Tuesday 15 June 2021 12:54 PM IST

ഭൂമി മുഴുവൻ ചുറ്റിക്കണ്ട് കഴിഞ്ഞിട്ട് വേണം ചന്ദ്രനിൽ ഒന്ന് പോകാൻ...! ടിനി ടോം

Akhila Sreedhar

Sub Editor

tini 6

‘ഓർമയിലെ ഏറ്റവും മനോഹരമായൊരു യാത്രാനുഭവം തുടങ്ങുന്നത് അമ്മയുടെ കൈപിടിച്ച് ഫോർട്ട് കൊച്ചിയിലൂടെ നടന്നതാണ്.ലോകത്തിന്റെ ഏത് കോണിൽ പോയാലും എത്ര നല്ല കാഴ്ചകൾ കണ്ടാലും ഞാൻ പറയും എന്റെ പ്രിയപ്പെട്ട ടൂറിസം സ്പോട്ട് എന്റെ നാട് തന്നെയാണ്, ഫോർട്ട് കൊച്ചി. എസ്.കെ യുടെ യാത്രാവിവരണങ്ങളിലൂടെയാണ് ലോകം ചുറ്റികാണാനുള്ള മോഹം മൊട്ടിടുന്നത്. ഞാൻ നടത്തിയ യാത്രകൾ കലാകാരൻ ആയതുകൊണ്ടുമാത്രം കിട്ടിയ ബോണസ് ആണെന്നു പറയാം. റോം, സ്വിറ്റ്സർലാൻഡ്, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ, ഇന്തൊനീഷ്യ, ബ്രൂണൈ, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, സ്കോട്‌ലാൻഡ്, അയർലാൻഡ്, അമേരിക്ക, കാനഡ, ചൈന തുടങ്ങി 18 ലധികം രാജ്യങ്ങളിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഒരു പക്ഷേ, മലയാളി എവിടെയുണ്ടോ അവിടെയെല്ലാം പോയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ ഒഴികെ’...

മലയാളികളുടെ പ്രിയനടൻ ടിനി ടോം അസ്സലൊരു സഞ്ചാരി കൂടിയാണ്. സിനിമാ ഷൂട്ടിങ്ങിനിടെ, വിവിധ േസ്റ്റജ് പ്രോഗാമുകൾക്കിടെ കിട്ടുന്ന ഒഴിവുസമയം യാത്രകൾക്കായി മാറ്റിവയ്ക്കുന്ന യാത്രികൻ. നടത്തിയ യാത്രകളുടെ വേറിട്ട അനുഭവങ്ങളും കാഴ്ചകളും മനോരമ ട്രാവലറുമായി പങ്കുവയ്ക്കുകയാണ് ടിനി ടോം.

സിനിമ മാത്രമല്ലല്ലോ ലോകം...

ഓരോ സ്ഥലങ്ങളും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്ര ചെയ്യാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ആളാണ് ഞാൻ. പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുണ്ട്. അവരുടെ കൂട്ടായ്മകൾ േസ്റ്റജ് പ്രോഗ്രാമിന് വിളിക്കുമ്പോൾ എനിക്കിത്ര രൂപ വേണം എന്നാലെ വരൂ എന്നൊന്നും പറഞ്ഞ് ഒഴിവാക്കാറില്ല. ആ നാട് കാണാനുള്ള അവസരം വിനിയോഗിക്കും. അതു പോലെ തന്നെ സിനിമ ഷൂട്ടിങ്ങിന്റെ ഇടവേളകളും യാത്രയ്ക്കായി മാറ്റി വയ്ക്കും. ഇപ്പോൾ യാത്രകളധികവും കുടുംബത്തോടൊപ്പമാണ്. ഭാര്യ രൂപയും മകൻ ആദമും എന്റെ അതേ വേവ്‌ലെങ്ത്തിലുള്ള സഞ്ചാരികളാണ്. ഞാൻ കാണുന്ന കാഴ്ചകൾ അവരു കൂടി കണ്ടില്ലെങ്കിൽ എന്റെ കാഴ്ചകൾ അപൂർണമാകില്ലേ. യാത്ര പ്ലാൻ ചെയ്താൽ ഒപ്പമുള്ള ആർട്ടിസ്റ്റുകളെ ഗ്രൂപ്പായി കൂടെ കൂട്ടാറില്ല. കൃത്യനിഷ്ഠയുള്ള ട്രാവൽ പാട്നറെ കിട്ടിയാലേ യാത്ര അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പറ്റൂ.

tini 2

ഓസ്ട്രേലിയയ്ക്ക് അടുത്ത് വില്ലിങ്ടൺ എന്നൊരു സ്ഥലമുണ്ട്. ബീച്ചുകളാൽ ചുറ്റപ്പെട്ട, മലനിരകളുള്ള മനോഹരമായൊരിടം. കണ്ടതിൽ വച്ച് ഏറെ ഇഷ്ടം തോന്നിയ സ്ഥലം അതായിരുന്നു. പെയിന്റിങ് ചെയ്ത് വച്ചതു പോലെ തോന്നിക്കുന്ന പ്രകൃതി. താഴ്‌വാരങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഏറെ ആസ്വാദ്യകരം.

