Friday 07 October 2022 04:18 PM IST : By സ്വന്തം ലേഖകൻ

നിലാവെളിച്ചത്തിൽ‌ തിളങ്ങുന്ന താജ്മഹൽ കാണാൻ, സഞ്ചാരികൾക്ക് ഇതാ ഒരു അപൂർവ അവസരം

taj 3

രാത്രിയില്‍ നിലാവെളിച്ചത്തിൽ തിളങ്ങുന്ന താജ്മഹലിന്റെ ഭംഗി കാണാൻ കൊതിക്കുന്ന സഞ്ചാരികൾ ആഗ്രയ്ക്ക് വണ്ടിവിട്ടോളൂ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കുറിപ്പ് അനുസരിച്ച് നാളെ മുതൽ 11 വരെ നാല് ദിവസം താജ്മഹൽ രാത്രിയിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു. ശരത് പൂർണിമ ദിനങ്ങളിലെ താജ്മഹലിന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരം നൽകുമെന്ന് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.

taj 4


ശരത്പൂര്‍ണിമയെ ചാംകീ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വിവിധ ഭാഗങ്ങളിൽ നിന്ന് നിലാവെളിച്ചം താജ്മഹലിന്റെ മേൽ പതിയ്ക്കുമ്പോൾ വെളുത്ത മാർബിൾ തിളങ്ങുന്ന കാഴ്ച അനിർവചനീയമായ അനുഭവമാകും. രാത്രി സന്ദർശനത്തിന് താൽപര്യമുള്ള സഞ്ചാരികൾക്ക് എഎസ്ഐ ഓഫിസിലെ കൗണ്ടറിൽ നിന്ന് രാത്രി സന്ദർശന തീയതിയ്ക്ക് ഒരു ദിവസം മുൻപ് ടിക്കറ്റ് വാങ്ങാം.

taj 2


രാത്രി 8.30 മുതൽ 12.30 വരെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് 400 പേർക്ക് മാത്രമേ സന്ദർശനത്തിന് അനുമതിയുള്ളൂ. ഒരാൾക്ക് അരമണിക്കൂർ സമയമാണ് ഇവിടെ ചെലവിടാൻ അനുവദിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 40 പേർക്ക് കയറാം. സന്ദർശന ദിവസം ഉച്ചയ്ക്ക് ഒരുമണി വരെ ടിക്കറ്റ് കാൻസൽ ചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണ്.


taj 1

മുതിർന്ന പൗരന്മാർക്ക് 510 രൂപയും വിദേശികൾക്ക് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 3 – 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്, www.asiagracircle.in