Tuesday 16 August 2022 03:56 PM IST

'ഉണ്ണിക്കൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്?'; അദ്‌ഭുതങ്ങൾ കാണിക്കും ഉളനാട് ബാലഗോപാലന്റെ തിരുനടയിലേക്ക്...

Priyadharsini Priya

Senior Content Editor, Vanitha Online

ulanadu65

'ഉണ്ണിക്കൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്?'- ഉളനാട് ബാലഗോപാലനെ ഒരുനോക്ക് കണ്ടാൽ അറിയാതെയെങ്കിലും മനസ്സിൽ പാടി പോകും ഈ വരികൾ. നെറുകയിൽ മയിൽ‌പ്പീലി ചൂടി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച ഉണ്ണിക്കണ്ണന്റെ രൂപം മാത്രമാകും പിന്നെ ഓരോ ഹൃദയ തുടിപ്പിലും നിറയുക. എല്ലാ വർഷവും വിഷു ദിവസം കുഞ്ഞുക്കണ്ണനെ കൺ കുളിർക്കെ കാണാൻ ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ഓടിയെത്തുന്നവരാണ് പ്രദേശവാസികളിൽ ഏറെയും. 

"കഴിഞ്ഞ തവണത്തെ വിഷു ലോക് ഡൗൺ കൊണ്ടുപോയെങ്കിലും ഇത്തവണ ഭക്തർക്കായി ദർശനം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും ദർശനമെന്നു മാത്രം. പുലർച്ചെ അഞ്ചു മുതൽ വിഷുക്കണി ദർശനം ഉണ്ടാകും. മേൽശാന്തി ക്ഷേത്രത്തിൽ വരുന്നവർക്കെല്ലാം കൈനീട്ടം നൽകും. സാധാരണ അന്നദാനം ഉണ്ടാകാറുണ്ട്. ഇത്തവണ കോവിഡ് പ്രശ്നം ഉള്ളതിനാൽ അന്നദാനം ഒഴിവാക്കി."- ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സെക്രട്ടറി അജിത് ആർ നായർ. 

ulanadu3334

കായൽ മാടനെ ഓടിച്ച കണ്ണൻ

വർഷങ്ങൾക്ക് മുൻപ് ഇരുണ്ടപ്രദേശം ആയിരുന്നു ഉളനാട്. ചതുപ്പും വെള്ളവും നിറഞ്ഞ പോളച്ചിറയും കരയിൽ തിങ്ങി വളർന്നുനിൽക്കുന്ന കൈതക്കാടുമെല്ലാം ചേർന്ന് പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം. ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയന്നിരുന്ന അക്കാലത്ത് പോളച്ചിറയിൽ കായൽ മാടൻ എന്നൊരു ഭീകര സത്വം വസിച്ചിരുന്നു. 

കായൽ മാടനെ പേടിച്ച് പകൽ പോലും പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യാൻ ജനങ്ങൾക്ക് ഭയമായിരുന്നു. എന്നാൽ അവിടെ ക്ഷേത്രം വന്നതോടെ പിന്നീടൊരിക്കലും കായൽ മാടനെ ആരും കണ്ടിട്ടില്ലെന്ന് പറയപ്പെടുന്നു. കാളിന്ദിയിൽ വസിച്ചിരുന്ന ഭീകര സർപ്പമായ കാളിയനെ കൊന്നതുപോലെ കായൽ മാടനെ ഓടിച്ചതും തങ്ങളുടെ ബാലഗോപാലനാണെന്ന് ഉളനാട്ടിലെ ഭക്തരുടെ വിശ്വാസം.

ulanadu66

ബാലനായെന്റെ ഉള്ളിൽ നിറഞ്ഞീടുക കണ്ണാ...

ബാലരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് കണ്ണന്റെ ഈ രൂപത്തിലുള്ള പ്രതിഷ്ഠയുള്ളത്. 13 വയസ്സിൽ താഴെയുള്ള കണ്ണൻ ഓടക്കുഴൽ വായിച്ചു നിൽക്കുന്നതായാണ് സങ്കൽപം. കണ്ണന് കൂട്ടായി പശു ഇല്ല എന്നതും ഇവിടുത്തെ വിഗ്രഹത്തിന്റെ മാത്രം പ്രത്യേകതയാണ്. 

