Saturday 28 January 2023 02:51 PM IST

‘ബേക്കിങ്ങില്‍ അളവ് നോക്കിയല്ല തീരുമാനിക്കുന്നത്; അവനൊരു കണക്കുകൂട്ടലുണ്ട്, അത് സ്വന്തം രീതിയിൽ പരിശീലിച്ചതാണ്’; മധുരമുള്ള മധുരവുമായി ഗബ്രിയേൽ

Tency Jacob

Sub Editor

_BAP5615 ഫോട്ടോ : ബേസിൽ പൗലോ, സുഭാഷ് കുമാരപുരം

‍‍‍‍ഡൗൺ സിൻഡ്രം അതിജീവിച്ച് സ്വന്തം കരിയറുണ്ടാക്കിയ ഗബ്രിയേൽ ഫ്രാൻസീസും കുടുംബവും...

തൃശൂർ ടൗണിലെ ഗ്രീൻ പാർക്ക് അവന്യൂവിലെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ഗബ്രിയേൽ തിരക്കിലാണ്. ക്രിസ്മസ് കേക്കിനു വേണ്ടിയുള്ള മിക്സിങ് നടന്നുകൊണ്ടിരിക്കുന്നു. ഷെഫ് കുപ്പായത്തിനു ചേരുന്ന ഗൗരവം മുഖത്തു പിടിച്ചു വച്ചിട്ടുണ്ടെങ്കിലും ചിലപ്പോൾ ചിരി വന്ന് അതൂർന്നു പോകും. ആ സമയത്ത് വന്നു പരക്കുന്ന നിഷ്കളങ്കത കാണാൻ എന്തൊരു ഭംഗിയാണ്.

ആലപ്പുഴ വിഎച്ച്എസ്‌സിയിൽ പ്ലസ് വൺ ബേക്കിങ് കോഴ്സ് വിദ്യാർഥിയായ ഗബ്രിയേലിന് ഇഷ്ടങ്ങൾ പലതാണ്. കേക്ക് ബേക്ക് ചെയ്യാൻ കാണിക്കുന്ന അതേ ഇഷ്ടം ക്ലാസിക്കൽ ഡാൻസിനോടും കീബോർഡ് വായനയോടുമുണ്ട്. ശരിക്കും ഒരു സർവകലാവല്ലഭൻ.

‘‘പതിനെട്ടു വയസ്സായി. എന്തു കണ്ടാലും പകർത്തിയെഴുതാൻ ഇഷ്ടമാണ്. അക്കങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ല. രണ്ട് ഇഡ്ഡലി എടുത്തു കൊണ്ടുവരാൻ പറഞ്ഞാൽ അവനു മനസ്സിലാകില്ല. പക്ഷേ, ക്ലാസിക്കൽ ഡാൻസിലെ ആറാമത്തെ അടവ് കളിക്കാൻ പറഞ്ഞാൽ അതു തട്ടടവായാലും നാട്ടടവായാലും കൃത്യം കളിക്കും.  

കീബോർഡിലെ ഓരോ കീയും എത്ര തവണ വായിക്കണമെന്ന് ഒറ്റത്തവണ കണ്ടാൽ മതി. ബേക്കിങ്ങിൽ എത്ര അളവ് എടുക്കണമെന്നു അളവ് നോക്കിയല്ല തീരുമാനിക്കുന്നത്. അവന് ഒരു കണക്കുകൂട്ടലുണ്ട്. സ്വന്തം രീതിയിൽ അവൻ തന്നെ പരിശീലിച്ചതാണ് അത്.’’ അമ്മ രജനി വി ശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ഗബ്രിയേൽ സ്നേഹത്തോടെ നീട്ടിയത് അവനുണ്ടാക്കിയ കേക്ക് മധുരമാണ്.

സ്നേഹത്തിന്റെ ലാവ

ബിസിനസുകാരനായ വിയ്യൂർ സ്വദേശി ചിറയത്ത് ഫ്രാൻസീസിന്റെയും രജനിയുടെയും മകനാണ് ഗബ്രിയേൽ. രജനി തൃശൂർ ഡൗൺ സിൻഡ്രം ട്രസ്ര്റ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. സഹോദരൻ എഫ്രായിം ബെംഗളൂരൂ ക്രൈസ്റ്റ് കോളജിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നു.

‘‘ഞായറാഴ്ച ദിവസങ്ങളിൽ ഞങ്ങളൊരുമിച്ചാണ് അടുക്കളയിൽ കയറുന്നത്. അങ്ങനെയാണ് മൂത്ത മകൻ എഫ്രായിമിന് പാചകത്തിൽ ഇഷ്ടമുണ്ടെന്നു മനസ്സിലാകുന്നത്. ചേട്ടനും അനിയനും  യൂട്യൂബിലെ പാചക വിഡിയോ ആണ് കൂടുതലും കാണുക.

