Tuesday 15 June 2021 12:46 PM IST : By Anjali Thomas

സാപ, ഭൂപടത്തിൽ വീണ്ടെടുക്കപ്പെട്ട സ്വർഗം. വിയറ്റ്നാമിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്ക് കേബിൾ കാറിൽ ഒരു യാത്ര

sapa 8

വിയറ്റ്നാമിന്റെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ലാവോ ചായിയുടെ മലനിരകളിൽ ഒതുങ്ങിക്കിടക്കുന്ന ഒരു സ്ഥലമാണ് സാപ. വിദൂരസ്ഥമായ സ്ഥാനം കണ്ടാൽ ആരും ചെന്നെത്താത്ത സ്ഥലമാണ് ഇതെന്നു തോന്നും. എന്നാൽ രണ്ടു ദശാബ്ദം മുൻപുവരെ ഒട്ടും അറിയപ്പെടാതിരുന്ന ഈ സ്ഥലം ഇപ്പോൾ സഞ്ചാരികളെക്കൊണ്ട് വീർപ്പുമുട്ടുകയാണ്.

ഔട്ട് ഡോർ ഡസ്റ്റിനേഷൻ

sapa 2

മുറിയിൽ അടച്ചിരിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് സാപ സ്വർഗം തന്നെ. വെള്ളച്ചാട്ടങ്ങളും തട്ടുതട്ടായിട്ടുള്ള നെൽപ്പാടങ്ങൾക്ക് ഇടയിലൂടെയുള്ള നടത്തവും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളും ഗംഭീരൻ പ്രകൃതി ദൃശ്യങ്ങളും ആരെയും ആകർഷിക്കും. തോട്ടത്തിൽനിന്ന് അപ്പോള്‍ പറിച്ചെടുത്ത വിഭവങ്ങളുപയോഗിച്ചുള്ള ഭക്ഷണവും ഔഷധജലത്തിൽ കുളിയും പ്രകൃതിയുടെ ഉണർവ് പകരും. തദ്ദേശീയരായ ജനവിഭാഗവുമായി ഇടപഴകുന്നതും സവിശേഷമായ അനുഭവമാകും. എന്നാൽ സാപയിലെ മറ്റെല്ലാ അനുഭവങ്ങൾക്കും മുകളിലാണ് ഇന്തോചൈനയിലെ കൊടുമുടികളുടെ മുകളിലെത്തിക്കുന്ന പതിനഞ്ചു മിനിട്ട് ദൈർഘ്യമുള്ള കേബിൾ കാർ യാത്ര.

യക്ഷിക്കഥയിലെ നഗരംപോലെ തോന്നിപ്പിക്കുന്ന സാപ പട്ടണം ഒരു തടാകത്തിനെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. ഒരു കൊച്ചു മ്യൂസിയം, ഏതാനും കാപ്പിക്കടകൾ, ലാളിത്യം നിറഞ്ഞ നോട്രഡാം കത്തീഡ്രൽ (1895 ൽ നിർമ്മിച്ചത്), ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, സൂപ്പർ മാർക്കറ്റുകൾ എല്ലാം ഈ ജലാശയത്തിന്റെ ഓരം പറ്റി വളരുന്നു. സാപയിൽ കറങ്ങാൻ ഇറങ്ങുമ്പോൾ തടാകത്തെ ആസ്പദമാക്കി വഴി നിശ്ചയിച്ചാൽ നിങ്ങൾക്ക് വഴി തെറ്റില്ല, ഉറപ്പ്. നഗരത്തിൽ അത്രമാത്രം പ്രധാനപ്പെട്ടതാണ് തടാകം. കല്ലുപാകിയ നടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ എവിടെവച്ചെങ്കിലും മോങ് അല്ലെങ്കിൽ ഡാവോ വിഭാഗത്തിൽപെട്ട കച്ചവടക്കാരികളായ സ്ത്രീകളെ കണ്ടുമുട്ടും. ‘നോ’ എന്ന വാക്ക് അറിയല്ലെങ്കിൽക്കൂടിയും അവരുടെ ഇംഗ്ലിഷ് സംസാരം നിങ്ങളെ അദ്ഭുതപ്പെടുത്തും.

