Tuesday 23 November 2021 04:04 PM IST : By സ്വന്തം ലേഖകൻ

കൊണാർക്കും ബ്രാഹ്മണ ഗൃഹത്തിലെ മട്ടൻ വിഭവവും ; മൃണാളിന്റെ ഒഡിഷ അനുഭവങ്ങൾ

MRINU MAIN

ഇന്ത്യ കാണാനും രുചി പെരുമകൾ ആസ്വദിക്കാനും മൃണാൾ ദാസ് നടത്തുന്ന ഡിസ്കവറി ഓഫ് ഇന്ത്യ യാത്ര കൊൽക്കത്തയിൽ എത്തിയിരിക്കുന്നു. കൊച്ചിയിൽ നിന്നു പുറപ്പെട്ട് കോയമ്പത്തൂർ, ചെന്നൈ, ഹൈദരബാദ് നഗരങ്ങൾ കടന്ന് ഒഡിഷയിൽ ആണ് യാത്ര തുടക്കമിട്ടത്.ഒഡിഷയിലെ ആദ്യ സ്റ്റോപ് ഭുവനേശ്വർ ആയിരുന്നു. സമ്പന്നമായ ചരിത്ര, സംസ്കാര പാരമ്പര്യമുള്ള നഗരം. എന്നാൽ ഇപ്പോൾ അതിനെക്കാളൊക്കെ വളർന്ന ഒരു ആധുനിക നഗരം. ഇന്ത്യയിലെ മറ്റേതൊരു പ്രധാന പട്ടണത്തിലും കാണുന്നതൊക്കെ ഭുവനേശ്വറിലും ഉണ്ട്. ഒഡിഷയിലെ മറ്റൊരു പ്രധാന പട്ടണമായ കട്ടക്കിലേക്ക് ഇവിടെ നിന്ന് 26 കിലോ മീറ്ററേയുള്ളു. പക്ഷേ ഈ നഗരങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്നും പഴമയെ ചേർത്തു പിടിച്ചു ജീവിക്കുന്ന നഗരമാണ് കട്ടക്ക്. എന്നാൽ ഞാൻ കണ്ട ആളുകൾ പലരും കട്ടക്കിൽ നിന്ന്, ഒഡിഷയുടെ പല ഭാഗത്തു നിന്ന്, നാഗരിക ജീവിതം ആഗ്രഹിച്ച് ഭുവനേശ്വറിലേക്ക് കുടുംബസമേതം ചേക്കേറിയവരോ അതിനായി ശ്രമിക്കുന്നവരോ ആണ്. ജീവിതം കൂടുതൽ സൗകര്യങ്ങളോടെ ആകണം എന്നതാണ് എല്ലാവരും ചിന്തിക്കുന്നത് . കർണാടകത്തിൽ നോക്കിയാൽ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ ബംഗളൂരുവിലേക്കു കുടുംബത്തോടെ താമസം മാറ്റാൻ ശ്രമിക്കുന്നതു കാണാം. പഴയത് നമുക്ക് വേണ്ട; അത് ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വഭാവമാണ്.