ഞങ്ങൾ പുറത്തു പോയി വരുമ്പോൾ എഫ്രായിം ഓ രോ വിഭവങ്ങളുണ്ടാക്കി അദ്ഭുതപ്പെടുത്തും. എന്തു ചെയ്യുമ്പോഴും ഗബ്രിയേലിനെയും കൂടെ കൂട്ടും. കേക്ക് അലങ്കരിക്കാനും റൊട്ടിക്കു മാവ് കുഴയ്ക്കാനും കുക്കീസ് കൃത്യം വട്ടത്തിലാക്കാനുമെല്ലാം ഗബ്രിയേലിനു കഴിവുണ്ടെന്നു അങ്ങനെയാണ് മനസ്സിലാകുന്നത്. എഫ്രായിം അനിയനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ഒരു ദിവസം ഗബ്രിയേൽ തനിയെ ചോക്‌ലെറ്റ് ലാവ കേക്ക് ഉണ്ടാക്കി. അന്നുണ്ടായ സന്തോഷം...’’ വർഷങ്ങൾക്കിപ്പുറം അതേക്കുറിച്ചു പറയുമ്പോഴും അമ്മയുടെ മുഖത്ത് അതേ സന്തോഷം.

‘‘ആറാം മാസത്തിൽ ജനിച്ച കുട്ടിയാണ്. തീർത്തും ആരോഗ്യമില്ലാത്ത കുഞ്ഞ്. ഡോക്ടർ പറയാതെ തന്നെ കാര്യങ്ങൾ മനസ്സിലായി. മൂന്നുമാസം ഇൻക്യുബറേറ്ററിലായിരുന്നു. അതിജീവിക്കുമെന്ന് ആരും കരുതിയില്ല. രണ്ടുകൊല്ലം ചേർത്തല ഹോളിക്രോസ് ഹോസ്പിറ്റലിൽ തെറപ്പികൾ ചെയ്തതിനു ശേഷമാണ് നടന്നു തുടങ്ങിയത്. സംസാരം ഇപ്പോഴും ശരിയായിട്ടില്ല.’’

പൊതിയാൻ വരുന്ന സങ്കടത്തെ തട്ടിമാറ്റി അകത്തേക്കോടി ഗബ്രിയേൽ. ചേട്ടൻ എഫ്രായിമിന്റെ ഫോട്ടോ എടുത്തു കൊണ്ടു വന്നു കാണിച്ചു പറഞ്ഞു. ‘‘എപ്പൂച്ച’’

gab-family

‘‘എപ്പൂച്ചയാണ് ഗബ്രിയേലിന്റെ ലോകം. സഹോദരനുമായി 11 മാസത്തെ വ്യത്യാസമേയുള്ളൂ. ശരിക്കു പറഞ്ഞാൽ ചേട്ടനാണ് ഇവനെ ഇത്രയ്ക്ക് വളർത്തിയത്.

ഗബ്രിയേലിന്റെ ചെറുപ്പകാലത്ത് ഒത്തിരി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒളിച്ചു താമസിക്കാനാണ് സത്യത്തിൽ ഞങ്ങൾ ഇവിടേക്കു വന്നത്. പക്ഷേ, ഇവിടത്തെ ആളുകൾ ഞങ്ങളെ മാറ്റിയെടുത്തു. അയൽപക്കത്തെ കുട്ടികൾ എല്ലാ കാര്യത്തിനും ഗബ്രിയേലിനെയും കൂടെ കൂട്ടും.

കോവിഡ് കാലത്ത് വീടിനുള്ളിൽ ആയപ്പോൾ തെറപ്പികളെല്ലാം മുടങ്ങി. മൂത്തമകനു പഠനത്തിന്റേതായ തിരക്കുകൾ. കൂട്ടുകാരെ കാണുന്നില്ല. എല്ലാം കൂടിയായപ്പോൾ ഗബ്രിയേൽ ഒറ്റപ്പെട്ടു. അങ്ങനെയാണ് അവനെ കുക്കിങ്ങിലേക്ക് സീരിയസായി കൊണ്ടുവന്നത്.

കഴിഞ്ഞ വർഷം ക്രിസ്മസ് സമയത്ത് ഞങ്ങളുടെ കാർപോർച്ചിൽ അവൻ കേക്കുകളുടെ സെയിൽ വച്ചു. അന്ന് ഒരുപാടു പേർ വന്നു. മാധ്യമങ്ങളിലും ശ്രദ്ധ കിട്ടി. അതു കണ്ടാണ് കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വർധിനി മാഡം വിളിച്ചത്.

