Thursday 04 May 2023 12:14 PM IST : By Ginu Samuel

കൂസ്ലാപ്പ്; സ്വീഡനിലെ പശുക്കളുടെ സ്വാതന്ത്ര്യ ആഘോഷം...

kuslap-sweeden-cow-festival-cover

കൂ എന്നാൽ സ്വീഡിഷ് ഭാഷയിൽ പശു. സ്ലാപ് എന്നാൽ തുറന്നു വിടുക... കൂസ്ലാപ്പ് എന്നാൽ പശുക്കളെ തുറന്നു വിടൽ. സ്വീഡനിലെ വസന്തകാലത്താണ് പശുക്കളെ കൂട്ടത്തോടെ മേയാൻ വിടുന്ന ഈ ചടങ്ങു സംഘടിപ്പിക്കുന്നത്. വർഷത്തിൽ ഏതാണ്ട് ആറു മാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർ മാസത്തോടെ ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും. തണുപ്പ് മാറി വേനലിന്റെ വെളിച്ചം വീശി തുടങ്ങുന്ന വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ തുറന്നു വിടുന്ന ചടങ്ങാണ് കൂസ്ലാപ്പ്.

kuslap-sweeden-cow-festival-in-shelter

വസന്തകാലത്തെ സ്വീഡിഷ് ജനതയുടെ ഏറ്റവും വലിയ കാർഷിക ആഘോഷമാണ് കൂസ്ലാപ്പ്. ഏതാണ്ടു രണ്ടു ലക്ഷത്തോളം ആളുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചെറുകിട വൻകിട ഫാമുകളിൽ നടക്കുന്ന ഈ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ എത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് ഈ ചടങ്ങു പല ഫാമുകളിലും സംഘടിപ്പിക്കുന്നത്. സഹകരണ മേഖലയിലെ വൻകിട പാൽ ഉത്പാദകരായ അർലാ ആണ് ഈ ചടങ്ങിനു ചുക്കാൻ പിടിക്കുന്നത്.

kuslap-sweeden-cow-festival

വാലൻട്യൂണ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിന് അടുത്തു കിടക്കുന്ന ഒരു പട്ടണമാണ്. അവിടുത്തെ ബാക്കാഗാർഡ് ഫാം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം ഫാം ആണ്. തദ്ദേശീയരായ കാരിനും യോഹാനും ചേർന്ന് നടത്തുന്ന ഈ ഫാമിൽ ഏതാണ്ട് 40 വർഷത്തോളമായി കൂസ്ലാപ്പ് ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്. ഇവിടുത്തെ പശുക്കളെ പോലെ ഒക്ടോബർ മുതൽ ഈ ദമ്പതികളും ഈ ചടങ്ങിനായുള്ള കാത്തിരിപ്പ് തുടങ്ങും. ഈ വർഷത്തെ ചടങ്ങു ഏപ്രിൽ മാസം 29 ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. സ്റോക്ക്ഹോമിൽ നിന്നും ഏതാണ്ട് 50 കിലോമീറ്റർ മാറിയുള്ള ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേക തീവണ്ടി സർവീസ് വരെയുണ്ട്.

കാരിനോടും യോഹാനോടും ഒപ്പം

kuslap-sweeden-cow-festival-ginu-farm-owners കാരിനോടും യോഹാനോടുമൊപ്പം ലേഖകൻ ജിനു

രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ചടങ്ങിൽ പങ്കെടുക്കുന്നവർക്കെല്ലാം പാലും ബണ്ണും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പതിനൊന്നു മണിയോടു കൂടി പ്രത്യേകം വേലികെട്ടി തിരിച്ച പുൽമേട്ടിലേക്കു പശുക്കളെ കൂട്ടമായി തുറന്നു വിട്ടു. ചില പശുക്കൾക്ക്ു പുറത്തേക്കു ഇറങ്ങുമ്പോൾ അല്പം അങ്കലാപ്പിലാണെന്നു തോന്നി. ചില പശുക്കൾ സന്തോഷം കൊണ്ട് തുള്ളി ചാടിയാണ് സ്വാതന്ത്ര്യം ആഘോഷിച്ചത്. നൂറിൽ പരം പശുക്കൾ ഉള്ള ഈ ഫാമിൽ ഈ കാഴ്ചകൾ കാണുവാനായി വന്നെത്തിയത് ഏതാണ്ട് നാലായിരത്തിൽ പരം ആളുകളാണ്.

kuslap-sweeden-cow-festival-crowd

പാലും പാലുൽപ്പന്നങ്ങളും ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായുള്ള സ്വീഡനിൽ കർഷകരെ സംബന്ധിച്ച് ഇത് വലിയൊരു ചടങ്ങാണ്. നഗരത്തിന്റെ തിക്കിലും തിരക്കിലും ശ്വാസം മുട്ടി ജീവിക്കുന്ന സ്‌റ്റോക്ക്ഹോം നിവാസികൾക്ക്‌ ഇത് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ഇവിടെ കൂടുന്ന മനുഷ്യരുടെ കൂട്ടം കണ്ടാൽ പശുക്കളെ അല്ല സ്‌റ്റോക്ക്ഹോം നിവാസികളെ ഒന്നടങ്കം നഗരത്തിന്റെ തിരക്കിൽ നിന്നു തുറന്നു വിടുന്ന ഒരു ചടങ്ങാണ് കൂസ്ലാപ്പ് എന്നു നമുക്ക് തോന്നും...