Thursday 22 July 2021 03:10 PM IST : By Nadiya K.C.

ഇറ്റലിയിൽ പോയാൽ രണ്ടുണ്ട് കാര്യം. ഇറ്റാലിയന്‍ കാഴ്ചകളോടൊപ്പം കുഞ്ഞു രാജ്യമായ വത്തിക്കാനും സന്ദർശിക്കാം. ഒരു ടു ഇൻ വൺ ട്രാവൽ...

italy1

ആകെ ഒന്‍പത് ദിവസങ്ങളുമായാണ് ഇറ്റലി കാണാന്‍ ഇറങ്ങി പുറപ്പെടുന്നത്. അതില്‍ രണ്ടു ദിവസം ദുബായില്‍ നിന്നും ഇറ്റലിയിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്ക്. ബാക്കിയുള്ള ഏഴു ദിവസങ്ങള്‍ മാത്രമേയുള്ളൂ ഇറ്റലിയെ അറിയാന്‍. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ലോകരാജ്യങ്ങളുടെ ഇടയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഇറ്റലിയെ ഈ ഏഴു ദിവസങ്ങളില്‍ ഒതുക്കുക എന്നത് ശ്രമകരമായിരുന്നു. പെഗസസ് എയര്‍ലൈന്‍സിന്റെ വിമാനത്തിൽ, ടര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ട്രാൻസിറ്റ് ഉൾപ്പെടെ മൂന്നു മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിൽ ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിലെത്തി. റോമ ടെര്‍മിനി റെയില്‍വെ സ്‌റ്റേഷനടുത്തുള്ള രണ്ടുമുറി അപ്പാര്‍ട്‌മെന്റിൽ താമസം നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇറ്റലിയിലെ പ്രധാന ആകർഷണങ്ങളുടെ ലിസ്റ്റിന് നല്ല നീളമുണ്ട്. കൊളോസിയം, പിസാഗോപുരം, പാന്തിലോൺ, റോമൻ ഫോറം, ട്രെവി ഫൗണ്ടൻ, സ്പാനിഷ് െസ്റ്റപ്സ്, വിക്ടർ ഇമ്മാനുവൽ രണ്ടാമൻ സ്മാരകം, പാലറ്റിൻ ഹിൽ, പിയാസ നവോന.... എണ്ണിയാൽ തീരാത്ത ആ കാഴ്ചകളുടെ, ചരിത്രശേഷിപ്പുകളുടെ പറുദീസയിലേക്ക്...

ഫ്‌ളോറന്‍സ്, കലയുടെ തിരുമുറ്റത്ത്.

പിറ്റേ ദിവസം രാവിലെ റോമ ടെര്‍മിനി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ഫ്‌ളോറന്‍സിലേക്ക് യാത്ര തിരിച്ചു. കലയുടെയും പാരമ്പര്യത്തിന്റെയും ലോകത്തിന് നല്‍കിയ സംഭവനകളുടെ കാര്യത്തില്‍ കലയുടെ തിരുമുറ്റം എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് എന്ന നഗരത്തിന്റെ സ്ഥാനം ലോകത്തെ മറ്റേതു സ്ഥലത്തിനേക്കാളും ഏറെ മുന്നിലാണ്. തെരുവീഥികളിലൂടെ നടക്കുമ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും കൊത്തുപണികളും ചിത്രപ്പണികളും കൊണ്ട് കാഴ്ചകൾ സമ്പന്നമാക്കുകയാണ് ഫ്‌ളോറന്‍സ്. ഉദാത്തമായ കലാസൃഷ്ടികള്‍ കണ്ട് കണ്ട് ഫ്‌ളോറന്‍സിലെത്തുന്ന സഞ്ചാരികൾക്ക് ഒരു തരം ഉന്‍മാദാവസ്ഥ അനുഭവപ്പെടുത്തത് പതിവാണത്രെ! സ്‌റ്റെന്താള്‍ സിന്‍ഡ്രോം എന്നു പേരുള്ള ഈ അവസ്ഥ ഫ്‌ളോറന്‍സ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. അൽപനേരമൊന്ന് കണ്ണുകളടച്ച് റിലാക്‌സ് ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ സ്‌റ്റെന്താള്‍ സിന്‍ഡ്രോം.

