Monday 21 February 2022 04:35 PM IST : By Ebbin Jose

പഫ് പൊറോട്ടയിൽ തുടങ്ങി കുയിൽ മീൻ രുചിയിൽ അവസാനിക്കുന്ന രുചിയാത്ര

travel-for-food-aluva-sholayar-ebbin-cover

രുചി തേടിയുള്ള യാത്രകളിൽ ബോണസാണ് പലപ്പോഴും കാഴ്ചകൾ. പ്രകൃതി കാഴ്ചയൊരുക്കുന്ന ചാലക്കുടി– വാൽപാറ– ആളയാർ റൂട്ടിൽ സഞ്ചരിച്ചത് നാടൻ രുചികൾ തേടിയാണ്. ആലുവയിലെ പഫ് പൊറോട്ടയിൽ തുടങ്ങി കുയിൽ മീൻ രുചിയിൽ അവസാനിക്കുന്ന രുചിയാത്ര..

കേരളത്തിന്റെ സ്വന്തം നയാഗ്ര, അതിരപ്പിള്ളി കണ്ട് മലക്കപ്പാറ– വാൽപ്പാറ കടന്ന് ആളിയാർ ഡാം വരെ ഒരു യാത്ര. ആദ്യമേ പറയട്ടെ, അതിരപ്പിള്ളി വെള്ളച്ചാട്ടമോ കാടോ തേയിലത്തോട്ടങ്ങളോ ‘മാടി വിളിച്ചതല്ല’ ഈ യാത്രയുടെ പ്രചോദനം. മറിച്ച് വാസുവേട്ടന്റെ കടയിലെ ആവിപ്പറക്കുന്ന വിഭവങ്ങൾ മുതൽ ആളിയാർ ഡാമിനടുത്ത് മസാല പുരട്ടി പൊരിക്കാൻ തൂക്കിയിട്ട മുഴുത്ത മീൻവരെയുള്ള രുചികളാണ്. പ്രകൃതി അതി സുന്ദരിയായി നിൽക്കുന്ന റൂട്ടിലെ അതിലും രുചികരമായ ഭക്ഷണങ്ങൾ തേടി ഒരു യാത്ര നടത്തിയില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ.

ഗ്രാൻഡ് ആയി തുടക്കം

travel-for-food-aluva-grand-hotel-puffs

കൊച്ചിയിൽ നിന്നു രാവിലെ ഏഴു മണിക്ക് യാത്ര തുടങ്ങി. ആലുവയിലെ വർഷങ്ങൾ പഴക്കമുള്ള ഗ്രാൻഡ് ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം. അപ്പം, ഇടിയപ്പം, പുട്ട് , പൂരി ഇത്യാദി പതിവു രുചികൾ തൽക്കാലം വേണ്ടെന്നു വച്ചു. പകരം പഫ് പൊറോട്ട കഴിച്ചു. പഫ് പൊറോട്ട എന്നത് പൊറോട്ടയുമാണ് പഫുമാണ്. ശ്രീലങ്കൻ രുചിയുടെ ഒരു ഭിന്നരൂപമാണ് ഈ പഫ് പൊറോട്ട. സാധാരണ പൊറോട്ട ഉണ്ടാക്കുന്നതു പോലെ തന്നെ മാവ് കുഴച്ചു പരത്തി ഉരുട്ടി പിന്നീട് വീശി മുറിച്ചു ചുരുട്ടി വീണ്ടും പരത്തി അതിൽ പഫിന്റെ മസാല നിറച്ച് പതിഞ്ഞു ചുട്ടെടുത്താൽ പൊറോട്ട പഫ് ആയി. പൊറോട്ടയുടെ മൊരുമൊരുപ്പും പഫിന്റെ രുചിയുമാണ് ഈ വിഭവത്തിന്റെ ആകർഷണം. കുനുകുനെ അരിഞ്ഞ മാംസവും സവോളയും മറ്റു ചേരുവകളും പഫ് പൊറോട്ടയുടെ രുചി കൂട്ടുന്നു. പ്രകൃതിയൊരുക്കുന്ന കാഴ്ചകളും വാസുവേട്ടന്റെ കടയിലെ രുചികളും തേടി യാത്ര തുടർന്നു...

