Saturday 18 March 2023 11:53 AM IST

ശരീരഭാരം കുറയ്ക്കാൻ അഞ്ചു പാനീയങ്ങൾ!

Liz Emmanuel

Sub Editor

weightloss

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഒരു കാര്യം ഓർക്കുക. ഭക്ഷണം പൂർണ്ണമായും ഉപേക്ഷിച്ച് ഒരു മാസം കൊണ്ട് പത്തും പതിനഞ്ചും കിലോ കുറയ്ക്കുന്നത് നല്ല രീതിയല്ല. ശരിയായി ഭക്ഷണം കഴിച്ചും ചിട്ടയായ വ്യായാമങ്ങൾ ചെയ്തും വേണം ശരീരഭാരം കുറയ്ക്കുവാൻ. അതിന്റെ ആദ്യ പടിയായി ഈ പാനീയങ്ങൾ ശീലമാക്കിയാൽ നല്ല റിസൾട്ട് ഉണ്ടാവും, തീർച്ച.

1.ചിയ പുഡിങ്

ഒരു കപ്പ് പാലിൽ ഒന്നര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും അര ചെറിയ സ്പൂൺ കറുവാപ്പട്ട പൊടിച്ചതും കാൽ ചെറിയ സ്പൂൺ വീതം ചുക്കുപൊടിയും കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു നാലു വലിയ സ്പൂൺ ചിയ സീഡ്സും ചേർത്ത് ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ഒരു ചെറിയ സ്പൂൺ തേന്‍ ചേർത്ത് ആഴ്ചയിൽ രണ്ടു തവണ ബ്രേക്ക്ഫാസ്‌റ്റായി കഴിക്കാം.

2.ജീരക ചായ

ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ജീരകവും ഒരിഞ്ചു കഷണം കറുവാപ്പട്ടയും ചേർത്ത് തിളപ്പപിക്കുക. ഇത് അരിച്ചെടുത്ത് ചെറുചൂടിൽ ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

3.നാരങ്ങാ ചിയ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു വലിയ സ്പൂൺ ചിയ സീഡ്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 20-30 മിനിറ്റ് വയ്ക്കുക.ഇതിലേക്ക് പകുതി നാരങ്ങയുടെ നീരും ഒരു ചെറിയ സ്പൂൺ തേനും ചേർത്തു രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

4.ജീരകവെള്ളം

ഒരു ചെറിയ സ്പൂൺ ജീരകം തലേ ദിവസം രാത്രി വെള്ളത്തിൽ കുതിർക്കുക. രാവിലെ ഇത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. അരിച്ചു ചെറുചൂടോടെ വെറുംവയറ്റില്‍ കുടിക്കാം.

5.കറുവാപ്പട്ട വെള്ളം

ഒരിഞ്ചു വലുപ്പത്തിലുള്ള കറുവാപ്പട്ട, ഒരിഞ്ചു വലുപ്പത്തിലുള്ള ഇഞ്ചി, മൂന്നോ നാലോ കുരുമുളക്, രണ്ട് ഏലയ്ക്ക എന്നിവ ചതച്ചത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. രാത്രി കിടക്കുന്നതിന് അര മണിക്കൂർ മുൻപ് കുടിക്കാം.

Tags:
  • Pachakam