italy9

ഫ്‌ളോറന്‍സിലെ പ്രധാന ആകര്‍ഷണം സാന്റാ മരിയ കത്തീഡ്രല്‍ ആണ്. ലോകപ്രശസ്ത ശിൽപിയായ ബ്രൂനലേച്ചി രൂപകൽപന ചെയ്ത വലിയ കുംഭഗോപുരമാണ് കത്തീഡ്രലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. സമ്പന്നമായ ശില്പകലയുടെ മകുടോദാഹരണമാണ് ഈ കത്തീഡ്രല്‍ എന്ന് നിസ്സംശയം പറയാം. കത്തീഡ്രലിനോട് ചേര്‍ന്നാണ് ബെല്‍ ടവര്‍. ഗോഥിക് ശൈലിയിലുള്ള വാസ്തുവിദ്യയാണ് 84.7 മീറ്റര്‍ ഉയരമുള്ള ഈ ബെല്‍ ടവറിന്റെ നിര്‍മാണത്തിന് അവംലംബിച്ചിരിക്കുന്നത്. അതിന്റെ ഏറ്റവും മുകള്‍ത്തട്ട് വരെയുള്ള കയറ്റം ഏറെ ശ്രമകരവും അതിലേറെ ആസ്വാദ്യകരവും, കൂടെ സാഹസികവുമായിരുന്നു. അതിന്റെ ഒരു തട്ടില്‍ നിന്നും അടുത്ത തട്ടിലേക്ക് പോകാനുള്ള പടിക്കെട്ടുകള്‍ കഷ്ടിച്ച് ഒരാള്‍ക്ക് പോകാവുന്നത്രയും ഇടുങ്ങിയതും അല്പം ചരിഞ്ഞതുമാണ്. ഭീമന്‍ മണിയുള്ള ഏറ്റവും മുകളിലെ തട്ടില്‍ നിന്നും നോക്കുമ്പോള്‍ ഫ്‌ളോറന്‍സ് നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒരൊറ്റ ഫ്രെയിമില്‍ ഒതുക്കിയ അനുഭൂതിയാണ്. തൊട്ടടുത്തു തന്നെയുള്ള സാന്റാ മരിയ കത്തീഡ്രലിനെ ഒരു ശിൽപം പോലെ അടുത്തു കാണാനായതും വലിയ അനുഭവമായി.

ചെരിഞ്ഞ ഗോപുരം കാണാൻ

italy4

പിറ്റേന്ന് അതിരാവിലെ ഫ്‌ളോറന്‍സിൽ നിന്നും ട്രെയിനില്‍ പിസയിലേക്ക്. പിസയിലെ ചെരിഞ്ഞ ഗോപുരം എന്ന ലോകവിസ്മയം കാണാതെ ഇറ്റലി യാത്ര പൂര്‍ണമാകുമോ? ഫ്‌ളോറന്‍സില്‍ നിന്നും ഒരു മണിക്കൂര്‍ ട്രെയിൻ യാത്രയേയുള്ളൂ പിസയിലേക്ക്. ട്രെയിന്‍ േസ്റ്റഷനില്‍ നിന്നും ചെരിഞ്ഞ ഗോപുരത്തിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നെങ്കിലും നടന്നുപോകാൻ തീരുമാനിച്ചു. ഇറ്റലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള വഴിയിലൂടെയാണ് നടക്കുന്നതെങ്കിലും ഒട്ടും തിരക്കനുഭവപ്പെട്ടില്ല. ലീനിംഗ് ടവറിനു മുകളില്‍ കയറാനുള്ള ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. അവിടെ ചെന്ന് ടിക്കറ്റ് എടുക്കാമെന്നു വെച്ചാല്‍ കിട്ടില്ല. അത്രയ്ക്കുണ്ട് സഞ്ചാരികളുടെ തിരക്ക്. കടുത്ത ശൈത്യകാലത്തും പിസയിലെ തിരക്ക് കുറയില്ലത്രെ.

