Wednesday 23 November 2022 11:26 AM IST : By സ്വന്തം ലേഖകൻ

മീൻ അവിയൽ, അയലത്തോരൻ, മത്തി–കപ്പ പുഴുക്ക്...; ലോക ഫിഷറീസ് ദിനത്തിൽ ഡോ. ലക്ഷ്മി നായരുടെ മീൻ രുചികൾ...

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-cover

നവംബർ 21 ലോക ഫിഷറീസ് ഡേ ആയി ആചരിക്കുന്നു. അനുദിനം വളരുന്ന ലോകജനതയുടെ ഭക്ഷണത്തിൽ മത്സ്യസമ്പത്തിന്റെ പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഇത്തരമൊരു ദിനാചരണത്തിനു തുടക്കമിട്ടത്. സമുദ്ര ആവാവസ്ഥവ്യവസ്ഥയുടേയും തീരദേശ ജനങ്ങളുടേയും പ്രതിരേധശേഷി കൂട്ടേണ്ടത് ആരോഗ്യമുള്ള കടലിനും കടൽവിഭവങ്ങൾക്കും അത്യന്താപേക്ഷിതമാണ് എന്ന ലോകത്തെ ബോധ്യപ്പെടുത്താനാണ് ലോക ഫിഷറീസ് ഡേ ആചരിച്ചു തുടങ്ങിയത്.

മത്സ്യബന്ധനവും മത്സ്യകൃഷിയും മറ്റും വെറും ഒരു തൊഴിൽ മാത്രമല്ല. ഒരേ സമയം തൊഴിലും, സംരംഭവും, വ്യവസായവും ഭക്ഷണവുമെല്ലാം അടങ്ങിയ മേഖലയാണ് ഫിഷറീസ്. അതുകൊണ്ടു തന്നെ ഈ രംഗത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പ് സമൂഹത്തിന്റെ അതിജീവനത്തിന്റെ കൂടി കാര്യമാണ്.

നല്ല മത്സ്യം നന്നായി പാകം ചെയ്യുക എന്നതും വളരെ പ്രധാനമാണ്. വൈവിധ്യമുള്ള വിഭവങ്ങൾ ഏറ്റവും രുചികരവും ആരോഗ്യകരവുമായി മീൻ ഉപയോഗിച്ച് പാകപ്പെടുത്താം. പ്രശസ്ത പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ വനിത പാചകത്തിനു വേണ്ടി മത്തി മുതൽ നെയ്മീൻ വരെ പലതരം മീനുകൾ കൊണ്ട് തയാറാക്കിയ മീൻ രുചികളാവട്ടെ ഈ ലോക ഫിഷറീസ് ദിനത്തിൽ....

മീൻ അവിയൽ

1. നെയ്മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്

2.തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

3. ജീരകം – ഒന്നര ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്

പച്ചമുളക് – എട്ട്

പച്ച ഏത്തക്കായ – ഒരു ചെറുത്, നീളത്തിലരിഞ്ഞത്

വെള്ളരിക്ക നീളത്തിലരിഞ്ഞത് – ഒരു കപ്പ്

മുരിങ്ങയ്ക്ക – ഒന്ന്, രണ്ടിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

5. കപ്പ നീളത്തിൽ കഷണങ്ങളാക്കി മുക്കാൽ വേവിൽ വേവിച്ചൂറ്റിയത് – ഒരു കപ്പ്

പച്ചമാങ്ങ – കാൽ ഭാഗം, നീളത്തിലരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കുക.

∙ചുവടു കട്ടിയുള്ള പാത്രത്തിൽ മൂന്നാമത്തെ ചേരുവയും മീനും യോജിപ്പിച്ചു മുളകുപൊടിയും മഞ്ഞൾപ്പൊടിയും അരക്കപ്പു വെള്ളവും ചേർത്തു പാത്രം മൂടി വച്ചു വേവിക്കുക.