അഭിമാനമുയർത്തുന്ന കൊണാർക്ക്

MRINU 1

ഭുവനേശ്വറിൽ താമസിച്ച് പുരിയും കൊണാർക്കും കട്ടക്കും പോയി വരാം. യുനെസ്കോയുടെ ലോക പൈതൃകസ്ഥാനമായ കൊണാർക്ക് സൂര്യക്ഷേത്രം കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ്. അവിടെത്തിയ എന്നെ ആദ്യം സ്തബ്ധനാക്കിയത് ആരും മാസ്ക് ധരിക്കുന്നില്ല എന്നതാണ്. വളരെ ചുരുക്കം ആളുകളെ മാത്രമാണ് മാസ്ക് ധരിച്ചു കണ്ടത്. കൊണാർക്ക് സൂര്യ ക്ഷേത്രം എല്ലാക്കാലത്തും വിസ്മയക്കാഴ്ചയാണ്. വിശാലമായ വളപ്പിനുള്ളിൽ തനത് കലിംഗ നിർമാണ ശൈലിയിലുള്ള ക്ഷേത്രം ബ്ലാക്ക് പഗോഡ എന്നും അറിയപ്പെടുന്നു. 12-ാം നൂറ്റാണ്ടിന്റെ പകുതിയിൽ നിർമിച്ച ക്ഷേത്ര ശ്രീകോവിൽ കൂറ്റൻ രഥത്തിന്റെ രൂപത്തിലാണ്. 12 ചക്രങ്ങളും എണ്ണമറ്റ കൊത്തുപണികളും അതി മനോഹരമാണ്. ഒട്ടേറെ ആക്രമണങ്ങളും കടലിന്റെ സാമീപ്യവും കാറ്റും കാരണമുണ്ടായ ക്ഷതങ്ങളും അൽപം ജീർണതകൾ സൃഷ്ടിച്ചിട്ടുണ്ട്. .എന്നാൽ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.സന്ദർശകർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. കാഴ്ചകളും സഹായികളും എല്ലാം . ഗൈഡിന്റെ സേവനം, ഫോട്ടോ എടുക്കാൻ ക്യാമറാ മാൻ തുടങ്ങി വെയിലത്തു ചൂടാൻ കുട വേണമെങ്കിൽ കുട പിടിക്കാനുള്ള ആളെ സഹിതം വാടകയ്ക്കു ലഭിക്കും.

ഇന്ത്യയിൽ അപൂർവം ചില ഡെസ്റ്റിനേഷനുകളിലും സ്മാരകങ്ങളിലും മാത്രം കണ്ടിട്ടുള്ള സവിശേഷതയാണ് വൃത്തി . അക്കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് കൊണാർക്ക് വലിച്ചെറിഞ്ഞ ചപ്പുചവറുകളാ ചുമരെഴുത്തുകളോ. എവിടെയും കണ്ടില്ല. പതിറ്റാണ്ടുകൾക്കു മുൻപ് ഇത്തരം സ്ഥലങ്ങളിൽ വിൽപന നടത്തിയിരുന്ന ചീപ്പ്, തൊപ്പി, കണ്ണാടി, പമ്പരം തുടങ്ങി മോഡേൺ ജീൻസും ടീ ഷർട്ടും വരെ വിൽക്കുന്ന കടകൾ കണ്ടു. എല്ലാം ഒരു എക്സിബിഷൻ സ്റ്റാളിൽ എന്ന പോലെ ഭംഗിയായി ക്രമീകരിച്ചത്. ഏതൊരു വിദേശിയേയും ഇവിടെ കൂട്ടിക്കൊണ്ടു വന്ന് ഇത് ഞങ്ങളുടെ നാടിന്റെ പൈതൃകം എന്ന് ധൈര്യമായി കാണിച്ചു കൊടുക്കാം

ബീച്ചും തടാകവും

കൊണാർക്കിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ പുരിയിലെത്താം. ഒന്നാന്തരം റോഡ്. റോഡിന് ഒരു വശത്ത് ചുള മരക്കാട്, മറുവശത്ത് കടൽ. പതിവായി ചുഴലിക്കാറ്റു നാശം വിതയ്ക്കുന്ന പ്രദേശമാണെങ്കിലും കടലിന്റെ മക്കൾ തീരെ ഈടുറപ്പില്ലാത്ത കുടിലുകളിൽ കഴിയുന്നതാണ് കണ്ടത്.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബീച്ചുകളിൽ ഒന്നാണ് പുരി ഗോൾഡൻ ബീച്ച്. ഒരു സായാഹ്നത്തിൽ അവിടെത്തിയപ്പോൾ ആരും കൊറോണയെപ്പറ്റി കേട്ടിട്ടു പോലുമില്ല എന്നു തോന്നി. അതുപോലെ ജനക്കൂട്ടം. അതിൽ മാസ്ക് വച്ചവർ വളരെ കുറവ്. ധരിച്ചിരുന്ന മാസ്ക് പൊട്ടിയിട്ട് പുതിയതൊന്ന് മേടിക്കാൻ പല കടകളിൽ അന്വേഷിക്കേണ്ടി വന്നു എനിക്ക് ..... നെടുനീളത്തിലുള്ള ബീച്ചിൽ കടലിൽ നിന്ന് അപ്പോൾ കിട്ടിയ മീൻ വറുത്തു വിൽക്കുന്നതു മുതൽ ജനസമുദ്രത്തിനു വേണ്ടതെല്ലാം വിൽപന നടത്തുന്ന കടകൾ ധാരാളം.