ഇലയിലൂണും കോഴിക്കറിയും

travel-for-food-athirapilly-vasuchettan-hotel

വാസുവേട്ടന്റെ കട അതിരപ്പിള്ളി പോകുന്ന സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. അതിരപ്പിള്ളി റൂട്ടിൽ എലഞ്ഞിപ്രയിൽ 49 വർഷത്തോളമായി ഈ കട തുടങ്ങിയിട്ട്. ഇപ്പോൾ കട നടത്തിക്കൊണ്ടു പോവുന്നത് വാസുവേട്ടന്റെ മകൻ ശിവനും കുടുംബവുമാണ്. ഇവിടുത്തെ കോഴിക്കറി തേടി ദൂരെ നിന്നുപോലും ആളുകളെത്തിയ കാലത്തെ കുറിച്ച് ശിവൻ വാചാലനായി. വാസുവേട്ടന്റെ കടയിലെ കോഴിക്കറി മാത്രമല്ല, പന്നിയും, പോത്തും, മുട്ടയും, മീനും രുചിയുടെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചം. കോഴിക്കറി കൂടാതെ മാങ്ങയിട്ടുണ്ടാക്കുന്ന മീൻ കറിയ്ക്കും പോർക്ക് റോസ്റ്റിനുമാണ് ആവശ്യക്കാർ കൂടുതൽ. പതിനൊന്നു മണിയ്ക്കു തുടങ്ങുന്ന ഉച്ചയൂണ് മൂന്നുമണിയ്ക്കു മുൻപു തീരും. ഏതു സീസണിലും തിരക്കാണ് ഈ ചെറിയ ഹോട്ടലിൽ. ആവിപറക്കുന്ന ചോറിനൊപ്പം തൊട്ടുകൂട്ടാൻ നാടൻ വിഭവങ്ങളാണ്. സ്പെഷൽ വിഭവങ്ങൾ കഴിക്കുന്നവരുടെ താൽപര്യത്തിന് അനുസരിച്ച് ഓർഡർ ചെയ്യാം. വറ്റിച്ചെടുത്ത മീൻകറി ചോറിലൊഴിച്ച് കുഴച്ച് കഴിച്ചാൽ ആരും പറയും ആഹാ...! ഉണക്കചെമ്മീൻ ചമ്മന്തിയാണ് എടുത്തുപറയേണ്ട മറ്റൊരു െഎറ്റം. മസാലയിൽ വഴറ്റി തേങ്ങാക്കൊത്ത് ചേർത്തുണ്ടാക്കിയ സ്പെഷൽ കോഴിക്കറി. എല്ലാ വിഭവങ്ങൾക്കും ആവശ്യത്തിന് എരിവുണ്ട്. എരിവകറ്റാൻ ഗ്ലാസ് നിറയെ മോരുണ്ട്. എരിവും മസാലയും പാകത്തിനു ചേർന്ന നന്നായി വെന്ത പോർക്ക് മസാല, ചോറിനൊപ്പമോ അതല്ല അപ്പം, ചപ്പാത്തി, പുട്ട്, കപ്പ തുടങ്ങി എന്തിനും നല്ല കോംബോയാണ്. ഇലയിൽ വിളമ്പിയ വിഭവസമൃദ്ധമായ നാടൻ ഊണ് കഴിച്ച് പച്ചപ്പു നിറഞ്ഞ വഴിയിലൂടെ ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ചു അതിരപ്പിള്ളിയിലേക്ക് യാത്ര തുടരാം.

travel-for-food-athirapilly-vasuchettan-hotel-meals

അതിരപ്പിള്ളിയിൽ എത്തുന്നതിനു മുൻപ് തന്നെ വഴി വളവിലെ വ്യൂ പോയിന്റിൽ നിന്ന് ചാലക്കുടിപ്പുഴ ഉയരത്തിൽ നിന്ന് താഴേയ്ക്കു പതിക്കുന്ന മനോഹര കാഴ്ച ആസ്വദിക്കാം. വളവുകളിലെ ചായക്കടകൾ ചായയും ചൂടുള്ള പരിപ്പുവടയും കോംബോ തന്നെ. പച്ചമുളകിന്റെ എരിവും ഇഞ്ചിയുടെ രുചിയും നിറഞ്ഞ കറുമുറെ കഴിക്കാൻ പാകത്തിനുള്ള പരിപ്പുവട. കൂട്ടിനു കട്ടൻ ചായയാണ് ബെസ്റ്റ്. പരിപ്പുവട താൽപര്യമില്ലാത്തവർക്ക് പഴംപൊരിയും കട്ടനും കഴിക്കാം. പ്രവേശന ടിക്കറ്റ് എടുത്തു അകത്തു കടന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യത്തിലേക്ക്...

കുയിൽ കിളിയല്ല, മീനാണ്

travel-for-food-athirapilly-sholayar-kuyilfish

അതിരപ്പിള്ളിയിൽ നിന്ന് അധികം ദൂരെയല്ല വാഴച്ചാൽ. പരന്നൊഴുകുന്ന ചാലക്കുടിപ്പുഴയുടെ ഭംഗി വാഴച്ചാലിൽ നിന്നാൽ ആസ്വദിക്കാം. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള യാത്ര വനത്തിനുള്ളിലൂടെയാണ്. ഭാഗ്യം തുണച്ചാൽ കാട്ടാന, കാട്ടുപോത്ത്, മാൻ, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളെ കാണാം. ഈ യാത്ര ശരീരത്തിലും മനസ്സിലും തണുപ്പ് നിറയ്ക്കും. മലക്കപ്പാറയിൽ നിന്നു വാൽപ്പാറയിലേക്കുള്ള വഴിയിൽ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യമാണ് എടുത്തു പറയേണ്ടത്. ഷോളായാർ ഡാമാണ് ലക്ഷ്യസ്ഥാനം ഷോളയാർ ഡാമിനോടു ചേർന്ന് കുയിൽമീൻ വിഭവങ്ങൾ കിട്ടുന്ന ഇടങ്ങളുണ്ട്. ഷോളയാർ– മലക്കപ്പാറ ഭാഗത്തുള്ള ഊണ് കടകളിലും ഹോം സ്റ്റേകളിലും മുൻകൂട്ടി പറയുന്നതനുസരിച്ച് അവർ തയാറാക്കി വയ്ക്കും. മുള്ളുകൾ ധാരാളം ഉണ്ടെങ്കിലും മൃദുലമായ മാംസമുള്ള കുയിൽമീൻ വറുത്തതിനു മനം കവരുന്ന രുചിയാണ്. അതിരപ്പിള്ളി– മലക്കപ്പാറ– വാൽപ്പാറ റൂട്ടിലെ ആദ്യ യാത്രയിൽ കുയിൽമീൻ കഴിക്കാൻ കിട്ടിയില്ല. പിന്നീട് പാലക്കാട്– പൊള്ളാച്ചി വഴി വാൽപ്പാറ– മലക്കപ്പാറ യാത്രയിലാണ് കുയിൽമീൻ കഴിക്കുന്നത്.

