Friday 06 January 2023 03:47 PM IST

‘സ്ത്രീകൾ കരിയർ കളഞ്ഞു കുട്ടികളെ നോക്കട്ടേ എന്ന വിചാരം പലർക്കുമുണ്ട്; കരിയറിനു കോട്ടം വരാതെ കുട്ടികളെ നോക്കാൻ സാഹചര്യമുണ്ടാക്കണം’

Rakhy Raz

Sub Editor

parentinggg6533898 ശ്രീവിദ്യ രാജീവ്, എച്ച് ആർ മാനേജർ, എറണാകുളം, അഞ്ജലി നായർ, അഭിനേത്രി

കരിയറിസ്റ്റ് ആയ സ്ത്രീക്ക് ജോലിസ്ഥലത്തും പൊതുപരിപാടിയിലും മക്കളുമായി പോകേണ്ട സാഹചര്യമുണ്ടാകാം. അതിനെ ഇത്ര വിമർശിക്കുന്നതെന്തിന്?

കുഞ്ഞുങ്ങളെ വളർത്താൻ കരിയർ നഷ്ടപ്പെടുത്തേണ്ടതില്ല: ശ്രീവിദ്യ രാജീവ്, എച്ച് ആർ മാനേജർ, എറണാകുളം

കേരളത്തിലെ സാഹചര്യത്തിലും സാമൂഹിക അവസ്ഥയിലും സ്ത്രീകൾ തന്നെയാണ് അടുക്കളജോലികൾ പ്രധാനമായും ചെയ്യുന്നത്. ജോലിയുള്ള സ്ത്രീകൾക്കു വീട്ടുകാര്യങ്ങളും കുട്ടികളുടെ ആവശ്യങ്ങളും കരിയറും വേണ്ട വിധത്തിൽ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ ഭർത്താവിന്റെ പിന്തുണ കൂടിയേ തീരൂ. ഇപ്പോൾ അവർ അതു ചെയ്യാൻ തയാറാകുന്നുമുണ്ട്.

സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു പ്രശ്നം പങ്കാളിയുടെ സഹായത്തിൽ  പെർഫെക്‌ഷൻ പ്രതീക്ഷിക്കുന്നതാണ്. മുറി വൃത്തിയാക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും നമ്മുടെ പ്രാപ്തി അവർക്കുണ്ടാകണമെന്നില്ല. അപ്പോൾ സ്ത്രീകൾ സ്വയം ഏറ്റെടുത്തു ചെയ്യും. അത്ര പൂർണതയില്ലാതെ കാര്യം നടക്കട്ടേ എന്നു കരുതിയാൽ ഭാരം കുറയും. സാവധാനം അവർ കാര്യങ്ങൾ നന്നായി ചെയ്യാൻ പഠിക്കും.

കുട്ടികളെ എത്രയും പെട്ടെന്ന് സ്വയം പര്യാപ്തരാക്കുക. സ്വന്തം കാര്യം അവർ സ്വയം ചെയ്യട്ടേ. കരുതൽ വേണ്ടയിടത്തു മാത്രം കൊടുത്താൽ മതിയാകും. കുട്ടികൾക്കു സുഖമില്ലാതെ വരുമ്പോഴും മറ്റും അമ്മയാണു  ലീവെടുക്കേണ്ടത് തുടങ്ങിയ പ്രവണതകൾ ഇപ്പോൾ മാറി വരുന്നുണ്ട്.

എനിക്ക് രണ്ട് ആൺകുട്ടികളാണ്. മൂത്തയാൾ ആര്യനാഥ് നാലാം ക്ലാസ്സിലാണ്. ഇളയ മകൻ കാശിനാഥ് യുകെജിയിലും. പങ്കാളി രാജീവ് പണിക്കർ.

സ്ത്രീകൾ കരിയർ കളഞ്ഞു കുട്ടികളെ നോക്കട്ടേ എന്ന വിചാരം പലർക്കും ഇപ്പോഴുമുണ്ട്. കരിയറിന് കോട്ടം വരാതെ കുട്ടികളെ നോക്കാൻ അവർക്ക് ഇടം ഒരുക്കിക്കൊടുക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. കുടുംബമായാലും സമൂഹമായാലും. 

മനസ്സിലാക്കണം അമ്മയുടെ ഉത്തരവാദിത്തം: അഞ്ജലി നായർ, അഭിനേത്രി

വളരെ സ്വകാര്യമായ നിമിഷം ഞങ്ങളുടെ സന്തോഷത്തിനായി പകർത്തുകയും കൗതുകത്തിന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിധത്തിലൊരു സ്നേഹം ആ ചിത്രത്തിനു കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. (സിനിമാ ഡബ്ബിങ് ജോലിക്കിടയിൽ മൂന്നു മാസം പ്രായമായ മകൾക്കു പാലൂട്ടുന്ന അഞ്ജലിയുടെ ചിത്രം വാർത്തയായിരുന്നു.)

പിന്തുണയ്ക്കുന്ന ഭർത്താവും കുടുംബവും ഉള്ള സ്ത്രീകൾക്ക് പ്രശ്നങ്ങളില്ലാതെ കരിയർ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഭർത്താവ് അജിത്തും അജിത്തിന്റെ അമ്മയും എല്ലായ്പ്പോഴും ഒപ്പം നിൽക്കുന്നു. എന്നാലും കുഞ്ഞിന് അമ്മ പരമാവധി സമയം കൂടെ വേണം എന്നതു പ്രധാനമാണ്. അതുകൊണ്ടാണു ജോലിക്കു പോകുമ്പോഴും കുഞ്ഞിനെ കൂടെ കൊണ്ടുപോകുന്നത്. ഇക്കാര്യം സഹപ്രവർത്തകരും സമൂഹവും മനസ്സിലാക്കിയാൽ സ്ത്രീകളുടെ സാമൂഹിക ജീവിതം കൂടുതൽ നല്ലതാകും. 

മൂത്തമകൾ ആവണി ജനിച്ച സമയത്ത് കരിയർ തുടരില്ല എന്നാണു വിചാരിച്ചത്. എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞിനെയും കൂട്ടി അഭിനയിക്കാൻ അവസരം ലഭിച്ചു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ. ആവണി വന്ന ശേഷമാണു മുൻപത്തെക്കാൾ സിനിമയിൽ സജീവമായത്. ആദ്വികയ്ക്കു രണ്ടു മാസം ഉള്ളപ്പോൾ ലിക്കർ ഐലൻഡ് എന്ന ചിത്രം ചെയ്തു. മുൻപ് പകുതി ചെയ്തു വച്ച സിനിമയുടെ ബാക്കി ഭാഗമാണു ചെയ്തത്. അതിന്റെ ഡബ്ബിങ്ങിനിടയിലാണു ഫോട്ടോ പകർത്തിയത്. 

Tags:
  • Mummy and Me
  • Parenting Tips