സാപയിൽ വളരെപ്പെട്ടന്ന് മാറിമറിയുന്ന കാലാവസ്ഥ അനുഭവിക്കാം. മഞ്ഞുമൂടി തണുപ്പു പടർന്നതായിരുന്നു ഒരു പ്രഭാതമെങ്കിൽ അടുത്തത് തെളിഞ്ഞ സൂര്യപ്രകാശത്തിന്റെ ചൂടുപരത്തുന്നതായിരുന്നു. ഇടയ്ക്ക് ചിലപ്പോഴൊക്കെ മുറി വിട്ടു പുറത്തിറങ്ങാൻ അനുവദിക്കാതെ മഴ കോരിച്ചൊരിഞ്ഞതും മറക്കാനാകില്ല. ഇവയിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് പറയാനാകില്ല, എങ്കിലും ആ ആഴ്ച പലപ്പോഴും കാലാവസ്ഥ വലിയ കേടുപാടു സൃഷ്ടിച്ചിരുന്നു. സാപയിലേക്കു വരുന്നെങ്കിൽ ഇവിടത്തെ പ്രവചനാതീതമായ കാലാവസ്ഥ നേരിടാനും ഒരുങ്ങിയിരിക്കുക...

അറിയാം സാപയിലെ വംശീയ ന്യൂനപക്ഷത്തെ

sapa 3

ഹോങ് ലീൻ സൺ പർവത നിരകളിലെ വിലമതിക്കാനാകാത്ത രത്നക്കല്ല് എന്നു പറയാവുന്ന സാപ അഞ്ച് വംശീയ ന്യൂനപക്ഷങ്ങളുടെ വാസസ്ഥാനംകൂടിയാണ്. പലരും കേട്ടു പരിചയിച്ചിട്ടുള്ള മോങ് വിഭാഗം (ചൈനീസ് ഭാഷയിൽ പൂച്ച എന്നർഥമുള്ള ‘മിയാവോ’ എന്നും പേരുണ്ട്), റെഡ് ഡാവോ (അഥവാ ‘യാവോ’, ചൈനീസിൽ കുറുക്കൻ എന്നർഥം) എന്നിവരെ കൂടാതെ ടെ, ഗിയെ, ഫു ല എന്നീ ഗോത്രങ്ങളും ഇവിടുത്തുകാരാണ്. തലേക്കെട്ടിന്റെ നിറം കൊണ്ടോ അല്ലെങ്കിൽ തൊഴിൽ കൊണ്ടോ ഇവരെ തിരിച്ചറിയാൻ സാധിക്കും. മോങ്ങുകൾ വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും കഴിയുന്നവരാണ്, ഡാവോക്കാർ കൂടുതലും കൃഷിക്കാരും കുറെക്കൂടി കലാപരമായി ജീവിക്കുന്നവരും ആണ്. 18–ാം നൂറ്റാണ്ടിൽ ചൈനയിൽനിന്ന് കുടിയേറിയ ഈ ഗോത്രവിഭാഗങ്ങൾ പാശ്ചാത്യ സ്വാധീനം തൊട്ടുതീണ്ടാതെ തങ്ങളുടെ വംശീയമായ അസ്തിത്വം അതേപടി കാത്തുസൂക്ഷിക്കുന്നു. അവരോടൊപ്പം ഒരു ദിനം ചെലവിട്ടാൽ അത് പഴയ ഏതോ കാലത്തേക്കുള്ള ഒരു വാതായനം തുറന്നിടന്നതുപോലെയാണ്.

