Monday 27 December 2021 02:49 PM IST : By Navami Shajehan, Software Engineer, Sievo Oy, Helsinki, Finland

ചൈനയിലെ വന്മതിൽ പോലെയല്ല, ബെർലിൻ മതിൽ; കാഴ്ചയും കണ്ണീരും ഇഴചേർന്ന അനുഭവം!

shutterstock_364621160

ബെർലിൻ എന്ന് കേൾക്കുമ്പോഴേ മനസിൽ വരുന്നത് ബെർലിൻ മതിലാണ്. ലോകമഹായുദ്ധങ്ങൾ ഓരോന്നും ആഴത്തിൽ അനുഭവിച്ചറിഞ്ഞ പ്രൗഢ നഗരം! ഒരു മഹായുദ്ധങ്ങൾക്കും തങ്ങളെ ദുർബലരാക്കാൻ ആവില്ല എന്ന ദൃഢ നിശ്ചയത്തോടുകൂടി ശിരസ്സുയർത്തി നിൽക്കുന്ന ജർമൻ തലസ്ഥാന നഗരം. ഒരിക്കലെങ്കിലും അവിടെ സന്ദർശിക്കണം എന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. അത് സാധ്യമായത് ഒരു ഓദ്യോഗിക യാത്രയുടെ ഭാഗമായാണ്.

 കൊടും തണുപ്പിനെ വരവേൽക്കാനുള്ള ആലസ്യത്തിൽ മയങ്ങി നിൽക്കുന്ന ഹെൽസിങ്കി നഗരത്തിൽ നിന്നും അൽപം വ്യത്യസ്തമായിരുന്നു ബെർലിനിലെ കാലാവസ്ഥ. എങ്കിലും എല്ലാവർക്കും നേർത്ത കമ്പിളി വസ്ത്രങ്ങൾ അവിടെയും ധരിക്കേണ്ടി വന്നു. സെൻട്രൽ േസ്റ്റഷന് സമീപത്തുള്ള മെയ്‌നിങ്കർ എന്ന ഹോട്ടലിലായിരുന്നു താമസം. മൂന്ന് ദിവസത്തെ യാത്രയാണ് പ്ലാനിൽ.

Berlincathedral44

ആവേശമുണര്‍ത്തിയ നഗരംചുറ്റൽ

ബെർലിൻ നഗരം നടന്നു ചുറ്റി സഞ്ചരിക്കാനായിരുന്നു ആദ്യ തീരുമാനം. ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുന്ന സംഭാഷണപ്രിയനായ ഒരു ഗൈഡ് എല്ലാം വിശദമായി പറഞ്ഞുതരാൻ കൂടെയുണ്ടായിരുന്നു. ടെലിവിഷൻ ടവറായിരുന്നു ആദ്യകാഴ്ച. കമ്മ്യൂണിസ്റ്റ് ശക്തിയുടെ സ്‌മാരകമായിട്ടാണ് ഇത് പണിതിരിക്കുന്നത് . ജർമനിയിലെ ഏറ്റവും വലുതും യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെയും വലിയ കെട്ടിടം ആണിത്. കൈകൊണ്ടു തുന്നിയ തൊപ്പിയും കയ്യുറകളുമൊക്കെ വിൽക്കുന്ന കടകൾ ചുറ്റിലുമുണ്ട്. ഡി ആർ മ്യൂസിയം, സ്പ്രീ നദിയോട് ചേർന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ബെർലിനെർ ഡോം ഈ നദിയുടെ മറു വശത്തതായി നിലകൊള്ളുന്നു . ബെർലിൻ കത്തീഡ്രൽ ആണ് ബെർലിനെർ ഡോം. ബെർലിനെർ ഡോം നിലകൊള്ളുന്നത് മ്യൂസിയം ഐലൻഡിൽ ആണ്. കിഴക്കൻ ജർമനിയുടെ ജീവിത രീതികളെകുറിച്ച് പ്രതിപാദിക്കുന്ന മ്യൂസിയമാണ് ഡി ഡി ആർ മ്യൂസിയം. അവരുടെ ദൈനംദിന ജീവിത ശൈലികളും ബെർലിൻ മതിലിനെ കുറിച്ചും പടിഞ്ഞാറൻ ജർമനിയുമായുള്ള വിഭജനത്തെക്കുറിച്ചുമൊക്കെ കൂടുതലായി അറിയാൻ അവിടെ കയറാമെന്നു ഗൈഡ് നിർദ്ദേശിച്ചു. ഏകദേശം 9 യൂറോ ആണ് ഒരാളുടെ പ്രവേശനനിരക്ക്.

