Friday 05 August 2022 04:40 PM IST : By Naseel Voici

കഥ പറയുന്ന കലാനഗരം, ക്യാമറ താഴെ വച്ച് മനസ്സുകൊണ്ട് കാഴ്ച കാണുന്നയിടം

maha04

കല്ലിൽ കൊത്തിയ കവിത പോലെ...’ –അഴകിനെ അടയാളപ്പെടുത്താൻ പലപ്പോഴും നമ്മളുപയോഗിക്കുന്ന വാചകമാണ്. എന്നാൽ അക്ഷരാർഥത്തിൽ കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ പകരംവയ്ക്കാനില്ലാത്ത അഴകുമായി നിലകൊള്ളുന്ന ഒരു പട്ടണമുണ്ട്. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലുള്ള മാമല്ലപുരം. അഥവാ മഹാബലിപുരം. കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ശാലീനതയും തേടി പുറപ്പെട്ടത് ചെന്നൈ നഗരത്തിൽ നിന്നാണ്. പുതുച്ചേരി ഹൈവേയിലൂടെ കുറച്ചു ദൂരം ചെന്നപ്പോഴേക്കും കടൽ ഒപ്പം കൂടി. തരിശു നിലങ്ങളും കാറ്റാടി മരങ്ങളും കാഴ്ചയൊരുക്കി. ‘‘പല്ലവ രാജാവായ മാമല്ലന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. ഇവിടെയുള്ള കാഴ്ചകളിലേറെയും ഒരുക്കിയത് പല്ലവരാജാക്കന്മാരുടെ കാലത്താണ്. പണ്ടിത് വലിയൊരു വ്യാപാര കേന്ദ്രമായിരുന്നു. ഒരു തുറമുഖ നഗരം’’ – ഡ്രൈവർ ധരണി കാണാൻ പോകുന്ന കാഴ്ചകൾക്ക് ആമുഖമെന്നപോലെ പറഞ്ഞു.

maha02

അർജുനന്റെ തപസ്സ്

maha10

തെരുവു കച്ചവടക്കാരും സഞ്ചാരികളും തിങ്ങിനിറഞ്ഞ ഒരു ചെറിയ റോഡിലേക്ക് ധരണി വാഹനമൊതുക്കി. ഇറങ്ങിച്ചെന്നത് തന്നെ കണ്ണു മിഴിച്ച് നിൽക്കുന്ന സഞ്ചാരികളുടെ ഇടയിലേക്കാണ്. ചൂടേറിവരുന്ന വെയിലിനെ വകവയ്ക്കാതെ റോഡിനോട് ചേർന്ന് ക്യാമറയുമായി നിൽക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. എതിർവശത്തെ ചുമരിൽ അതിമനോഹരമായ ഒരു ശിൽപം! ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഒരു വലിയ കലാരൂപം. തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയും ഇതിഹാസ നായകരും അങ്ങനെ പല രൂപങ്ങളും. ‘അർജുനന്റെ തപസ്സ്’ എന്നറിയപ്പെടുന്ന ഈ കലാസൃഷ്ടി മാമല്ലപുരത്തിന്റെ പ്രധാന വിശേഷങ്ങളിലൊന്നാണ്. ഏഴാം നൂറ്റാണ്ടിന്റെ പകുതിയോടെ നിർമിക്കപ്പെട്ടതെന്നു കരുതുന്ന ഈ ശിൽപത്തിന് 43 അടി ഉയരമുണ്ട്. ഇതിനോടു ചേർന്നാണ് പഞ്ചപാണ്ഡവ ഗുഹ. കൽ തൂണുകൾ താങ്ങി നിർത്തുന്ന ഗുഹയും പാറ തുരന്നുണ്ടാക്കിയതാണ്. അകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും കാലുകളിൽ തണുപ്പ് പടർന്നു. പുറത്തെ ചൂടൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി.

