Wednesday 02 November 2022 01:03 PM IST

പുഷ്കർ മേളയ്ക്ക് തുടക്കമായി, ഈ എട്ടുദിനങ്ങൾ രാജസ്ഥാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Akhila Sreedhar

Sub Editor

pushker01

രാജസ്ഥാന്റെ ഏറ്റവും വലിയ കൂടിച്ചേരലുകളിൽ ഒന്നാണ് പുഷ്കർ മേള. പുഷ്കർ ക്യാമൽ ഫെസ്റ്റിവൽ എന്നാണ് ഈ മേള അറിയപ്പെടുന്നതെങ്കിലും രാജസ്ഥാന്റെ പൈതൃകവും സംസ്കാരവും ഇവിടെ ഒന്നിക്കുന്നു. ഒട്ടകങ്ങളെ മാത്രമല്ല കുതിരകളെയും മറ്റു കന്നുകാലികളെയും മേളയിൽ കാണാം. പുഷ്കർ മേളയ്ക്ക് 100 വർഷത്തോളം പഴക്കം കണക്കാക്കുന്നുണ്ട്. രസകരമായ മത്സരങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം. ഒട്ടകങ്ങളുടെ ഓട്ടം മത്സരത്തോടു കൂടിയാണ് മേള തുടങ്ങുന്നത്. ഈ വർഷം നവംബർ ഒന്നിന് തുടങ്ങിയ മേള 9 ന് അവസാനിക്കും. നവംബർ ഒന്നു മുതൽ ആറുവരെയാണ് കന്നുകാലിമേള. ഏഴ്, എട്ട് തീയതികളിൽ പുഷ്കർ സാംസ്കാരിക മേളയും ഒൻപതിന് പുഷ്കർ ഉത്സവവും നടക്കും.

pushker02

ആദ്യ എട്ട് ദിനങ്ങൾ മത്സരങ്ങളും സാംസ്കാരികപ്രകടനങ്ങളും നടക്കുമെങ്കിലും ഒൻപതാം ദിനം തീർത്തും മതപരമായ ആഘോഷമായി പുഷ്കർമേള മാറും. ബ്രഹ്മക്ഷേത്രത്തിലെ പ്രാർഥനകൾ, പുഷ്കർ തടാകത്തിലെ സ്നാനം, മഹാ ആരതി തുടങ്ങിയവയാണ് അന്നേദിവസം നടക്കുക.വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിനമായി കാർത്തിക പൂർണിമയെന്ന വിശ്വാസമാണ് പുഷ്കർമേളയുടെ അടിസ്ഥാനം. മുപ്പത്തിമുക്കോടി ദേവതകളും ദേവന്മാരും ഭക്തരെ അനുഗ്രഹിക്കുന്നതിനായി കാർത്തിക പൗർണമി രാത്രിയിൽ പുഷ്കർ തടാകത്തിലെത്തുമെന്നാണ് വിശ്വാസം.

pushker03

ഒട്ടകങ്ങളുടെയും മറ്റു കന്നുകാലികളുടെയും വ്യാപാരവും കൈമാറ്റവും മേളയിലെ പ്രധാന ആകർഷണമാണ്. അലങ്കരിച്ച് നിർത്തിയിരിക്കുന്ന ഒട്ടകങ്ങൾക്ക് വിലപേശി വാങ്ങാൻ നാനാദിക്കുകളിൽ നിന്നും വ്യാപാരികളെത്തുന്നു. ഒട്ടകനൃത്തവും പരേഡുകളും ഒട്ടകസൗന്ദര്യമത്സരങ്ങളും പുഷ്കർ മേളയുടെ ഭാഗമായി നടക്കാറുണ്ട്.

രാജസ്ഥാനിലെ സംസ്കാരം അടുത്തറിയുന്നതോടൊപ്പം അവിടുത്തെ പരമ്പരാഗത രുചികൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് മികച്ച അവസരമാണ് പുഷ്കർ മേള. പുഷ്കറിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള അജ്മീർ ജംക്‌ഷൻ ആണ് ഇവിടേക്ക് എത്തിച്ചേരാൻ ഏറ്റവും അടുത്തുള്ള റെയിൽവേ േസ്റ്റഷൻ. ജയ്പൂർ രാജ്യാന്തരവിമാനത്താവളം, കിഷൻഗഡ് ആഭ്യന്തര വിമാനത്താവളം എന്നിവയാണ് പുഷ്കറിന് അടുത്തുള്ള വിമാനത്താവളങ്ങൾ. അജ്മീർ, ബിക്കാനീർ, ജയ്പൂർ, ജയ്സാൽമീർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് പുഷ്കറിലേക്ക് ബസ് സർവീസുണ്ട്.