Thursday 01 September 2022 04:49 PM IST : By സ്വന്തം ലേഖകൻ

‘കുട്ടി ഉപയോഗിക്കുന്ന ഗാഡ്ജറ്റിൽ വേണം പേരന്റൽ കൺട്രോൾ ആപ്പ്’; സ്ക്രീൻ ടൈം കുറച്ച് കുട്ടികളെ മിടുക്കരാക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

shutterstock_2016847112

കുറച്ചുനേരമെങ്കിലും അടങ്ങിയിരിക്കുമല്ലോ എ ന്ന് കരുതിയാകും പല മാതാപിതാക്കളും കുട്ടികൾക്ക് ഗാഡ്ജറ്റ് നൽകിത്തുടങ്ങുക. കാർട്ടൂണിൽ തുടങ്ങി ഗെയിമിലേക്കും സിനിമയിലേക്കും വെബ് സീരീസിലേക്കും വരെ കാഴ്ചയുടെ രസം നീളും. വൈകാതെ കുട്ടി ദിവസം മുഴുവൻ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്ന അവസ്ഥയിലെത്തും കാര്യങ്ങൾ. സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളുടെ ബുദ്ധിപരവും സാമൂഹികവും ക്രിയാത്മകമായ ചിന്തകളെയും കഴിവുകളെയും ബാധിക്കുന്നുവെന്നാണ് പഠനങ്ങളിൽ തെളിയുന്നത്.  

ചെറിയ കുഞ്ഞുങ്ങളുടെ സ്ക്രീൻ ടൈം

ഒന്നര വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരുകാരണവശാലും സ്ക്രീൻ കാണിക്കേണ്ടതില്ല എന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്. ഇതിനു ശേഷമുള്ള പ്രായത്തിൽ നിലവാരമുള്ള എജ്യുക്കേഷനൽ വിഡിയോ കാണിക്കാം. രണ്ട് മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെ പരമാവധി ഒരു മണിക്കൂർ മാത്രമേ സ്ക്രീൻ കാണിക്കാവൂ. തുടർച്ചയായി ഒരു മണിക്കൂർ സ്ക്രീനിന് മുന്നിൽ ഇരിക്കാൻ അനുവദിക്കരുത്. കൃത്യമായ ഇടവേളയോടെ മാത്രം സ്ക്രീനിന് മുന്നിലിരിക്കാൻ അനുവദിക്കുക. 

മുതിർന്ന കുടുംബാംഗങ്ങളിലാരെങ്കിലും കുട്ടിയുടെ ഒപ്പമിരുന്ന് കാർട്ടൂണിലെ കഥാപാത്രങ്ങളെപ്പോലെ അഭിനയിച്ച് കൗതുകമുണർത്തുന്ന രീതിയിൽ കഥ പറഞ്ഞ് സ്ക്രീൻ ടൈം വിജ്ഞാനപ്രദമാക്കാൻ ശ്രദ്ധിക്കണം. സംസാരം, വൈകാരിക മാറ്റങ്ങൾ,  സ്പർശനം തുടങ്ങിയ സംവേദനങ്ങളെ ഉണർത്തുന്ന തരത്തിൽ വേണം ഈ കഥ പറച്ചിൽ. 

സ്ക്രീൻ ടൈം കൂടുതലായാൽ ചെറിയ കുഞ്ഞുങ്ങൾ തന്റേതായ ലോകത്ത് ഒതുങ്ങി, സംസാരം കുറയാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ ഡവലപ്മെന്റൽ പീഡിയാട്രീഷന്റെ സഹായം തേടണം. 

കുട്ടികളുടെ സ്വഭാവം മാറിമറിയാം

സ്്ക്രീനിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ ഈ ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം.

∙ നിശ്ചിത സമയത്തിൽ  കൂടുതൽ സമയം സ്ക്രീനിന് മുന്നിൽ  ചെലവഴിച്ചാൽ കുട്ടികളുടെ ബയോളജിക്കൽ റിഥം  തകരാറിലാകാനിടയുണ്ട്. ഈ അവസ്ഥയിൽ ഉറക്കം, ഭക്ഷണം കഴിക്കാനുള്ള താൽപര്യം എന്നിവ നഷ്ടപ്പെടാനും ചിന്താശേഷി കുറയാനും സാധ്യതയുണ്ട്. 