നിര്‍മാണം നടന്നുകൊണ്ടിരിക്കെ ലീനിംഗ് ടവര്‍ ചെരിയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നിര്‍മണം നിര്‍ത്തിവെച്ചു, പിന്നീട് നൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ നിര്‍മാണം പുനരാരംഭിച്ചത്. പിന്നെയും വര്‍ഷങ്ങള്‍ എടുത്തു നിർമാണം പൂർത്തിയാകാൻ. ഇതിന്റെ ബെയ്‌സ് കളിമണ്ണും ചളിയും ചേര്‍ത്ത് നിര്‍മിച്ചതാണത്രെ ചെരിയാന്‍ കാരണം. 1173ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ ടവര്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും ചരിഞ്ഞുകൊണ്ടേയിരിക്കുകയാണത്രേ. അതുകൊണ്ടുതന്നെ ഇതിന്റെ ചെരിവു കുറക്കാനുള്ള പ്രവര്‍ത്തനം ഇന്നും തുടരുന്നു. രണ്ടാം ലോക മഹായുദ്ധം അതിജീവിച്ച ഇറ്റലിയിലെ ഉയരം കൂടിയ ഏക ടവര്‍ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ പീസാ ഗോപുരത്തിന്. ലീനിംഗ് ടവറിനോടു ചേര്‍ന്ന് വിശാലമായ പുല്‍ത്തകിടിക്കു നടുവില്‍ കത്തീഡ്രലും അതിനോടു ചേര്‍ന്നുള്ള ബാപ്റ്റിസ്ട്രിയും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

italy2

വൈകുന്നേരത്തോടെ പിസയില്‍ നിന്നും ഫ്‌ളോറന്‍സില്‍ തിരിച്ചെത്തി. ആ രാത്രി കൂടിയേ ഫ്‌ളോറന്‍സില്‍ ഉള്ളൂ. ഫ്‌ളോറന്‍സിലെ അവസാന സായാഹ്നം പരമാവധി മുതലാക്കാന്‍ തീരുമാനിച്ചു. ചെറുതായി പെയ്യുന്ന മഴയില്‍ ലോകത്തിലെ മുന്‍നിര ഫാഷന്‍ സ്ട്രീറ്റുകളിലൊന്നായ ഫ്‌ളോറന്‍സിന്റെ തെരുവിലൂടെ ഇടക്ക് ജെലാറ്റോയും, നല്ല ചൂടു ചെസ്‌നട്ടുമെല്ലാം വാങ്ങിക്കഴിച്ചു മുന്നോട്ടു പോയപ്പോള്‍, ഫ്‌ളോറന്‍സിനെ രണ്ടായി പകുത്തുകൊണ്ട് സ്വച്ഛമായി ഒഴുകുന്ന ആര്‍നോ നദിയുടെ കുറുകെയുള്ള പാലത്തിനടുത്തെത്തി. (പോണ്ടെ വെചിയോ പാലമാണത്രെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് തകര്‍ക്കപ്പെടാതിരുന്ന ഏക പാലം). അവിടുന്നങ്ങോട്ട് ആര്‍നോയുടെ മറുകരയിലേക്ക് ഫ്‌ളോറന്‍സിന്റെ വേറൊരു മുഖം ആണ് കാണാനാവുക. പാലം മുതല്‍ തന്നെ ഒരു ഉത്സവ പ്രതീതി. പാലത്തിനിരുവശത്തുമായി നിരനിരയായി ടെന്റുകൾ. അതിൽ പല തരത്തിലുള്ള ആഭരണങ്ങള്‍ വിൽക്കാന്‍ വച്ചിരിക്കുന്നു.

