന്റെ ഓർമയ്ക്ക് നിർമിച്ച സ്മാരകം. ഇറാ‍നിലെ കച്ചവടക്കാരനായിരുന്നു മിർസ. അവിടെ വ്യാപാരം നഷ്ടത്തിലായപ്പോൾ ഗർഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും കുട്ടി ഇന്ത്യയിലേക്ക് പുറപ്പെട്ടു അയാൾ. വഴിക്കുവച്ച് കൊള്ളക്കാർ സമ്പാദ്യം മുഴുവൻ തട്ടിയെടുത്തു.

എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ദിവസങ്ങളിലൊന്നിലായിരുന്നു ഭാര്യ ഒരു പെൺ‌കുഞ്ഞിനു ജന്മം നൽ‌കിയത്. കുഞ്ഞിനെ വളർത്താൻ പാങ്ങില്ലാത്തതിനാൽ അതിനെ ഉപേക്ഷിക്കാമെന്നു കരുതിയിരിക്കെ ഒരു കച്ചവടസംഘത്തിൽ കയറിപ്പറ്റിയ മിർസാ ഗിയാസ് ഒടുവിൽ എത്തിച്ചേർന്നത് അക്ബർ ചക്രവർത്തിയുടെ സദസ്സിലാണ്. ഈയൊരു സൌഭാഗ്യം തങ്ങൾക്കു സമ്മാനിച്ച പെൺകുട്ടിക്ക് അവർ മെഹറുന്നീസ (സ്‌‌ത്രീത്വത്തിന്റെ സൂര്യൻ) എന്നു പേരിട്ടു. സമർഥനായിരുന്ന മിർസ പടിപടിയായി ഉയർന്ന് ഖജനാവിന്റെ ചുമതലയുള്ള ദിവാനായി. അയാളുടെ കഴിവിൽ സം‌പ്രീതനായ ചക്രവർത്തി ഇ‌ത്‌മാദ് ഉദ് ദൌള അഥവാ രാജ്യത്തിന്റെ സ്‌തംഭം എന്ന ബഹുമതിയും നൽ‌കി. മെഹറുന്നീസ പിന്നീട് ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയായി, നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു. മകൾ രാജ്ഞിയായതോടെ പ്രധാനമന്ത്രി സ്ഥാ‍നത്തേക്ക് ഉയർന്ന മിർസ തന്റെ ഭാര്യ മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ, 1622-ൽ ഈ ലോകത്തോട് വിടചൊല്ലി. നൂർജഹാന്റെ ആഗ്രഹപ്രകാരം 1622-നും 1628നും ഇടയിൽ നിർമിച്ചതാണ് ഈ മണിമന്ദിരം.

itmad ud daula nurjahan

മുഗൾ മാജിക്

കവാട കെട്ടിടത്തിന്റെ ആനവാതിലിനടിയിൽ കയറുമ്പോൾ തന്നെ തണുപ്പ് വന്നു നമ്മളെ പൊതിയും, അതു ചെങ്കല്ലിന്റെ മാന്ത്രികത. അതിനേക്കാൾ വലിയൊരു മാജിക്കാണ് നമ്മെ ഉള്ളിൽ കാത്തിരിക്കുന്നത്-വെള്ളമാർബിളിൽ തീർത്ത കൂറ്റൻ സമ്മാനപ്പെട്ടിപോലെ തോന്നിക്കുന്ന ഒരു ശവകുടീരം.

itmad ud daula monument

പ്രവേശനകവാടം ചതുരാകൃതിയിലുള്ള കോട്ടയുടെ ഒത്ത നടുവിലാണ്. ആ കോട്ടയ്ക്കുള്ളിൽ നാലു തുല്യഭാഗമായി തിരിച്ചിരിക്കുന്ന ഉദ്യാ‍നത്തിന്റെ നടുവിലാണ് സ്മാരകമന്ദിരം. മുഗൾ നിർ‌മാണരീതിയുടെ പ്രത്യേകതയായ ചാർബാഗ് ശൈലിയാ‍ണ് ഇത്. ഭൂമിയുടെ നിരപ്പിൽ നിന്ന് ഉയർത്തിക്കെട്ടിയ വലിയ നടപ്പാത നാലു വശത്തുനിന്നും വന്ന് ഉദ്യാ‍നത്തിന്റെ നടുവിലായി ഒത്തുചേരുന്നു. നടപ്പാതയുടെ ഒത്ത നടുവിൽ ആഴം കുറഞ്ഞ ചാലുണ്ട്. വെള്ളം ഒഴുക്കാനാണ് ഇവ. ഇടയ്ക്കിടയ്ക്ക് ജലധാരകളും. നടപ്പാതയിലും ഉയരത്തിൽ നിർമിച്ചിരിക്കുന്ന വിശാലമായ പ്ലാറ്റ്ഫോമിലാണ് ശവകുടീരം. ഈ പ്ലാറ്റ് ഫോമിലേക്ക് ചെരുപ്പിട്ട് കയറാൻ അനുവദിക്കില്ലയെന്നതിനാൽ ചൂടുകാ‍ലത്ത് ഉള്ളംകാൽ പൊള്ളിച്ചുകൊണ്ടേ നടക്കാനാവുകയുള്ളു എന്നിരുന്നാലും ആ പൊള്ളലൊക്കെ ഈ മന്ദിരത്തിന്റെ കുളിർമയിലേക്ക് ഊളിയിടുമ്പോൾ നാം മറക്കും. കാരണം, ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചരിത്ര സ്മാരകങ്ങളിലൊന്നിലാണ് നാം അപ്പോൾ.

