Saturday 08 January 2022 03:53 PM IST : By Arun Ezhuthachan

നാലു തവണ ഹിമാലയം, ഒടുവിൽ കിളിമഞ്ജാരോ... പർവതങ്ങൾ കീഴടക്കി കവിത യാത്ര തുടരുന്നു...

kavitha-kilimanjaro-woman-traveller-cover

കുടുംബവും കുട്ടികളുമൊക്കെയായാൽ പിന്നെ എവിടെ സമയം എന്നു കരുതുന്നവർ നിർബന്ധമായും കവിതയെ പരിചയപ്പെടണം. ഇതിനകം 12 രാജ്യങ്ങളിൽ യാത്ര നടത്തിക്കഴിഞ്ഞു ഈ നാൽപ്പത്തിയൊന്നുകാരി. വെറുതേ രാജ്യങ്ങൾ കാണാൻ പോകുകയല്ല. സാഹസിക സഞ്ചാരിയാണ് കവിത. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ജാരോ പർവതനിരകളിലേക്കായിരുന്നു കവിത ഒടുവിൽ നടത്തിയ യാത്ര. ഹിമാലയം 4 തവണയേ ഇതുവരെ കയറാൻ കഴിഞ്ഞുള്ളു. ട്രക്കിങ്ങും പാരാഗ്ലൈഡിങ്ങും സ്കൈ ഡൈവും ആണു പ്രധാന വിനോദം. കുടുംബവുമൊത്താണു യാത്ര പോകുന്നതെങ്കിലും ട്രക്കിങ്ങിനു പോകുമ്പോൾ കുട്ടികളെ കൂട്ടില്ല. പേരാമ്പ്ര സ്വദേശിയും അബുദാബിയിൽ എൻജിനീയറിങ് കൺസൽട്ടൻസിയിൽ ജീവനക്കാരിയുമായ കവിതയുടെ കഥ കേട്ടാൽ, ഒന്നും ഒരു തടസ്സമല്ല എന്ന ബോധ്യത്തടെ നമുക്കും ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറാം.

കിളിമഞ്ജാരോ കയറിയ അനുഭവം

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവും അഗ്നിപർവതവുമായ കിളിമഞ്‍ജാരോ കീഴടക്കിയതു കവിതയ്ക്കു നൽകിയ സന്തോഷം ചെറുതല്ല. വെറുതേ കീഴടക്കാൻ വേണ്ടി കയറിയതല്ല കവിത. ഒൻപതു വഴികളിലൂടെ മുകളിൽ എത്താമെങ്കിലും മഴക്കാടുകൾ കൊണ്ടു മനോഹരമായ ലെമോഷോ റൂട്ടിലൂടെ 7 ദിവസത്തെ ട്രക്കിങ് ആണു തിരഞ്ഞെടുത്തത്. ലാവാ ടവർ വഴിയുള്ള നടത്തം ആണു കവിതയ്ക്ക് ഏറ്റവും ഇഷ്ടമായത്. അതിനു കാരണവുമുണ്ട്; അതായിരുന്നു യാത്രയിൽ ഏറ്റവും കഠിനം. ബാരങ്കോ മതിലിൽ ഒരു കുരങ്ങിനെപ്പോലെ കയറിയതും കവിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത്രെ!!

kavitha-kilimanjaro-woman-traveller2

ഏഴു ദിവസത്തെ ട്രക്കിങ്ങിൽ മൂവർസംഘത്തിലെ ട്രക്ക് ലീഡർക്കു രണ്ടാം ദിവസം അസുഖം ബാധിച്ചതും മറ്റൊരു മലയാളിക്ക് ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസതടസ്സം മൂലം ബേസ് ക്യാംപിലേക്കു മടങ്ങേണ്ടി വന്നതും കവിതയെ പിൻതിരിപ്പിച്ചില്ല. തണുത്തുറഞ്ഞ ഊഷ്മാവിൽ മഞ്ഞുമൂടിയ കാറ്റ് ഉണ്ടായിരുന്നെങ്കിലും കവിതയുടെ ആവേശത്തെ തണുപ്പിക്കാൻ അതിനൊന്നും ആയില്ല. ഒടുക്കം, ഉഹുറു കൊടുമുടിയുടെ ദിശാ സൂചികാ ബോർഡിന് അരികിൽ നിൽക്കുമ്പോൾ സന്തോഷം കൊണ്ടു കരഞ്ഞു. തിരിച്ചിറങ്ങുമ്പോൾ കോടയും മഴയും കാരണം വഴി കാണാതെ മൂന്നു പ്രാവശ്യമാണു വഴിയിൽ വീണത്. പക്ഷേ, കവിതയുടെ യാത്രാതാൽപര്യത്തെ വീഴ്ത്താൻ അതിനൊന്നുമായില്ല. അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലാണു കവിത.

യാത്രകൾ തുടങ്ങിയത് വിവാഹശേഷം

നെടുപുഴ പോളി ടെക്നിക്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ എൻഎസ്എസ് ക്യാംപുകളുടെ ഭാഗമായി നടത്തിയ യാത്രകളാണു കവിതയിലെ യാത്രക്കാരിയെ ഉണർത്തിയത്. അന്ന് ഊട്ടിയും പറമ്പിക്കുളവും ഒക്കെ പോയി വന്നപ്പോൾ യാത്രകളുടെ ഹരം തലയ്ക്കു പിടിച്ചു. 25ാം വയസ്സിൽ കല്യാണം കഴിഞ്ഞു. പിന്നെ ദാമ്പത്യയാത്ര മാത്രം എന്നു കരുതിയിടത്താണു കവിത എല്ലാം മാറ്റിമറിച്ചത്. ‘‘ശരിക്കും യാത്രകൾ വിവാഹത്തിനു ശേഷമായിരുന്നു. കുട്ടികളെ കൂടെക്കൂട്ടാൻ പറ്റിയ പ്രായമായപ്പോൾ അവരെയും കൂട്ടിയായിരുന്നു യാത്രകൾ.

kavitha-kilimanjaro-woman-traveller

അബുദാബിയിൽ ഇലക്ട്രിക്കൽ എ‍ൻജിനീയർ ആയ പേരാമ്പ്ര പിണ്ടിയേടത്ത് വീട്ടിൽ സലീഷും പ്ലസ് വണ്ണിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2 മക്കളുമടങ്ങുന്നതാണു കവിതയുടെ കുടുംബം. അവധിക്കു നാട്ടിൽ വരുന്നതിനൊപ്പം വേണം സാഹസിക യാത്രകൾക്കുമുള്ള സമയം കണ്ടെത്താൻ. വേണ്ടത്ര സമയം നാട്ടിൽ ചെലവഴിക്കുന്നില്ലെന്നു ചെറിയൊരു പരിഭവം ഉണ്ടെങ്കിലും ബന്ധുക്കളിൽ നിന്നു പൊതുവേ നല്ല പിൻതുണയാണെന്നാണു കവിതയുടെ അനുഭവം.

kavitha-kilimanjaro-woman-traveller3