നടക്കാം നാട്ടുകാർക്കൊപ്പം

കൃത്യമായ നടപ്പാതകളൊന്നും നോക്കേണ്ടതില്ല, നടക്കുന്ന വഴികളെല്ലാം തന്നെ മലമുകളിലേക്കു നീളുന്നു. ഈ നടവഴികളുടെ ഇരുവശത്തും ഗ്രാമങ്ങളും തട്ടു തട്ടായിട്ടുള്ള നെൽപാടങ്ങളും മലകളോടൊട്ടി കിടക്കും. എന്നിരിക്കിലും തദ്ദേശീയ ജനങ്ങളുടെ ജീവിതത്തെ തനതായ രൂപത്തിൽ കാണാൻ സാധ്യതയുള്ള ചില പ്രത്യേക ട്രെക്കിങ് റൂട്ടുകൾ ഉണ്ട്. ട്രെക്കിങ്ങിനിടയിൽ ആരോടെങ്കിലും സംസാരിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരു ടെക്സ്‌റ്റ് മെസേജ് അയച്ചുകൊണ്ടോ നിന്നാൽ അല്ലങ്കിൽ പാട്ടുപാടി പാറക്കല്ലുകളോ ചതുപ്പുനിലങ്ങളോ ചാടിക്കടന്നു പോകുമ്പോൾ, പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുമ്പോൾ കൂട്ടംകൂടി എത്തുകയും ഒപ്പം കൂടുകയും ചെയ്യുന്നത് ഇവിടുത്തെ ഗ്രാമീണരുടെ പ്രകൃതമാണ്. ഇതൊക്കെ യാത്രാനുഭവത്തിന്റെ ഭാഗംതന്നെ.

ട്രെക്കിങ്ങും ഹൈക്കിങ്ങും ആണ് സാപയിലെ രണ്ടു പ്രധാന ആകർഷണങ്ങൾ. എന്നാൽ നിങ്ങൾ ഒറ്റയ്ക്കു സഞ്ചരിക്കാനാണ് തീരുമാനമെങ്കിൽ ഒരു മാപ് നിർബന്ധമായും കയ്യിൽ കരുതുക. ഗൈഡഡ് ട്രക്കിങ്ങുകളും നല്ലതുതന്നെ, കാരണം അത് ചില നല്ല അനുഭവങ്ങൾ ഉറപ്പു നൽകുന്നു. ഏതെങ്കിലും ഗ്രാമീണ വീടുകളിൽ ഒരു രാത്രി താമസിക്കാനോ അല്ലങ്കിൽ തദ്ദേശീയരുടെ തുണിത്തരങ്ങളെപ്പറ്റിയോ ഗോത്ര സംഗീതത്തെപ്പറ്റിയോ അറിവ് ശേഖരിക്കാനും ഒക്കെ ഇതു സഹായകമാണ്. ഏറ്റവും പ്രധാനം കൃത്യസമയത്ത് മടങ്ങിയെത്താനാകും എന്നതാണ്.