നിഴലും വെളിച്ചവും മാറിവരുന്ന കൽതുണുകളുടെ തണുപ്പോടു ചേർന്നിരിക്കുമ്പോഴാണ് ‘അർജുനന്റെ തപസ്സി’നു പിന്നിലെ കഥ കേട്ടത്. പണ്ട് ശിവനെ പ്രീതിപ്പെടുത്തി വരം വാങ്ങാനായി അർജുനൻ തപസ്സ് ചെയ്തു. ശത്രുക്കളെ തുരത്തുകയാണ് ലക്ഷ്യം. അതിന്റെ പ്രതീകമായിട്ടാണത്രെ ഇങ്ങനെയൊരു ശിൽപം പണി കഴിപ്പിച്ചത്. ഗുഹയുടെ തണുപ്പിൽ നിന്നിറങ്ങി വെയിൽ കായുന്ന വഴികളിലൂടെ സമീപത്തുള്ള പാർക്കിലേക്കു നടന്നു. കല്ലിൽ കൊത്തിയെടുത്ത ചെറു ക്ഷേത്രങ്ങളും ഗുഹകളുമെല്ലാം കാണാം. സ്മാരകങ്ങളിൽ ഏറെയും പാറ തുരന്ന് നിർമിച്ചവയാണ്. പല്ലവകലയുടെ ഉത്തമ ഉദാഹരണം. പണ്ട് ഇവിടെയൊക്കെ ജനവാസമുണ്ടായിരുന്നിരിക്കണം.

maha08

ഒറ്റമര മണ്ഡപം

maha11

പാറ വെട്ടിയുണ്ടാക്കിയ വഴികളിലൂടെ കാഴ്ചകളാസ്വദിച്ച് നടക്കുന്നതിനിടെയാണ് വഴിയരികിൽ ‘അക്ക’യെ കണ്ടത്. മുന്നിൽ കക്കിരിയും മോരുവെള്ളവുമെല്ലാം ഒരുക്കിവച്ച് സഞ്ചാരികളെ ക്ഷണിക്കുകയാണ്. വെറും കക്കിരിക്കയല്ല; മസാലയൊക്കെ പിടിപ്പിച്ച കക്കിരി. അസാധ്യ രുചി തന്നെ! കക്കിരിക്കയും കടിച്ച് രായർ മണ്ഡപ കാഴ്ചകൾക്കടുത്ത് നിൽക്കുമ്പോഴാണ് തൊട്ടപ്പുറത്തെ പാറയിലെ മണ്ഡപം കണ്ടത്. ഇതുവരെ കണ്ട നിർമിതികൾ പോലെയല്ല; എന്തോ ഒരു പ്രത്യേകതയുള്ളതു പോലെ. തണൽമരങ്ങൾക്കിടയില്‍ കഥ പറയുന്ന കമിതാക്കൾക്കിടയിലൂടെ ആ പാറപ്പുറത്തേക്ക് നടന്നു. ശിൽപചാതുര്യമൊന്നുമല്ല, വെറും കരിങ്കല്ലുകൾ അടുക്കി വച്ചുണ്ടാക്കിയ ഒരു ഗോപുരം. അതിന്റെ വശത്തായി ഒരു മരം തലയയുയർത്തി നിൽക്കുന്നു. അതിനു ചുവട്ടിൽ കച്ചവടം ചെയ്യുന്ന ഒരമ്മൂമ. പ്രത്യേകതയുണ്ടെന്നു തോന്നിയത് വെറുതെയായില്ല. കരിങ്കല്ലുകൾ ചേർത്ത് വച്ച മണ്ഡപത്തിനു മുകളിലേക്ക് വലിഞ്ഞു കയറിയാൽ കാഴ്ചകളുടെ ഫ്രെയിം വലുതാവും. പച്ചപ്പും പാറക്കെട്ടുകളുമെല്ലാം ഒരുമിച്ചു കാണാം. മുകളിൽ തലയുയർത്തി നിൽക്കുന്ന, ഇലകളില്ലാത്ത മരത്തിനും എന്തോ ഒരു വല്ലാത്ത ഭംഗി. കൽമണ്ഡപത്തിനു കൂട്ടെന്ന പോലെ അമ്മൂമ്മയും. മുകളിൽ കയറി കാഴ്ചകളിലൂടെ കണ്ണോടിച്ചപ്പോഴാണ് മറുവശത്തെ ലൈറ്റ് ഹൗസിൽ കണ്ണുടക്കിയത്. നേരത്തേ കണ്ടിരുന്നുവെങ്കിലും ഇത്ര ഭംഗി തോന്നിയിരുന്നില്ല.

