Monday 20 December 2021 12:22 PM IST : By റസൽ ഷാഹുൽ

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം; ഹൊഗനക്കൽ നമുക്കായി കരുതിവച്ചിരിക്കുന്നത്!

FISH

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം. ഉച്ചയ്ക്ക് മീൻ കഴിച്ചു കഴിച്ച് ചോറുണ്ണാൻ മറന്ന കഥ കേൾക്കാം. കർണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയാണ് ഹൊഗനക്കലിൽ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്.

കുട്ടവഞ്ചിയിൽ പാറയിടുക്കുകൾക്കിടയിലുടെ തുഴഞ്ഞു പോയി നമുക്ക് മീൻ പിടിക്കുന്നവരെ അടുത്തു കാണാം . ഇടനിലക്കാരില്ലാതെ നേരിട്ട് മീൻ വാങ്ങാം. ‘മീൻ നാങ്ക സമച്ച് കൊടുക്കറേൻ’ (പാചകം ചെയ്ത് തരാം) എന്നു പറഞ്ഞു പറഞ്ഞ് കൂടെ കൂടുന്ന സ്ത്രീകൾ ഒരുക്കുന്ന മീൻ മസാല ഫ്രൈ കഴിക്കാം.

ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകൾ, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തിൽ കു ളി... ഇതെല്ലാമാണ് ഇന്ത്യയുടെ ‘നയാഗ്ര’, ഹൊഗനക്കൽ നമുക്കായി കരുതിവച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കിയ സൗകര്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

FISH

ഒതുക്കമുള്ള മനോഹരമായ ഗ്രാമമാണിത്. പുകയെന്നും വലിയ കല്ലെന്നും അർഥമുള്ള ‘ഹൊഗ - കൽ’ എന്നിവ ചേർന്നാണ് ഹൊഗനെക്കൽ എന്നായത്. ബ്രഹ്മഗിരിയിലെ തലക്കാവേരിയിൽ നിന്ന് ഉദ്ഭവിച്ച് തെക്കൻ കർണാടകയെ ഫലസമൃദ്ധമാക്കി ഹൊഗനക്കലിലൂടെ തമിഴ്നാട്ടിലെ മേട്ടൂർ ഡാമിലേക്ക് ഒഴുകുന്ന കാവേരി. കർണാടകയുടെ ഇതിഹാസ തുല്യനായ ചലച്ചിത്ര താരം രാജ് കുമാറിന്റെ ജന്മദേശം തലപ്പാടി നദിയുടെ അപ്പുറത്തെ ചാമരാജ് ജില്ലയിലാണ്. വീരപ്പൻ അടക്കി വാണിരുന്ന സത്യമംഗലം കാടുകൾ ഉൾപ്പെട്ട പ്രദേശം. ഇതെല്ലാം ചരിത്രം. മീൻ രുചി തേടിയാണീ കുട്ട വഞ്ചിയിലെ സാഹസിക യാത്ര.

ധർമപുരിയിലേക്ക്

ബാംഗ്ലൂരില്‍ നിന്ന് ഹൊസൂർ വഴി റോഡുമാർഗം 180 കിലോമീറ്ററാണ് ഹൊഗനക്കലിലേക്ക്. ധർമപുരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ 50 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. സുഹൃത്തുക്കളായ സന്തോഷിനും ഉമാപതിക്കുമൊപ്പമാണ് യാത്ര. ഉമാപതിയാണ് സാരഥി. ഇരുവരും മത്സ്യപ്രിയർ, യാത്ര വേഗത്തിലായി. പുളിമരങ്ങൾ അതിരിട്ട തമിഴ്നാട്ടിലെ വഴിയോരവും തെങ്ങിൻ തോപ്പുകൾക്കും അപ്പുറത്തെ വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ വർണ ചിത്രവും പിന്നിലേക്ക് മായുന്നു.

