Thursday 17 June 2021 03:42 PM IST

വെട്ടു കേക്കിന് മട്ടൻകറി: രുചിയാണ് ചേട്ടാ ഈ ഹോട്ടലിലെ മെയിൻ...

Baiju Govind

Sub Editor Manorama Traveller

1 - ezhuthani -

നീട്ടലും കുറുക്കലുമില്ലാത്ത കയ്യക്ഷരം പോലെ മനോഹരമായി വട്ടം വീശിയ പൊറോട്ട. ഒറ്റ നോട്ടത്തിൽ മനംകവരുന്ന ദൃശ്യഭംഗിയുള്ള മട്ടൻ കറി. ഹോട്ടലിന്റെ പേര് ‘എഴുത്താണിക്കട’ എന്നായതു കൊണ്ടായിരിക്കാം വെട്ടു കേക്കിനു പോലും ഉപമയില്ലാത്ത രുചി. കൊല്ലത്തുകാരുടെ നാവിൽ ഹോട്ടൽ ഭക്ഷണത്തിന്റെ ആദ്യാക്ഷരം കുറിച്ച മീരാൻ സാഹിബിന്റെ കടയിൽ എഴുപതു വർഷത്തിനിപ്പുറവും തിരക്കിന് യാതൊരു കുറവുമില്ല.

കൊല്ലം പട്ടണത്തിനു സമീപം കേരളപുരം ജം‌ക‌്ഷനിൽ പേരും ബോർഡുമില്ലാതെ പ്രവർത്തിക്കുന്ന ഒരേയൊരു ഹോട്ടലാണ് എഴുത്താണിക്കട. പൊറോട്ടയും മട്ടൻകറിയും അതിനൊപ്പം പപ്പടവും വിളമ്പുന്ന ‘ഒറിജിനൽ എഴുത്താണിക്കട’ ഏതാണെന്ന് ആ നാട്ടിലുള്ളവർക്കെല്ലാം അറിയാം. നിരയിട്ട പലക വാതിലും ഓട്ടുപുരയും അതേപടി നിലനിർത്തി എഴുത്താണിക്കട 1948ന്റെ പഴമ പിൻതുടരുന്നു. പൊറോട്ട, ദോശ, അപ്പം, ഇടിയപ്പം, മട്ടൻ കറി, മുട്ടക്കറി, വെട്ടു കേക്ക് – ഇത്രയുമാണ് എഴുത്താണിക്കടയിലെ വിഭവങ്ങൾ. പ്രവർത്തന സമയം രാവിലെ എട്ടര മുതൽ രാത്രി ഒൻപതര വരെ.

ezhuthani - 3

‘‘ചോറില്ല, ബിരിയാണിയില്ല, ചിക്കൻ കറിയില്ല, ബാർബിക്യൂ ഇല്ല. ’’ മീരാൻ സാഹിബിന്റെ മകനും കടയുടെ ഉടമയുമായ അബ്ദുൾ റഹീം പറഞ്ഞു. ബാപ്പ തുടങ്ങിയ കടയുടെ രീതി അതേപടി പിൻതുടരുകയാണ് മക്കൾ. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ മദ്രാസ് റജിമെന്റിൽ പട്ടാളക്കാരനായിരുന്ന മീരാൻ സാഹിബിന്റെ ഇളയ മകനാണ് റഹീം. ജ്യേഷ്ഠൻ അബ്ദുൾ സലാമിനൊപ്പം റഹീമാണ് ഇപ്പോൾ കട നടത്തുന്നത്. ‘‘ഇന്ത്യ സ്വതന്ത്രമായ ശേഷം പട്ടാളത്തിൽ നിന്നു തിരിച്ചെത്തിയ ബാപ്പയുടെ ഉപജീവനമാർഗമായിരുന്നു ഹോട്ടൽ. ദോശ, പുട്ട്, കിഴങ്ങ് കറി, സാമ്പാർ എന്നിവയാണ് അക്കാലത്തെ വിഭവങ്ങൾ. ബാപ്പയുടെ മരണത്തിനു ശേഷം ഞാനും സഹോദരനും കട ഏറ്റെടുത്തു.’’ പൊറോട്ടയും മട്ടനും സ്പെഷലൈസ് ചെയ്ത റസ്റ്ററന്റായി എഴുത്താണിക്കട മാറിയതിന്റെ ചരിത്രം റഹീം പറഞ്ഞു. അതിനു ശേഷം ഹോട്ടലിന്റെ ഒന്നാം നിലയിലേക്ക് നടന്നു. ആട്ടിറച്ചി കറി വയ്ക്കാൻ പാകത്തിന് വെട്ടി നുറുക്കുന്നത് അവിടെയാണ്. ‘‘ഒരു കിലോ ആട്ടിറച്ചിക്ക് എഴുനൂറ്റൻപതു രൂപയാണ്. വില കൂടിയാലും ചെറിയ എല്ല് ഒഴിവാക്കാറാണ് പതിവ്. പണം മുടക്കുന്നയാൾക്ക് വയറു നിറയണം.’’ വേവിച്ച ആട്ടിറച്ചി റഹീം പൊക്കി കാണിച്ചു.

