Saturday 15 October 2022 04:01 PM IST : By Mitra Satheesh

അധികം ആർക്കും അറിയാത്ത നരബലിക്ക് കുപ്രസിദ്ധമായിരുന്ന ക്ഷേത്രം, തല വെട്ടി ദേവിക്ക് പൂജ ചെയ്ത ശേഷം തുരങ്കത്തില്‍ നിക്ഷേപിക്കും അത് നദിയില്‍ ചെന്നു വീഴും !

narabali04

മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ എന്നും കൊതിപ്പിച്ച നാടാണ് മേഘാലയ. പതിവ് മേഘാലയൻ കാഴ്ചകളിൽ നിന്ന് മാറി പുത്തൻ ദൃശ്യാനുഭവം തേടിയായിരുന്നു ഞങ്ങളുടെ യാത്ര. മലഞ്ചെരുവുകളിലെ മനോഹരമായ റോഡുകളിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ജോവയ് പട്ടണത്തിലെത്തി. കുന്നുകളുടെ അടിസ്ഥാനത്തില്‍ മേഘാലയയെ - ഖാസി, ഗാരോ, ജൈന്ത്യാ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ജോവയ് പട്ടണം ജൈന്ത്യാ കുന്നുകളുടെ ഭാഗമാണ്. ഖാസി ജനതയുടെ ഒരു ഉപഗോത്രമായ പ്നാര്‍-ന്റെ ആസ്ഥാനമാണ് ഇവിടെ.

ദേവിയുടെ ഇടതു തുട വീണ ഇടം

narabali 06

ക്രാങ്സുരി വെള്ളച്ചാട്ടം കാണാനാണ് ആദ്യം പോയത്. ക്രാങ്സുരി വെള്ളച്ചാട്ടം ഒരു സ്വകാര്യ വ്യക്തിയുടെതാണ്. പോകുന്ന വഴിനീളെ കോടമഞ്ഞായിരുന്നു. മുന്നിലുള്ളതൊന്നും കാണാൻ കഴിയാത്ത അവസ്ഥ. കുറേ നേരം വണ്ടി റോഡരുകില്‍ ഒതുക്കി നിര്‍ത്തി. കോടമഞ്ഞ് കുറച്ചൊന്ന് മാറിയപ്പോള്‍ മഴ ആരംഭിച്ചു. വളരെ മോശം റോഡുവഴിയാണ് യാത്ര. മുപ്പതു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂറെടുത്തു. കാര്‍ പാര്‍ക്ക് ചെയ്തിടത്തു നിന്നാല്‍ വെള്ളച്ചാട്ടം കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതു കാരണം കുത്തികലങ്ങിയാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. പത്തിരുന്നൂറു പടി ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയന്റില്‍ എത്താം. ഞങ്ങള്‍ ഇറങ്ങിത്തുടങ്ങിയതും പെരുമഴ. ആകെ ഒരു കുട മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. പടികളില്‍ നല്ല വഴുക്കും. മുന്നോട്ടുള്ള യാത്ര സാഹസികമാണെന്ന് തോന്നിയപ്പോൾ മടങ്ങി.

ജോവയ് പട്ടണത്തിലേക്കായിരുന്നു പോയത്. സ്ഥലങ്ങള്‍ പറഞ്ഞു തരാന്‍ സുഹ എന്ന ഒരു പെൺകുട്ടിയെ കൂടെ കിട്ടിയിരുന്നു. കോളജ് വിദ്യാര്‍ഥിനിയായ സുഹക്ക് പ്നാര്‍ ഗോത്ര വർഗക്കാരുടെ കുറച്ചു സ്ഥലങ്ങളെ പറ്റി അറിവുണ്ടായിരുന്നു. സുഹ ആദ്യം ഞങ്ങളെ കൊണ്ടുപോയത് നാർത്യാങ്ങിലെ ദുർഗാ ക്ഷേത്രത്തിലേക്കാണ്. ജൈന്ത്യാ കുന്നുകളുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് നോക്കിയപ്പോള്‍ കുന്നുകളുടെ പച്ചപ്പും, ചെറിയ വെള്ളച്ചാട്ടങ്ങളും, അരുവികളുമൊക്കെ കൺകുളിർക്കെ കാണാന്‍ സാധിച്ചു. താരതമ്യേന ചെറിയ ക്ഷേത്രമാണിത്. സുഹ, ക്ഷേത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തന്നു. 'ശക്തി പീഠങ്ങളെ പറ്റി അറിയുമോ? ശക്തിപീഠങ്ങള്‍ ഉദ്ഭവിച്ചത് ദക്ഷയജ്ഞത്തിലെ പുരാണങ്ങളില്‍ നിന്നാണ്. സതിദേവിയുടെ ദേഹത്യാഗത്തില്‍ മനംനൊന്ത് പരമശിവന്‍ ആ മൃതദേഹം വഹിച്ചു അലഞ്ഞുനടക്കുകയായിരുന്നു. തുടര്‍ന്ന് മഹാവിഷ്ണു സുദര്‍ശന ചക്രം ഉപയോഗിച്ച് സതിദേവേിയുടെ മൃതദേഹം 51 കഷ്ണങ്ങളാക്കി. ആ 51 ശരീരഭാഗങ്ങള്‍ പരമശിവന്‍ സഞ്ചരിച്ച പലയിടങ്ങളില്‍ ചെന്നു പതിച്ചു. അവിടെയെല്ലാം ദേവിയുടെ ശക്തി പീഠം സ്ഥാപിക്കപ്പെട്ടു എന്നുമാണ് ഐതിഹ്യം. ദേവിയുടെ ഇടതു തുട ഇവിടെയാണ് വീണതെന്ന് കരുതപ്പെടുന്നു’. സുഹ പറഞ്ഞു.ഗുവാഹാട്ടിയിലെ കാമാഖ്യ ക്ഷേത്രം ശക്തി പീഠമാണെന്ന് അറിയാമായിരുന്നു. പക്ഷേ, മേഘാലയയുടെ ഉള്‍ഗ്രാമത്തിലെ ശക്തിപീഠം പുതിയ അറിവാണ്. ഇവിടെ ദുർഗാ പ്രതിഷ്ഠയെ ജയന്തേശ്വരി എന്നാണ് വിളിക്കുന്നത്.