∙ രാവിലെ ഉണരുമ്പോൾ മൊബൈൽ ആവശ്യപ്പെടും. കിട്ടിയില്ലെങ്കിൽ വാശിയോടെയും ഒന്നിലും താൽപര്യമില്ലാതെയും പെരുമാറും . മൊബൈൽ കയ്യിൽ കിട്ടുമ്പോൾ സന്തോഷം പ്രകടിപ്പിക്കും. 

∙ പഠനത്തിൽ പിന്നോട്ട് പോകുകയും ദേഷ്യം പ്രകടിപ്പിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യാം. 

∙ കുട്ടി തന്റേതായ േലാകത്തേക്ക് ചുരുങ്ങുന്നു. ഇത്തരം സാഹചര്യത്തിൽ സാമൂഹികമായ കഴിവുകൾ നഷ്ടപ്പെടാനിടയുണ്ട്. ഒറ്റയ്ക്കിരുന്നു കളിക്കാനാകും ഈ കുട്ടികൾക്ക് ഇഷ്ടം. പുറത്തേക്ക് പോകാൻ താൽപര്യം നഷ്ടപ്പെടും. പുറത്തു പോയാൽത്തന്നെ ആരോടും സംസാരിക്കാതെ ഒതുങ്ങിക്കൂടാനാകും ശ്രമിക്കുക. കളികളിൽ താൽപര്യമില്ലാതെയാകും.

∙ പതിവായി കാണുന്ന കാർട്ടൂണിലെയോ ഗെയിമിലെയോ കഥാപാത്രത്തെ അനുകരിക്കുന്ന കുട്ടിയുടെ വ്യക്തിത്വത്തിൽ മാറ്റം പ്രകടമാകാം. 

വേണം മുതിർന്നവരുടെ മേൽനോട്ടം

സ്മാർട് ക്ലാസ്റൂമുകളുടെ കാലമാണിത്. പൂർണമായി സ്ക്രീൻ ടൈം ഒഴിവാക്കുക പ്രായോഗികമാകണമെന്നില്ല. അറിവ് പകരുന്നതും  ചിന്തിക്കാനുള്ള കഴിവ്, ഭാഷാൈനപുണ്യം  ഇവ വളർത്താൻ സഹായിക്കുന്നതുമായ വിഡിയോകളുമുണ്ട്. പലതരം ആശയങ്ങൾ, പഠനകാര്യങ്ങൾ, പാട്ടുകൾ, കഥകൾ തുടങ്ങിയവയാകണം സ്ക്രീൻ ടൈമിൽ ഉൾപ്പെടുത്തേണ്ടത്. 

∙ കുട്ടി എന്താണ് കാണുന്നതെന്ന് മുതിർന്നവർക്ക് നിരീക്ഷിക്കാൻ കഴിയുന്ന ഇടത്ത് വച്ച് ഗാ‍ഡ്ജറ്റ് ഉപയോഗിക്കാൻ അനുവാദം നൽകാം.

∙ കുട്ടി ഉപയോഗിക്കുന്ന ഗാഡ്ജറ്റിൽ പേരന്റൽ കൺട്രോൾ ആപ്പ് ഉപയോഗിക്കുക. വിഡിയോ കാണാൻ കുട്ടികൾക്കായുളള ആപ്പുകൾ ഉപയോഗിക്കാം. ഇതിൽ നിശ്ചിത സമയം ക്രമീകരിക്കണം.  

∙ പുറത്തെ കാഴ്ചകൾ കണ്ട് വീടിന് പരിസരത്ത് തന്നെ അൽപദൂരം നടക്കാൻ പോകാം. ഓടുക, ചാടുക, ബോൾ കളിക്കുക തുടങ്ങി ശരീരമനങ്ങിയുള്ള കളികളിലേർപ്പെടാ ൻ കുട്ടികളെ സഹായിക്കുക. 