എഴുത്താണിക്കടയിലെ പൊറോട്ടയ്ക്ക് വലിയ പപ്പടത്തിന്റെ വലുപ്പമേയുള്ളൂ. വീശിയടിച്ച് സിംഗിൾ ബോൾ പരത്തിയാണ് പൊറോട്ട ചുടുന്നത്. മട്ടൻ കറിയുടെ ചാറൊഴിച്ച് ചൂട് പൊറോട്ട മുറിച്ചപ്പോൾ ‘റിയലി സോഫ്റ്റ്.’ നന്നായി വീശിയടിച്ച പൊറോട്ട സ്വാദിഷ്ടം. വേവു പാകമായ ആട്ടിറച്ചി അതിഗംഭീരം. ‘‘സവാള, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറു തീയിൽ വഴറ്റിയെടുത്ത് നന്നായി അമർന്ന ശേഷമാണ് ചെറിയ കഷണങ്ങളാക്കി മുറിച്ച ആട്ടിറച്ചി ഇടാറുള്ളത്. പിന്നീടാണ് മസാലക്കൂട്ട് ചേർക്കുക. ചാറ് കുറുകുന്നതു വരെ ഇളക്കി വേവ് പാകമാക്കും.’’ പണ്ടു തൊട്ടു പിൻതുടരുന്ന മട്ടൻ കറിയുടെ പാചകരീതി റഹീം വിശദീകരിച്ചു.

മധുരമുള്ള കേക്കിന് മട്ടൻ കറി വിളമ്പുന്ന ഒരേയൊരു ഭക്ഷണശാലയാണ് എഴുത്താണിക്കട. മൈദ, പഞ്ചസാര, താറാവ് മുട്ട, ഏലയ്ക്ക എന്നിവ ചേർത്ത് സൺ ഫ്ളവർ ഓയിലിൽ വറുത്തെടുക്കുന്ന കേക്ക് എഴുത്താണിക്കടയിലെ എക്സ്ക്ലൂസിവ് ഐറ്റമാണ്. പൊറോട്ടയും മട്ടൻ കറിയും കഴിക്കുന്നവർ കൂടെയൊരു കേക്ക് വാങ്ങി മട്ടൻ ചാറിൽ മുക്കി കഴിക്കുന്നു. നാലോ അഞ്ചോ കേക്ക് വാങ്ങി മട്ടൻ കറിയൊഴിച്ച് കഴിക്കുന്നവരുമുണ്ട്. ‌

മീരാൻ സാഹിബിന്റെ കാലത്ത് കടയിൽ വന്നിരുന്നയാളുകൾ പപ്പടം കൂട്ടിയാണ് പുട്ട് കഴിച്ചിരുന്നത്. പിൽക്കാലത്ത് എഴുത്താണിക്കടയിൽ പുട്ട് നിർത്തലാക്കിയപ്പോഴും പപ്പടം നിലനിർത്തി. ഒരുപക്ഷേ കേരളത്തിൽ പൊറോട്ടയ്ക്കൊപ്പം പപ്പടം വിളമ്പുന്ന ഒരേയൊരു കട ഇതായിരിക്കാം. പൊറോട്ടയുടെ ചൂടും പപ്പടത്തിന്റെ ഉപ്പും മട്ടൻ കറിയുടെ എരിവും ചേർന്നുള്ള കോമ്പിനേഷൻ കൊള്ളാം...

കൊല്ലം കണ്ണനല്ലൂർ എഴുത്താണിയിൽ വീട്ടിൽ ജനിച്ച മീരാൻ സാഹിബ് 1948ലാണ് കേരളപുരത്ത് എഴുത്താണിക്കട ആരംഭിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കൾ നടത്തുന്ന കടയിൽ ചായയയ്ക്ക് എട്ടു രൂപ, അപ്പം ആറു രൂപ, പൊറോട്ട ഏഴു രൂപ. മട്ടൻ കറി 140 രൂപ. ‘‘രാവിലെ ആറു മണിക്ക് ജോലി തുടങ്ങും. എട്ടരയാകുമ്പോഴേക്കും പ്രഭാത ഭക്ഷണം തയാറാകും. കിഴങ്ങ് കറി, കടലക്കറി, സാമ്പാർ എന്നിവയാണ് വെജിറ്റബിൾ ഐറ്റംസ്. രാത്രി ഒൻപതരയ്ക്ക് കടയടയ്ക്കും വരെ പൊറോട്ടയും മട്ടൻ കറിയും ഉണ്ടാകും.’’ എഴുപതാണ്ടുകളായി ഹോട്ടലിന്റെ പ്രവർത്തന രീതി ഇങ്ങനെ.

ezhuthani - 1

ഏഴാം വയസ്സിൽ മീരാൻ സാഹിബിന്റെ കടയിൽ സപ്ലെയറായി ജോലിക്കു കയറിയ ബദറുദ്ദീൻ എഴുപത്തി രണ്ടാം വയസിലും അവിടെ ജോലി ചെയ്യുന്നു. പതിനെട്ടു വർഷമായി ചായ അടിക്കുന്ന പ്രദീപാണ് മറ്റൊരു സീനിയർ. ഫോട്ടൊ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ‘ പബ്ലിസിറ്റി വേണ്ട’ എന്നാണു ബദറുദ്ദീൻ പറഞ്ഞത്. ‘അതിന്റെയൊന്നും ആവശ്യമില്ലെന്നു’ പറഞ്ഞ് സലാം പുഞ്ചിരിച്ചു. മേൽവിലാസം പതിച്ച ബോർഡില്ലാതെ, ഫോട്ടോകളില്ലാതെ എഴുത്താണിക്കട രുചിയുടെ ലോകത്ത് ഇനിയും നൂറ്റാണ്ടുകൾ നിലനിൽക്കും – ഉറപ്പ്...