ലോകാദ്ഭുതങ്ങൾ എവിടെയുണ്ടെങ്കിലും പോയി കാണാൻ ശ്രമിക്കാറുണ്ട്. അതുപോലെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കാഴ്ചകളും ട്രെക്കിങ്ങുമാണ് യാത്രയിൽ കൂടുതൽ ആസ്വദിക്കുന്നത്. മോഹൻലാലിനൊപ്പം ഡ്രാമ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി യു.കെയിൽ പോയിരുന്നു. ആ ചിത്രത്തിൽ എന്റെ കുടുംബമായി അഭിനയിച്ചത് എന്റെ ഭാര്യയും മകനും തന്നെയായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കുടുംബത്തോടൊപ്പം േസ്റ്റാൺഹെൻജ് കാണാൻ പോയി. ഒരു ചരിത്രാതീതകാല സ്മാരകമാണ് േസ്റ്റാൺഹെൻജ്. വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് ഈ സ്മാരകം നിലനിൽക്കുന്നത്. ഒരുപാടുദൂരം നടന്നാണ് അന്ന് അവിടെയെത്തിയത്. വൃത്താകൃതിയിൽ നാട്ടിയിരിക്കുന്ന കുറേ കല്ലുകളാണ് പ്രധാനകാഴ്ച. ബ്രിട്ടന്റെ സാംസ്കാരിക മുദ്രകളിലൊന്നാണ് ഈ േസ്റ്റാൺഹിജ്. ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

tini 3

സുൽത്താനെ പറ്റി ഒരക്ഷരം മിണ്ടരുത്!

തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിലുള്ള ഒരു രാജ്യമാണ് ബ്രൂണൈ(Brunei). ഞാനിതുവരെ കണ്ടതിൽ വച്ച് ഏറെ വ്യത്യസ്തവും കൗതുകകരവുമായ രാജ്യം ബ്രൂണൈ ആയിരുന്നു. കേരളത്തിൽ നിന്ന് എത്ര പേർ ഈ സ്ഥലത്ത് പോയിട്ടുണ്ടെന്ന് ചോദിച്ചാൽ വളരെ വിരളമായിരിക്കും. കാരണം ഇവിടേക്ക് വീസ കിട്ടുക എന്നത് അ്രത വലിയ കടമ്പയാണ്. വളരെ അവിചാരിതമായാണ് ഈ നാടുകാണാനുള്ള ഭാഗ്യം ലഭിക്കുന്നത്. സ്കൂൾക്കാലം തൊട്ടുള്ള എന്റെ സുഹൃത്ത് രജനീഷ് ബ്രൂണൈ സുൽത്താന്റെ മെഡിക്കൽ ടീം അംഗത്തിലൊരാളാണ്. അവൻ മുഖേനയാണ് എനിക്ക് വീസ കിട്ടുന്നത്. മതിൽക്കെട്ടുകളില്ലാത്ത ഒരു രാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഇടം. സുൽത്താനാണ് ഭരണം. നല്ല സാമ്പത്തികമുള്ള നാടെന്ന് ഒരൊറ്റ കാഴ്ചയിൽ തന്നെ മനസ്സിലാകും. റോഡിലൂടെ വാഹനത്തിൽ പോകുമ്പോൾ സുൽത്താന്റെ കൊട്ടാരം കാണാം. മതിൽക്കെട്ടിനുള്ളിലല്ല എന്നത് എന്നെ ഏറെ അദ്ഭുതപ്പെടുത്തി. ഈ നാട് മുഴുവൻ തന്റെ സ്വത്താണ് എന്ന ആശയമാണ് സുൽത്താന്റേത്. എണ്ണ ഉൽപാദനമാണ് നാടിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ഇത് പിടിച്ചെടുത്താലോ എന്ന ഭയമാകാം മറ്റു രാജ്യക്കാരെ ബ്രൂണൈയിലേക്ക് അടുപ്പിക്കാതിരിക്കാൻ കാരണം. ടൂറിസവും പ്രോത്സാഹിപ്പിക്കുന്നില്ല. ജനങ്ങളുടെ പൂർണ നിയന്ത്രണം സുൽത്താന്റെ കൈകളിലാണ്. നാം സഞ്ചരിക്കുന്ന വാഹനത്തിൽ പോലും ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടത്രേ. ‘അദ്ദേഹത്തെ എതിർക്കുന്നവരെ 20 വർഷം വരെ തടവിന് ശിക്ഷിക്കുകയോ നാടു കടത്തുകയോ ചെയ്യും. സുൽത്താൻ സ്വന്തം സഹോദരനെ വരെ നാടുകടത്തിയ ചരിത്രമുണ്ട്. ശിക്ഷ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ സഹോദരനായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലാണ് അദ്ദേഹം നൽകിയത്. ഒരു ജോലി കൊടുക്കാൻ വേണ്ടി ജോലി കൊടുത്തതാകും. ’. സുഹൃത്ത് പറഞ്ഞു.