സാപയിലെ പ്രധാന ട്രെക്കിങ്ങുകൾ

sapa 6

ഒരുകൂട്ടം മോങ്, ഡാവോ കുടുംബങ്ങൾ ഒരുമിച്ച് താമസം ആരംഭിച്ചുകൊണ്ടാണ് മോങ് ഹുവ താഴ്‌വരയിലെ ക്യാറ്റ് ക്യാറ്റ് ഗ്രാമത്തിനു തുടക്കമിട്ടത്. കൃഷിയും വസ്ത്രനിർമാണവും ആണ് ഇവർ തൊഴിലായി സ്വീകരിച്ചത്. ഗ്രാമീണരുടെ ജീവിതവും പാരമ്പര്യങ്ങളും മനസ്സിലാക്കാൻ സഹായിക്കുമെന്ന് ഉറപ്പുള്ള ഒരു ഹൈക്കിങ് ആണ് ഈ ഗ്രാമത്തിലേക്കുള്ള യാത്ര. (താരതമ്യേന എളുപ്പവും) വിനോദസഞ്ചാരികൾക്കുവേണ്ടി തയാറാക്കിയതാണോ എന്നു തോന്നുമെങ്കിലും സാപയിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു പാത ഇതുതന്നെ. കത്തീഡ്രലിനു താഴേക്കുള്ള പാതയില്‍ അൽപദൂരം നടന്നാൽ ക്യാറ്റ് ക്യാറ്റ് ഗ്രാമത്തിലേക്കുള്ള വഴിയിൽ എത്തിച്ചേരും. കല്ലുപാകിയ വഴി, ആവശ്യത്തിനു ദിശാസൂചികൾ, വഴിതെറ്റാൻ യാതൊരു കാരണവുമില്ല. തിരിച്ച് ഇറങ്ങാൻ സാധിക്കുമോ എന്നു സംശയമുണ്ടെങ്കിൽ (പല സ്ഥലങ്ങളിലും വഴി ചെങ്കുത്തായ ഇറക്കമാണ്) മടിക്കേണ്ട ബൈക്ക് ടാക്സിയെ ആശ്രയിക്കാം. പരമ്പരാഗത വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ നടപ്പാതയുടെ ഇരുവശത്തും ഉണ്ട്. ഗ്രാമത്തിലേക്കു കടക്കാൻ ചെറിയൊരു പ്രവേശന ഫീസുണ്ട്, പക്ഷേ, അതൊരിക്കലും ഒരു നഷ്ടമല്ല. എനിക്കേറെ ഇഷ്ടമായത് പരമ്പരാഗത മോങ് വീടുകളാണ്. മൂന്നു മുറികളും മൂന്നു വാതിലുകളും ഉള്ള വീടിന്റെ മുൻവാതിൽ വർഷം മുഴുവൻ പൂട്ടി ഇട്ടിരിക്കണം എന്നാണ് ഇവരുടെ വിശ്വാസം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയക്കും ചന്ദ്രവർഷത്തിലെ ആണ്ടുപിറപ്പിനും മാത്രമെ ഈ വാതിൽ തുറക്കാറുള്ളു. നീലച്ചായം മുക്കുന്ന സാങ്കേതിക വിദ്യക്കും കൊത്തുപണികളോടെയുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്കും പ്രശസ്തമാണ് ക്യാറ്റ് ക്യാറ്റ് ഗ്രാമം.

ട ഫിൻ ഗ്രാമത്തിലേക്കുള്ള ട്രെക്കിങ് ഗ്രാമീണ ജീവിതതത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തും. ഇവിടെ നിങ്ങൾക്ക് ഏതു രോഗത്തിനുമുള്ള നാടൻ പച്ചമരുന്ന് കിട്ടും. വേണമെങ്കിൽ മലനിരകൾക്ക് അഭിമുഖമായി നിന്ന് പച്ചമരുന്നുകളിട്ട വെള്ളത്തിൽ ഒരു കുളി പാസ്സാക്കാം. ഗുഹയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു ഫ്ലാഷ് ലൈറ്റ് കയ്യിൽ കരുതുക. ശാഖകളായി നീണ്ടുപോകുന്ന ഗുഹ പലേടത്തും അടഞ്ഞുപോയിട്ടുണ്ട്,

സാപയുടെ കിരീടത്തിലെ പൊൻതൂവൽ

sapa 7

ഇന്തോചൈന പ്രദേശത്തെ ഏറ്റവും ഉയർന്നഭാഗമാണ് 3143 മീറ്റർ ഉയരമുള്ള മൗണ്ട് ഫാൻസിപൻ. ഹോങ് ലീൻ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ഈ പർവതത്തിലേക്ക് സാപയിൽനിന്ന് വെറും 19 കിലോ മീറ്റർ ദൂരം മാത്രമെ ഉള്ളു. മലയുടെ മുകളിലേക്കെത്താൻ നടന്നു പോകാം അല്ലെങ്കിൽ കേബിൾ കാറിനെ ആശ്രയിക്കാം. പ്രവചിക്കാനാകാത്ത കാലാവസ്ഥയിൽ കേബിൾ കാർ സ്വീകരിക്കാനാണ് തീരുമാനിച്ചത്. അതിന്റെ ഫലം പ്രതീക്ഷിച്ചതിനെക്കാൾ നന്നായിരുന്നു. ഒരൊറ്റ പോരായ്മ മാത്രം, ഉദയാസ്തമനങ്ങളുടെ കാഴ്ച നഷ്ടമാകും, കാരണം രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ മാത്രമേ കേബിൾ കാർ പ്രവർത്തനമുള്ളു...

മുകളിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കവെ തട്ടു തട്ടു തിരിച്ച നെൽക‍ൃഷി ക്രമേണ നിബിഡവനങ്ങൾക്കു വഴിമാറുന്നതു കാണാനായി. വീണ്ടും മുകളിലേക്ക് എത്തുമ്പോൾ പച്ചിലച്ചാർത്തുകള്‍ക്ക് ഇടയിലൂടെ മലമുകളിലെ ഭീമാകാരമായ ബുദ്ധപ്രതിമ തല നീട്ടിത്തുടങ്ങുന്നു.

മലകയറ്റം കേബിൾ കാർ വഴി ആക്കിയാൽപോലും പർവതത്തിന്റെ ഉച്ചിയിൽ എത്തണമെങ്കിൽ കഷ്ടപ്പെട്ടുതന്നെ കയറേണ്ട ഒരു കയറ്റമുണ്ട്. അതൊഴിവാക്കാന്‍ ഒരു മാർഗവുമില്ല. ഇത് ചിലരുടെ എങ്കിലും ഉത്സാഹം ഒന്നു കുറയ്ക്കും. സാപയിൽ കാലാവസ്ഥ തണുപ്പാണ്, വരുമ്പോൾ അതു കരുതിയേ പോരാവൂ. മലയിറക്കത്തിൽ (അല്ലങ്കിൽ കയറുമ്പോൾ) മലമുകളിലെ വലിയ ബുദ്ധപ്രതിമ സന്ദർശിക്കാം. 18 വെങ്കല പ്രതിമകളാൽ അലങ്കരിച്ച പാതയിലൂടെയാണ് ഈ പ്രതിമയുടെ സമീപത്ത് എത്തുന്നത്. തണുത്ത കാലാവസഥയും കാറ്റും സഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നിട്ടും അവിടത്തെ അസലിയ മരങ്ങളുടെ ഭംഗിയും തണുപ്പു പടർന്നു കിടക്കുന്ന കരിങ്കൽ നടപ്പാതയും ശുദ്ധവായുവും മതിവരുവോളം ആസ്വദിച്ചു. പിന്നെ മലമുകളിൽ അൽപം ഫോട്ടോപിടിത്തവും...

sapa 1

ഏറ്റവും മുകളിൽനിന്നുള്ള 360 ഡിഗ്രി ദൃശ്യത്തിനു തുല്യമായി മറ്റൊന്നുമില്ല. മേഘക്കീറുകളെ തുളച്ച് ഉയർന്നു നിൽക്കുന്ന പർവതങ്ങളുടെ ദൃശ്യവും കുളിർകാറ്റും ചേരുമ്പോൾ നിങ്ങൾ മറ്റേതോ ലോകത്തെത്തും.

