Tuesday 25 October 2022 04:52 PM IST

ഹോൺബിൽ‌ ഫെസ്റ്റിവലിനൊരുങ്ങി നാഗാലാൻഡ്, കുറഞ്ഞ നിരക്കിൽ ട്രിപ് ഒരുക്കി ഐആർസിടിസി

Akhila Sreedhar

Sub Editor

naga011

വടക്കു കിഴക്കൻ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് നാഗാലാൻ‌ഡിലെ ഹോൺബിൽ ഫെസ്റ്റിവൽ. കോവിഡ് വ്യാപനത്തിന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്നതിനാൽ തന്നെ ഈ വർഷം ആഘോഷം വിപുലമായിരിക്കും. ഡിസംബർ 1 ന് തുടങ്ങി പത്തുവരെയാണ് ഉത്സവം . നാഗാലാൻഡിന്റെ തനത് സംസ്കാരം അടുത്തറിയാൻ ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുത്താൽ മതി. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമമായ കിസാമയിലെ നാഗാ ഹെറിറ്റേജ് വില്ലേജിൽ വച്ചാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. കൊഹിമയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ പൈതൃക ഗ്രാമം.

 

naga012

ഗോത്രവർഗ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ 2000 ത്തിലാണ് ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കമിടുന്നത്. കലാസാംസ്കാരിക വകുപ്പുകളും സംസ്ഥാനടൂറിസം വകുപ്പും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

നാഗാലാൻഡിന്റെ സംസ്കാരത്തോട് ഏറെ ചേർന്ന് നിൽക്കുന്ന പക്ഷിയാണ് വേഴാമ്പൽ. വേഴാമ്പലിനെ ആരാധിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടുത്തുകാരുടേത്. എല്ലാ ഗോത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്നതിനാലാണ് വേഴാമ്പലുകളുടെ പേരിൽ ഈ ഉത്സവം അറിയപ്പെടുന്നത്.

സംഗീതം, നൃത്തപരിപാടികൾ, കരകൗശല വസ്തുക്കളുടെപ്രദർശനവും വിൽപനയും, വിവിധ ഗോത്രങ്ങളുടെ തനതായ രുചി വിളമ്പുന്ന ഫൂഡ് കോർട്ടുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കാഴ്ചക്കാർക്കായി ഒരുക്കുമെന്ന് ടൂറിസം ആർട് ആൻഡ് കൾചറൽ അഡ്വൈസർ എച്ച്. ഖെഹോവി യെപ്തോമി പറയുന്നു.

 

ഫാസിനേറ്റിങ് സാൻഗായ്–ഹോൺബിൽ ഫിയസ്റ്റാ

naga014

ഫാസിനേറ്റിങ് സാൻഗായ്–ഹോൺബിൽ ഫിയസ്റ്റാ എന്ന പേരിൽ ഐആർസിടിസി നടത്തുന്ന പാക്കേജിൽ ഹോൺബിൽ ഫെസ്റ്റിവലിനൊപ്പം നവംബർ 21 മുതൽ 30 വരെ മണിപ്പൂരിൽ നടക്കുന്ന പ്രസിദ്ധമായ സാൻഗായ് ഫെസ്റ്റവൽ കൂടി കാണാനുള്ള അവസരമുണ്ട്. ഇംഫാൽ, കൊഹിമ, കൊനോമ എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് ഏഴ് പേരെങ്കിലും ഉള്ള യാത്രാഗ്രൂപ്പിനാണ് പാക്കേജ് ബുക്ക് ചെയ്യാൻ സാധിക്കുക. പരമാവധി പത്ത് പേർ വരെയാകാം. ഗ്രൂപ്പിന് അനുസരിച്ച് വാഹനം തയാറാക്കും. 7-10 ആളുകൾ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് വെഹിക്കിൾ സിംഗിൾ ഒക്യുപൻസി 57,200 രൂപ, ഡബിൾ ഒക്യുപൻസി– 35,540 രൂപ, ത്രിപിൾ ഒക്യുപൻസി –31830 രൂപ, ചൈൽഡ് വിത് ബെഡ് (5-11 വയസ്സ്) – 19,700 രൂപ, ചൈൽഡ് വിത് ഔട്ട് ബെഡ് (2-4 വയസ്സ്)– 9,310 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇംഫാലിൽ നിന്ന് നവംബർ 30 നാണ് യാത്ര ആരംഭിക്കുന്നത്. പത്തിൽ കൂടുതൽ ആളുകളുടെ ഗ്രൂപ്പ് ആണെങ്കിൽ ഐആർസിടിസിയുടെ ഗുവാഹത്തി റീജിനൽ ഓഫിസുമായി ബന്ധപ്പെട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ, കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും www.irctctourism.com