random

മ്യൂസിയം ഐലൻഡ്

മ്യൂസിയം ഐലൻഡിലെ ആൾട്ടാസ് മ്യൂസിയത്തിനു മുൻപിലാണ് ഞങ്ങൾ എത്തിയത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ മ്യൂസിയം ആണിത് . എല്ലാ പ്രധാനപ്പെട്ട മ്യൂസിയങ്ങളും മ്യൂസിയം ഐലൻഡിലാണത്രെ. അഞ്ച് മ്യൂസിയങ്ങളുടെ സമുച്ചയമാണ് ഈ ഐലൻഡ്. 1800 കളിൽ നിർമിച്ച ആൾട്ടാസ് മ്യൂസിയം നിയോക്ളാസ്സിക്കൽ ശൈലിയിലാണ് പണിതിരിക്കുന്നത്. പ്രഷ്യൻ രാജകുടുംബത്തിന്റെ കലകളുടെ ഒരു സമാഹരണമായിട്ടാണ് ഇത് രൂപകൽപന ചെയ്യപ്പെട്ടത്. ആൾട്ടാസ് മ്യൂസിയത്തിന്റെ ഒരു വശത്തായി പഴയ നാഷണൽ മ്യൂസിയം കാണാം . സ്പ്രീ നദിയുടെ വടക്കുവശത്തായിട്ടാണ് ഈ ഐലൻഡ്.

Berlin-Victory-column

1999 ൽ ഈ മ്യൂസിയസമുച്ചയം യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം നേടി. മ്യൂസിയത്തിനു മുൻപിലുള്ള വിശാലമായ പുൽത്തകിടിയിൽ പല വിനോദ സഞ്ചാര സംഘങ്ങളെയും അവരുടെ ഗൈഡുകളെയും കാണാം. ഗൈഡ് ബെർലിനെർ ഡോമിനേകുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. 1905 ൽ നിർമിച്ചതാണെങ്കിലും ഈ കെട്ടിടത്തിന് കൂടുതൽ കാലപ്പഴക്കം തോന്നും. പാലസ് ഓഫ് ദി റിപ്പബ്ലിക്ക് കെട്ടിട സമുച്ചയമായിരുന്നു അടുത്ത പ്രധാനകാഴ്ച. വെങ്കല കണ്ണാടികൾ കൊണ്ടുള്ള ജനലുകളാണ് കെട്ടിടത്തിൽ ഏറ്റവും ആകർഷണീയമായി തോന്നിയത്. 1976 മുതൽ 1990 വരെ ജി ഡി ർ (ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്) പാർലമെൻറ് ഈ കെട്ടിടത്തിൽ ആയിരുന്നു.

HumboldtUniversity.1

ദുഃഖം കനത്തുനിൽക്കുന്ന കാവൽക്കാരുടെ വീട്

അടുത്ത സന്ദർശനം നുവെ വെച്ചേ എന്ന പ്രസിദ്ധമായ സ്മാരകത്തിലേക്കായിരുന്നു .നുവെ വെച്ചേ എന്ന ജർമൻ പദത്തിൻറെ അർത്ഥം കാവൽക്കാരുടെ പുതിയ വീട് എന്നാണ് . 1818ൽ പണികഴിക്കപ്പെട്ടുവെങ്കിലും കാലഘട്ടത്തിനനുസരിച്ചു ഈ സ്മാരകത്തിന്റെ ഉദ്ദേശവും മാറിക്കൊണ്ടിരുന്നു. കാവൽക്കാരുടെ വീടായാണ് ഇത് ആദ്യം നിർമ്മിച്ചത്. അതിനു ശേഷം ഒന്നാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായും പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിൻറെ സ്‌മാരകമായും ഇത് അറിയപ്പെട്ടു. എന്നാൽ ഇപ്പോൾ പൊതുവെ ലോകമഹായുദ്ധങ്ങളിൽ ബലിയാടായവരുടെയും നിഷ്‌ഠുരഭരണത്തിന്റെയും സ്വേച്ഛാധിപത്യ പ്രവൃത്തികളുടെയും ഒരു സ്മാരകമായിട്ടാണ് ഇത് അറിയപ്പെടുന്നത്.