MRINU 2

ബ്രാഹ്മണ ഗൃഹത്തിലെ പരമ്പരാഗത മട്ടൻ കറി

MRINU 3

കേരളത്തെ അപേക്ഷിച്ച് പണത്തിന് മൂല്യമുള്ള നാടാണ് ഒഡിഷ. നല്ല ഭക്ഷണം വയറു നിറയെ കഴിക്കാൻ കേരളത്തിൽ എത്ര പണം വേണോ അതിനെക്കാൾ 30 – 40 ശതമാനം കുറവ് മതി അവിടെ. അതേസമയം ഒഡിഷക്കാരുടെ വരുമാനത്തിലും ഈ കുറവുണ്ട്.

MRINU 4

ഒഡിഷയിലെ തനതു രുചിയിൽ മീൻ ഒഴിച്ചു കൂടാനാവാത്തതാണ്. കടലിന്റെ സാമീപ്യവും ഒട്ടേറെ നദികളും ഡാമുകളുമുള്ള നാട്ടിൽ അങ്ങനെയല്ലേ വരൂ...എങ്കിലും വേറിട്ടൊരു ഭക്ഷണനുഭവമുണ്ടായി അവിടെ .ഭുവനേശ്വറിൽ വച്ച് യാദൃച്ഛികമായി ഒരു മനുഷ്യനെ പരിചയപ്പെട്ടു. തദ്ദേശീയനായ ഒരു ബ്രാഹ്മണൻ. സംസാരത്തിനിടെ എന്റെ യാത്രകളെപ്പറ്റിയും ഭക്ഷണത്തോടുള്ള ഇഷ്ടത്തെപ്പറ്റിയും അറിയാനിടയായ അദ്ദേഹം വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ടൗണിൽ നിന്ന് അര മണിക്കൂറോളം യാത്ര ചെയ്തു വീട്ടിലെത്താൻ. വളരെ പഴക്കമുള്ള പരമ്പരാഗത ബ്രാഹ്മണ ഗൃഹം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകളും. ഭക്ഷണം വിളമ്പാൻ തുടങ്ങിയപ്പോൾ ആദ്യം വിളമ്പിയത് മട്ടൻ! ഞെട്ടിപ്പോയി ... മട്ടൻ ഒഡിഷ ബ്രാഹ്മണരുടെ വിശിഷ്ട ആഹാരങ്ങളിലൊന്നാണത്രേ ... കുടുംബത്തിൽ വിശേഷ അവസരങ്ങളിലോ വിശിഷ്ട അതിഥികൾ എത്തുമ്പോഴോ മാത്രമേ മട്ടൻ പാകം ചെയ്യാറുള്ളു. നമ്മളൊക്കെ പായസം വയ്ക്കുന്നതുപോലെ വിശേഷ അവസരങ്ങളിൽ വിളമ്പുന്ന ഒന്ന്. മട്ടൻ കഴിക്കുമെങ്കിലും ബീഫ് കഴിക്കുന്നവരാണ് നമ്മൾ എന്നു പറഞ്ഞാൽ അവർ തല്ലാൻ വരും.

MRINU 5

ഏതൊരു വിദേശിയേയും ഇവിടെ കൂട്ടിക്കൊണ്ടു വന്ന് ഇത് ഞങ്ങളുടെ നാടിന്റെ പൈതൃകം എന്ന് ധൈര്യമായി കാണിച്ചു കൊടുക്കാം

Tags:
  • Manorama Traveller