Tuesday 19 October 2021 04:52 PM IST : By K J Siju

ആറു, ലിഡർനദിയുടെ കൈവഴിക്കരികിലെ കശ്മീരി ഗ്രാമീണസൗന്ദര്യം

aru1

കശ്മീർ ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് പഹൽഗാം. ഇരുവശവും തോക്കേന്തിയ പട്ടാളക്കാർ കാവൽ നിൽക്കുന്ന ജമ്മു ഹൈവേ വഴിയാണ് പഹൽഗാമിലേക്ക് സഞ്ചരിക്കേണ്ടത്. വഴിയിൽ പലയിടത്തും മിഡിൽ ഈസ്റ്റ് സിനിമകളിലെ രംഗങ്ങൾ ഓർമ്മിപ്പിക്കുന്ന മുഖങ്ങളും ദൃശ്യങ്ങളും. മുഫ്തി മുഹമ്മദ് സെയിദിന്റെ ജന്മദേശമായ ബിജ്ബെഹരയിൽ വെച്ച്, വഴി ഹൈവേയിൽ നിന്ന് പിരിയും. ആപ്പിൾതോട്ടങ്ങൾക്കിടയിലൂടെയാണ് പിന്നെ യാത്ര. പെട്ടി നിറച്ചും ആപ്പിൾ വാങ്ങാം ഇവിടെനിന്ന്. വിളവെടുപ്പും തരംതിരിക്കലും പായ്ക്കിങ്ങുമൊക്കെ കുടുംബസമേതം നടത്തുന്ന ആപ്പിൾതോട്ടങ്ങളുണ്ട് വഴിയോരത്ത്. കീടനാശിനി ഒഴിവാക്കാനാവില്ലെങ്കിലും മെഴുക് ലാമിനേഷൻ ഒഴിവായിക്കിട്ടും.

aru2

പഹൽഗാം നിരവധി താഴ്‌വരകളുടെ സ്ഥലമാണ്. ഷൂട്ട് ചെയ്ത സിനിമകളുടെ പേരിലാണ് താഴ്‌വരകളും സ്ഥലങ്ങളും അറിയപ്പെടുന്നതു തന്നെ. ഇപ്പൊൾ പല സ്ഥലങ്ങളും ബജ്‌രംഗി ഭായിജാന്റെ പേരിലാണ് വിളിക്കപ്പെടുന്നത്. കാശ്മീർ വാലി, ബേതാബ് വാലി, ആറു വാലി, മിനി സ്വിറ്റ്സർലാൻഡ് എന്ന് വിളിപ്പേരുള്ള ബൈസരൺ വാലി, അമർനാഥ് ഗുഹയിലേക്കുള്ള കാൽനടയാത്ര തുടങ്ങുന്ന ചന്ദൻവാരി തുടങ്ങിയ പല താഴ്‌വരകൾ ലിഡർ നദിക്ക് സമാന്തരമായി സന്ദർശകരെ കാത്തിരിക്കുന്നു. അമർനാഥ് തീർത്ഥാടകർ യാത്ര തുടങ്ങുന്ന സ്ഥലം കൂടിയാണ് പഹൽഗാം. പോണിക്കാർ നിയന്ത്രിക്കുന്ന സ്ഥലം. ലോക്കൽ ടാക്സികൾ മാത്രമേ അനുവദനീയമായുള്ളൂ. സ്വകാര്യ വാഹനങ്ങൾ ആവാം.

aru6

ആറുവിന്റെ ഓരം ചേർന്ന്

പതിവ് ടൂറിസം വഴിയൊന്ന് മാറ്റിപ്പിടിക്കാനാണ് പഹൽഗാമിൽ നിന്നും ആറു വാലിയിലേക്ക് പോയത്.പന്ത്രണ്ട് കിലോമീറ്റർ അകലെ. 600 രൂപയാണ് മിനിമം ടാക്സിക്കൂലി. അഞ്ഞൂറ് ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഒവേര-ആറു ബയോസ്ഫിയർ റിസർവ് സാങ്ചുറിയുടെ ഭാഗമാണിവിടം. വംശനാശം വരുന്ന നിരവധി മൃഗങ്ങളുടേയും പക്ഷികളുടേയും ആവാസ കേന്ദ്രം കൂടിയാണ് ഈ സാങ്ചുറി. ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന ആറു നദിയെന്ന, ലിഡറിന്റെ കൈവഴിക്കൊപ്പമാണ് റോഡ്.

aru5

ആറു എന്നാൽ ഗ്രാമം എന്നാണർത്ഥം. ‘ആടു’ എന്ന് പ്രാദേശിക ഉച്ചാരണം. ടൂറിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മാറി നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം. ലോൺലി പ്ലാനെറ്റ് ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാലാകും സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ആണ് ഇവിടെയെത്തുന്നത്‌. പ്രഭാതമായതുകൊണ്ട് വഴിയിൽ ഉടനീളം ആട്ടിൻകൂട്ടങ്ങളെ മേയിച്ചു കൊണ്ട് വരുന്ന ബക്കറവാലകൾ എന്ന് വിളിക്കപ്പെടുന്ന നാടോടി ഗ്രാമീണരെ കാണാം.