TrabiMuseum1

മാതാവു തന്റെ മരിച്ച പുത്രനെ മടിയിൽ കിടത്തിയിരിക്കുന്ന മാതൃകയിലുള്ള പ്രതിമയാണ് ഇവിടത്തെ ഹൃദയ ഭേദകമായ കാഴ്ച. കാതെ കൊൾവിട്സ് എന്ന ജർമൻ ശിൽപി ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട തന്റെ ഇളയ പുത്രന്റെ ഓർമയ്ക്കായി രൂപകൽപന ചെയ്തതാണിത്. ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലേക്കായിരുന്നു അടുത്ത യാത്ര. 55 നോബൽ സമ്മാന വിജയികളെ ലോകത്തിനു സമ്മാനിച്ച സരസ്വതി ക്ഷേത്രമാണിത്. 1810 ൽ തുറന്ന ഈ സര്‍വകലാശാല ബെർലിനിലെ പ്രാചീനമായ സർവകലാശാലകളിൽ ഒന്നാണ്. ആൽബർട്ട് ഐൻസ്റ്റീന് ഈ യൂണിവേഴ്സിറ്റിയുമായി ബന്ധമുണ്ടായിരുന്നു.

HumboldtUniversity55

എരിഞ്ഞടങ്ങിയ പുസ്തകങ്ങൾ

ബെബെൽപ്ലാറ്സിലെ 'ബുക്ക് ബെർണിങ് ' സ്മാരകം ആയിരുന്നു അടുത്ത പ്രധാനപ്പെട്ട കാഴ്ച. ഗ്ലാസ് പാളികളിലൂടെ താഴേക്ക് നോക്കിയാൽ ശൂന്യമായ അനേകം പുസ്തക തട്ടുകൾ കാണാം. 1933 മെയ് മാസം പത്താം തീയതി നാസി അനുകൂലികളായ വിദ്യാർത്ഥികൾ ഏകദേശം 20000 ത്തോളം പുസ്തകങ്ങൾ കത്തിച്ചു ചാമ്പലാക്കി. ജൂത, സ്വതന്ത്ര ചിന്താഗതിക്കാരായ എഴുത്തുകാരുടെ പുസ്തകങ്ങളാണ് പ്രധാനമായും അന്ന് നാശമാക്കപ്പെട്ടത്. 1995 മാർച്ച് 20 ന് ഇസ്രായേൽ കലാകാരനായ മിച്ച ഉൽമാൻ ആണ് ഈ അർത്ഥവത്തായ സ്മാരകം രൂപകല്‌പന ചെയ്തത്.

berlinhhfd

ബെർലിനിലെ സ്‌മാരകചിഹ്നങ്ങളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ ആകർഷണീയമായ ചോക്ലേറ്റുകൾ വിൽക്കുന്ന ഒരു കട ഗൈഡ് ശ്രദ്ധയിൽപ്പെടുത്തി. പ്രധാനമായും കൈസർ വിൽഹെം മെമ്മോറിയൽ ചർച്ചിന്റെ ആകൃതിയിലുള്ള ചോക്ലേറ്റ് വളരെ രസകരമായി തോന്നി .രണ്ടാം ലോക മഹായുദ്ധകാലത്തു 1945ൽ നശിപ്പിക്കപ്പെട്ട ഈ സ്മാരകം ഇപ്പോഴും പടിഞ്ഞാറൻ ജർമനിയുടെ ഓർമയ്ക്കായി അതേ മുറിപ്പാടുകളോടെ നിലനിർത്തിയിരിക്കുന്നു. ഈ പള്ളിയുടെ ഇപ്പോഴത്തെ വിളിപേര് 'പൊള്ളയായ പല്ല്' എന്നർത്ഥം വരുന്ന ജർമൻ വാക്കാണ്. മുകൾ ഭാഗം വേർപെട്ടു നിൽക്കുന്ന ഈ സ്മാരകം സഞ്ചാരികൾക്ക് ഒരു അത്ഭുതക്കാഴ്ച തന്നെ.

