Thursday 11 August 2022 04:12 PM IST

കാഴ്ചകളും കാണാം, വയറും നിറയ്ക്കാം... ഈ ടൂറിസം പാക്കേജ് 250 രൂപയ്ക്ക്

Akhila Sreedhar

Sub Editor

njarakkal 04

കാഴ്ചകളും കാണണം, വയറും നിറയ്ക്കണം, ഇത്തരമൊരു ടൂറിസം പാക്കേജ് തേടിയുള്ള യാത്ര അവസാനിച്ചത് എറണാകുളത്തെ കടലോരഗ്രാമമായ ഞാറയ്ക്കലിലാണ്. കയാക്കിങ്, റോയിംഗ് ബോട്ട്, ബാംബു ഹട്ട്, വഞ്ചിത്തുരുത്തിലെ ഏറുമാടം, വാട്ടർസൈക്കിളിങ്, ചൂണ്ട, ബോട്ടിങ് തുടങ്ങി ഒരു ദിനം പൂർണമായും ആസ്വദിക്കാൻ പറ്റുന്ന കാഴ്ചകളും പ്രവർത്തനങ്ങളുമാണ് മത്സ്യഫെഡിന്റെ കീഴിലുള്ള ഞാറയ്ക്കൽ അക്വ ടൂറിസം സെന്റർ സഞ്ചാരികൾക്കായി ഒരുക്കി വച്ചിട്ടുള്ളത്. ഹൈക്കോട്ട് ജംക്‌ഷനിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഞാറയ്ക്കൽ അക്വാടൂറിസം സെന്റർ. പല വർണങ്ങളിൽ മനോഹരമാക്കിയിരിക്കുന്ന പാലം കടന്ന് ഫാമിനകത്ത് പ്രവേശിച്ചു. വേനൽ ചൂടിനെ ചെറുക്കാൻ വെൽകം ഡ്രിങ്ക് നൽകി ഫാം ജീവനക്കാർ സ്വാഗതമേകി. അടുക്കളയിൽ ഉച്ചയൂണിന്റെ വട്ടംകൂട്ടുകയാണെന്ന് തോന്നുന്നു, നല്ല പൊരിച്ച മീനിന്റെ മണം ‘മൂക്കുതുളച്ച് കടന്നുപോയി’. ഈ യാത്ര വയറിനുവേണ്ടിയുള്ളതാണെന്ന് പറഞ്ഞാലും തെറ്റില്ല, ഫ്രഷ് മീനും കൂട്ടി ചോറുണ്ണാൻ കിട്ടുന്ന അവസരം ആരാണ് പാഴാക്കുക.


ജലാശയത്തിനു നടുവിലെ മുളങ്കുടിൽ

njarakkal 06

ഞാറയ്ക്കൽ ഫിഷ് ഫാമിന്റെ ഏറ്റവും വലിയ ആകർഷണമാണ് ജലാശയത്തിനു നടുവിലെ മുളങ്കുടിലുകളും വഞ്ചിത്തുരുത്തും. പത്തുപേർക്ക് ഇരിക്കാവുന്ന സൗകര്യത്തിലാണ് മുളങ്കുടിലുകൾ നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നു ഹട്ടുകളാണ് ഇവിടെയുള്ളത്. വൈപ്പിൻ കായലിനെ തഴുകി തലോടിയെത്തുന്ന കാറ്റേറ്റ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ മുളങ്കുടിലിൽ ഇരിക്കാം. ചൂണ്ടയിടാം. ചൂണ്ടിയിട്ട് പിടിക്കുന്ന മീൻ ഫാമിലെ അടുക്കളയിൽ കൊടുത്താൽ സ്വാദിഷ്ടമായ വിഭവമായി മുന്നിലെത്തും. മീൻ വീട്ടിൽ കൊണ്ടുപോകേണ്ടവർക്ക് ചെറിയൊരു തുക നൽകി അത് മേടിക്കാനുള്ള സൗകര്യവുമുണ്ട്.

അമ്പതോളം ഏക്കർ വിസ്തൃതിയുള്ള ഫാമിലാണ് മത്സ്യഫെ‍ഡ് അക്വടൂറിസം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 250 രൂപയുടെ ടിക്കറ്റിൽ വെൽകം ഡ്രിങ്ക്, ഉച്ചഭക്ഷണം, ഐസ് ക്രീം, ബോട്ടിങ് എന്നിവയാണ് ആസ്വദിക്കാനാവുക. ചൂണ്ട ഉൾപ്പെടെയുള്ള ബാക്കി പ്രവർത്തനങ്ങൾക്ക് നിശ്ചിത നിരക്ക് അധികം നൽകേണ്ടതുണ്ട്.

