Monday 05 December 2022 12:58 PM IST : By സ്വന്തം ലേഖകൻ

ഇസ്താംബുളിൽ നിന്ന് ആരംഭിച്ച് ഡാർവിനിലേക്ക്; കാരവൻ സഞ്ചാരികൾ ആലപ്പുഴയിൽ

caravan-tour-istanbul-darwin-alapuzha-cover സഞ്ചാരികൾ ആലപ്പുഴയിൽ; Photo courtesy: Manorama

തുർക്കിയിലെ ഇസ്താംബുളിൽ നിന്ന് ആരംഭിച്ച് ഓസ്ട്രേലിയയിലെ ഡാർവിനിൽ അവസാനിക്കുന്ന യാത്രയുമായി യൂറോപ്യൻ സഞ്ചാരികൾ. ജർമനി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് ചുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 35 അംഗസംഘമാണ് റോഡ് മാർഗം തുർക്കിയിൽ നിന്ന് 17 കാരവാനുകളിലായി യാത്ര തിരിച്ചത്. ജോർജിയ, അർമീനിയ, ഇറാൻ, പാക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ലാവോസ്, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. 365 ദിവസം കൊണ്ട് 50,000 കിലോമീറ്റർ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെത്തിയ സംഘം ഇന്നലെ ആലപ്പഴ പുന്നമടയിലെത്തി.

പകൽ സമയത്ത് യാത്രയും നാട് കാണലുമാണ് പതിവ്. രാത്രി സുരക്ഷിതമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കും. ഓരോ രാജ്യത്തും ടൂർ ഓപ്പറേറ്റർമാരുമായി ചേർന്നാണ് യാത്ര നടത്തുന്നത്. തമ്പടിക്കുന്ന ഇടവും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നത് അതതു സ്ഥലത്തെ ടൂർ ഓപ്പറേറ്റർമാരാണ്.

രണ്ടു പേർക്കു വീതം താമസിക്കാവുന്നതാണ് ഓരോ കാരവനും. നാലുചക്ര വാഹനങ്ങളിലും ആറുചക്ര വാഹനങ്ങളിലും പ്രത്യേകം സജ്ജീകരിച്ചതാണ് കാരവൻ. ഒരു ഓഫ്റോഡ് വാഹനവും കാരവനാക്കി മാറ്റിയിട്ടുണ്ട്. കിടപ്പുമുറി, ശുചിമുറി, അടുക്കള, സോഫ, തീൻമേശ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ കാരവനും.