ആറുവിലെ ഗ്രാമജനത തങ്ങളുടെ വിടർന്ന ചിരിയുടെ സൗകുമാര്യത കൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഹുക്കയിൽ നിന്നൊരു പുക അവർക്കായി വെച്ച് നീട്ടുന്നു. നിർബന്ധപൂർവം കടന്ന് കയറുന്ന പോണിക്കാരും കുറവ്. അതായിരുന്നു ഒന്നാമത്തെ ആശ്വാസം. പുറകെ നടന്ന് ശല്യപ്പെടുത്തലില്ല. നടന്ന് കാണുവാൻ മാത്രമുള്ള ചെറിയ ഗ്രാമം നടന്നു തന്നെ കാണുവാൻ തീരുമാനിച്ചു. നിരവധി തടാകങ്ങളിലേക്കും പുൽമൈതാനങ്ങളിലേക്കും പർവ്വതശിഖരങ്ങിലേക്കുമുള്ള ബേസ് ക്യാമ്പ് ആണ് ആറു. കൊൽഹോയ് ഹിമാനിയും ടർസർ, മർസർ, കതർനാഗ്, ഹിർഭഗവാൻ തടാകങ്ങളും, അർമുൻ, ലിഡർവട്ട് താഴ്‌വരയും, കൂത്പത്രി, പോഷ്പത്രി , കസ്തൂർ വനം എന്നിവയും അവയിൽ ചിലത്. അവിടേക്കുള്ള ട്രെക്കിംഗ് വഴികളും സൗകര്യങ്ങളും ആറു ഒരുക്കുന്നു. രണ്ട് ദിവസം മുതൽ ഒരാഴ്ച വരെ നീളുന്ന പദ്ധതികൾ. ഓരോ സീസണിനും ചേരുംവിധം. കൊൽഹോയ് മലയ്ക്കപ്പുറം സോൻമാർഗാണ്.

തിരക്കുകളൊഴിഞ്ഞ് ശാന്തമായൊരു യാത്രയ്ക്ക് പറ്റിയൊരിടമാണ് ആറു. ജമ്മു കശ്മീർ ടൂറിസത്തിന്റെ ഗസ്റ്റ് ഹൗസ് അടക്കം, അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഏതാനും റിസോർട്ടുകളും ഇവിടെയുണ്ട്. സന്ദർശനം കുടുംബസമേതവും ആവാം. മഞ്ഞുകാലത്ത് ആറു മഞ്ഞിനടിയിൽ ആവും.

aru3

ആറുവിലെ കാൽനട പര്യടനത്തിൽ, ഉയർന്നൊരു കുന്നിൽ നിന്നുള്ള ഗ്രാമത്തിന്റെ കാഴ്ചയ്ക്കു ശേഷം മടങ്ങിയ ഞങ്ങളെ സ്വീകരിച്ചത് ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയാണ്. സുബൈദ. ചായ കുടിക്കാൻ ഞങ്ങളെ അവൾ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമെന്നോണം അവൾ ആറുവിന്റെ ഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി. ബാപ്പ കുതിരക്കാരൻ ആയിരുന്നു. ഇപ്പൊ ആറു വൈൽഡ് ലൈഫ് സാങ്ചുറിയിൽ ദിവസവേതനത്തിൽ പ്രവർത്തിക്കുന്നു. സഹോദരൻ ടൂറിസ്റ്റ് – ട്രക്കിംഗ് ഗൈഡ് ആയി പ്രവർത്തിക്കുന്നു. അനിയത്തി എട്ടാം ക്ലാസിൽ പഠിക്കുന്നു. സുബൈദ പത്തുവരെ പഠിച്ചു.