travel-for-food-athirapilly-sholayar

ആളിയാർ ഡാം കഴിഞ്ഞ് 40 ഹെയർപിൻ വളവുള്ള ചുരം കയറിയാണ് പന്നിമേട് എന്ന സ്ഥലത്തെത്തുന്നത്. വാൽപ്പാറയ്ക്കും മലക്കപ്പാറയ്ക്കും ഇടയിലാണ് പന്നിമേട്. ഒരു ചെറിയ കോട്ടജിലായിരുന്നു താമസം. അവിടെ വച്ചാണ് കുയിൽ മീൻ രുചി ആസ്വദിക്കുന്നത്. മസാല പുരട്ടി ചൂടുള്ള എണ്ണയിൽ പൊരിച്ചെടുക്കുന്ന കുയിൽ മീൻ രുചി ഒരിക്കലെങ്കിലും ആസ്വദിക്കണം. തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന കുയിൽമീൻ കറിയും കേമം. ആളിയാർ ഡാമിലെ മീൻ രുചികൾ കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും വാൽപ്പാറയിലെ തിരക്കും പിന്നിട്ട് ചുരം ഇറങ്ങാനുള്ള ഭാഗത്തേയ്ക്ക് അടുക്കുമ്പോൾ ധാരാളം സിംഹവാലൻ കുരങ്ങുകളെ കാണാം. വനം വകുപ്പിന്റെ പ്രത്യേക പരിരക്ഷയിലാണ് ഈ കുരങ്ങുകൾ. യാത്രയ്ക്കിടെ ആളിയാർ ഡാമിന്റെ ക്യാച്മെന്റ് ഏരിയ. ഈ ക്യാച്മെന്റ് ഏരിയയുടെ ഭാഗത്തായി വരയാടിനെ കാണാം. മൂന്നാറിലെ മലകളിൽ സാധാരണയായി കാണുന്ന വരയാട് വാൽപ്പാറ ഭാഗത്തുമുണ്ട്. വളവുകൾ നിറഞ്ഞ വഴി പിന്നിട്ടാൽ ആളിയാർ ഡാമിനടുത്തെത്താം. ഇവിടുത്തെ ഏറ്റവും രസകരമായൊരു കാഴ്ചയാണ് മസാല പുരട്ടി തൂക്കിയിട്ടിരിക്കുന്ന മീൻ. ഉച്ച സമയത്താണ് ഇവിടെ എത്തുന്നതെങ്കിൽ വഴിയോരത്തെ കടകളിൽ തൂക്കിയിട്ടിരിക്കുന്ന മീൻ കാണാം. അവയിൽ നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്താൽ വറുത്ത്, ചോറിന്റെ കൂടെയോ ബിരിയാണിയുടെ കൂടെയോ വിളമ്പും. ഡാമിൽ നിന്നു പിടിക്കുന്ന മീനാണ്. വലുപ്പത്തിനും ഇനത്തിനും അനുസരിച്ച് തുകയിൽ‌ വ്യത്യാസം വരും. വലിയ വൃത്തി പ്രതീക്ഷിക്കാൻ കഴിയില്ല എന്നതാണ് ഒരു നെഗറ്റീവ് പോയന്റ്. എങ്കിലും ഈ രുചി ആസ്വദിക്കുവാൻ തിരക്കുക്കൂട്ടുന്ന യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ആളിയാറിലെ തൂക്കിയിട്ടു വിൽക്കുന്ന മീൻ രുചികൾ ആസ്വദിച്ച ശേഷം ഇനി യാത്ര എങ്ങോട്ടു പോകാമെന്ന് നമുക്ക് തീരുമാനിക്കാം. നേരെ കൊടൈക്കനാൽ, അല്ലെങ്കിൽ തിരുമൂർത്തി ഡാം – മറയൂർ വഴി മൂന്നാറിലേക്ക്. അതുമല്ലെങ്കിൽ പൊള്ളാച്ചി വഴി പാലക്കാടേയ്ക്ക്...