italy6

ഇറ്റലിയുടെ ഗ്രാമ കാഴ്ചകൾ

പിറ്റേ ദിവസം ഒരു കാർ വാടകക്കെടുത്ത് ടസ്‌കനിയുടെ ഉള്ളറകളിലൂടെയുള്ള യാത്രയാരംഭിച്ചു. നവംബര്‍ മാസത്തിന്റെ അവസാനമായിരുന്നത് കൊണ്ട് മരങ്ങളിലെല്ലാം ഇലയുണ്ടായിരുന്നു. പല നിറത്തിലുള്ള ഇലകൾ. പച്ചയും മഞ്ഞയും ഓറഞ്ചും കലര്‍ന്ന ‘ഇലവസന്തം’. ചിത്രങ്ങളിൽ മാത്രം കണ്ട ആ കാഴ്ച നേരിട്ടനുഭവിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ടസ്‌ക്കന്‍ ഉള്‍ഗ്രാമങ്ങളിലൂടെ കാർ മുന്നോട്ടു നീങ്ങി. വഴിയില്‍ ഇടയ്ക്ക് വണ്ടി നിര്‍ത്തി, പരമാവധി ആ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും, ഫോട്ടോകള്‍ എടുത്തുമെല്ലാം ഒട്ടും തിരക്കു പിടിക്കാതെയായിരുന്നു ആ യാത്ര. യാത്രയുടെ അവസാനത്തെ ലക്ഷ്യസ്ഥാനം സോവിസില്‍ എന്ന സ്ഥലത്തെ ബി ഏന്റ് ബി കാസ ഗിയോലി എന്ന എയര്‍ബിഎന്‍ബി ആയിരുന്നു. അവിടേക്കുള്ള യാത്രയ്ക്കിടെ എത്തിപ്പെട്ട ഗ്രീവ് എന്ന ഗ്രാമത്തില്‍ നിന്നും അന്നത്തെ ഉച്ചഭക്ഷണം കഴിച്ചു. കാസ ഗിയോലിയില്‍ എത്തുമ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.

italy5

400 വര്‍ഷത്തിലധികം പഴക്കമുള്ള കാഴ്ചയില്‍ ഒരു കാസില്‍ പോലെയുള്ള ഒരു വീടായിരുന്നു അത്. ബ്രിട്ടിഷ് ദമ്പതികളായ അന്നയും ഫ്രാങ്കും വളരെ നല്ല ആതിഥേയരായിരുന്നു. 2 ഡിഗ്രി സെല്‍ഷ്യസിന്റെ അരിച്ചു കയറുന്ന തണുപ്പില്‍ എയര്‍കണ്ടീഷന്‍ സംവിധാനമൊന്നുമില്ലാത്ത, മരവും കല്ലും മണ്ണും ഉപയോഗിച്ചുണ്ടാക്കിയ ആ വീട്ടില്‍, ഹോളിവുഡ് സിനിമകളില്‍ കണ്ടും, വായിച്ചും മാത്രം പരിചയമുള്ള ഫയര്‍പ്ലേസിനരികത്തിരുന്നു ചൂടു കാഞ്ഞിരുന്നത് വേറിട്ട അനുഭവമായി. പിറ്റേന്ന് വിപുലമായൊരു ബ്രിട്ടിഷ് ബ്രേക്ഫാസ്റ്റും കഴിച്ച് വീടിനോടു ചേര്‍ന്ന തോട്ടത്തില്‍ അൽപ സമയം ചിലവഴിച്ചു. കക്ക ഫ്രൂട്ട് വിളഞ്ഞു നില്‍ക്കുന്ന മരങ്ങളും അത്യാവശ്യം പച്ചക്കറികളും ഉണ്ടായിരുന്നു ആ തോട്ടത്തില്‍. അവിടെ നിന്നും വെറും 18 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിയെന കത്തീഡ്രല്‍ കാണാനിറങ്ങി. ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മനോഹരമായ കത്തീഡ്രല്‍ ആണ് സിയെനയിലേത്. കത്തീഡ്രല്‍ സന്ദര്‍ശനത്തിനു ശേഷം സിയെന ഒന്നു ചുറ്റിക്കറങ്ങി കണ്ടു. ക്രിസ്മസിന് ഇനിയും ആഴ്ചകള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും സിയെനയിൽ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. അലങ്കരിച്ചു വച്ചിരുന്ന ഒരു ഭീമന്‍ ക്രിസ്മസ് ട്രീയായിരുന്നു പ്രധാന ആകർഷണം. സിയെന കണ്ടു മതിയാവാതെ തിരിച്ച് കാസ ഗിയോലിയിലേക്കും അവിടെ നിന്ന് പിറ്റേന്ന് പുലര്‍ച്ചെ റോമിലേക്കും തിരിച്ചു.