സായാഹ്നങ്ങൾ ഇരുണ്ടു മൂടിയതാകാം, യാത്ര പുലർച്ചെ ആകട്ടെ

sapa 5

മലമുകളിലെത്താൻ 15 മിനിറ്റിന്റെ കേബിൾ കാർ യാത്രയ്ക്കു പകരം രണ്ടു ദിവസത്തെ ട്രെക്കിങ്ങും വേണമെങ്കിൽ സ്വീകരിക്കാം. പ്രവചിക്കാനാകാത്ത കാലാവസ്ഥയും പരുക്കൻ ഭൂപ്രദേശവും ആയതിനാൽ ട്രെക്കിങ് ഒട്ടും എളുപ്പമായിരിക്കില്ല എന്നൊരു സൂചന എനിക്കു കിട്ടിയിരുന്നു. ഏറ്റവും പരിചയസമ്പന്നരായ ട്രെക്കേഴ്സിനു പോലും ഇത്തരം സാഹചര്യങ്ങൾ വെല്ലുവിളി ആകാറുണ്ട്. എല്ലാ കാലത്തും മലകയറ്റത്തിന് അനുയോജ്യമാണ് സാപ, പ്രത്യേക പർവതാരോഹണ നൈപുണികളും ആവശ്യമില്ല. എന്നാൽ ശാരീരിക ക്ഷമത അത്യന്താപേക്ഷിതമാണ്. പ്രകൃതി മനോഹരമായ മലമ്പ്രദേശങ്ങളും ഒട്ടേറെ വനഭൂമിയും വംശനാശഭീഷണി നേരിടുന്നവ ഉൾപ്പടെ ഒരുപാട് ജീവികളുടെ ആവാസസ്ഥാനവും ആണ് ഈ പാർക്ക്.

ഷോപിങ്

ഷോപിങ് മാളുകൾ ഒന്നുപോലും സാപയിലില്ല. എന്നാൽ നാട്ടുകാർ സാധനങ്ങൾ വാങ്ങുന്ന (വിൽക്കുന്ന) മാർക്കറ്റുകൾ ഒട്ടേറെയുണ്ട്. ഇവിടെ സാധനങ്ങൾ എല്ലാം പുതുപുത്തൻ ആയിരിക്കും. സാപയിലെ ഏറ്റവും വലിയ തുറന്ന മാർക്കറ്റ് ബസ് സ്‌റ്റേഷനു തൊട്ടടുത്താണ്. ദിവസവും രാവിലെ 6ന് തുറക്കുന്ന ഇവിടെ പച്ചമരുന്നുകൾ, ഉണക്കിയ ഇറച്ചി, (എരുമയുടെയും കുതിരയുടെയും), ഉണങ്ങിയ കൂണുകൾ ഒക്കെയാണ് ചില ചരക്കുകൾ. തുറന്ന ചന്തകൾക്കു വെളിയിൽ കരകൗശല വസ്തുക്കളും വെള്ളി ആഭരണങ്ങളും തുണിത്തരങ്ങളും ചിത്രപ്പണികളുള്ള തുണികളും കത്തികളും സുവനീറുകളും അ‍ടക്കം ലഭിക്കുന്ന കടകളും ഒട്ടേറെയുണ്ട്. എന്നാൽ ഗോത്രവിഭാഗക്കാരുടേത് എന്നു പറഞ്ഞു വരുന്ന സാധനങ്ങൾ മേടിക്കുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക, പലപ്പോഴും മേഡ് ഇൻ ചൈന ടാഗ് ഇവയിൽ ഉണ്ടാകും. സായാഹ്നത്തോടെ ഇവിടം ഭക്ഷണശാലകളുടെ ബഹളത്താൽ നിറയും. നമ്മുടെ മുന്നിൽ‍വച്ച് തയാറാക്കി ചൂടോടെ വിളമ്പുന്ന ഒട്ടേറെ കടകൾ. ഇഷ്ടമുള്ളത് കഴിക്കാം.

sapa 4

നഗരത്തിരക്കുകൾക്ക് വെളിയിൽ, കതീഡ്രലിനു സമീപമുള്ള വഴികളിലൂടെ തദ്ദേശീയരായ സ്ത്രീകൾ തങ്ങളുടെ കയ്യിലെ കച്ചവട സാധനങ്ങളുമായി എത്തുന്നതോടെ ഇവിടെയും സായംസന്ധ്യ സജീവമാകുകയായി. ക്യാറ്റ് ക്യാറ്റ് ഗ്രാമത്തിലേക്കു നീളുന്ന വഴിയോളം താൽക്കാലിക കച്ചവടസ്ഥാപനങ്ങൾ ഒരുക്കുന്ന ഇവരുടെ ഇടയിലേക്ക് ഇറങ്ങുക... നിങ്ങൾക്ക് മതിവരുവോളം സാധനങ്ങൾ വാങ്ങുക.

Tags:
  • Manorama Traveller