സുബൈദയുടെ ലോഡ്ജ്

അവരിപ്പൊൾ വീടിനോട് ചേർന്ന് ഒരു ലോഡ്ജ് റിസോർട്ട് പണിതു കൊണ്ടിരിക്കുകയാണ്. സുബൈദയാണ് നടത്തിപ്പ്കാരി. ഇംഗ്ലിഷ് സംസാരിക്കാനുള്ള പരിശീലനത്തിൽ ആണവൾ. ലോഡ്ജിന്റെ ഫോട്ടോകൾ എടുത്തു കൊടുക്കാമോ എന്ന് ചോദ്യം. പണി പൂർത്തിയാവാത്ത കെട്ടിടത്തിൽ ചില വിദേശ സഞ്ചാരികൾ പരിമിതമായ സൗകര്യത്തിൽ താമസിക്കുന്നുണ്ട്. തറയിൽ തണുപ്പ് കയറാത്ത കാർപ്പറ്റ് വിരിച്ച് കിടക്കാനുള്ള സൗകര്യമൊക്കെ ആക്കിയിട്ടുണ്ട്. പണി പൂർത്തിയാവുമ്പൊഴേക്കും റിസോർട്ടിന് ഒരു നല്ല പേരിനുള്ള അന്വേഷണത്തിലാണ്. കശ്മീരി കാവയും ബിസ്കറ്റും വിളമ്പി സുബൈദയും ഉമ്മയും നല്ല ആതിഥേയകളായി. കാവ കശ്മീരിലെ തനത് സുലൈമാനിയാണ്. ഏലവും കറുവാപ്പട്ടയും കുങ്കുമപ്പൂവുമൊക്കെയിട്ട ഗ്രീൻ ടീ.

aru7

സുബൈദക്ക് കല്യാണമായിട്ടില്ല. ഇരുപത്തഞ്ച് വയസൊക്കെ ആവാതെ അവിടെ പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാറില്ലത്രേ. കേരളത്തിലൊക്കെ പതിനെട്ടാവുന്നതു വരെ പോലും കാത്തിരിക്കാൻ ക്ഷമയില്ലെന്ന് പറഞ്ഞപ്പൊൾ കേരളം എല്ലാരും പഠിക്കുന്ന സ്ഥലമല്ലേയെന്ന് മറുചോദ്യം. അനിയത്തിയെ എന്തായാലും കോളേജിൽ ചേർക്കണമെന്ന് അവർക്ക് ഉറപ്പുണ്ട്. ആറുവിലേക്ക് വന്ന ടാക്സി ഡ്രൈവറുടെ സഹോദരന്റ കുട്ടി ബെംഗളൂരുവിൽ മെഡിസിന് പഠിക്കുകയാണെന്ന് പറഞ്ഞതോർത്തു. വാഹന സൗകര്യം കുറഞ്ഞ വഴിയിൽ സ്കൂൾ കുട്ടികൾ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ലിഫ്റ്റ് ചോദിച്ച് കൈകാണിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പൊ സഹോദരൻ യാസീർ വന്നു. അവന് ഇംഗ്ലിഷറിയാം. ആറുവിലെ യാത്രാപഥങ്ങളെക്കുറിച്ചും. അടുത്ത വരവിന് സഹായങ്ങൾ ഒരുക്കാമെന്ന് യാസിർ ഏറ്റു. അപ്പോഴേക്കും അവരുടെ ലോഡ്ജ് പേരിട്ട് ഒരുങ്ങിക്കാണും. വറുതിക്കാലത്തേക്ക് സലാഡ് വെള്ളരി അരിഞ്ഞത് വെയിലത്തിട്ട് ഉണക്കിയെടുക്കുന്നുണ്ടവർ. മഞ്ഞ് കാലത്ത് തണുപ്പിനെ പ്രതിരോധിക്കുന്ന ഹിരൺ എന്ന രണ്ട് അടരുകളുള്ള കശ്മീരി ഗൗൺ ധരിച്ച്, വീടിനുള്ളിൽ മൺചട്ടികളിൽ കൽക്കരി കനലുകളിട്ട് തീ കാഞ്ഞ്, ടെലിവിഷനു മുമ്പിൽ കുത്തിയിരുന്ന് അവരൊക്കെ മാസങ്ങൾ കഴിച്ച് കൂട്ടും. അതിനിടയിൽ എപ്പോഴെങ്കിലും മഞ്ഞു തേടിയെത്തുന്ന സന്ദർശകർ വന്നാലായി. ഓടിച്ചാടി പ്രസരിപ്പോടെ ജീവിക്കുന്ന സുബൈദയും കുടുംബവും തങ്ങളുടെ കുതിരകൾക്കൊപ്പം മഞ്ഞുകാലം നോൽക്കും അടുത്ത ടൂറിസം സീസണു വേണ്ടി.

Tags:
  • Manorama Traveller