Friday 29 July 2022 12:49 PM IST : By സ്വന്തം ലേഖകൻ

കവിളിൽ പിടിച്ച് വലിച്ചും ചുണ്ടിൽ ഉമ്മ വച്ചുമുള്ള സ്നേഹം വേണ്ട! ഈ 6 കാര്യങ്ങൾ കുട്ടികളോട് ചെയ്യരുത്

arogyam

കൊച്ചുകുട്ടികളെ കാണുമ്പോൾ വാരിയെടുത്ത് കൊഞ്ചിക്കാത്തവർ ആരുണ്ട്. പക്ഷേ, ചിലപ്പോൾ കുട്ടികളോടുള്ള അമിത സ്്േനഹവും ലാളനയും അവർക്ക് ദോഷകരമാകാറുമുണ്ട്. കൊഞ്ചിക്കുന്നതിന്റെ പേരിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക

കുട്ടികളെ എടുത്തെറിഞ്ഞു കളിക്കരുത്

കുട്ടിയെ രസിപ്പിക്കാനായി മുകളിലേക്ക് ചെറുതായി പൊക്കിയിട്ട് പിടിച്ച് കളിക്കുന്നവരുണ്ട്. നിങ്ങൾക്ക് അത് രസമായിരിക്കുമെങ്കിലും കുട്ടിക്ക് ഭീകരാനുഭവമാകാം. സുരക്ഷിതമായാണ് ചെയ്യുന്നതെന്നു വാദിക്കുന്നവർ ഒാർക്കുക. കുട്ടിയുടെ ആയുസ്സു തീരാൻ ചെറിയൊരു കൈപ്പിഴ മതി.

രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ മുകളിലേക്ക് എറിയുന്നതു മാത്രമല്ല ശക്തിയായി കുലുക്കുന്നതു പോലും അപകടകരമാകാം. ദേഷ്യം പിടിച്ച് കുട്ടിയെ ശക്തിയായി ഉലയ്ക്കുന്നതാണ് ഷേക്കൻ ബേബി സിൻഡ്രം. പക്ഷേ, ചിലർ കളിയായും ഇങ്ങനെ െചയ്യാറുണ്ട്. ചെറിയ കുഞ്ഞുങ്ങളുടെ പിടലിക്ക് ശക്തി കുറവാണ്. അതുകൊണ്ട് തല ഉറപ്പിച്ചുപിടിക്കാനാകില്ല. തല ശക്തിയായി ഉലയ്ക്കുമ്പോൾ തലച്ചോറ് തലയോട്ടിക്കുള്ളിൽ െഞരിഞ്ഞ് രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകാം. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്തക്കുഴലുകളും പൊട്ടി രക്തസ്രാവം സംഭവിക്കാം.

കയ്യിൽ തൂക്കിയെടുക്കരുത്–

രണ്ടു കയ്യിലും മാത്രം പിടിച്ച് തൂക്കി എടുക്കുന്നത് കുഞ്ഞിന്റെ ഭാരം മുഴുവൻ തോൾ സന്ധിയിലേക്ക് വന്ന് സന്ധി തെറ്റിപ്പോകാൻ ഇടയാക്കാം.

കുഞ്ഞിന്റെ കയ്യിൽ പിടിച്ച് ശക്തിയായി വലിക്കരുത്–

ഇങ്ങനെ ചെയ്താൽ കൈകളുടെ ഭാഗം തെറ്റിപ്പോകാം. കുഞ്ഞിന്റെ കയ്യിലുള്ള വസ്തുക്കൾ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോഴും വീഴ്ച തടയാൻ പെട്ടെന്നു കയ്യിൽ പിടിച്ച് വലിച്ചുമാറ്റുമ്പോഴും ഇങ്ങനെ സംഭവിക്കാം.

കവിളിൽ പിടിച്ച് വലിക്കരുത്

തുടുത്തുരുണ്ട ഉണ്ണിക്കവിൾ കാണുമ്പോൾ പിടിച്ചുവലിക്കുന്നത് കുട്ടികളെ ലാളിക്കുന്നതിന്റെ ഭാഗമാണ് നമുക്ക്. പക്ഷേ, പരുക്കനായ കൈ വച്ച് മൃദുലമായ കവിളിൽ പിച്ചുമ്പോൾ കുഞ്ഞുങ്ങൾക്ക് നോവുമെന്നത് മറക്കരുത്.

കുഞ്ഞുങ്ങളുടെ ചുണ്ടിൽ ഉമ്മ വയ്ക്കരുത്

ചുംബനത്തിലൂടെ ഹെർപിസ് അണുബാധ പടർന്നു പിഞ്ചു കുഞ്ഞ് മരിച്ചതായി വാർത്തകളുണ്ട്. ചുണ്ടോടു ചുണ്ടു ചേർക്കുമ്പോൾ ഉമിനീരിലൂടെയും ഉച്ഛ്വാസവായുവിലൂടെയും രോഗാണുക്കൾ കുഞ്ഞിന്റെ ശരീരത്തിൽ കടക്കാം. ഫാരിൻജൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെർപിസ് എന്നീ രോഗങ്ങളൊക്കെ ഈ രീതിയിൽ പകരാം.

പടക്കം പോലുള്ളവ പൊട്ടിച്ചോ വലിയ ശബ്ദമുണ്ടാക്കിയോ പേടിപ്പിക്കരുത്

പടക്കം പൊട്ടുന്നത് കേട്ട് കുഞ്ഞു പേടിച്ചുകരയുന്ന ഒരു വിഡിയോ ഈയടുത്ത് വൈറൽ ആയിരുന്നു. കുഞ്ഞ് പേടിക്കുമെന്നത് മാത്രമല്ല, ഒരു പരിധിയിൽ കൂടുതൽ തീവ്രതയുള്ള ശബ്ദം കേൾക്കുന്നത് കുഞ്ഞിന്റെ കേൾവിശക്തിയെ വരെ ബാധിച്ചേക്കാം.