ധർമപുരിയിൽ നിന്ന് വ ലത്തേയ്ക്ക് തിരിയണം. ധർമപുരി വിട്ടാൽ പിന്നെ വനമേഖലയാണ്. ചെറിയൊരു പട്ടണം . ഹോട്ടലുകൾക്ക് വലിയ പ്രസക്തിയില്ലാത്ത ഇടം. കാരണം പുഴയിലേക്കുള്ള വഴിയിലൊക്കെ മീൻ പൊരിച്ച് വിൽക്കുന്ന ലൈവ് കിച്ചണുകളല്ലേ കാത്തിരിക്കുന്നത്.

FISH

മീൻ കടകളുടെ നാട്

ഉത്സവപ്പറമ്പുകളിലെ വളക്കടകൾ പോലെ മുളക് പുരട്ടി മീൻ വച്ചിരിക്കുന്ന ചുവപ്പൻ കാഴ്ചകൾ വഴി നീളെ. ഫിഷ് ഫ്രൈ റെഡി എന്ന് ഇംഗ്ലിഷിലും തമിഴിലും എഴുതിയ ബോർഡുകൾ. നൂറു രൂപയ്ക്ക് നാലു തിലോപ്പിയ പൊരിച്ചത്. വലിയ കട്‌ലയുടെയും രോഹുവിന്റെയും വളയൻ പീസുകൾ. നീളൻ ആരൽ, വരാൽ. വഴിയരികിൽ മീൻ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീൻ തുക്കിയും വാങ്ങാം. പരൽ മീനുകൾ കാൽകിലോയ്ക്ക് അൻപത് രൂപ.

മീനവർ, വണ്ണിയർ എന്നീ സമുദായക്കാരാണ് ഹൊഗനക്കലിലുള്ളത്. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മീനവര്‍. മീൻ പിടിച്ച് ജീവിതം നയിക്കുന്നൊരു ജനവിഭാഗം ആയതിനാലാവാം ഇവർക്കാ പേരു വന്നത്.

FISH

കുട്ട വഞ്ചി അഥവാ പെരശൽ

വട്ടത്തോണി, തമിഴിൽ പെരശൽ, നമുക്കിത് കുട്ട വഞ്ചി. അതിൽ ചെറിയൊരു ഉരുളൻ തടിക്കു മേലെയിരുന്നാണ് തുഴയുന്ന്. മാട്ടിൻ തോൽ കൊണ്ടായിരുന്നു നേരത്തെ കുട്ട വഞ്ചിയുടെ പുറം ചട്ട പൊതിഞ്ഞിരുന്നത്. ഇപ്പോഴത് ടാർ പൂശി പ്ലാസ്റ്റിക് പാളികൾ കൊണ്ട് പൊതിഞ്ഞാണ് വാട്ടർ പ്രൂഫാക്കിയിരിക്കുന്നത്. തുഴയുന്നതിനൊരു പ്രത്യേക ശൈലിയുണ്ട്. വെറുതെ തുഴഞ്ഞാൽ വട്ടം കറങ്ങി നിൽക്കുകയേയുള്ളൂ. സ്കൂൾ കുട്ടികൾ അസംബ്ലിക്ക് നിൽക്കുന്ന പോലെ കരയിലായി അടുക്കി വച്ചിരിക്കുന്ന കുട്ട വഞ്ചിയിലൊന്നെടുത്ത് നടന്നു വരുന്ന തുഴക്കാരൻ കുമാർ. ഹൊഗനക്കലിനടുത്തുള്ള ഉൗട്ടമല സ്വദേശി. കയറുന്നവരെ ഹാൻഡികാമിൽ പകർത്തുന്ന പൊലീസുകാർ. വൃത്തിയുള്ള കടവും പരിസരങ്ങളും.