നരബലി നടത്തുന്ന നാർത്യാങ്

പതിനേഴാം നൂറ്റാണ്ടില്‍ ജൈന്ത്യായിലെ ജസോ മണിക് രാജാവിന്റെ കാലത്താണ് നാർത്യാങ് ക്ഷേത്രം സ്ഥാപിക്കുന്നത്. 1987-ല്‍ ചിറാപുഞ്ചിയിലെ രാമകൃഷ്ണ മിഷന്‍ ഈ ക്ഷേത്രം പുനർമിച്ചു.

'നിങ്ങള്‍ പേടിക്കില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയട്ടേ?' സുഹ വളരെ നാടകീയമായി ചോദിച്ചു. ഞാന്‍ പതിയെ തലയാട്ടി. 'ക്ഷേത്രത്തിന്റെ അടിയില്‍ മൈതാങ് നദിയിലേക്ക് തുറക്കുന്ന ഒരു തുരങ്കമുണ്ട്. ക്ഷേത്രത്തില്‍ പണ്ട് നരബലി നടത്തിയിരുന്നു. തല വെട്ടി ദേവിക്ക് പൂജ ചെയ്ത ശേഷം ഈ തുരങ്കത്തില്‍ നിക്ഷേപിക്കും. അത് ചെന്ന് നദിയില്‍ വീഴും.' സുഹ അത് പറഞ്ഞപ്പോള്‍, എന്തോ.. എനിക്ക് അകാരണമായി ഭയം തോന്നി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണ്ട് ശത്രുക്കളുടെ തല വെട്ടിയിരുന്നു എന്നുള്ള അറിവുണ്ടായിരുന്നു. പക്ഷേ ക്ഷേത്രത്തില്‍ നടത്തിയിരുന്ന നരബലിയെ പറ്റി അറിഞ്ഞിരുന്നില്ല. ആശ്വസിപ്പിക്കാനെന്നോണം സുഹ എന്നെ നോക്കിപ്പറഞ്ഞു, 'അതൊക്കെ പണ്ടത്തെ കാര്യമാണ്.' പത്തൊമ്പതാം നൂറ്റാണ്ടില്‍ മൂന്നു ബ്രിട്ടിഷുകാരെ നരബലി കൊടുത്തു. അതോടെ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം മൊത്തം കീഴടക്കുകയും നരബലി നിരോധിക്കുകയും ചെയ്തു.' നര ബലി ചെയ്യാന്‍ വേണ്ടി മഹാരാഷ്ട്രയില്‍ നിന്നുള്ള ക്ഷത്രീയ പുരോഹിതരെയാണ് ഇവിടെ നിയോഗിച്ചിരുന്നത്. ആ പരമ്പരയിലെ ഇള മുറക്കാരനാണ് ഇവിടത്തെ പൂജാരി. ഇപ്പോഴും ദുര്‍ഗാ പൂജ സമയത്ത് മുട്ടനാടിനെ മുണ്ട് ഉടുപ്പിച്ച്, മനുഷ്യന്റെ മുഖം മൂടി വച്ചതിനു ശേഷം ബലി കൊടുക്കാറുണ്ട് പോലും. കേട്ടപ്പോള്‍ വീണ്ടും ഭയം എന്നെ പിടികൂടി. സുഹയെ കൂട്ടി പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി.