ആദ്യത്തെ മാർബിൾ കുടീരം

ഇന്ത്യയിലാദ്യമായി വെള്ളമാർബിളിൽ നിർമിച്ച ശവകുടീരമാണിത്. അതിനു മുൻപ് ചെങ്കല്ലിലും കരിങ്കല്ലിലും ഒക്കെയായിരുന്നു സ്മാരക നിർമാണം. ഇതിന്റെ മാതൃക പിന്തുടർന്നാണ് താജ്മഹൽ നിർമിച്ചതു തന്നെ. കബറിടങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന കെട്ടിടത്തിനൊപ്പം തന്നെ ചേർത്തു പണിത വിസ്‌താരമേറിയ നാല് മിനാരങ്ങളാണ് ഇവിടെയുള്ളത്. താജ്മഹലിനും നാല് മിനാരങ്ങളുണ്ടെങ്കിലും അവ പ്രധാന മന്ദിരത്തിൽ നിന്ന് അകന്നു മാറിയാണ് നിർമിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ താജിന്റെ അടുത്തെങ്ങും എത്തില്ല ഈ സ്മാരകം, പക്ഷേ, അഴകിൽ ഇതു വേറിട്ടു നിൽ‌‌ക്കുന്നു. ചാർബാഗിൽ മന്ദിരത്തോട് ചേർന്ന് പൂച്ചെടികളും അധികം ഉയരം വയ്ക്കാത്ത ഫലവൃക്ഷങ്ങളുമുണ്ട്, ദൂരെ നിന്നു നോക്കിയാൽ പൂക്കൾക്കിടയിലെ രത്നപ്പെട്ടിപോലെ തോന്നും ഈ മന്ദിരം.

itmad ud daula baby taj

തുല്യ അളവിലും രൂപത്തിലുമാണ് മന്ദിരത്തിന്റെ പുറം. കൃത്യം നടുവിലായി നാലു ഭാഗത്തും വാതിലുകളുണ്ട്, പക്ഷേ രണ്ടു വശത്തേ തുറക്കാ‍നാവൂ. കെട്ടിടത്തിനുള്ളിൽ നൂർജഹാന്റെ പിതാവിന്റെയും മാതാവിന്റെയും കബറിടങ്ങൾ കാണാം. നൂർജഹാന്റെയും ജഹാംഗിറിന്റെയും ശവകുടീരങ്ങൾ ലാഹോറിലാണ്. ഉജ്വല പെയ്ന്റിങ്ങുകളാണ് കെട്ടിടത്തിന്റെ എല്ലാ ഭിത്തികളിലും. മനുഷ്യർ, പൂക്കൾ, മൃഗങ്ങൾ, പൂച്ചട്ടികൾ, പഴങ്ങൾ എന്നിങ്ങനെ പലവിധ ചിത്രങ്ങളാണ്. മൊസൈക്കിലെ ഇൻ‌ലേ ചിത്രകലയുടെ ആശാന്മാരാണ് ഇതിന്റെ പിന്നിലെന്നു വ്യക്തം. ഇറാനിയൻ ചിത്രകലയോട് ജഹാംഗീറിനുണ്ടായിരുന്ന അഭിനിവേശം ഈ മന്ദിരത്തിൽ പ്രതിഫലിക്കുന്നു.

