Saturday 13 May 2023 04:01 PM IST : By വീണ ജാന്‍, വീണാസ് കറിവേള്‍ഡ്

ചോറിനൊപ്പം രുചികരമായ കടച്ചക്ക വറുത്തരച്ചത്; കിടിലന്‍ റെസിപ്പി

_BCD7155 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: രഘുനാഥ് പി. എന്‍. ഡിസിഡിപി, ക്രൗണ്‍ പ്ലാസ ,കൊച്ചി.

1. കടച്ചക്ക – ഒന്നിന്റെ പകുതി‌

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

3. ചുവന്നുള്ളി – 10, രണ്ടാക്കിയത്

4. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

5. വെള്ളം – ഒന്നരക്കപ്പ്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

6. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂണ്‍ 

7. തേങ്ങ ചുരണ്ടിയത് – അഞ്ചു വലിയ സ്പൂണ്‍  

പച്ചമുളക് – രണ്ട്, പിളര്‍ന്നത്

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത് 

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

പെരുംജീരകം – ഒരു നുള്ള്

കറിവേപ്പില – മൂന്ന്

8. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കശ്മീരി മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍  (ആവശ്യമെങ്കില്‍)

9. വെള്ളം – ഒരു കപ്പ്

10. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

11. ചുവന്നുള്ളി – നാല്, അരിഞ്ഞത്

12. കറിവേപ്പില – ഒരു തണ്ട്             

പാകം ചെയ്യുന്ന വിധം

∙ കടച്ചക്ക തൊലിയും കട്ടിയുള്ള ബ്രൗണ്‍ ഭാഗവും കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി ഉപ്പുവെള്ളത്തിലേക്ക് ഇടുക. ഇതു നന്നായി കഴുകി എടുക്കണം.

∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി രണ്ടാക്കിയതു വഴറ്റണം.

∙ ഇതിലേക്ക് തക്കാളി ചേര്‍ത്തു വേവിക്കുക.

∙ കടച്ചക്ക ഒന്നരക്കപ്പ് വെള്ളവും ചേര്‍ത്തു തക്കാളി– ഉള്ളി മിശ്രിതവും ഉപ്പും കറിവേപ്പിലയും ചേര്‍ത്തു പ്രഷര്‍ കുക്കറിലാക്കി ഒരു വിസില്‍ വരും വരെ  വേവിക്കുക. അധികം വെന്തു പോകരുത്.

∙ തക്കാളി വഴറ്റിയ അതേ പാനില്‍ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ഇളം ബ്രൗണ്‍നിറത്തില്‍ വറുക്കണം.

∙ തീ കുറച്ചു വച്ച ശേഷം എട്ടാമത്തെ ചേരുവ ഓരോന്നായി ചേര്‍ത്തു പച്ചമണം മാറും വരെ വഴറ്റുക.

∙ ചൂടാറിയ ശേഷം ചെറിയ ജാറിലാക്കി അല്‍പം വെള്ളം ചേര്‍ത്തു മയത്തിലരച്ചു വയ്ക്കണം.

∙ ഇത് പാനിലാക്കി ഒരു കപ്പ് വെള്ളം ചേര്‍ത്തു തിളപ്പിക്കുക.

∙ തിളയ്ക്കുമ്പോള്‍ കടച്ചക്ക മിശ്രിതം ചേര്‍ത്ത് ഉപ്പു പാകത്തിനാക്കണം.

∙ കൂടുതല്‍ ചാറു വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. ഇത് 10 മിനിറ്റ് തിളപ്പിച്ചു വാങ്ങുക.

∙ മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റുക. 

∙ ഗോള്‍ഡന്‍ ബ്രൗണ്‍നിറമാകുമ്പോള്‍ കറിവേപ്പിയും ചേര്‍ത്തിളക്കി കറിയില്‍ ഒഴിക്കുക.

∙ 10 മിനിറ്റ് അടച്ചു വച്ച ശേഷം വിളമ്പാം.

Tags:
  • Pachakam