Friday 24 February 2023 04:04 PM IST : By സ്വന്തം ലേഖകൻ

മായുന്നുവോ ഈ സുന്ദര ദൃശ്യങ്ങൾ

venice1

ലോകമെമ്പാടുനിന്നും സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വെനീസ്. അഡ്രിയാറ്റിക് കടലിനോട് ചേർന്നുകിടക്കുന്ന കായലിലെ നൂറുകണക്കിനു ദ്വീപുകളുടെ സമൂഹം വടക്കൻ ഇറ്റലിയിലെ വെനീറ്റോ പ്രവിശ്യയുടെ തലസ്ഥാനമാണ്. ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ജലഗതാഗതമാണ്. ദ്വീപുകൾക്കുള്ളിലും റോഡുകൾ ഇല്ല, ഉള്ളത് ഗ്രാൻഡ് കനാൽ എന്ന പ്രധാനപാത അടക്കം ഒട്ടേറെ കനാലുകൾ മാത്രം. വള്ളങ്ങളും ബോട്ടുകളും ഗൊണ്ടോളകളും ഒഴുകി നടക്കുന്ന ജല ദേശീയപാതകളും പൊതുഗതാഗതവും കനാലുകളും ഇടത്തോടുകളും ചേർന്നാണ് വെനീസിനെ ചലിപ്പിക്കുന്നത്. ഗൊണ്ടോള എന്ന ചെറുവള്ളങ്ങളിൽ കനാലുകളിലൂടെ സഞ്ചരിക്കുന്നത് സ്വപ്നം കാണാത്ത സഞ്ചാരികൾ ഉണ്ടാവില്ല.

വെനീസിലെ വേനലുകൾ വിനോദസഞ്ചാരികളാൽ നിറഞ്ഞതാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അവിടെ നിന്നെത്തുന്ന വാർത്തകൾ അത്ര ശുഭകരമല്ല. മഴ നന്നേ കുറഞ്ഞ ശൈത്യകാലം നീണ്ടു പോകുന്നതും കാലാവസ്ഥയിലും അന്തരീക്ഷത്തിലും സംഭവിക്കുന്ന പ്രത്യേകതകളും കാരണം അവിടത്തെ ചെറു കനാലുകൾ പലതും വറ്റിക്കഴിഞ്ഞു. ഗൊണ്ടോളകൾ പലേടത്തും ചെളിയിൽ ഉറച്ചിരിക്കുന്നു. രോഗികളായ ജനങ്ങളെ കൊണ്ടുപോകണ്ട ആംബുലൻസ് സർവീസുകൾക്കു പോലും പലസ്ഥലങ്ങളിലും ഇടത്തോടുകളിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥ. ശൈത്യകാലം അവസാനിക്കാറായ ഈ സമയത്ത് പതിവിലും ഉയർന്ന ചൂട് അനുഭവപ്പെടുന്നതും ദീർഘനാളായി മഴ പെയ്യാത്തതും കാരണം ഇറ്റലിയിൽ എമ്പാടും വരൾച്ചയ്ക്കു തുല്യമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്.

venice2

അടുത്ത കാലം വരെ വെള്ളപ്പൊക്ക ഭീഷണി മാത്രം നേരിട്ടിരുന്ന വെനീസിലെ ഈ പുതിയ സാഹചര്യത്തിന് പ്രധാന കാരണം കാലാവസ്ഥയിലെ ചിലസവിശേഷതകളാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ചെറുകനാലുകൾ ഉണങ്ങിയതിന് മഴയുടെ ദൗർലഭ്യത്തിനൊപ്പം വേലിയിറക്ക ദിനങ്ങൾ അസാധാരണമായി നീണ്ടു പോയതും കാരണമായിട്ടുണ്ട്. ആൽപ്സ് നിരകളിലൂടെ ഒഴുകുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ നദിയിലെ ജലനിരപ്പ് സാധാരണ ഇക്കാലത്ത് ഉള്ളതിനെക്കാൾ 61 ശതമാനം കുറവാണെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യത്തിനു മുകളിലുള്ള ആന്റിസൈക്ലോൺ എന്ന ഉയർന്ന അന്തരീക്ഷ മർദം, സമുദ്ര ജലത്തിലെ ഒഴുക്കുകൾ, വെളുത്തപക്ഷം ഒക്കെ കനാലുളിലെ താഴ്ന്ന ജലനിരപ്പിനു കാരണമായിട്ടുണ്ട്.

കഴിഞ്ഞ 15 വർഷത്തിനിടയിൽ ഏറ്റവും നീണ്ടുപോയ വേലിയിറക്ക കാലമാണ് ഇതെന്ന് നഗര സഭ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാരികൾ കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ജലഗാതഗത മാർഗങ്ങളെയൊന്നും ഇതുവരെ ഈ പ്രശ്നങ്ങൾ ബാധിച്ചിട്ടില്ലെങ്കിലും ഉൾനാടൻ കനാലുകൾ‌ വരണ്ടത് സാധാരണ ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്.

വെനീസിലെ ഈ അസാധാരണമായ കാഴ്ചകളെ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിനാശം കാരണം ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി കാണണമെന്നാണ് പരിസ്ഥിതി പ്രേമികളുടെ അഭ്യർഥന.

Tags:
  • Manorama Traveller