Saturday 08 January 2022 02:47 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയുടെ വികൃതിപോലെ പാമുഖലി

PAMUKKALE1

ഭൂപ്രകൃതിയിലെ വിശേഷതകൾകൊണ്ട് ലോകാദ്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് നിശ്ചയമായും കൈവശപ്പെടുത്തുന്ന സ്ഥലമാണ് തുർക്കിയിലെ പാമുഖലി. വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ഒരു പ്രദേശം. തട്ടു തട്ടുകളായി കിടക്കുന്ന സ്ഫടികസമാനമായ വെട്ടിത്തിളങ്ങുന്ന പരലുകൾ... ആദ്യ കാഴ്ചയിൽ ധ്രുവപ്രദേശത്തിനു സമീപത്തോ ഹിമാനിയുടെ സമീപത്തോ ചെന്നുപെട്ടോ എന്നു തോന്നുമെങ്കിലും ഇവിടെ കാര്യമായ തണുപ്പൊന്നും ഇല്ല, വർഷത്തിൽ അധികകാലവും ഉഷ്ണം തന്നെ. മാത്രമല്ല വെൺമ പൊഴിക്കുന്ന ഈ പാളികളുടെ സമീപത്തുതന്നെ ഒട്ടേറെ ചൂടുനീരുറവകളും കാണാം. തുർക്കിയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന ഒരു സ്ഥലംകൂടിയാണ് പാമുഖലി.

ഒഴുക്കുവെള്ളം ഉറഞ്ഞുരൂപപ്പെട്ടതല്ല ഈ ഭൗമവിസ്മയം. ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ സവിശേഷ സൃഷ്ടിക്കു കാരണം. പ്രത്യേകതരം ചുണ്ണാമ്പുകല്ലാണ് ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഈ പാളികൾ. തുർക്കി ഭാഷയിൽ ‘പഞ്ഞിക്കോട്ട’ (കോട്ടൺ കാസിൽ) എന്നർഥമുള്ള പാമുഖലി ഒരു യുനെസ്കോ പൈതൃകസ്ഥാനമാണ്.

ചൂടു നീരുറവകളുടെ സമ്മാനം

തുർക്കിയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഡെനിസ്‌ലിയിലാണ് പാമുഖലി പ്രദേശം. ഈ പ്രദേശത്തെ പ്രകൃതിദത്തമായ 17 ചൂടുനീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകി, അതിലെ ധാതുക്കൾ അടിഞ്ഞുചേർന്ന് ചില രാസ, ഭൗതികമാറ്റങ്ങൾക്കു വിധേയമായതാണ് ഈ വെൺപാളികൾ. കാൽസ്യം ധാതുക്കളാൽ സമ്പന്നമായ ഈ ചൂടുനീരുറവകളിലെ ജലം പുറത്തേക്ക് ഒഴുകുംവഴി കാൽസ്യം കാർബണേറ്റും കാർബൺ ഡൈ ഒക്സൈഡും അടങ്ങുന്ന ഒരു മിശ്രിതം ജെൽരൂപത്തിൽ സമീപത്തുള്ള പാറകളിൽ അടിയും. ക്രമേണ കാർബൺ ഡൈ ഒക്സൈഡ് അന്തരീക്ഷവായുവിൽ ലയിക്കുന്നതോടെ കാൽസ്യം കാർബണേറ്റ് പരലുകൾ അടിയുകയും അത് ട്രാവർടീൻ എന്ന അവസാദശിലയായി മാറുകയും ചെയ്യുന്നു. ബിസി 8–ാം നൂറ്റാണ്ടിനും 6–ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലം മുതൽ ഈ ശിലാരൂപീകരണം നടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.

PAMUKKALE2

ലോകമെമ്പാടുംനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പാമുഖലി ഒരു ദിവസം ആസ്വദിച്ചു കാണാനുള്ള കാഴ്ചകളും അനുഭവങ്ങളും ഉണ്ട്. ട്രാവർടീൻ പാളികൾ കാണാൻ മാത്രമല്ല, അതിൽക്കൂടി നടക്കാനും സൗകര്യമുണ്ട്. എങ്കിലും ഷൂസ് ധരിക്കാൻ അനുവാദമില്ല; നഗ്നപാദരായി വേണം നടക്കാൻ. പ്രകൃതി നിർമിതമായ ഈ വിസ്മയത്തിൽ മനുഷ്യന് ഏൽപിക്കാവുന്ന ആഘാതം പരമാവധി കുറയ്ക്കാനുള്ള കരുതലിന്റെ ഭാഗമാണിത്. ചൂടുനീരുറവകളിലും കുളങ്ങളിലും കുളിക്കാനും സാധിക്കും. ട്രാവർടീൻ കല്ലുകളുടെ വശങ്ങൾ തട്ടി മുറിവേൽക്കാനും ഈർപ്പമുള്ള ചുണ്ണാമ്പുകല്ലുകളിൽ വഴുതാനും സാധ്യതയുണ്ട് എന്നതും സഞ്ചാരികൾ ശ്രദ്ധിക്കണം. സൺഗ്ലാസ് ധരിക്കുന്നതും ഈ യാത്രയിൽ നല്ലതാണ്.

ഹിരാപോളിസ്

PAMUKKALE3

പുരാതന ഗ്രീക്ക് നഗരമായ ഹിരാപോളിസിന്റെ അവശിഷ്ടങ്ങൾ പാമുഖലിയുടെ സമീപത്താണ്. യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത് ട്രാവർടീൻ നാച്ചുറൽ സൈറ്റും ഹിരാപോളിസ് ആർക്കിയോളജക്കൽ സൈറ്റും ഒരുമിച്ചാണ്. ഹിരാപോളിസിൽ 12000 പേർക്ക് ഇരിക്കാൻ സാധിക്കും വിധം നിർമിച്ച ആംഫിതീയറ്ററിന്റെ ശേഷിപ്പ് ഇന്നും പ്രൗഢമായൊരു കാഴ്ചയാണ്. മറ്റൊരു ആകർഷണം മാർക്ക് ആന്റണി ക്ലിയോപാട്രയ്ക്കു നിർമിച്ചു കൊടുത്തു എന്നു കരുതുന്ന ഒരു ഉഷ്ണജല കുളമാണ്. ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്ന ഈ കുളത്തിൽ സഞ്ചാരികൾക്ക് താൽപര്യമുണ്ടെങ്കിൽ ഒന്നു മുങ്ങി കയറാം, പ്രത്യേക ടിക്കറ്റ് എടുക്കണമെന്നു മാത്രം.