ബ്രൂണൈയില്‍ നിൽക്കുന്ന ഓരോ നിമിഷവും നമ്മൾ അദ്ഭുതപ്പെടുമെന്നത് ഉറപ്പാണ്. തലസ്ഥാനമായ ബന്ദർ സെരി ബെഗവനിൽ Kampong Ayer എന്ന് വിളിക്കുന്ന ഒരു വാട്ടർ വില്ലേജ് ഉണ്ട്. ഒരു ഗ്രാമം മുഴുവൻ വെള്ളത്തിന് മുകളിലായാണ് ഒരുക്കിയിരിക്കുന്നത്.

മരണം കണ്ട മലകയറ്റം

ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കൽ അയർലാൻഡിലേക്ക് ഒരു യാത്ര ഒത്തുകിട്ടി. കൂടെ കലാഭവൻ നവാസിന്റെ സഹോദരൻ നിയാസ്, ഷൊർണ്ണൂർ മണി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെല്ലാമുണ്ട്. ഞങ്ങളെല്ലാവരും കൂടി കിട്ടിയ സമയം നോക്കി നാടു കാണാൻ ഇറങ്ങി. കുറേ ദൂരത്തെ നടത്തം എത്തിയത് ഭീമാകാരമായൊരു മലയടിവാരത്തിലാണ്. ഭംഗി വാക്കുകളിലൊതുങ്ങില്ല. പച്ചപ്പ് പൊതിഞ്ഞുപിടിച്ച് നാണം മറച്ച പോലെ...അത്ര മനോഹരമായൊരു മല. ‘എന്തായാലും ഇത്ര ദൂരം വന്നതല്ലേ! നമുക്ക് ഈ മല കീഴടക്കിയാലോ? ഹിമാലയം കീഴടക്കി എന്നൊക്കെ പറയും പോലെ നാട്ടിൽ എത്തിയാൽ എല്ലാവരോടും പറയാം അയർലാൻഡിലെ ഏതോ ഒരു വലിയ മല കീഴടക്കിയവരാണ് ഞങ്ങളെന്ന്, എന്തു പറയുന്നു? ട്രെക്കിങ് ഭ്രാന്തനായ എന്റെ ചോദ്യത്തിന് എല്ലാവരും ശരി വച്ചു’. മലമുകളിലേക്ക് കയറാൻ പാകത്തിലൊരു വഴി കണ്ടപ്പോൾ കുഞ്ചാക്കോ ബോബനും കുറച്ചുപേരും ആ വഴിയേ കയറാനൊരുങ്ങി. അതു കണ്ട് ഞാൻ അവരെ തടഞ്ഞു, നമുക്ക് പുതിയൊരു വഴിവെട്ടി മുന്നേറാം. പുല്ലുകൾ വകഞ്ഞുമാറ്റി ഞങ്ങൾ കയറി തുടങ്ങി. ആദ്യമൊന്നും വലിയ കുഴപ്പം തോന്നിയില്ല. പോകപ്പോകെ ഓരോ ചവിട്ടിലും മണ്ണ് ഇളകി വീഴാൻ തുടങ്ങി. ഏതാണ്ട് മലയുടെ പകുതിഭാഗത്താണ് ഞങ്ങൾ നിൽക്കുന്നത്. മുകളിലേക്ക് കയറാനും വയ്യ, താഴേക്ക് ഇറങ്ങാനും വയ്യെന്ന അവസ്ഥയിലായി. ഇറങ്ങാൻ ശ്രമിച്ചാൽ‌ മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിക്കും. ധൈര്യം ചോർന്നു പോകുന്ന പോലെ. പോക്കറ്റിൽ കരുതിയിരുന്ന ബിയർ ധൈര്യം തിരിച്ചുപിടിക്കാനുള്ള മരുന്നായി. മരണത്തെ മുഖാമുഖം കണ്ടു. പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു ഹെലികോപ്ടർ മലമുകളിൽ വട്ടമിടാൻ തുടങ്ങി. എന്തും വരട്ടെ രക്ഷപ്പെട്ടേ പറ്റൂ എന്നുറപ്പിച്ച് ഞങ്ങൾ അവിടെ ഇരുന്ന് നിരങ്ങി നിരങ്ങി ഇറങ്ങാൻ തുടങ്ങി. കയറിയതിനേക്കാൾ ഇരട്ടി സമയമെടുത്ത് ഒരു വിധം താഴെയെത്തി. ആ ഹെലികോപ്ടർ ഞങ്ങൾ അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാൻ വന്നതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഇപ്പോഴും കാണുമ്പോഴൊക്കെ കുഞ്ചാക്കോ ബോബൻ ചോദിക്കും, എന്തായി, മലകയറാനൊക്കെ ഇപ്പോഴും പോകാറില്ലേ എന്ന്. നടത്തിയ യാത്രയിൽ ഏറ്റവും സാഹസികമായ അനുഭവമായിരുന്നു അയർലാൻഡിലെ പേരറിയാത്ത ഏതോ ഒരു മല കീഴടക്കാൻ ശ്രമിച്ചത്.