‘ഗബ്രിയേലിന്ന് ഒരു പ്ലാറ്റ്ഫോം തന്നാൽ ലൈവായി കേക്കുണ്ടാക്കുമോ?’ ഞാൻ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു. ‘തീർച്ചയായും.’

തൃശൂർ കല്യാൺ സൂപ്പർമാർക്കറ്റിൽ മൂന്നു മണിക്കൂർ നേരം അവൻ തനിച്ചു കേക്ക് ബേക്ക് ചെയ്തു. അവന്റെ മെല്ലെപ്പോക്ക് ആളുകളെ ബോറടിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ‘അവന്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ. താൽപര്യമുള്ളവർ കണ്ടാൽ മതി.’ വർധിനി മാഡത്തിന്റെ ആ നിശ്ചയദാർഢ്യം എനിക്കു തന്ന ആത്മവിശ്വാസം ചെറുതല്ല.

ബേക്കിങ്ങിനിടെ കീബോർഡും വായിച്ചിരുന്നു. തനിക്കു വേണ്ടി കയ്യടിക്കാൻ ആളുകളുണ്ടെന്നു കണ്ടപ്പോൾ അവനാകെ മാറി. പിന്നീട് പല കമ്പനികൾക്കും വേണ്ടി ബേക്ക് ചെയ്തിട്ടുണ്ട്.

ഇപ്പോൾ ചേരുവകൾ അളന്നെടുക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെ എല്ലാ കാര്യങ്ങളും അവൻ തന്നെയാണ് ചെയ്യുന്നത്. കേക്കിനു മുകളിൽ ഗനാഷ് ഒഴിക്കുന്നതും ചിക്കൻ ബ്രെഡിനു മുകൾഭാഗത്തെ ലെയർ മെടയുന്നതും കാണുമ്പോൾ അറിയാം ഉള്ളിൽ കലയുണ്ടെന്ന്.

അവനെന്തു പേരിടും എന്നു ചിന്തിക്കുന്ന സമയത്ത് ഞങ്ങളുടെ പരിചയത്തിലുള്ള ഒരു പുരോഹിതൻ പറഞ്ഞു. ‘കന്യാമാതാവിനു വേദനയുടെ സന്ദേശവുമായി വന്നത് ഗബ്രിയേൽ മാലാഖയാണ്. അതുപോലെ, നിങ്ങള്‍ക്ക് വേദനയുടെ സന്ദേശവുമായി വന്നതാണ് ഈ കുഞ്ഞ്. ഇവനു ഗബ്രിയേൽ എന്നു പേരിടൂ.’

ഇന്നാണെങ്കിൽ ഞാൻ ആ പേര് ഇടില്ല. കാരണം, ഞങ്ങളുടെ വീട്ടിലേക്ക് സന്തോഷത്തിന്റെ സന്ദേശവുമായാണ് അവൻ വന്നിരിക്കുന്നത് എന്ന് ഇന്നു ഞങ്ങൾക്കറിയാം.’’

Super Mom Speaks

∙ ഗബ്രിയേലിനെ അക്കാദമിക്കലായി പഠിപ്പിക്കാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. വരുമാനം നേടാവുന്ന എന്തെങ്കിലും കാര്യം പഠിപ്പിച്ചാൽ അവർക്കു ഗുണം ചെയ്യും.

∙ ആദ്യം മാതാപിതാക്കൾ  ഇവരെ അംഗീകരിക്കണം. എങ്കിലേ സമൂഹം കൂടെ കൂട്ടൂ. ഒന്നും പഠിക്കാന്‍ അവനെ നിർബന്ധിച്ചിട്ടില്ല. പക്ഷേ, സമൂഹത്തിലേക്കിറങ്ങുമ്പോൾ എങ്ങനെ പെരുമാറണം എന്നു ഞാൻ പഠിപ്പിച്ചിരുന്നു.

 ∙ ഇവരെ സാധാരണ കുട്ടിയെപ്പോലെ ആക്കാൻ ഒരിക്കലും ശ്രമിക്കരുത്. അവരെ അവരായി ജീവിക്കാൻ അനുവദിക്കുക. എന്താണ് വേണ്ടതെന്ന് അ വർ സ്വയം കാണിച്ചു തരും. അതു മനസ്സിലാക്കാനുള്ള ക്ഷമയും ബുദ്ധിയും മതി നമുക്ക്. അവരുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുക.

Tags:
  • Mummy and Me
  • Parenting Tips