ഭക്തിയോടെ എത്തുന്നവരെ വെറും കയ്യോടെ മടക്കി അയക്കാറില്ല ഉളനാടിന്റെ കണ്ണൻ. ഉദിഷ്ട കാര്യസിദ്ധിയ്ക്ക് പ്രസിദ്ധമാണ്. വർഷങ്ങളായി സർവകാര്യസിദ്ധിക്കായി നടത്തിവരുന്ന വഴിപാടാണ് മഹാസുദർശന ലക്ഷ്യപ്രാപ്‌തി പൂജ. എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരു മണിക്കൂർ നടക്കുന്ന പൂജയിൽ മുൻകൂട്ടി ബുക്ക് ചെയ്ത് ആർക്കും പങ്കുകൊള്ളാം. പൂജയിൽ പങ്കെടുത്ത് വിവാഹ തടസ്സം, ജോലി തടസ്സം ഇവ മാറിയവർ നിരവധിയാണ്. അതുപോലെ കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്കും സന്താന സൗഭാഗ്യത്തിനായി പൂജയിൽ പങ്കെടുക്കാം. 

ulanadu7

മക്കളില്ലാത്ത ദുഃഖത്തിൽ ഉരുകിയുരുകി ജീവിതം തള്ളി നീക്കുന്നവർക്ക് ആശ്വാസമാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. സന്താനലബ്‌ധിയ്ക്കായി നിരവധിപേർ ഇവിടെയെത്തുന്നു. കുഞ്ഞുണ്ടായ ശേഷം നടത്തുന്ന ഉണ്ണി ഊട്ട് പ്രധാന വിശേഷങ്ങളിൽ ഒന്നാണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നതാണ് ചടങ്ങ്. അന്യമത വിശ്വാസികൾ പോലും ഉദിഷ്ട കാര്യസിദ്ധിയ്ക്കായി  ഇവിടെയെത്തി വഴിപാട് നടത്താറുണ്ട്. 

ഉറി വഴിപാട് ആണ് ഇവിടെ പ്രധാനം. ആഗ്രഹിച്ച കാര്യം നടക്കുമ്പോൾ ഉളനാട്ടിലെ ഉണ്ണിക്കണ്ണന് നടത്തുന്ന സമർപ്പണമാണ് ഉറി വഴിപാട്. വെണ്ണ, അവൽ, കൽക്കണ്ടം, പഞ്ചസാര, കദളി പഴം, ലഡ്ഡു ഇങ്ങനെ ഭക്തന്റെ ഇഷ്ടം അനുസരിച്ചുള്ള വിഭവങ്ങൾ നിറച്ച ഉറിയാണ് ഭഗവാന് സമർപ്പിക്കുക. ശ്രീകോവിലിനു ചുറ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം വച്ച ശേഷം നമസ്ക്കാര മണ്ഡപത്തിൽ ഉറി വയ്ക്കുന്നു. അതിനുശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു. പിന്നീട്  ഉറി സമർപ്പിച്ചയാൾ അവിടെയെത്തുന്ന കൊച്ചുകുട്ടികൾക്ക് ഈ വിഭവം പ്രസാദമായി നൽകുന്നു.

ulanadu9

നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ കിട്ടാനായി നടത്തുന്ന പാൽപായസം വഴിപാടും പ്രധാനമാണ്. പാൽപായസം നേർന്ന് കളഞ്ഞുപോയ വസ്തുക്കൾ തിരികെ കിട്ടിയ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. പാൽപായസം വഴിപാടിനായാണ് അന്യമതവിശ്വാസികൾ ഏറെയും ഇവിടെയെത്തുന്നത്. വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി തേങ്ങ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കുമെന്നും വിശ്വാസമുണ്ട്.

ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും, ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും, പൊങ്കാല, ഭാഗവതിസേവ, വിദ്യാരംഭം, നാഗരാജാവ്- നാഗയക്ഷിയ്ക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും, ഗണപതി ഭഗവാന് ചിങ്ങത്തിലെ വിനായക ചതുർഥിയ്ക്ക് അപ്പം മൂടൽ എന്നിവയാണ് മറ്റു വഴിപാടുകൾ. 

ulanadu5

അതിശയം കാണിക്കും കണ്ണൻ 

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുളനട  ഗ്രാമപ്പഞ്ചായത്തിലാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് ദേശവാസികളായ ആചാര്യന്മാരും സാമുദായിക നേതാക്കളും കൂടിയാലോചിച്ചാണ് ക്ഷേത്രം നിർമ്മിക്കുവാൻ തീരുമാനിക്കുന്നത്. തുടർന്ന് സപതിയെ വിളിച്ച് പോളച്ചിറ ജലാശയത്തിന്റെ കരയിൽ ഉചിതമായ സ്ഥാന നിർണ്ണയം നടത്തി ക്ഷേത്രം പണിയുകയായിരുന്നു. 