ഫാം ജീവനക്കാരൻ ബിജു ബോട്ട് തയാറാക്കി. മുളങ്കുടിലിലേക്ക് ആണ് ആദ്യ യാത്ര. പോകും വഴിയേ പൂമീൻ ചാട്ടം കാണാം. പുതിയ അതിഥികൾ ആരാണെന്ന് അറിയാനെന്നോണം ഉയരെ തുള്ളുന്ന മീനുകൾ.

njarakkal 05

അത്രനേരം സഹിച്ച വേനലിന്റെ കാഠിന്യം മുളങ്കുടിലിനുള്ളിൽ അനുഭവപ്പെട്ടില്ല. ഉള്ളുതൊടുന്ന തണുപ്പ്. ഇടയ്ക്കിടെ കിന്നാരം പറയാനെന്നോണം എത്തുന്ന കാറ്റ്. കുറച്ചു സമയം മുളങ്കുടിലിൽ ചെലവിട്ട ശേഷം ഇറങ്ങി. വാട്ടർ സൈക്കിളിങ്ങും കയാക്കിങ്ങും കുട്ടവഞ്ചി യാത്രയും ആസ്വദിച്ചിരിക്കെ വിശപ്പിന്റെ വിളി വന്നു.


മീൻരുചിയുടെ പറുദീസ

njarakkal 02

ഞാറയ്ക്കൽ യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഉച്ചയൂണ് ആണ്. ഭക്ഷണപ്രേമികളുടെ ആവശ്യമനുസരിച്ച് വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്താൽ ഊണ് സമയത്തേക്ക് റെഡിയാവും. ഭക്ഷണശാലയിലാകെ എണ്ണയിൽ വറുത്തുകോരുന്ന മീനിന്റെ മണമാണ്. ചെമ്മീൻ ഫ്രൈ, കരിമീൻ ഫ്രൈ, കക്ക ഫ്രൈ, ഞണ്ട് റോസ്റ്റ് തുടങ്ങി വിഭവങ്ങളുടെ നീണ്ടനിര. ഇവയെല്ലാം സ്പെഷൽ വിഭവങ്ങളാണ്. ആവശ്യാനുസരണം ഓർഡർ ചെയ്യാം. മുളങ്കുടിലുകളിലും വഞ്ചിത്തുരുത്തിലെ ഏറുമാടത്തിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഞാറയ്ക്കൽ ടൂറിസം ഒരുക്കുന്നുണ്ട്. ഉച്ചഭക്ഷണവും ഐസ് ക്രീമും കഴിച്ച് ബോട്ട് സവാരിയ്ക്കിറങ്ങി. തുഴ ബോട്ടും, പെ‍ഡൽ ബോട്ടും, സോളാർ ബോട്ടുമുണ്ട്. സോളാർ ബോട്ടിൽ യാത്ര തുടങ്ങി. ഒരു മരം നിറയെ കായൽകാറ്റിൽ ചിറക് ഉണക്കാനായി ഇരിക്കുന്ന നീർകാക്കകളുടെ കൂട്ടം. ബോട്ടിന്റെ ഓളം തള്ളലില്‍ പേടിച്ച് തുള്ളിയ മീൻ കൂട്ടം കണ്ടതും നീർകാക്കകൾ വെള്ളത്തിലേക്ക് ഊളിയിട്ടു. ജലാശയത്തിൽ പലയിടങ്ങളിലായി ഉയർന്നു നിൽക്കുന്ന മരക്കുറ്റികൾ വിവിധയിനം പക്ഷികളുടെ വിശ്രമകേന്ദ്രമാണ്. ആകാശം മേഘാവൃതമായിരിക്കുന്നു. വെയിൽ മങ്ങി. കാറ്റിന്റെ ശക്തി കൂടി. ബോട്ട് വഞ്ചിത്തുരുത്തിലേക്ക് അടുപ്പിച്ചു.

njarakkal 01


വഞ്ചിത്തുരുത്തിലെ സായാഹ്നം

njarakkal 03

കായലിനു നടുവില്‍ ഓവൽ ആകൃതിയിലുള്ള ചെറിയൊരു ദ്വീപായിരുന്നു പണ്ട് വഞ്ചിത്തുരുത്ത്. കുറ്റിയടിച്ച്, ചെളിനിറച്ച്, വഞ്ചിയുടെ ആകൃതിയിലാക്കി ആ പ്രതലത്തിൽ മണ്ണിട്ട് പൊക്കിയാണ് ഇന്നു കാണുന്ന വഞ്ചിത്തുരുത്താക്കി മാറ്റിയത്. ഏറുമാടമാണ് വഞ്ചിത്തുരുത്തിലെ പ്രധാന ആകർഷണം. ഞാറയ്ക്കലിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വഞ്ചിത്തുരുത്തിലെ ഏറുമാടം. ഇട്ടിമാണി ഉൾപ്പെടെ നിരവധി സിനിമകളിൽ പശ്ചാത്തലമായിട്ടുണ്ട് ഇവിടം. സൂര്യാസ്തമയക്കാഴ്ച ആസ്വദിക്കാൻ മികച്ച ഇടമാണിത്. മഴക്കൂടുകെട്ടുന്ന അന്തരീക്ഷത്തിൽ ഇനിയൊരു അസ്തമയക്കാഴ്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നിയപ്പോൾ ഏറുമാടത്തിൽ നിന്നിറങ്ങി. സോളാർ ബോട്ട് നീങ്ങി തുടങ്ങിയപ്പോഴേക്കും ചാറ്റൽ മഴയുടെ വരവ് ആരംഭിച്ചു. മഴ ജലാശയത്തെ തൊട്ടപ്പോൾ ആഘോഷമെന്നോണം പിന്നെയും പൂമീൻ തുള്ളാട്ടം.