narabali 05

നരബലിക്കായി നടത്തിയ ചതി

നര്‍ത്യാങിലെ ദുര്‍ഗാക്ഷേത്രത്തിനടുത്തുള്ള ഏകശിലകളുടെ സഞ്ചയം കാണിക്കാനും സുഹ ഞങ്ങളെ കൊണ്ടു പോയി. മേഘാലയയിലെ പല സ്ഥലങ്ങളിലും ഏക ശിലകള്‍ കാണാമെങ്കിലും ഏറ്റവും കൂടുതല്‍ കാണുന്നത് നര്‍ത്യാങിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ജൈന്ത്യാ രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു നര്‍ത്യാങ്. ഇവിടെ കണ്ടെത്തിയ ഏകശിലകള്‍ എഡി 1500-നും എഡി 1835-നും കാലയളവില്‍ ഈ രാജാക്കന്മാര്‍ സ്ഥാപിച്ചതാണ്.

ഈ രാജക്കന്മാരുടെ ഐതിഹാസിക യുദ്ധ വിജയങ്ങളുടെയും, ജൈന്ത്യാ രാജ്യത്തിലെ മറ്റ് മഹത്തായ സംഭവങ്ങളെയും ഓര്‍മപ്പെടുത്താനാണ് ഇവ സ്ഥാപിച്ചിരുന്നത്. കുത്തനെ നിര്‍ത്തിയിരുന്ന ശിലകളെ 'മെന്‍ഹിറുകള്‍' എന്നും പരന്നു സ്ഥാപിച്ചിരുന്നവയെ 'ഡോള്‍മെന്‍' എന്നുമാണ് വിളിക്കുന്നത്. കൂട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മെഹ്നിര്‍ 'മൂ ലോംഗ് സീം' (രാജാവ്) ആണ്. എട്ടുമീറ്റര്‍ ഉയരവും 18 ഇഞ്ച് കട്ടിയുമുള്ള ഈ ഏകശില ആശ്ചര്യപ്പെടുത്തും. ഇത്രയും വലിയൊരു കല്ല് എങ്ങനെയാകും ഇവിടെ അവര്‍ സ്ഥാപിച്ചിരിക്കുക. എന്റെ ചിന്തകള്‍ വായിച്ചെടുത്ത സുഹ പറഞ്ഞു, 'ജൈന്ത്യാ രാജാവിന്റെ വിശ്വസ്തനായ ഒരു ലെഫ്റ്റനന്റ് ആയിരുന്ന യു മാര്‍ ഫാലിങ്കിയാണ് ഇതിവിടെ സ്ഥാപിച്ചത്. അദ്ദേഹത്തിന് അമാനുഷികമായ ശക്തിയും മറ്റു കഴിവുകളും ഉള്ളതായാണ് പറയപ്പെടുന്നത്. പല തവണ അദ്ദേഹം ശ്രമിച്ചിട്ടും ഇത് സ്ഥാപിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഒരു നരബലിയിലൂടെ മാത്രമേ ശില ശരിയായി നിര്‍ത്താന്‍ കഴിയൂ എന്ന് അദ്ദേഹത്തിന് തോന്നുകയും അതിനായി ഒരു ചതി പ്രയോഗം നടത്തി എന്നുമാണ് കഥ.

നരബലി നടത്താൻ ഒരാൾ വേണ്ടേ? അതിനായി അവർ ആദ്യം ചെയ്തത് സ്വര്‍ണ്ണത്തില്‍ നിര്‍മിച്ച ഒരു പുകയില പാത്രം അബദ്ധവശാല്‍ ശില സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ വീണതായി ഒരു കള്ളക്കഥ ഉണ്ടാക്കി പ്രചരിപ്പിച്ചു. കഥ കേട്ടറിഞ്ഞ് വന്ന കാണികളില്‍ ഒരാള്‍ സ്വര്‍ണ്ണ പാത്രം ശേഖരിക്കാന്‍ കുഴിയില്‍ ഇറങ്ങിയ സമയത്ത് മാര്‍ ഫലാങ്കി കൂറ്റന്‍ മോണോലിത്ത് ഉയര്‍ത്തി കുഴിയിലിറങ്ങിയ മനുഷ്യന്റെ തലയില്‍ വച്ച് ശില സ്ഥാപിച്ചു. അങ്ങനെയാണത്രേ അവിടെ നരബലി ആരംഭിച്ചത്.

 

മേഘങ്ങളുടെ, മഴയുടെ നാട്ടിൽ വന്നിട്ട് യാത്രയ്ക്ക് കൂട്ടായി മഴ വരാതിരിക്കുന്നതെങ്ങനെ. മറ്റെങ്ങും കാണാത്ത നിരവധി കാഴ്ചകളുടെ, സംസ്കാരത്തിന്റെ ഭൂമിയാണ് മേഘാലയയുടെ ഉൾഗ്രാമങ്ങൾ. അത്തരം പുത്തൻ അനുഭവങ്ങൾ തേടി മേഘാലയൻ സഞ്ചാരം തുടർന്നു.