∙കഷണങ്ങൾ പകുതി വേവാകുമ്പോൾ കപ്പയും മാങ്ങയും ഉപ്പും ചേർത്തു വീണ്ടും വേവിക്കുക. കഷണങ്ങൾ വെന്തു വെള്ളം വറ്റുമ്പോൾ അരപ്പു ചേർത്ത് അഞ്ചു മിനിറ്റ് മൂടി വച്ചു വേവിക്കുക.‌

∙അരപ്പിന്റെ പച്ചച്ചുവ മാറുമ്പോൾ തവി കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. മീൻ ഒരുപാട് ഉടഞ്ഞു പോകരുത്.

∙കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങാം.

1. അയലത്തോരൻ

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-ayala-thoran

2. അയല – മൂന്ന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

കുടംപുളി – രണ്ടു കഷണം

ഉപ്പ് –പാകത്തിന്

3.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

പച്ചമുളക് – രണ്ട്

വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

കുരുമുളക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്

4. എണ്ണ – രണ്ടു വലിയ സ്പൂൺ

5. കടുക് – അര ചെറിയ സ്പൂണ്‍

വറ്റൽമുളക് – രണ്ട്

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

7.മഞ്ഞൾപ്പൊടി അര ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അയല വൃത്തിയാക്കി വലിയ കഷണങ്ങളായി മുറിക്കുക.

∙അയലയിൽ രണ്ടാമത്തെ ചേരുവയും അരക്കപ്പു വെള്ളവും ചേർത്തു ചട്ടിയിലാക്കി വേവിച്ചു വറ്റിച്ച ശേഷം മുള്ളു കളഞ്ഞു പൊടിച്ചു വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചെടുക്കുക.

∙ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാ ക്കി അഞ്ചാമത്തെ ചേരുവ താളിക്കുക. ഇതിൽ സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക

∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോൾ തേങ്ങാക്കൂട്ടും ചേർത്തിളക്കി നന്നായി വഴറ്റുക. ∙പച്ചമണം മാറുമ്പോൾ പൊടിച്ചു വച്ച അയലയും പാകത്തിനുപ്പും ചേർത്തു വഴറ്റി തോർത്തിയെടുക്കുക.

ഫിഷ് തവ മസാല

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-fish-thava

1.നെയ്മീൻ – അരക്കിലോ, വട്ടത്തിൽ കഷണങ്ങളാക്കിയത്

2.പിരിയൻ മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

അരിപ്പൊടി – നാലു ചെറിയ സ്പൂൺ

കടലമാവ് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി അരച്ചത് – ഒന്നര ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒന്നര ചെറിയ സ്പൂൺ

മുട്ടവെള്ള – ഒന്ന്

വിനാഗിരി – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് വെളിച്ചെണ്ണയുടെ പകുതിയും ചേർത്തു പേസ്റ്റ് പരുവത്തിലാക്കുക.

∙ഈ മസാല മീനിൽ നന്നായി പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

∙ ഒരു പരന്ന ദോശക്കല്ലിലോ തവയിലോ ബാക്കി എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ തവയിൽ അമർത്തി നിരത്തുക.

∙ഒരുവശം നന്നായി മൂത്തു കഴിയുമ്പോൾ കുറച്ചു മസാല കൈയിലെടുത്ത് മീനിന്റെ മുകൾഭാഗത്ത് അമർത്തി നിരത്തിയ ശേഷം മറിച്ചിടുക.

∙ഇരുവശവും ചെറുതീയിൽ നന്നായി മൂപ്പിച്ചെടുക്കുക.

മത്തി–കപ്പ പുഴുക്ക്

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-kappa-mathi-puzhuku

1. മത്തി – 15

2. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – മുക്കാൽ കപ്പ്

കുടംപുളി – രണ്ടു കഷണം

3. കപ്പ – മുക്കാൽ കിലോ

4. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ്, െവള്ളം – പാകത്തിന്

5.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

പച്ചമുളക് – അഞ്ച്

വെളുത്തുള്ളി – നാലു വലിയ അല്ലി

ജീരകം – മുക്കാൽ െചറിയ സ്പൂൺ

6.കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മത്തി വെട്ടിക്കഴുകി വൃത്തിയാക്കി രണ്ടാമത്തെ േചരുവ േചർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. വേവിച്ച മീൻ മുള്ളിൽ നിന്നും മാറ്റി ദശ കുടഞ്ഞെടുക്കണം.