മത്സ്യഫെഡ് ഒരുക്കുന്ന പാക്കേജുകൾ

njarakkal 08

1ദ്വയം – ഞാറയ്ക്കൽ– മാലിപ്പുറം എന്നീ അക്വാടൂറിസം സെന്ററുകളിലെ കാഴ്ചകൾ കാണാം. പൂമീൻ ചാട്ടം, കുട്ടവഞ്ചി, പെഡൽബോട്ട്, റോയിംഗ് ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിങ്, ബാംബൂ ഹട്ട്, ചൂണ്ട, മാലിപ്പുറത്തെ കണ്ടൽ പാർക്ക്, ബീച്ച്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം

സമയം – രാവിലെ 9.30 – വൈകിട്ട് 3.30 വരെ

നിരക്ക്– 650 രൂപ (ഒരാൾക്ക്), ദ്വയം ഈവനിങ് സ്പെഷൽ പാക്കേജുണ്ട്. നിരക്ക് – 300 രൂപ (ഒരാൾക്ക്)

2.സംസ്കൃതി – ഉച്ചവരെ ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിലെ കാഴ്ചകളും ഉച്ചഭക്ഷണവും. തുടർന്ന് മുസരീസ് പ്രദേശങ്ങളായ പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം ജൂതപ്പള്ളി സന്ദർശനവും, കുഴുപ്പിള്ളി ബീച്ചും ഒപ്പം ചായയും ലഘുഭക്ഷണവും.

സമയം – രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെ

നിരക്ക് – 1000 രൂപ (ഒരാൾക്ക്)

3.യാത്രിക – ഉച്ചവരെ ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിലെ കാഴ്ചകളും ഉച്ചഭക്ഷണവും. തുടർന്ന് മട്ടാഞ്ചേരി ജൂതപ്പള്ളി, ഡച്ച് പാലസ്, ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ, വാസ്കോ ഡി ഗാമ സ്ക്വയർ, ഫോർട്ട് കൊച്ചി ബീച്ച്, വല്ലാർപ്പാടം പള്ളി സന്ദർശനം

സമയം – രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെ

നിരക്ക് – 850 രൂപ (ഒരാൾക്ക്)

4കാഴ്ച – ദ്വയം പാക്കേജിനോടൊപ്പം എറണാകുളം മറൈൻ ഡ്രൈവിൽ ഒരു മണിക്കൂർ കായൽ സവാരി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

സമയം – രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ

നിരക്ക് – 1200 രൂപ (ഒരാൾക്ക്)

5. ഭൂമിക– എറണാകുളത്തെ ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിലെ പ്രവർത്തനങ്ങളും കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമിലെ പ്രവർത്തനങ്ങളും വൈക്കം അക്വേറിയം, വൈക്കം ബീച്ച് സന്ദർശനം ഉൾപ്പെടുന്ന പാക്കേജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ഫ്രഷ് ജ്യൂസ്, ചായ, ലഘുഭക്ഷണം, കപ്പ– മീൻകറി തുടങ്ങി ഭക്ഷണമുൾപ്പെടുന്ന പാക്കേജ്.

സമയം – രാവിലെ 8.30 മുതൽ രാത്രി 7.30 വരെ

നിരക്ക് – 1500 രൂപ (ഒരാൾക്ക്)

എത്തിച്ചേരാൻ

njarakkal 07

എറണാകുളം ജില്ലയിലാണ് ഞാറയ്ക്കൽ അക്വാടൂറിസം സെന്റർ. ഹൈകോർട്ട് ജംക്‌ഷനിൽ നിന്ന് 12 കിലോമീറ്റർ അകലെ ഗോശ്രീ പാലം കടന്ന് വൈപ്പിൻ– ചെറായി റൂട്ടിലൂടെ സഞ്ചരിച്ചാൽ ഞാറയ്ക്കലിലെത്താം. പ്രവൃത്തി ദിനങ്ങളിൽ 250 രൂപയും അവധി ദിനങ്ങളിൽ 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രത്യേക ഇളവുകളുണ്ട്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.‌ കൂടുതൽ വിവരങ്ങൾക്ക്, 9526041267, 9526041199, 9497031280