maha07

പാറ വെട്ടിയാണ് ലൈറ്റ് ഹൗസിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. സഞ്ചാരികളെല്ലാം മുകളിലേക്ക് കയറാനായി ക്യൂ നിൽക്കുന്നു. ടിക്കറ്റെടുത്ത് മുകളിലേക്കുള്ള ഒഴുക്കിൽ നിന്നു. കഷ്ടിച്ച് രണ്ടു പേർക്ക് നടന്നു പോകാനുള്ള വീതിയേ പടവുകൾക്കുള്ളൂ. കുത്തനെയുള്ള പിരിയൻ ഗോവണി ചുറ്റിചുറ്റി മുകളിലെത്തി. വീണ്ടും ഒരു ഗോവണി കൂടി കയറണം; നേരത്തേ കയറിയ പിരിയൻ ഗോവണി പോലെയല്ല, കൊടുംകുത്തനെയുള്ള തടിയിൽ തീർത്ത പടവുകൾ. ഒരുവിധം മുകളിലേക്ക് വലിഞ്ഞു കയറി. തലയുയർത്തിയത് കടൽക്കാറ്റിലേക്കാണ്. അത്രയും നേരം നേരിട്ട പ്രയാസങ്ങളെല്ലാം ഒരു നിമിഷം കൊണ്ടില്ലാതാക്കുന്ന കാഴ്ചകളും കാലാവസ്ഥയും. ദൂരെ കടൽ, കൽമണ്ഡപങ്ങൾ, ഇടയ്ക്കുള്ള പച്ചപ്പിന്റെ തുരുത്തുകൾ... കാറ്റിൽ മാമല്ലപുരം ഒരു തമിഴ് പെൺകൊടിയെ പോലെ അഴകുള്ളവളായി മാറി. ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്കും അടുത്ത സംഘത്തിനു മുകളിൽ കയറാനായി പടവുകൾ തിരിച്ചിറങ്ങി. കുറച്ചുപേർക്ക് നിൽക്കാനുള്ള സൗകര്യമേ പതിറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ് ഹൗസിലുള്ളൂ. പിരിയൻ ഗോവണി തിരിച്ചിറങ്ങുമ്പോൾ മുകളിലേക്കുള്ള ക്യൂവിൽ നിന്നൊരു മലയാളിച്ചോദ്യം – ‘‘മുകളിൽ അതിനുമാത്രം കാണാൻ വല്ലതുമുണ്ടോ?’’. ധൈര്യമായിട്ട് കയറിക്കോളൂ. മാമല്ലപുരം മുഴുവൻ അവിടെ കാത്തിരിപ്പുണ്ടെന്നു പറഞ്ഞ് കടൽതീരത്തെ ക്ഷേത്രം ലക്ഷ്യമാക്കിയിറങ്ങി.

തീരക്കാഴ്ചകൾ

maha01

‘ഷോർ ടെമ്പിൾ’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്ക് സഞ്ചാരികൾ ഒഴുകുന്നുണ്ടായിരുന്നു. ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോൾ ഒന്നു ഞെട്ടി, ഇന്ത്യാക്കാർക്ക് 30 രൂപാ ടിക്കറ്റും വിദേശികൾക്ക് 500 രൂപാ ടിക്കറ്റും! ഇന്ത്യാക്കാരനായതു ഭാഗ്യം. പുൽമൈതാനം ചുറ്റി സഞ്ചാരികൾക്കൊപ്പം ക്ഷേത്രത്തിനരികിലേക്ക് നടന്നു. ദൂരത്തു നിന്ന് കാണുന്നതുപോലെയായിരുന്നില്ല അടുത്തെത്തിയപ്പോൾ ക്ഷേത്രം. കടൽതീരത്തേക്കു മുഖം തിരിച്ചു നിൽക്കുന്ന ഒരു വിസ്മയം. വെറുതെയല്ല ‘ഷോർ ടെമ്പിൾ’ എന്നു പേരിട്ട് വിളിക്കുന്നത്. ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ മുഖദാവിൽ ഏറ്റുവാങ്ങുന്ന വിധം പണി കഴിപ്പിച്ച ക്ഷേത്രത്തിന്റെ വാസ്തുവൈവിധ്യം പുതിയകാല ആർകിടെക്ടിനെ പോലും അമ്പരിപ്പിക്കുന്നതാണ്. അപ്പോഴാണ് തൊട്ടപ്പുറത്തെ കടൽത്തീര കാഴ്ചകൾ ശ്രദ്ധിച്ചത്. പ്രശസ്തമായ ‘മഹാബലിപുരം ബീച്ച്’. ക്ഷേത്ര കവാടത്തിനരികിലുള്ള മറ്റൊരു ചെറിയ വഴിയിലൂടെ നടന്നിട്ടുവേണം ഇവിടെയെത്താൻ. വഴിയുടെ വശങ്ങൾ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ധാരാളം കടകളുണ്ട്. മീൻരുചി വിളമ്പുന്ന ചെറുകടകളാണ് കൂട്ടത്തിൽ ഏറ്റവും തിരക്കേറിയത്. പലതരം കടൽമത്സ്യങ്ങൾ മസാല പുരട്ടി ആവശ്യാനുസരണം വറുത്തുകൊടുക്കുന്നു. മസാല പുരട്ട്, ‘ഷീ...’ ശബ്ദത്തോടെ ഞെരിഞ്ഞ്, ഇലയിൽ വന്നു വീഴുന്ന മീനിന്റെ രുചി, അതു വേറെ തന്നെയാണ്. വഴിയുടെ തുടക്കം തൊട്ട് കടൽത്തീരം വരെ ഇതുപോലുള്ള മീൻകടകൾ കാണാം. കുടുംബങ്ങളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഈ കടൽത്തീരം. കുട്ടികളെ ആകർഷിക്കാനുള്ള കളികളും കുതിര സവാരിയുമെല്ലാം തീരത്തിനു നിറം കൂട്ടുന്നു. നീന്തിത്തുടിക്കാൻ പാകത്തിലുള്ള കടൽ കൂടിയാവുമ്പോൾ ആവേശം പിന്നേയും കൂടുന്നു.