ആഴക്കുറവുള്ള വെള്ളത്തിൽ വ ഞ്ചിയിൽ പാറകൾക്കും വേരുകൾക്കും ഇടയിലുടെ അൽപം നടക്കണം. പിന്നാലെ തോണിയും തോളിലേറ്റി കുമാറും നടന്നു. ഇനി പോകുന്ന വഴിയൊക്കെ മഴയത്ത് കാവേരി നിറഞ്ഞൊഴുകി ജലം മാത്രമാകുന്നിടങ്ങളാണ്. നിരപ്പായി ഒഴുകിയെത്തി താഴേക്കു പതിക്കുന്ന കാവേരിയാണ് ഇവിടെ കാഴ്ചയുടെ പൂരമൊരുക്കുന്നത്. പരന്നൊഴുകുന്ന കാവേരി താഴേക്കു പതിക്കുന്നിടമാണ് വെള്ളച്ചാട്ടമായി മാറുന്നത്. മലമുകളിൽ നിന്നല്ലാതെയുള്ള വെള്ളച്ചാട്ടം കാണാനാകുന്ന അപൂർവം ഡെസ്റ്റിനേഷൻ. ഓഗസ്റ്റ് Ð സെപ്റ്റംബർ സീസണിലാണ് വെള്ളച്ചാട്ടം നിറ‍ഞ്ഞൊഴുകുന്നത്. കുട്ടവഞ്ചിയില്‍ കയറുന്നവര്‍ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണം. ചൂടു കൂടിയെന്നു പറഞ്ഞ് ഇടയ്ക്ക് നമ്മൾ ഉൗരിയാലും തോണിക്കാർ ഉടനെ അതണിയാൻ പറയും. ചില തോണികളിൽ പൊലിസും നീരീക്ഷണത്തിനായി സഞ്ചരിക്കും.

ഒരു തോണിയിൽ മിനറൽ വാട്ടറും കോളയും ലെയ്സും ബിസ്കറ്റും ഒക്കെ വിൽക്കാനൊരു കച്ചവടക്കാരൻ. ഡിസ്പോസിബിൾ ഗ്ലാസ് വരെയുണ്ടീ വെള്ളത്തിലെ വഞ്ചിക്കടയിൽ. കച്ചവടക്കാരൻ യേശുദാസ്. മീൻ തീറ്റ മാത്രമാണ് യാത്രാ ലക്ഷ്യമെന്നതിനാൽ ദാസിനെ നിരാശനാക്കി. വെള്ളത്തിൽ വേറെ കടയില്ലെന്ന് പറഞ്ഞ് പിന്നാലെ തുഴഞ്ഞു.

FISH

മീൻ കഴിക്കും മുൻപ്

ഔഷധക്കുളി

തൂക്കു പാലത്തിലേക്ക് പോകുന്ന വഴിയിലെ മറ്റൊരു വശത്തായി എണ്ണയിട്ട് കുളിക്കുന്ന സ്ത്രീകളും പുരുഷന്മാരും. കഥകളിക്കാരുടെ കർക്കടകത്തിലെ ചവുട്ടിത്തിരുമ്മൽ പോലെ ആഞ്ഞ് വലിച്ച് കുടഞ്ഞ് അടിച്ച് നിർത്തിയും കിടത്തിയും ഉള്ള എണ്ണതേപ്പ്. സ്ത്രീകൾക്കായി കെട്ടിയൊതുക്കിയ കുളിക്കടവുണ്ട്, പുഴയൊഴുകുന്ന വഴിയിലെ പാറപ്പുറത്തെ കടവിൽ നല്ല തിരക്ക്. നീരൊഴുക്കുള്ള പാറപ്പുറങ്ങളിൽ കിടത്തി എണ്ണയിട്ട് മസാജ് ചെയ്യാൻ ഒരു കൂട്ടം തിരുമ്മുകാർ കയ്യിലൊരു എണ്ണപ്പാത്രവുമായി റെഡിയാണ്. എണ്ണയിട്ട മസാജിങും ഔഷധക്കുളിയും ഹൊഗനക്കലിന്റെ ആകർഷണങ്ങളിലൊന്നാണ്. പാറപ്പുറത്തുകിടത്തി ശരീരം മുഴുവന്‍ തൈലം പുരട്ടി ഉഴിഞ്ഞ ശേഷം വിശ്രമിക്കുക. പിന്നെയാണ് കുളി. തൂക്കുപാലത്തിൽ നിന്നാൽ വെള്ളം കുത്തിയൊലിച്ച് കിടങ്ങുകളായ വഴി കാണാം. പുരുഷന്മാർ കുളിക്കാൻ നിൽക്കുന്നിടത്തേക്കുള്ള വെളളച്ചാട്ടവും. നൂറ്റാണ്ടുകളായി ഒരു പുഴ ഒഴുകി തെളിഞ്ഞ വഴികൾ ഒരു പുരാതന ക്ഷേത്രം പോലെ.