itmad ud daula kabar

യമുനാതീരം

പൊള്ളിച്ചുകളയുന്ന ചൂടെങ്കിലും മാർബിളിന്റെ തണുപ്പ് നമ്മെ അവിടെ പിടിച്ചിരുത്തും. ഭിത്തികളിലെ ജാളികളിലൂടെ അരിച്ചെത്തുന്ന വെളിച്ചം മന്ദിരത്തിനുള്ളിൽ വശ്യമായ ദൃശ്യഭംഗി ഒരുക്കുന്നു. പ്രധാന ഹാളിനു വശങ്ങളിലായി എട്ടു ചെറിയ മുറികൾ കൂടിയുണ്ട്. ഇവിടെയൊക്കെ നൂർജഹാന്റെ വിവിധ ബന്ധുക്കളുടെ ശവകുടീരങ്ങൾ കാണാം. പേർഷ്യൻ ശൈലിയിലുള്ള താഴികക്കുടങ്ങളാണ് മറ്റൊരു പ്രത്യേകത. പേർഷ്യൻ-ഇസ്‌ലാമിക് നിർമാണ ശൈലിയുടെ സംഗമമാണ് ഇത്‌മാ‍ദ് ഉദ്‌ ദൌളയിൽ കാണുന്നത്.

ഒന്നിലധികം നിലകളുള്ള ഒരു പവലിയൻ പടിഞ്ഞാറേ ഭാഗത്ത് യമുനാ നദിയുടെ കരയിലുണ്ട്. നദി നിറഞ്ഞൊഴുകുമ്പോൾ ഇവിടെ നിന്നുള്ള കാഴ്ച അതിഗംഭീരമായിരിക്കും. എന്റെ സന്ദർശനവേളയിൽ നദി കരിഞ്ഞുണങ്ങി കിടക്കുകയായിരുന്നു. അവിടെ നിന്ന് നദിയിലേക്ക് വലിയ താഴ്ചയുണ്ട്. നദിയിൽ പട്ടിണിക്കോലങ്ങളായ കുട്ടികൾ മുകളിലെ ഉദ്യാനത്തിലും പവലിയനിലും വരുന്ന സന്ദർശകരെ കാത്ത് താഴെയായി നിൽ‌ക്കുന്നു. ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ അവർ വല്ലതും ഇട്ടുകൊടുക്കാൻ താഴെനിന്ന് വിളിച്ചു പറയും. ചിലരൊക്കെ ചില്ലറത്തുട്ടുകൾ എറിഞ്ഞു കൊടുക്കുന്നതു കാ‍ണാം.

ബേബി താജ്

താജ്മഹലിനും മുൻപ് ആഗ്രയിൽ നിർമിക്കപ്പെട്ട സ്മാ‍രകമാണിത്. ഇതിന്റെ മാതൃകയിലാണ് താജ് നിർമിച്ചതു തന്നെ. എന്നാൽ പിൽ‌ക്കാലത്ത് താജിനു പിന്നിലായി ഇതിന്റെ സ്ഥാനം. താജ്മഹലിൽ ഉള്ളതിനേക്കാൾ ആകർഷകമാണ് ഇത്‌മാദ് ഉദ് ദൌളയിലെ മാർബിൾ ജാളി കൊത്തുപണികളെന്നു വിലയിരുത്തപ്പെടുന്നു.

itmad ud daula inside

വലിപ്പത്തിൽ ചെറുതായതുകൊണ്ടാ‍വാം ബേബി താജ് എന്നാണ് ഇത്‌‌മാദ് ഉദ് ദൌളയുടെ വിളിപ്പേര്. പക്ഷേ, നിസ്സംശയം പറയാം അഴകിൽ ഒട്ടു ചെറുതല്ല ഈ മന്ദിരം. ആഗ്രയിലെത്തുന്ന ഭൂരിപക്ഷം പേരും താജും ആഗ്രാക്കോട്ടയും കണ്ടു മടങ്ങും. എന്നാൽ, ഇത്‌‌മാദ് ഉദ് ദൌള കാണാതെയുള്ള ആഗ്രാ യാത്ര പൂർണമല്ലെന്നതാണ് സത്യം. വൈകുന്നേരങ്ങളിൽ ഇവിടിരുന്ന് സുര്യാസ്തമയം കാണുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യുക. ആഗ്രാക്കോട്ടയിൽ നിന്ന് നാലു കിലോമീറ്ററും താജ് മഹലിൽ നിന്ന് രണ്ടു കിലോമിറ്ററുമാണ് ഇവിടേക്കുള്ളത്. രണ്ടിടങ്ങളിൽ നിന്നും ഓട്ടോയും ടുക്-ടുക്കും യഥേഷ്ടം കിട്ടും. താജ്മഹൽ സ്ഥിതി ചെയ്യുന്ന താജ് ഗഞ്ചിൽ നിന്ന് ചിലപ്പോൾ രണ്ട് ഓട്ടോയിൽ കയറേണ്ടി വരും. ബിജലിഘർ എന്ന സ്റ്റാ‍ൻഡിൽ എത്തിയിട്ട് അവിടെ നിന്ന് വീണ്ടും ഓട്ടോ പിടിക്കണം.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India