AltesMuseum

ചെക്‌പോയിന്റ് ചാർളിയും പ്രീമിയർ പദ്‌മിനിയും

ചെക്‌പോയിന്റ് ചാർളിയിലേക്കായിരുന്നു അടുത്ത യാത്ര. ചെക്‌പോയിന്റ് ചാർളി എന്നുള്ള പേര് വളരെ രസകരമായി തോന്നിയെങ്കിലും അവിടുത്തെ സമ്മർദ്ദം നിറഞ്ഞു നിന്ന കഥകൾ കേട്ടപ്പോൾ അത്ര രസകരമായി തോന്നിയില്ല. പ്രധാനമായും ശീതയുദ്ധകാലത്തു കിഴക്കൻ പ്രവിശ്യക്കും പടിഞ്ഞാറൻ പ്രവിശ്യക്കും ഇടയിൽ ഔദോഗികമായി അതിര് കടക്കാനുള്ള സ്ഥലമായിരുന്നു ഇത് . ജനങ്ങൾ കിഴക്കൻ ജർമനിയിൽ നിന്നും ഇതുവഴി രക്ഷപ്പെടാനും ശ്രമിച്ച കഥകളുമുണ്ട്. സഞ്ചാരികളെ ആകർഷിക്കുവാൻ പാട്ടാളക്കാരുടെ വേഷങ്ങൾ ധരിച്ചു നിൽക്കുന്നവരെ എപ്പോഴും ഇവിടെ കാണാൻ കഴിയും. ചെക്‌പോയിന്റ് ചാർളിക്കടുത്താണ് 'ട്രാബി മ്യൂസിയം’. കിഴക്കൻ ജർമനിയുടെ പ്രതീകാത്മകമായ മോട്ടോർവാഹനമായിരുന്നു ട്രാബെന്റ്‌ അഥവാ ട്രാബി. ട്രാബി കാറിലിരുന്നു ബെർലിൻ നഗരം ചുറ്റിക്കാണുവാനും അവസരമുണ്ട്. ഒറ്റ നോട്ടത്തിൽ നമ്മുടെ പഴയ പ്രീമിയർ പദ്‌മിനിയോട് സാദൃശ്യം തോന്നിയ ആ കാറിനു മുൻപിൽ നിന്നും ഫോട്ടോ എടുക്കാൻ എന്തായാലും മറന്നില്ല.

അടുത്ത സന്ദർശനം ഹോളോകോസ്റ് സ്മാരകത്തിലേക്കായിരുന്നു. ഈ സ്മാരകത്തിന്റെ രൂപരേഖ തന്നെ പ്രത്യേകതകൾ നിറഞ്ഞതാണ് . വ്യത്യസ്തമായ വലുപ്പത്തിലുള്ള ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിരത്തി വച്ചിരിക്കുന്നു. അതിനിടയിൽ കയറിയാൽ നമുക്ക് ദിശാ ബോധം നഷ്ടമാകുന്ന പോലുള്ള ഒരു അനുഭവമാണ് . ഹോളോകോസ്റ്റിനകത്തു അകപ്പെട്ടവരുടെ അവസ്ഥയോട് നീതിപുലർത്താനാണത്രെ ഈ സ്മാരകവും അങ്ങനെ നിർമിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചു വിവരിക്കുമ്പോൾ ജൂത വംശജനായ ഗൈഡിന്റെ മുഖത്ത് ഒരു നിർവികാരത നിഴലിച്ചപോലെ തോന്നി.