∙ കപ്പ ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി നാലാമത്തെ േചരുവ േചർത്തു വേവിച്ചുടയ്ക്കുക.

∙ ഇതിലേക്ക് അഞ്ചാമത്തെ േചരുവ തരുതരുപ്പായി അരച്ചതും മീൻ വേവിച്ചതും േചർത്തു 10 മിനിറ്റ് വീണ്ടും വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. ഉപ്പു പാകത്തിനാക്കണം.

∙ഏറ്റവും ഒടുവിൽ കറിവേപ്പിലയും വെളിച്ചെണ്ണയും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

മത്തി സ്റ്റ്യൂ

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-mathi-stew

1.മത്തി – 10

2.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

3.ചുവന്നുള്ളി – 10, നീളത്തിലരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ

4.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – രണ്ട്

കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

5.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ – ഒന്നരക്കപ്പ്

6.വിനാഗിരി – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.ഒന്നാംപാൽ – അരക്കപ്പ്

തക്കാളി – ഒരു വലുത്, വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙മത്തി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഉള്ളി മൂത്തു കഴിയുമ്പോൾ നാലാമത്തെ ചേരുവയും ചേർത്തിളക്കിയ ശേഷം രണ്ടാംപാൽ ചേർത്തു വേവിക്കുക.

∙ഇതിലേക്കു വിനാഗിരിയും ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ മീനും നിരത്തി പാത്രം അടച്ചു വച്ചു വേവിക്കുക.

∙വെന്തു ചാറു കുറുകിത്തുടങ്ങുമ്പോൾ ഒന്നാംപാലും തക്കാളിയും കറിവേപ്പിലയും ചേർത്തു തിളച്ചു തുടങ്ങുമ്പോൾ വാങ്ങുക.

ഫിഷ് ടുമാറ്റോ മസാല

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-fish-tomato-masala

1.ദശക്കട്ടിയുള്ള മീൻ – അരക്കിലോ, ഇടത്തരം കഷണങ്ങളാക്കിയത്

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

4.സവാള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, രണ്ടായി പിളർന്നത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

5.പിരിയൻ മുളകുപൊടി ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ കഷണങ്ങൾ വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മീനിൽ പുരട്ടി അരമണിക്കൂർ മാറ്റി വയ്ക്കുക.

∙പാനിൽ നാലു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക. ∙ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ മീൻ വറുത്ത എണ്ണ ഒഴിച്ചു ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙സവാള മൂത്ത് എണ്ണ തെളിയുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. തക്കാളി നന്നായി വഴന്ന് എണ്ണ തെളിയുമ്പോൾ വെള്ളവും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക.

‌∙തിളച്ചു തുടങ്ങുമ്പോൾ മീൻ നിരത്തി ചെറുതീയിൽ വേവിക്കുക. ചാറു കുറുകി കഷണങ്ങളിൽ പൊതിഞ്ഞിരിക്കുന്ന പാകമാകുമ്പോൾ വാങ്ങുക.

മീൻ പച്ചവയ്പ്

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-fish-pachaveyppu

1.നെയ്മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്

2.ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – മൂന്നു വലുത്, അരി‍ഞ്ഞത്

ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

രണ്ടാംപാൽ – മൂന്നു കപ്പ്

കുടംപുളി – നാലു കഷണം

4.ഒന്നാംപാൽ – ഒരു കപ്പ്

5.വെളിച്ചെണ്ണ – പാകത്തിന്

6.ചുവന്നുള്ളി – മൂന്ന്, വട്ടത്തിൽ അരിഞ്ഞത്

വറ്റൽമുളക് – മൂന്ന്

മുളകുപൊടി – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.

∙ഒരു ചട്ടിയിൽ മീനും ഉള്ളിക്കൂട്ടും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു അടുപ്പിൽ വയ്ക്കുക. മീൻ വെന്തു ചാറു കുറുകുമ്പോൾ ഒന്നാംപാൽ ചേർക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയുടെ മുകളിൽ ഒഴിക്കുക.