Wednesday 15 March 2023 03:49 PM IST : By സ്വന്തം ലേഖകൻ

‘നോ എന്നതു ലൈംഗിക അതിക്രമം തടയാൻ വേണ്ടി മാത്രം പറയേണ്ട ഒന്നല്ല’: അതിർ വരമ്പുകൾ ഇങ്ങനെ കാത്തുസൂക്ഷിക്കാം

sex-education

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇന്നും നിലനില്‍ക്കുന്ന തെറ്റിധാരണകൾ അകറ്റാന്‍ സഹായിക്കുന്ന പംക്തി. തെറ്റുകൾ തിരുത്തിയും പുതിയ കാര്യങ്ങൾ കൃത്യമായി
മനസ്സിലാക്കിയും നല്ല നാളെക്കായി ഒരുങ്ങാം.

ഇക്കഴിഞ്ഞ ഡിസംബറിൽ നല്ല മ ഞ്ഞുള്ളൊരു ദിവസം. എട്ടു വയസ്സുള്ള മകളോടു പുറത്തു നല്ല മഞ്ഞാണു സ്വറ്ററിട്ട് പോകൂ എന്നു ഞാന്‍ പറഞ്ഞു. അവൾ തിരിഞ്ഞ് എന്നെ നോക്കി ‘അമ്മയ്ക്ക് തണുക്കുന്നെങ്കിൽ അമ്മ സ്വറ്ററിട്ടോളൂ. എനിക്ക് തണുക്കുന്നില്ല’ എന്നു മ റുപടി പറഞ്ഞു.

ഇതു പണ്ട് എന്റെ വീട്ടിലായിരുന്നെങ്കിൽ എന്റെ അമ്മ കരുതുക ഞാൻ ധിക്കാരം കാട്ടി എന്നാകും. ‘തർക്കുത്തരം പറയുന്നോ? പറയുന്നത് അങ്ങോട്ട് അനുസരിച്ചാ മതി’ എന്നാകും പ്രതികരണം. എ ന്നാൽ എന്റെ മകളുടെ കാര്യം വരുമ്പോൾ അവൾ സ്വന്തം ശരീരം നൽകുന്ന അടയാളങ്ങളെ എന്നേക്കാൾ നന്നായി മനസ്സിലാക്കി അതിന്റെ ആവശ്യങ്ങൾ അറിഞ്ഞ് അവളുടെ ശാരീരിക അതിർവരമ്പുകൾ കാത്തുസൂക്ഷിക്കുന്നു എന്നാണു ഞാൻ കരുതുക. അതു ഞാൻ ബഹുമാനിക്കും. അവളുടെ മറുപടിയേയും.

കൺസെന്റ് വഴി നമ്മുടെ ശരീരം നൽകുന്ന സൂചനകൾ എന്തെന്നു മനസ്സിലാക്കണം എന്നും അതിനനുസരിച്ചു പ്രവർത്തിക്കണമെന്നും ആവശ്യമെങ്കിൽ കൃത്യസമയത്തു ‘നോ’ പറയണം എന്നും നമുക്ക് അറിയാം. അതിർവരമ്പുകൾ (ബൗണ്ടറി) കൺസെന്റുമായി ചേർന്നു നിൽക്കുന്ന ആശയമാണ്. അതു നമ്മുടെ പരിധികളേയും പരിമിതികളേയും കുറിക്കുന്നു. എന്തൊക്കെ വ്യക്തിയെ അലോസരപ്പെടുത്തുന്നു/ അലോരസപ്പെടുത്തുന്നില്ല, എന്തൊക്കെ ഓകെ ആണ് അല്ലാത്തത് എന്തൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തിയുടെ അതിർവരമ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുകളിൽ പറഞ്ഞ ഉദാഹരണം എടുത്താൽ എന്റെ മകൾക്കു തണുക്കാത്തതു കൊണ്ട് അവൾക്കു സ്വറ്ററിന്റെ ആവശ്യമില്ല. എന്നാൽ ഇരുട്ടായപ്പോഴേക്കും അവൾ സ്വറ്ററും ചോദിച്ചെത്തി. അവളുടെ ശരീരം തണുക്കുന്നു എന്ന് അവൾക്ക് സ്വയം തോന്നാതെ സ്വറ്ററിടേണ്ട എന്നു മനസ്സിലാക്കിയ പോലെ തണുത്താൽ ഇടണമെന്നും അവൾക്കു മനസ്സിലാകും. ഉത്തരവാദിത്തമുള്ള രക്ഷിതാക്കൾ എന്ന നിലയ്ക്കു നമ്മളിൽ പലരും ‘നോ’ പറയുക എന്നതു കുട്ടിയെ ലൈംഗിക അതിക്രമങ്ങളിൽ നിന്നു സംരക്ഷിക്കാനുള്ള ടൂൾ മാത്രമാണെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ലേഖനം വായിച്ചവർക്കു നോ എന്നതു ലൈംഗിക അതിക്രമം തടയാൻ വേണ്ടി മാത്രം പറയേണ്ട ഒന്നല്ല എന്നു മനസ്സിലായി കാണുമെന്നു കരുതുന്നു. വയറു നിറഞ്ഞു എന്നു ശരീരം പറയുന്നതു മനസ്സിലാക്കി ഭക്ഷണം മതി എന്നു പറയുന്നതിനും അതായതു ശരീരം തരുന്ന സൂചനകളെ മനസ്സിലാക്കി പ്രവർത്തിക്കാനും കൂടിയാണു നോ എന്ന് അറിയാം.

മതി എന്നു ശരീരം പറയുമ്പോൾ കൃത്യമായി ഭക്ഷണം മതിയാക്കുന്ന രീതി നമ്മള്‍ കുറച്ചധികം നാൾ പാലിച്ചാൽ എന്തു സംഭവിക്കും? അതു നമ്മുടെ അതിർവരമ്പായി മാറും. അതു മനസ്സിലാക്കുന്നതോടെ നമ്മൾ ആവശ്യത്തിലധികം കഴിക്കില്ല, കാരണം വേണ്ടുന്നതിലേറെ കഴിച്ചാൽ വയറിന് അസ്വസ്ഥതകളുണ്ടാകും എന്നു നമുക്കു മനസ്സിലാകും. അത്തരം അതിർവരമ്പുകളെ സ്വയം മനസ്സിലാക്കുന്നതിന്റെ ഗുണം, നമ്മൾ മറ്റൊരാളെയും അതു മറികടക്കാൻ അനുവദിക്കില്ല എന്നതാണ്. അതായത് നിങ്ങൾ നിങ്ങളുടെ വീട്ടിലല്ല പകരം ഒരു സുഹൃത്തിന്റെ വീട്ടിലാണെങ്കിൽ കൂടിയും പറ്റുന്നതിനും അപ്പുറം കഴിക്കാൻ നിർബന്ധിച്ചാൽ നിങ്ങൾ അതിനോട് ആവശ്യാനുസരണം പ്രതികരിക്കും, ഒഴിഞ്ഞുമാറും.

അതിർവരമ്പുകളെ മനസ്സിലാക്കുന്നതിനൊപ്പം തന്നെ അത് ശക്തമായി സ്ഥാപിക്കാനും അതേ സമയം കഴിവതും മറ്റൊരാളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ സംവദിക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:
സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