holocaust-memorial1

ബെർലിൻ മതിലിന്റെ ആര്‍ദ്രത തൊട്ടറിഞ്ഞ് 

ണ്ടാം ദിവസം ഞങ്ങൾ 'ഹോപ് ഓൺ ഹോപ് ഓഫ്' എന്ന ബസ് യാത്രയാണ് തിരഞ്ഞെടുത്തത് (ഏതു പ്രധാനപ്പെട്ട യൂറോപ്യൻ നഗരങ്ങളിലും ബസിൽ ഇരുന്നു കാഴ്ചകൾ കാണുവാനും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ എത്തുമ്പോൾ ഇറങ്ങി കാണുവാനും കഴിയും. ഇംഗ്ലീഷിലുള്ള പ്രത്യേക വിവരണവും ഉണ്ടായിരിക്കും) ആദ്യ ദിവസത്തെ നടത്തം ശരിക്കും ക്ഷീണമുണ്ടാക്കിയിരുന്നു . മിക്കവാറും തലേന്ന് കണ്ട സ്ഥലങ്ങളും ബസിൽ ഇരുന്നു കണ്ടു. ഇന്നത്തെ ദിവസത്തെ പ്രധാന ഉദ്ദേശം ബെർലിൻ മതിലിന്റെ ഭാഗങ്ങൾ ശരിക്കും കാണുക എന്നുള്ളതായിരുന്നു. ഇപ്പോഴും വളരെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ മതിലിന്റെ ഭാഗങ്ങൾ അടർത്തികൊണ്ടു പോകാൻ വിനോദസഞ്ചാരികൾ ശ്രമിക്കാറുണ്ടത്രെ.

തികച്ചും അതിശയോക്തി തോന്നാമെങ്കിലും ഗൈഡിന്റെ അഭിപ്രായത്തിൽ ഇപ്പോൾ ബെർലിനിൽ അവശേഷിക്കുന്നതിലും കൂടുതൽ ഈ മതിലിന്റെ ഭാഗങ്ങൾ ലോകത്തിന്റെ പല ഭാഗത്തേക്കും ആളുകൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടത്രെ! ചൈനയിലെ വന്മതിൽ പോലെ അല്ല ബെർലിൻ മതിലിന്റെ കഥകൾ. നമ്മെ വിഷാദത്തിൽ ആഴ്ത്തുന്ന കഥകളാണ് ബെർലിൻ മതിലിന്റേത്. കിഴക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും തമ്മിൽ 1961 മുതൽ 1989 വരെ വേർതിരിച്ച മതിലാണിത്. ഇത് വെറുമൊരു കോൺക്രീറ്റ് മതിൽ മാത്രമായിരുന്നില്ല മറിച്ചു അനേകം കുടുംബങ്ങളെ വൈകാരികമായി വേർപെടുത്തിയ കണ്ണീർമതിലായിരുന്നു .

പ്രധാനമായും മതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ നന്നായി കാണുവാൻ സാധിക്കുന്നത് ഈസ്റ്റ് സൈഡ് ഗാലറിയിലാണ്. ലോക മഹായുദ്ധങ്ങൾക്കും പല ചരിത്ര ചരിത്രമുഹൂർത്തങ്ങൾക്കും ദൃക്‌സാക്ഷിയായ സ്പ്രി നദിയുടെ സമാന്തരമായിട്ടാണിത്. പല വിധത്തിലുള്ള ചിത്രപ്പണികൾകൊണ്ട് സമ്പന്നമായ ഈ മതിൽ 1300 മീറ്റർ നീളമുള്ളതാണ്. പിന്നീട് നിദേർകിർച്നർസ്ട്രാബെ എന്ന സ്ഥലത്തിലുള്ള മതിലിന്റെ ഭാഗങ്ങൾ കാണാൻ ഇറങ്ങി . ഇതിനോട് ചേർന്നുള്ള മ്യൂസിയം ശരിക്കും താല്പര്യം ജനിപ്പിക്കുന്നതാണ്. 'ട്രോപോഗ്രാഫി ഓഫ് ടെറർ' എന്ന പേരിലാണ് ഈ മ്യൂസിയം അറിയപ്പെടുന്നത്. ഒരു 4 മണിക്കൂർ ഉണ്ടെങ്കിൽ ഈ മ്യൂസിയം പൂർണമായും കാണുവാൻ സാധിച്ചേക്കും. മടക്കയാത്രയ്ക്ക് മുൻപ് ബെർലിൻ മതിലിന്റെ സുവനീർ വാങ്ങുവാൻ എന്തായാലും മറന്നില്ല.

Tags:
  • World Escapes
  • Manorama Traveller