തുഴയും തോറും കൗതുകം

mani-fish32

വഞ്ചിയിൽ മൂന്നു സഞ്ചാരികൾ. ഭാരം അഡ്ജസറ്റ് ചെയ്ത് തുല്യ അകലത്തിൽ മൂന്നിടത്തേക്കിരിക്കാൻ കുമാറിന്റെ നിർദേശം. തോണി പോകും തോറും കാഴ്ചയ്ക്ക് കൗതുകമേറി. കുത്തെനെയുള്ള പാറകളിലൊക്കെ നിന്നു കൊണ്ട് നീളൻ ചൂണ്ടയെറിയുകയാണ് നാട്ടുകാർ. പാറകളിൽ നിന്നു പാറകളിലേക്ക് കയറിപ്പോയി പുല്ലു തിന്നുന്ന ഹിമാലയത്തിലെ ആടുകളെ അനുസ്മരിപ്പിക്കും ഇവരുടെ ചുവടു മാറ്റം. ശ്വാസമടക്കിയേ ചുവടെ വെള്ളത്തിലെ വഞ്ചിയിലിരിക്കുന്നവർക്ക് ഇത് കണ്ടിരിക്കാനാവൂ. പാറപ്പുറത്തിരിക്കുന്ന ചൂണ്ടക്കാരന് അപാരമായ ക്ഷമയും ബാലൻസും വേണം. മണിക്കുറുകൾ വെയി ൽ കൊണ്ട് ഒരേ ഇരുപ്പ്. അതും കാൽപാാദം മാത്രം ഉറച്ചിരിക്കാൻ ഇടമുള്ളിടത്ത്.

വൈകിട്ട് പോയി വല വിരിച്ച് രാവിലെ വലിക്കുന്നവരാണ് വലിയ മീനുകളൊക്കെ പിടിക്കുന്നത്. മഴയുടെ തുടക്കത്തിൽ 20 കിലോയൊക്കെ തൂക്കമുള്ള മീനുകളൊക്കെ കിട്ടുമെന്ന് കുമാർ പറഞ്ഞു. വരണം അടുത്ത മഴക്കാലത്ത് . നിറഞ്ഞൊഴുകുന്ന ഇന്ത്യൻ നയാഗ്ര കാണാൻ.

വെള്ളച്ചാട്ടം പതിച്ച ഇടം കുഴിഞ്ഞ് വലിയൊരു ആട്ടു കല്ല് പിളർന്ന പോലെ. ശിലയുടെ മാർദവം തൊടുന്ന കാഴ്ചകൾ. നൂറ്റാണ്ടുകളായുള്ള വാട്ടർ പോളിഷ് കൊണ്ടു മാത്രം പരുവപ്പെട്ട രൂപം.

രോഹുവാണ് ശിവൻ ചൂണ്ടയിൽ പൊക്കിയെടുത്തത്. അകലെയൊരു മാറുഗുഡായിÐമീൻ വീശുന്ന സ്ഥലം. അവിടെ തിരക്കുള്ള സമയത്ത് മൂന്ന് കുറ്റിയിൽ ആൾപ്പൊക്കത്തിൽ ഉയർത്തി വച്ച വഞ്ചിയുടെ തണലിൽ മണൽപ്പരപ്പിൽ പാചകം ചെയ്ത് കൊടുക്കുന്ന ഒട്ടേറെ ചെറു അടുപ്പുകളുണ്ടാവും.

FISH

മലമുകളിലെ മീൻ കറി

തുഴഞ്ഞു തുഴഞ്ഞ് കുറച്ചു പോയിക്കഴിഞ്ഞപ്പോൾ കുട്ട വഞ്ചികളിലെ സഞ്ചാരികളെ നോക്കി മുതിർന്നൊരു സ്ത്രീ പുഞ്ചിരിക്കുന്നു. ഒരു മീൻ ഉയർത്തിക്കാണിക്കുന്നു. മീൻ വാങ്ങാനുള്ള ക്ഷണമാണ്. നാലെണ്ണം നൂറ് രൂപ. എന്താണ് മീനെന്നു ചോദിച്ചു. ‘കരിമീൻ’ എന്നു മറുപടി. പാറയിൽ നിന്നു തന്നെ തോണിക്കാന് പൊതി കൈമാറി. ലക്ഷണമൊത്ത നാല് തിലോപ്പിയ പൊരിച്ചത്. തോണി അടുപ്പിച്ചതിന് കുമാറിനും കിട്ടി ഒരു മീൻ , ‘ടിപ്പ്’. ഉൗട്ടുമല ഭാഗ്യലക്ഷിയുടെ കയ്യിൽ നിന്നും ആദ്യം ഒരു പൊതി മീൻ വാങ്ങിയാണ് യാത്ര തുടങ്ങിയത്. കടൽക്കൊള്ളക്കാർക്ക് ഒളിച്ചിരിക്കാൻ പറ്റിയതു പോലുള്ള മലയിടുക്കുകൾ.

പടവിറങ്ങി വെള്ളത്തിലേക്കെത്തിയതു കൊണ്ടാണ് ഇവരൊക്കെ മലമുകളിൽ എന്നു തോന്നിക്കുന്നത്. സമതല ഭൂമിയിൽ നിന്നല്ലേ നമ്മൾ താഴേക്കു വന്നത് . മുന്നോട്ട് പോയി, ബാനിമുത്തപ്പൻ കോവിലിലാണ് കർണാടക ഭാഗത്തേക്ക് കയറുന്നിടത്ത് സ്വാഗതം ചെയ്യുന്നത്. മീൻ പിടുത്തക്കാരുടെ കുല ദൈവമാണ് മുന്നിലൊരു മണിയുമായി പാറപ്പുറത്തുള്ളതെന്ന് കുമാർ പറഞ്ഞു. പടവുകൾ കയറി അവിടെയെത്തി, പോരിനു പോകുന്ന പോലത്തെ നീളമുള്ള നാടൻ പുവൻ കോഴികൾ മേയുന്നു.

fish4325

രുചി മാടി വിളിക്കുന്നു

മടക്കത്തിൽ വഞ്ചി അടുപ്പിച്ച് പാറകളിൽ ചവുട്ടി മുകളിലേക്ക് കയറി. എണ്ണയിൽ തിള ച്ചു പൊന്തിവരുന്ന മീൻ മനം നിറയ്ക്കുന്നൊരു കാഴ്ചയാണ്. ഭാഗ്യമ്മായുടെ ഒരു പൊതി മീനാണ് പറഞ്ഞതെങ്കിലും അടുത്ത അടുപ്പിലും മീൻ തിളയ്ക്കുന്നു. എന്റെ മീനും വാങ്ങാൻ ഗോവിന്ദമ്മ പറയുന്നു. പിന്നെയും വാങ്ങി രണ്ട് പൊതികൾ കുടി. എട്ട് മീനുകൾ. ഗോവിന്ദമ്മയുടെ മീനും വാങ്ങി. മീൻ മസാല, കോൺഫ്ലവർ പൊടി, മുളക് പൊടി, ഇഞ്ചി പേസ്റ്റും ഉപ്പുമാണ് ചേരുവ. അര മണിക്കൂറോളം പുരട്ടി വയ്ക്കും. പിന്നെ സൂര്യകാന്തി എണ്ണയിൽ പൊരിച്ചെടുക്കാലാണിവിടുത്തെ രീതി. ഇവരുടെ മക്കളും സ്വന്തക്കാരുമൊക്കെയാണ് മീൻ പിടിക്കുന്നത്. കിലോ 100 രൂപയ്ക്ക് മാർക്കറ്റിൽ കൊടുക്കും. ഒരു കിലോ മീൻ വാങ്ങിക്കൊടുത്താൽ 80 രൂപയ്ക്ക് ഫ്രൈ ആക്കിത്തരും.