maha06

അഞ്ചു രഥങ്ങൾ

maha05

വെയിലാറിത്തുടങ്ങിയതോടെ മാമല്ലപുരത്തിന്റെ മറ്റൊരു വിശേഷമായ ‘പഞ്ച രഥാസ്’ ലക്ഷ്യമാക്കി നീങ്ങി. റോഡിനിരുവശവും കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ്. നെഹ്റുവും ദേവിയും ഗണപതിയും കൃഷ്ണനുമെല്ലാം വഴിയോരത്ത് സഞ്ചാരികളെയും കാത്തു നിൽക്കുന്നു. നാട്ടുകാരായ ശിൽപികളുടെ കയ്യടക്കത്തിലും ശിൽപചാതുര്യത്തിലും ജനിക്കുന്ന ഈ ശിൽപങ്ങൾ പക്ഷേ തൊട്ടാൽ പൊള്ളും. അത്രയ്ക്കുമാണ് വില. പഞ്ചപാണ്ഡവരുടെയും ദ്രൗപദിയുടെയും കഥ പറയുന്നവയാണ് അഞ്ചു പ്രതിമകളും. ദ്രാവിഡ വാസ്തുകലയുടെ ഉത്തമ മാതൃകയായ ഓരോ രഥവും ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ്. മണൽപരപ്പിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്ന രഥക്കാഴ്ചകൾ നോക്കിയിരിക്കുമ്പോൾ കൺമുന്നിൽ മഹാഭാരതം തെളിയുന്ന പോലെ. ഏറ്റവും വലിയ രഥം പാണ്ഡവരിൽ മുതിർന്ന യുധിഷ്ഠിരന്റേതാണ്. നകുലനും സഹദേവനും ഒറ്റ രഥം. ചെറുതാണെങ്കിലും കൊത്തുപണികളിലെ വ്യത്യസ്തത കാരണം അഴകേറിയതാണ് പാഞ്ചാലിയുടെ രഥം. കാവലായി നന്ദികേശനും മൃഗരാജാവായ സിംഹവുമുണ്ട്. രഥക്കാഴ്ചകളാസ്വദിച്ചു നടക്കുന്ന രാജസ്ഥാനി സഞ്ചാരികളുടെ കാഴ്ചകളും പകർത്തി മാമല്ലപുരത്തു നിന്നും മടങ്ങി. എംജിആറും പുരട്ച്ചി തലൈവിയും അന്തിയുറങ്ങുന്ന മറീനയിലെത്തിയപ്പോഴേക്കും അ സ്തമയ നേരമായിരുന്നു. അന്തിച്ചുവപ്പ് കടലിനെ പുണരുന്നത് കാണാനായി കാത്തിരുന്നപ്പോഴാണ് ഓർത്തത്; ഇവിടെ അസ്തമയമില്ല. ഉദയമേയുള്ളൂ. അസ്തമയമങ്ങ്, അറബിക്കടലിൽ....


എത്തിച്ചേരാൻ

ചെന്നൈ നഗരത്തിൽ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡ് വഴി 57 കിലോമീറ്റർ സഞ്ചരിച്ചാൽ മാമല്ലപുരത്തെത്താം. ചെന്നൈ രാജ്യാന്തരവിമാനത്താവളമാണ് ഏറ്റവുമടുത്തുള്ളത്. ദൂരം 58 കിലോമീറ്റർ. 30 കിലോമീറ്റർ ദൂരത്തുള്ള ചെങ്കൽപേട്ടാണ് അടുത്തുള്ള റെയിൽവേ േസ്റ്റഷൻ. പുതുച്ചേരി, ചെങ്കൽപേട്ട്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ബസ് സർവീസുണ്ട്.