Friday 21 October 2022 01:30 PM IST

90 ഡിഗ്രി ചെരിവിൽ തൂങ്ങിക്കിടക്കുന്നൊരു ഗ്രാമം, ഇവിടെ ജീവിക്കുന്നതോ അറുപത് കുടുംബങ്ങൾ!

Akhila Sreedhar

Sub Editor

yan05

‘കിഴുക്കാം തൂക്കായി നിന്ന മലഞ്ചെരുവില്‍ തീപ്പെട്ടിക്കൂടുകള്‍ ചിതറിക്കിടക്കുന്ന പോലെ കുറച്ചു വീടുകള്‍. പച്ചപ്പിനിടയിലൂടെ ഇപ്പോൾ താഴേക്ക് പതിക്കും എന്ന മട്ടിൽ’...  യാങ്ഖുല്ലെന്‍ എന്ന തൂക്കുഗ്രാമത്തെ പരിചയപ്പെടുത്താൻ ഇതായിരിക്കും ഏറ്റവും നല്ല വിശേഷണം.

നാഗാലാന്‍ഡ്– മണിപ്പുര്‍ ബോര്‍ഡറിനടുത്താണ് യാങ്ഖുല്ലെന്‍. മണിപ്പുരിലെ സേനാപതി ജില്ലയുടെ ഭാഗമാണ് ഈ ഗ്രാമം. ഇംഫാലിൽ നിന്ന് വരുന്നവർ സേനാപതിയിൽ നിന്ന് 'മരംഖുള്ളെൻ' എന്ന സ്ഥലത്തെത്തണം. സേനാപതിയിൽ നിന്ന് യാങ്ഖുല്ലെനിലേക്ക് 75 കിലോമീറ്റർ ദൂരമുണ്ട്. മരംഖുള്ളെനിൽ നിന്നാണ് തൂക്കുഗ്രാമത്തിലേക്കുള്ള വഴി തുടങ്ങുന്നത്. അതീവ ദുര്‍ഘടമായ മലഞ്ചെരിവിലൂടെയാണ് യാങ്ഖുല്ലെനിലേക്കുള്ള വഴി. മരംഖുള്ളെനിൽ നിന്ന് 54 കിലോമീറ്റർ പിന്നിടുന്നതോടെ യാങ്ഖുല്ലെന്‍ ഗ്രാമത്തിന്റെ വിദൂര ദൃശ്യങ്ങള്‍ പ്രകടമായി തുടങ്ങും. മലഞ്ചെരുവിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വീടുകള്‍. ചുറ്റും മഴക്കാടുകളുടെ പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍. മല മുകളില്‍ തടികൊണ്ട് നിർമിച്ച വലിയൊരു കവാടമുണ്ട്. സെമെ ആദിവാസി സമൂഹത്തിന്റെ ഗ്രാമമായിരുന്നു യാങ്ഖുല്ലെൻ. ഇവരുടെ പൂര്‍വികര്‍ പഗാന്‍ വിശ്വാസികളാണ്. എന്നാൽ കാലക്രമേണ സെമെ ഗ്രാമമായ യാങ്ഖുല്ലെന്നിലെ ഭൂരിഭാഗം പേരും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് മത പരിവര്‍ത്തനം ചെയ്തു. ഇപ്പോൾ ഈ ഗ്രാമത്തില്‍ താമസിക്കുന്ന അറുപത്തിയേഴ് കുടുംബങ്ങളില്‍ ഇരുപതോളം കുടുംബം മാത്രമേ ഇന്നും പഗാൻ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നുള്ളൂ. അവരുടെ വിശേഷ ദിവസങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഗ്രാമത്തിലേക്ക് കടക്കാന്‍ പറ്റില്ല. അന്ന് പ്രവേശനകവാടം അടയ്ക്കും.

yan01

കവാടത്തിന് അരികെ നിന്നാല്‍ ഗ്രാമത്തിലെ വീടുകള്‍ കാണാം. തൊണ്ണൂറു ഡിഗ്രി ചെരിവില്‍, പാറയുടെ വശങ്ങളില്‍, വളരെ കുറച്ചു സ്ഥലത്തായിട്ടാണ് വീടുകള്‍ പണിതിരിക്കുന്നത്. ദൂരെ നിന്ന് നോക്കിയാൽ വീടുകള്‍ തൂങ്ങി നില്‍ക്കുന്നതായിട്ട് അനുഭവപ്പെടും. അതിനാലാണ് ഇവിടം തൂക്കു ഗ്രാമം എന്ന് അറിയപ്പെടുന്നത്.

yan02

വീടുകള്‍ തമ്മില്‍ കല്‍പ്പടവുകള്‍ കൊണ്ടുള്ള ചെറിയ പാതകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. മിക്ക വീടുകൾക്കും തകര ഷീറ്റിന്റെ മേല്‍ക്കൂരയാണ്, ചില വീടുകള്‍ പരമ്പരാഗത ശൈലിയില്‍ പുല്ലു മേഞ്ഞതാണ്.

 

yan03

വെച്ചൂര്‍ പശു പോലെ യാങ്ഖുല്ലെന്‍ പന്നികള്‍ കുള്ളന്‍ പന്നികളാണ്. ഒരു വലിയ കോഴിയുടെ അത്ര വലിപ്പം മാത്രമേ ഈ പന്നികള്‍ക്കുള്ളൂ.

yan06

വിശുദ്ധ കുള'മാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. യാങ്ഖുല്ലെൻ ഗ്രാമം സ്ഥിതി ചെയ്യുന്ന കുന്നിന്റെ താഴെ കോട്ട മതിലും, പടവുകളും, വാതിലും കാണാം. യാങ്ഖുല്ലെൻ ഗ്രാമത്തില്‍ ആകെ ഇത്തരത്തിലുള്ള നാലു വാതിലുകള്‍ ഉണ്ട്.

yan04

 

പടികള്‍ ഇറങ്ങിയാൽ താഴെ ചെറിയൊരു കുളം കാണാം. ഗ്രാമത്തിൽ സ്കൂൾ ഉണ്ടെങ്കിലും യാങ്ഖുല്ലെനിലെ സാക്ഷരതാ നിരക്ക് വളരെ കുറവാണ്. ഇവിടുത്തെ ആചാരങ്ങളും സംസ്കാരവും പഠിപ്പിക്കുന്നത് ‘മൊരുങ്ങി’ൽ വച്ചാണ്. മൊരുങ് എന്നാൽ വിദ്യാലയം തന്നെ. ഇവിടെ പ്രവേശിക്കുന്ന എല്ലാ കുട്ടികളും തലമുടി പകുതി മുണ്ഡനം ചെയ്ത് വിശുദ്ധകുളത്തിൽ മുങ്ങി നിവരുന്ന ആചാരം ഇവിടുത്തുകാർ പിന്തുടരുന്നുണ്ട്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഡോ. മിത്ര സതീഷ്)