ഭഗവാൻ ബാല വിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിലെ പരമ്പരാഗത ശില്പികളാണ്. 1125 മീനമാസത്തിലെ രോഹിണി നാളിൽ താഴ്മണ്‍ കുടുംബത്തിലെ വലിയ തന്ത്രി ശങ്കരര് ആണ് പ്രതിഷ്ഠ നടത്തിയത്. രാവിലെ  പ്രതിഷ്ഠ സമയത്ത് തെളിഞ്ഞ കാലാവസ്ഥയിൽ പോലും ഇടിയും മഴയും ഉണ്ടായത് ഭക്തരെ അദ്‌ഭുതപ്പെടുത്തി. ഈ സമയം ശ്രീകോവിലിനു മുകളിൽ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതായും ഐതീഹ്യമുണ്ട്. 

ulanadu1

പ്രതിഷ്ഠനാന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റ വാടാതിരുന്ന സംഭവവും ഭക്തരിൽ ആശ്ചര്യം ഉണ്ടാക്കിയിരുന്നു. ക്ഷേത്ര ഭരണം നാട്ടുകാരായ ഹൈന്ദവ വിശ്വാസികളാണ് നോക്കി വരുന്നത്. താന്ത്രിക് കാര്യങ്ങൾ താഴ്മണ്‍ കുടുംബത്തിന്റെ അവകാശമാണ്. മഹേഷ് മോഹനര് ആണ് ക്ഷേത്രത്തിന്റെ നിലവിലെ തന്ത്രി. 

2020 ഓഗസ്റ്റ് മാസം എട്ടാം തിയതിയാണ് അദ്‌ഭുതം പോലൊരു സംഭവം ഉണ്ടായത്. ക്ഷേത്രത്തിലെ കെടാവിളക്കുമായി ബന്ധപ്പെട്ട് ഒന്നാണ്. ലോക് ഡൗൺ ആയതുകൊണ്ട് എട്ടരയോടെ ക്ഷേത്രം അടയ്ക്കുമായിരുന്നു. അന്ന് കുറച്ചു വൈകി. ഞാനും പ്രസിഡന്റും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഒരു പൂച്ച കരയുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ക്ഷേത്രത്തിനു അകത്തേക്ക് കയറി നോക്കിയത്. നോക്കിയപ്പോൾ കെടാ വിളക്കിന്റെ മുകളിൽ ഒരു പൂച്ച ഇരിക്കുന്നു. കെടാവിളക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള തിരി പൂർണ്ണമായും അണഞ്ഞത് ശ്രദ്ധയിൽപെട്ടു. 

ulanadu6

തിരി കത്തിക്കാൻ തന്ത്രിയെ വിളിക്കേണ്ടി വരുമല്ലോ എന്ന് സംശയിച്ച് ഞങ്ങൾ അവിടെ നിന്നു. അൽപ സമയത്തിന് ശേഷം മകരവിളക്ക് പോലെ തിരി തനിയെ തെളിഞ്ഞു കത്തി വരുന്നതാണ് കണ്ടത്. ഇങ്ങനെ തിരി കെടുകയും വീണ്ടും കത്തുകയും ചെയ്തു കൊണ്ടിരുന്നു. മണിക്കൂറോളം ഞാനും പ്രസിഡന്റും അത് നോക്കി നിന്നു. സംഭവത്തിന്റെ വിഡിയോ എടുത്തത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏകദേശം പത്തു ലക്ഷത്തോളം പേരാണ് ആ വിഡിയോ കണ്ടത്. പിന്നീട് ഇതിനു കുറേ സയന്റിഫിക് വേർഷൻ പലരും നൽകി. ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്  അവർ പറഞ്ഞത്. പക്ഷേ, ഞങ്ങൾ വിശ്വാസികൾക്ക് ഇപ്പോഴും അത് ഭഗവാന്റെ ലീല തന്നെയാണ്.  

ക്ഷേത്ര വിശേഷങ്ങൾ അറിയാം: Secretary, Ajith R Nair | +91 9447363840, https://www.facebook.com/sreekrishnaswamytempleulanadu/?ref=page_internal

Tags:
  • Spotlight