ചരിത്രശേഷിപ്പിന്റെ റോം

italy8

ദുബായിലേക്കു തിരിച്ച് പോകാനുള്ള വിമാനം റോമില്‍ നിന്നുമായതിനാല്‍ അവസാന രണ്ടു ദിവസങ്ങള്‍ റോം കാണാൻ മാറ്റി വച്ചു. പാന്തിയോണ്‍ ടെമ്പിള്‍, ട്രെവി ഫൗണ്ടന്‍, റോമന്‍ ഫോറം, കൊളോസിയം, പിന്നെ വത്തിക്കാന്‍... സഞ്ചാരികൾക്ക് റോം കാഴ്ചയുടെ ഒരു വിരുന്നൊരുക്കുന്നുണ്ട്. സഞ്ചാരികളുടെ ബാഹുല്യം അനുഭവപ്പെട്ടിരുന്നെങ്കിലും ആ തിരക്കിലൂടെ അങ്ങനെ ഒഴുകി നീങ്ങുന്നത് ശരിക്കും ആസ്വദിക്കാം. റോമന്‍ ഫോറം ചുറ്റിക്കാണുമ്പോള്‍ ജൂലിയസ് സീസര്‍ എന്ന പേരോര്‍മ വന്നു. ഡിഗ്രി രണ്ടാം വര്‍ഷം പഠിച്ച ഷെയ്ക്‌സ്പിയറിന്റെ ജൂലിയസ് സീസറിലെ 'Friends, Romans, Countrymen, lend me your ears...' എന്നു തുടങ്ങുന്ന മാര്‍ക് ആന്റണിയുടെ പ്രസംഗം ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി. റോം കാണാനെത്തുന്നവരുടെ സ്ഥിരം ലിസ്റ്റില്‍ ഇല്ലാത്തൊരിമാണെന്നു തോന്നുന്നു. നൈറ്റ്‌സ് ഓഫ് മാള്‍ട്ട ആശ്രമം. കാരണം സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്ന റോമിലെ മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് ഇവിടെ സന്ദര്‍ശകര്‍ വളരെ കുറവായിരുന്നു. അവെന്റൈന്‍ ഹില്‍സിലെ ഈ ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വില്ലയുടെ പച്ച നിറത്തിലുള്ള വലിയ കവാടത്തിലെ ഒരു കീഹോള്‍ ആണ് ഈ ഭാഗത്തേക്ക് വരുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഒരു കീഹോളിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. ഇതിലൂടെ നോക്കിയാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക താഴികക്കുടം കാണാം. അതുതന്നെയാണിതിന്റെ സവിശേഷതയും.

റോമിനുള്ളില്‍ തന്നെയാണെങ്കിലും വത്തിക്കാന്‍ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് പോപ്പ് ഭരിക്കുന്ന ഈ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും, വത്തിക്കാന്‍ മ്യൂസിയവും, സിസ്റ്റീന്‍ ചാപ്പലും ‘ഓടിനടന്നു’ കണ്ടു. വത്തിക്കാൻ എന്ന കുഞ്ഞുരാജ്യത്തെ കാഴ്ചയിലുൾപ്പെടുത്തിയതിനാൽ ഈ യാത്ര രണ്ടു രാജ്യങ്ങളുടെ സന്ദർശനം കൂടിയായി.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories