Tuesday 15 June 2021 12:52 PM IST : By Manoop Chandran

ഇത് വീരന്മാരുടെ പോര്: ജീവന്‍ പണയം വച്ച് വീരനാകാനുള്ള ‘ചോരക്കളി’

1 - Jelli 1

തമിഴ്നാട്ടിൽ മാട്ടുപൊങ്കലിന്റെ ഭാഗമായി നടത്തുന്ന ആഘോഷമാണ് ജെല്ലിക്കെട്ട്. കേരളത്തിൽ മകരക്കൊയ്ത്തു നടക്കുന്ന സമയത്താണ് തമിഴ് കർഷകരുടെ മാട്ടുപൊങ്കൽ. കരുത്തേറിയ കാളയെ പിടിച്ചൊതുക്കുന്നയാൾക്ക് സമ്മാനം കിട്ടും. കാളയെ കീഴടക്കി നാട്ടിലെ ‘വയസ്സു പൊണ്ണുങ്കളുടെ’ ആരാധനാ കഥാപാത്രമായി വിലസുന്നവർ നിരവധി. ഗ്രാമത്തിന്റെ വീരനായി അറിയപ്പെടാനുള്ള പോരാട്ടത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർ ഒട്ടേറെ. സ്പെയിനിലെ കാളപ്പോരിനെ വെല്ലുന്ന മത്സരം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ട്. നൂറ്റാണ്ടുകളായി ജെല്ലിക്കെട്ട് നടത്തുന്ന അലങ്കനല്ലൂർ ഗ്രാമമാണ് കാളയെ പിടിച്ചടക്കുന്ന മത്സരത്തിനു പ്രശസ്തം. ഇക്കുറി മാട്ടുപൊങ്കലിന് അലങ്കനല്ലൂർ മാതൃകയിൽ കോയമ്പത്തൂരിനു സമീപം ഒരു ഗ്രാമത്തിലും ജെല്ലിക്കെട്ട് സംഘടിപ്പിച്ചിരുന്നു.

ജെല്ലിക്കെട്ടിന്റെ ഫോട്ടോ മലയാളികൾക്കു പരിചയപ്പെടുത്തിയത് ഫോട്ടൊഗ്രഫർ വിൻസന്റാണ്. അദ്ദേഹത്തിന്റെ മരണശേഷം ക്യാമറയുമായി നിരവധി പേർ തമിഴ്നാട്ടിൽ പോയി ജെല്ലിക്കെട്ടിന്റെ പടമെടുത്തു. അവരുടെ പാത പിൻതുടർന്ന് ഗോകുൽദാസ്, മിഥുൽ, ശരത് എന്നിവർക്കൊപ്പം ഇക്കഴിഞ്ഞ മകരത്തിൽ ജെല്ലിക്കെട്ട് കാണാൻ കോയമ്പത്തൂരിൽ എത്തി.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചതിനു സമീപം കാർ നിർത്തി. കാളയുമായി എത്തിയ ട്രെക്കുകളും ജെല്ലിക്കെട്ട് കാണാൻ വന്നവരും അവിടെ തിങ്ങി നിറഞ്ഞിരുന്നു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ േസ്റ്റഡിയത്തിലാണു മത്സരം. മൈതാനത്തേക്ക് ആകെ ഒരു പ്രവേശന കവാടം മാത്രം. കഷ്ടിച്ച് രണ്ടാൾക്കു നടക്കാൻ വീതിയുള്ള വാതിലിലൂടെ അകത്തേക്കു കയറാൻ തിക്കിത്തിരക്കേണ്ടിവന്നു. ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്നതാണു ജെല്ലിക്കെട്ടിന്റെ തത്വം. ആളുകളെ തള്ളിമാറ്റാൻ കഴിവുള്ളവർ ആദ്യം മൈതാനത്തു പ്രവേശിച്ച് ഇരിപ്പിടം ഉറപ്പിച്ചു. എട്ടടി ഉയരത്തിൽ ഗാലറിയുണ്ട്. കവുങ്ങിന്റെ തടി രണ്ടായി മുറിച്ചു നിരത്തിയാണ് ഗാലറി കെട്ടിയിട്ടുള്ളത്. പൊലീസുകാരുടെ കാരുണ്യത്തിൽ അവിടെ കയറിപ്പറ്റി.

മൈതാനത്തിന്റെ കവാടത്തിനരികെ ജെല്ലിക്കെട്ടിന്റെ സംഘാടകർ ഇരിക്കുന്നു. ഉയർത്തിക്കെട്ടിയ ‘മേട’യിലിരുന്നാണ് മത്സരം നിയന്ത്രിക്കുന്നത്. ‘‘മുരട്ടു കാളൈകളെ പാറുങ്കെ’’ – ആവേശഭരിതനായ അനൗൺസർ മൈക്കിലൂടെ കൂവി വിളിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ഗ്രാമങ്ങളുടെ പേര് കോളാമ്പി മൈക്കിൽ മുഴങ്ങിയപ്പോൾ ആ നാടുകളിൽ നിന്നു മത്സരം കാണാനെത്തിയവർ ആർപ്പു വിളിച്ചു.

അലങ്കനല്ലൂർ ജെല്ലിക്കെട്ട്

ഞങ്ങളുടെ സമീപത്ത് ഇരുന്നത് അലങ്കനല്ലൂരിൽ നിന്നുള്ള ഒരു ‘കാരണവരാണ്’. മുപ്പതു വർഷമായി ജെല്ലിക്കെട്ടു കാണുന്നയാളാണ് കക്ഷി. അലങ്കനല്ലൂർ എന്നു കേട്ടപ്പോൾ ഞങ്ങൾക്കു സന്തോഷമായി. കോളാമ്പി മൈക്കിന്റെ ശബ്ദകോലാഹലം മൈൻഡ് ചെയ്യാതെ അദ്ദേഹം ജെല്ലിക്കെട്ടിനെ കുറിച്ച് സംസാരിച്ചു.

2 - Jelli 2

‘അടങ്കാത്ത മാടിനെ അടക്കും വീരന്മാരുടെ’ നാടാണ് അലങ്കനല്ലൂർ. ഓരോ ഗ്രാമത്തിന്റെയും രക്ഷകന്മാരായി ജെല്ലിക്കെട്ട് വീരന്മാർ വേണമെന്ന് അവിടത്തുകാർ വിശ്വസിക്കുന്നു. കാളകളുമായി പോരടിക്കാത്ത വീരന്മാരുടെ ഗ്രാമം ശാപം പേറുന്ന നാടായിട്ടാണത്രേ പണ്ട് അറിയപ്പെട്ടിരുന്നത്. ശിവഗംഗ, പുതുക്കോട്ട, സേലം, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളാണ് ജെല്ലിക്കെട്ടിനു പ്രശസ്തം. മധുരയിലാണ് നാട്ടുവീരന്മാരുണ്ടായിരുന്നത്. ഇതിൽ അലങ്കനല്ലൂർ ജെല്ലിക്കെട്ടിൽ ജയിക്കുന്നവർ ‘തമിഴ്നാട്ടിലെ ഒളിംപിക്സ് ജേതാക്കളായി’ അറിയപ്പെടുന്നു.

ജെല്ലിക്കെട്ടുകൾ മൂന്നു വിധം – മഞ്ചുവിരട്ട്, വടി മഞ്ചുവിരട്ട്, വടം മഞ്ചുവിരട്ട്. കാളയുടെ വിശേഷണമാണ് മഞ്ചു. വിരണ്ടോടുന്നതിന്റെ തമിഴ് വിവർത്തനം വിരട്ട്. കാഴ്ചക്കാർ ഏറെയുള്ളതും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നതും വടംവിരട്ടാണ്. മത്സരത്തിനുള്ള കാളയെ കയറൂരിയ ശേഷം മൈതാനത്തേക്ക് തുറന്നു വിടുന്നു. ‘വടിവാസൽ’ കടന്ന് മൈതാനത്തേക്ക് കാളയുടെ പുറകെ മത്സരാർഥികൾ ഓടും. കാളയുടെ മുതുകിലെ മുഴയിൽ പിടിച്ചു തൂങ്ങി 50 അടി താണ്ടുന്നയാളെ ‘ജെല്ലിക്കെട്ടു വീരനാ’യി പ്രഖ്യാപിക്കും. കുതിച്ചു പായുന്ന കാള കൺമുന്നിൽ കാണുന്നതെല്ലാം കുത്തി മറിക്കും. അലങ്കനല്ലൂരിൽ നിന്നു കൊണ്ടു വരുന്ന ചില കാളകളുടെ ഭാരം 700–800 കിലോയാണ്. ജീവഭയമില്ലാത്തവർക്കു മാത്രമേ അവയുടെ സമീപത്തു ചെല്ലാൻ സാധിക്കൂ. ഒരേ സമയം ഏഴു പേരാണ് മത്സരത്തിൽ പങ്കെടുക്കുക. ഒന്നിലധികം പേർ കാളയുടെ മുതുകിൽ തൂങ്ങാൻ പാടില്ല. പതിനെട്ടിനും നാൽപതിനും മധ്യേ പ്രായമുള്ളവർക്കും എൺപതു കിലോയിൽ താഴെ ശരീരഭാരം ഉള്ളവർക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.

കങ്കേയം കാള

വടിവാസലിൽ നിന്നു കാളയെ അഴിച്ചു വിട്ടപ്പോൾ മുതൽ ക്യാമറയുടെ ലെൻസിനു വിശ്രമം കൊടുത്തില്ല. തമിഴ്നാട്ടുകാരുടെ പേരാട്ടവീര്യം നേരിൽ കണ്ടറിഞ്ഞു. മൈതാനം ഇളക്കി മറിച്ച് കാള കുതിച്ചു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു പ്രവചിക്കാനാവാത്ത പോരാട്ടം. മുതുകിൽ പിടി ഉറപ്പിച്ചവരെ കാള കുടഞ്ഞെറിഞ്ഞു. ആ സമയത്തിനുള്ളിൽ അടുത്തയാൾ ശ്രമം തുടങ്ങി. നാലും അഞ്ചും തവണ വീണും എഴുന്നേറ്റും കാളയോടു മല്ലിടുന്ന വീരന്മാർ. അവരെ പ്രോത്സാഹിപ്പിച്ചും കരഘോഷം മുഴക്കിയും ഗാലറിയിൽ ആരവം. ഇതുപോലൊരു ഉത്സവം ദക്ഷിണേന്ത്യയിൽ വേറെയില്ല – ഉറപ്പ്.

പൂരം കണ്ടിറങ്ങിയവരെ പോലെ ജനം റോഡിലേക്ക് ഒഴുകി. ബൈക്കുകളും കാറുകളും നിയന്ത്രിക്കാൻ പൊലീസുകാർ കഷ്ടപ്പെട്ടു. ഇതിനിടെ ഗ്രാമങ്ങളിൽ നിന്നു വന്നവർ കാളകളുമായി മടക്ക യാത്രയ്ക്ക് ഒരുങ്ങുന്നതു കണ്ടു. ജെല്ലിക്കെട്ടിനു മികച്ചതു ‘കങ്കേയം’ കാളയാണ്. തമിഴ്നാട്ടിൽ തിരുപ്പൂരിനു സമീപം കങ്കേയം ഗ്രാമത്തിൽ വളരുന്നവയാണു കങ്കേയം കാള. ജെല്ലിക്കെട്ടിനു കാളയെ പ്രജനനം ചെയ്തു വളർത്തുന്ന കേറ്റിൽ റിസർച്ച് ഫൗണ്ടേഷനുകളുണ്ട്. പുളിയകുളം, തിരുച്ചെങ്കോട്, ഉമ്പളച്ചേരി തുടങ്ങിയ ഗ്രാമങ്ങളിലും ജെല്ലിക്കെട്ട് കാളകളെ വളർത്തി വിൽക്കുന്നവരുണ്ട്. ഓട്ടപ്പന്തയം, ചാട്ടം തുടങ്ങി പരിശീലനം നൽകിയാണ് കാളയെ വളർത്തുന്നത്. സമീകൃതാഹാരം നൽകി കാളയെ പരിപാലിക്കുന്നതിനു ലക്ഷങ്ങളാണു ചെലവ്. ലക്ഷണമൊത്ത കാളയ്ക്ക് പതിനഞ്ച് ലക്ഷം രൂപയാണു വില.

3 - Jelli 1

മൂവായിരത്തഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് അലങ്കനല്ലൂരിലുള്ളവർ അവകാശപ്പെടുന്ന ജെല്ലിക്കെട്ടിൽ 2013ൽ മാത്രം നൂറ്റിപ്പതിലേറെ പേർ മരിച്ചു. നാടിന്റെ ചരിത്രമായി മാറിയ ആഘോഷമായതിനാലാണ് ജെല്ലിക്കെട്ട് നിരോധിക്കാൻ കഴിയാതെ പോയത്. മൃഗസംരക്ഷണ സംഘടനകൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് നിയമപ്രകാരം ജെല്ലിക്കെട്ട് നിരോധിച്ചു. അതിനെ തുടർന്നു ജനകീയ പ്രക്ഷോഭങ്ങളിൽ ചെന്നൈ നഗരം സ്തംഭിച്ചു. പിന്നീട്, നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി.

കോയമ്പത്തൂരിനു സമീപത്തുള്ള കൃഷിസ്ഥലം വേദിയാക്കി നടത്തിയ ജെല്ലിക്കെട്ട് അനുഭവങ്ങളുടെയും അറിവിന്റെയും യാത്രയായി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് ജെല്ലിക്കെട്ട് സീസൺ. ജനുവരി പത്തു കഴിയുന്നതോടെ മാട്ടുപ്പൊങ്കൽ വിളയെടുപ്പ് ആരംഭിക്കും. ഈ സമയത്താണ് മധുരയിലെ അലങ്കനല്ലൂരിൽ ജെല്ലിക്കെട്ട് നടത്തുന്നത്. പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന മത്സരം അലങ്കനല്ലൂർ ഗ്രാമം ഉത്സവമായി ആഘോഷിക്കുന്നു. കോയമ്പത്തൂരിലെ ജെല്ലിക്കെട്ടിന്റെ ആരവം ഒരിക്കലും മറക്കില്ല. അപ്പോൾ പിന്നെ, സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന അലങ്കനല്ലൂർ ജെല്ലിക്കെട്ടിന്റെ കാര്യം പറയാനുണ്ടോ!