tini 4

കണ്ണുനനയിച്ച കാഴ്ച

ഞാൻ നടത്തിയ യാത്രകളിൽ പല തരം മനുഷ്യരെ കണ്ടിട്ടുണ്ട്. പല സംസ്കാരത്തിൽ വളർന്നവർ. നാട് കാണാനെത്തുന്ന സ‍ഞ്ചാരികളെ വീട്ടിലെ അതിഥിയെ പോലെ സന്തോഷത്തെ സ്വീകരിച്ചിരുത്തി സൽക്കരിക്കുന്ന ഒരു ജനത ശരിക്കും എന്റെ ഹൃദയം കവർന്നു, ലക്ഷദ്വീപ് നിവാസികൾ. കടലാൽ ചുറ്റപ്പെട്ട സ്നേഹത്തിന്റെ തുരുത്ത് എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. സഹയാത്രിക മഞ്ജുവാര്യരായിരുന്നു. അങ്ങോട്ട് വിമാനത്തിലും തിരിച്ച് കപ്പലിലുമായിരുന്നു യാത്ര. വിമാനത്താവളത്തിൽ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്ടറിലാണ് പോയത്. ആ ഹെലികോപ്റ്റർ യാത്ര ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു.

tini 5

കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു എസിൽ ന്യൂയോർക്കിനുമിടയിലായാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നമ്മൾ സ്കൂളിലൊക്കെ പഠിച്ചതല്ലേയുള്ളൂ. ആ കാഴ്ച നേരിൽ കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു. ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, ഈ ജന്മത്തിൽ ഇത്ര മനോഹരമായൊരു ദൃശ്യം കാണാൻ ഭാഗ്യം ലഭിച്ചതിന്.

സ്വിറ്റ്സർലാൻഡിലെ സെന്റ് മോറിറ്റ്സ് ആണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരിടം. വിന്റർ ഒളിംപിക്സ് നടക്കുന്ന, വർഷം മുഴുവൻ മഞ്ഞ് വീണുകിടക്കുന്ന ഇടം. ട്രെയിനിൽ കുന്നിൻ മുകളിലേക്ക് ഉദ്ദേശം ഏഴ് മണിക്കൂർ യാത്രയുണ്ടായിരുന്നു. അത്ര ഉയരത്തിലാണ് സെന്റ് മോറിറ്റ്സ് സ്ഥിതി ചെയ്യുന്നത്.

tini 1

ലോകം മുഴുവൻ ചുറ്റിക്കാണണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ലെന്ന് തോന്നുന്നു. ഞാനെന്തായാലും ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ പോയിട്ടില്ലാത്ത എല്ലാ നാടും കാണാനുള്ള യാത്ര. ഇത്രയുമൊക്കെ നടന്നില്ലെ. അതും നടക്കും. പിന്നെ ഡ്രീം ഡെസ്റ്റിനേഷനെ കുറിച്ച് ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ, ഭൂമി മുഴുവൻ ചുറ്റിക്കണ്ട് കഴിഞ്ഞിട്ട് വേണം ചന്ദ്രനിൽ ഒന്ന് പോകാൻ...!

Tags:
  • Manorama Traveller