 ∙ സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ച് ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും സന്ദർശിക്കുക. ഇതിന് കഴിയാത്ത സാഹചര്യമാണെങ്കിൽ വിഡിയോ കോളിലൂടെ സംസാരിക്കാം. 

∙ കഥ പറയുക, കഥ എഴുതുക, പാചക പരീക്ഷണങ്ങൾ, ചെടി നനയ്ക്കുക, പുതിയ ഭാഷ പഠിക്കുക ഇങ്ങനെ സർഗാത്മകതയും ഉത്തരവാദിത്ത ബോധവും വളർത്തുന്ന പ്രവൃത്തികൾക്കായി സമയം കണ്ടെത്താൻ സഹായിക്കുക. 

∙  ഡയറി എഴുതിക്കുന്നത് നല്ലതാണ്. ഓേരാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ആ ദിവസം വിലയിരുത്തുക. പിറ്റേ ദിവസത്തെ കാര്യം പ്ലാൻ ചെയ്യാൻ കുട്ടികളെ സഹായിക്കണം. ആഴ്ചയുടെ അവസാനം ചെയ്ത നല്ല കാര്യങ്ങൾക്ക് സമ്മാനങ്ങൾ നൽകുക.

∙ ബുദ്ധി ഉണർത്തുന്നതും ചിന്തിച്ചു ചെയ്യേണ്ടതുമായ പസിൽ വാങ്ങി നൽകാം. ജിഗ്സോ പസിൽ, ചെസ്, തുടങ്ങിയ കളികളിലേർപ്പെടാൻ കുട്ടിയെ സഹായിക്കാം. 

∙ കുറച്ച് മുതിർന്ന കുട്ടികളോട് സ്ക്രീൻ ടൈമിന്റെ ദൂഷ്യവശങ്ങൾ ചർച്ച ചെയ്ത് അവരെ ബോധവത്കരിക്കാം. സ്ക്രീൻ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ അവരെ അഭിനന്ദിക്കുകയും െചറിയ സമ്മാനങ്ങൾ നൽകുകയും ചെയ്യാം. 

∙ മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ കൂട്ടുകാരാകുക. കുട്ടികളോടൊപ്പം കളിക്കാനും വിനോദങ്ങളിലേ‍ർപ്പെടാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. ദിവസവും നിശ്ചിതസമയം കുടുംബാംഗങ്ങളൊന്നിച്ച് ക്വാളിറ്റി ടൈം െചലവഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും രസിക്കാനും ചിരിക്കാനും സമയം കണ്ടെത്തുക. കുട്ടികളുടെ മുന്നിൽ വച്ച് വഴക്കിടുന്നതും ഒഴിവാക്കണം. 

∙ സൗഹാർദമനോഭാവത്തോടെ, ക്ഷമയോടെ വേണം കുട്ടികളോട് ഇടപഴകേണ്ടത്. മുതിർന്നവരാണെന്ന അധികാരമനോഭാവത്തോടെ കുട്ടികളോട് പെരുമാറുന്നത് ഒഴിവാക്കണം. 

നൽകാം നിശ്ചിതസമയം

സ്ക്രീൻ കാണുന്നതിന് നിശ്ചിത സമയം അനുവദിക്കുക. ഈ സമയം കഴിഞ്ഞാൽ ഗാഡ്ജറ്റ് തിരികെ നൽകണമെന്നും കൂടുതൽ സമയം ഉപയോഗിച്ചാൽ കുട്ടിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യം ഒഴിവാക്കണമെന്നും നിബന്ധന വയ്ക്കുക. സ്ക്രീൻ ടൈം കൂടുതലാകുന്ന ദിവസം ഐസ്ക്രീം, മധുരപദാർഥങ്ങൾ ഇവ ഒഴിവാക്കും ഇങ്ങനെയാകണം നിബന്ധന. 

വിവരങ്ങൾക്കു കടപ്പാട്:  ടി. എസ്. അരുൺലാൽ, സൈക്കോളജിസ്റ്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ, തൃശൂർ

Tags:
  • Mummy and Me
  • Parenting Tips