സരോജ, ഭാഗ്യ, മാദമ്മ, കൃഷ്ണമ്മ ഇവർ നാലു പേരാണ് മീൻ ഫ്രൈയുമായി മലമുകളിൽ കാത്തു നിൽക്കുന്നത്. പുഴയിലെ വെള്ളം ഉയരുന്നതിനനുസരിച്ച് ഇവരുടെ സങ്കേതങ്ങളും അടുപ്പുകളും മാറിക്കൊണ്ടിരിക്കും. സ്ഥിരം അടുപ്പിവിടില്ല. പാറയോട് ചേർന്ന് ഒന്നോ രണ്ടോ കല്ല് ചേർത്താൽ അടുപ്പായി. മസാല അരയ്ക്കുവാൻ ആട്ട്കല്ലും പുഴയിലേക്കിറങ്ങുന്ന കടവിലുണ്ട്. കറിയാണെങ്കിൽ മുറിക്കാത്ത തക്കാളിയും ചെറിയുള്ളിയെന്ന സാമ്പാർ വെങ്കായവും എണ്ണയിൽ വഴറ്റും. മല്ലി, മീൻ മസാലപ്പൊടികൾ ചേർത്ത് ഇഞ്ചി, വെളുത്തുള്ളി , കടുക്, ഉഴുന്ന് പരിപ്പ്, വേപ്പില ഇതെല്ലാം മൂപ്പിച്ച് അരപ്പു ചേർത്താണ് കറിക്കൂട്ടൊരുക്കുന്നത്. ചാറിനായി അൽപം വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മീൻ കുളമ്പെന്ന മീൻ ചാറുകറി കഴിക്കാം . ചോറും മീൻകുളമ്പും മീൻ ഫ്രൈയുമാണിവിടത്തെ ഭക്ഷണം. ശങ്കരമ്മാ മീൻ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങിയ തക്കത്തിന് ഫ്രൈ ചെയ്ത് വച്ച കൂട്ടത്തിൽ നിന്ന് വലുത് രണ്ടെണ്ണമാണ് പാറപ്പുറത്ത് നിന്നു പാഞ്ഞെത്തിയ കുരങ്ങൻ തട്ടിയെടുത്തത്. സരോജാമ്മാ വടി വീശിയപ്പോഴാണ് കുരങ്ങൻ രംഗം ഒഴിഞ്ഞത്.

വൈകിട്ട് മടങ്ങാനൊരുങ്ങുമ്പോഴും മീനുകൾ ചുവന്ന നിറം പുരട്ടി സഞ്ചാരികളെ കാത്തിരിക്കുന്നു. ആരൽ നീണ്ടു നിവർന്നങ്ങിരിക്കുമ്പോൾ രുചിക്കാതെങ്ങിനെ മടങ്ങും. ‘സാപ്പിട്ടു പോങ്ക സാർ’ എന്ന അഭ്യർഥന. ഭാഗ്യമ്മായുടെ മീൻ കഴിച്ചെന്നു പറഞ്ഞപ്പോൾ എന്നാൽ ശങ്കരമ്മായുടെതുകൂടി വാങ്ങാൻ അഭ്യർഥന. മീനുകൾ വിരുന്നൊരുക്കുന്ന ഹൊഗനക്കൽ വീണ്ടും നമ്മളെ ഇവിടേക്കു വരുത്തും...