Monday 01 August 2022 04:38 PM IST : By സ്വന്തം ലേഖകൻ

ട്രെക്കിങ് പ്രിയർക്കും പർവതാരോഹകർക്കും സന്തോഷ വാർത്ത. ഉത്തരാഖണ്ഡ് 10 പുതിയ ട്രെക്കിങ് റൂട്ടുകളും 30 കൊടുമുടികളും സാഹസസഞ്ചാരികൾക്കായി തുറക്കുന്നു.

uttarakhand trek open

ഉത്തരാഖണ്ഡിലെ ഹിമാലയ പർവതങ്ങളിൽ 6000 മീറ്ററിലേറെ ഉയരമുള്ള 30 കൊടുമുടികളും ഉയരമേറിയ മലമ്പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന 10 ട്രെക്കിങ് പാതകളും സഞ്ചാരികൾക്കു തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ചു. പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിൽ അഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതിനും മലമ്പ്രദേശിങ്ങളിലെ ഗ്രാമീണർക്ക് വരുമാനമാർഗം ഒരുക്കുന്നതിനുമാണ് ഈ പുതിയ നടപടി. ഇന്ത്യക്കാർക്കും വിദേശികൾക്കും പുതിയ ട്രെക്ക് റൂട്ടുകൾ ഉപയോഗിക്കാം.

ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം, കശ്മീർ ഹിമാലയങ്ങളുടെ ഭാഗമായ 137 കൊടുമുടികളിൽ ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ 2019 ൽ ആവശ്യപ്പെട്ടിരുന്നു. അതിൽ 51 എണ്ണം ഉത്തരാഖണ്ഡിലേതായിരുന്നു എങ്കിലും പരിസ്ഥിതി, സുരക്ഷ തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്ത സംസ്ഥാന വനംവകുപ്പ് 40 പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

himalaya trek open

6041 മീറ്റർ ഉയരമുള്ള ഭൃഗു പർവതം, 6373 മീറ്റർ ഉയരമുള്ള കാലി ധാങ്, റിഷി കോട്ട് (6326 മീറ്റർ), ഗരുർ പർവതം (6504 മീറ്റർ), റിഷി പഹാഡ് (6992 മീറ്റർ) തുടങ്ങിയവ 30 കൊടുമുടികളിൽ ഉൾപ്പെടുന്നു. നാരായൺ പർവത്, നര പർവത്, ലംചിർ സൗത്ത്, ലംചിർ, ഭഗ്ന്യു, പവാഗഡ്, മഹാലയ് പർവത്, യാൻ ബുക്, രത്നഗിരി, നന്ദ ലപക് എന്നിവയാണ് പുതിയ ട്രെക്കിങ് പാതകൾ.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ സീസണിലും പ്രവേശനം അനുവദിക്കുന്ന സംഘങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെയും കർശന നിലപാട് ഉണ്ടാകും. ഓരോ വർഷവും 12 പേരടങ്ങുന്ന രണ്ട് സംഘങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടാകു. ഓരോ സംഘവും 10,000 രൂപ സെക്യൂരിറ്റി തുകയായി അടയ്ക്കണം. യാത്രയിൽ കൊണ്ടുപോയ പ്ലാസ്റ്റിക് പദാർഥങ്ങൾ തിരികെ കൊണ്ടുവന്നുവെന്ന് ബോധ്യപ്പെടുത്തുമ്പോൾ തുക ലഭിക്കും. ഓരോ സ്ഥലത്തും പ്രദേശവാസികളടങ്ങുന്ന എക്കോടൂറിസം സമിതിയുടെ ചുമതലയിലായിരിക്കും ട്രെക്കിങ് നടക്കുക.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India