Friday 11 February 2022 12:46 PM IST : By സ്വന്തം ലേഖകൻ

മാർകേസിന്റെ ഭാവനയ്ക്കു നിറം പകർന്ന കാർതഹേന... ‘കോളറാകാലത്തെ പ്രണയ’ത്തിന്റെ കഥാഭൂമിക

cartogena-cover

അനശ്വരമായ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റെയും കാമനകളുടെയും മരണത്തിന്റെയും നിമിഷങ്ങളെ രേഖപ്പെടുത്തുന്ന ലോകപ്രശസ്ത രചന ലവ് ഇൻ ദ് ടൈം ഓഫ് കോളറ (കോളറാകാലത്തെ പ്രണയം)യിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് കഥ നടക്കുന്ന നാടിന്റെ പേരിനു പ്രാധാന്യം കൊടുത്തിട്ടില്ല. ഡിസ്ട്രിക്ട് ഓഫ് വൈസ്‌റോയിസ് എന്നും ആർകേ‍ഡ് ഓഫ് സ്ക്രൈബ്സ് എന്നും രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള നഗരം പൂർണമായും സാങ്കൽപികമല്ല... ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു നഗരത്തോട് അദ്ഭുതാവഹമായ സാദൃശ്യമുണ്ട് പേരില്ലാത്ത നഗരത്തിന്. കൊളംബിയയുടെ വടക്കൻ പ്രദേശത്തെ പൗരാണിക നഗരവും യുനെസ്കോ ലോകപൈതൃക സ്ഥാനവുമായ കാർതഹേനയെ മനസ്സിൽ പ്രതിഷ്ഠിച്ചാണ് മാർകേസ് ഫ്ലോറന്റിനയുടെയും ഫെർമിനയുടെയും ജീവിതസന്ദർഭങ്ങൾ ആഖ്യാനം ചെയ്തത് എന്നാണ് ആസ്വാദകരും ഗവേഷകരും വിശ്വസിക്കുന്നത്. മാർക്കേസിന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഒരു നഗരമാണ് കാർതഹേന എന്ന് അദ്ദേഹംതന്നെ പലവട്ടം സൂചിപ്പിച്ചിട്ടുള്ളതും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു.

carna6

ഐതിഹ്യത്തിനു പിന്നാലെ എത്തുന്ന ചരിത്രം

കാർതഹേന എന്ന നാടിന്റെ ആധുനിക ചരിത്രം കാവ്യാത്മകമായൊരു ഐതിഹ്യത്തിൽനിന്ന് രൂപം കൊള്ളുന്നതാണ്. 16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻമാർ പലരും സ്വർണംകൊണ്ടുള്ള ഒരു നാടുണ്ട് എന്നു വിശ്വസിച്ചിരുന്നു. കൊളംബിയൻ പ്രദേശങ്ങളിലെ തദ്ദേശീയരായ ഗോത്രവർഗക്കാരിൽ പുതിയ മൂപ്പൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന്റെ ഭാഗമായി സ്വർണത്തിൻ പൊതിഞ്ഞു വന്ന മൂപ്പനെ കണ്ടതായി സ്പാനിഷ് ചക്രവർത്തി അറിയാൻ ഇടയായി. അതോടെ ആ ഗോത്രത്തെയും മൂപ്പനെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങി. എൽ ഡുറഡോ എന്നു വിളിച്ച ഒട്ടേറെ പര്യവേക്ഷണയാത്രകൾ അക്കാലത്തു നടന്നു. സ്വർണത്തിൽ പൊതിഞ്ഞ മനുഷ്യൻ എന്നത് പിന്നീട് സ്വർണത്തിൽ പൊതിഞ്ഞ കെട്ടിടവും മലയും നാടും ആയി മാറി... എണ്ണമില്ലാത്ത യാത്രകളിൽ പലരും പലനാടുകളിലെത്തി, അതൊക്കെ ഓരോ കോളനികളായി പരിണമിച്ചു.

കാർതഹേന 16–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് യൂറോപ്യൻ കോളനിയായി മാറുന്നതെങ്കിലും ആ നാടിന്റെ ചരിത്രം ബിസി 4000–3000 കാലഘട്ടത്തോളം പഴയതാണെന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. ചതുപ്പുകളും ശക്തമായ അടിയൊഴുക്കുകളും ചതിക്കുഴികളുമുള്ള നദികളും നിറഞ്ഞ കടലിടുക്കു പ്രദേശം സ്പാനിഷ് കോളനിയായതോടെ കരിബിയൻ തീരത്തെ പ്രധാനപ്പെട്ടൊരു വാണിജ്യവ്യാപാര കേന്ദ്രവും വലിയൊരു തുറമുഖവുമായി മാറി. അതിനൊത്തവിധം ഇവിടുത്തെ നാഗരികതയും രൂപംമാറി...

carna3

ഗാബോയുടെ സ്വന്തം

മാർകേസിന്റെ ഭാവനയ്ക്കു നിറം പകരുന്ന നാടാണ് കാർതഹേന എന്നു പറഞ്ഞാൽ അതിശയിക്കാനില്ല. കഥാകൃത്തിന്റെ കുപ്പായത്തിലേക്കു മാറും മുൻപ് ഒരു പത്രപ്രവർത്തകനായി മാർകേസ് 1940കളിൽ ജോലിയിൽ പ്രവേശിക്കുന്നത് ഈ പൗരാണിക നഗരത്തിലാണ്. ഒരു പത്രപ്രവർത്തകൻ ആയിരുന്നില്ലെങ്കിൽ എന്റെ കൃതികളൊന്നും രൂപപ്പെടില്ലായിരുന്നു. കാരണം അവയ്ക്കുള്ള വിഭവങ്ങളെല്ലാം എടുത്തിരിക്കുന്നത് യഥാർഥ സംഭവങ്ങളിൽനിന്നാണ് എന്ന് അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

ഗാബോ എന്നവിളിപ്പേരിൽ അറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർകേസ് ഈ നഗരാനുഭവത്തെ ‘വൈഡൂര്യം പോലെയുള്ള സായാഹ്നം, രാത്രിയിൽ പൗരാണികത മണക്കുന്ന ഇളം തെന്നൽ’ എന്നും വിശേഷിപ്പിച്ചു.

carna7

മാർകേസിന്റെ കുടുംബവീടും കാർതഹേനയിൽ ആണ്. ജീവിതത്തിന്റെ നല്ല പങ്കും മെക്സിക്കോയിലും മറ്റുമായി ചിലവഴിച്ചപ്പോഴും തന്റെ വേരുകളുള്ള ഈ മണ്ണിനെ മറക്കാതെ ഇവിടെ കുറച്ചു സ്ഥലം സ്വന്തമാക്കാൻ അദ്ദേഹം ശ്രദ്ധ വച്ചിരുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കുന്ന ഒരു സ്മാരകം ഈ നഗരത്തിൽ കാണാം.

പേരറിയാത്ത നാട്

പ്രണയവും ജീവിതവും സാർവലൗകികമായ പ്രമേയമായതിനാലാണോ മാർകേസ് കോളറാകാലത്തെ പ്രണയത്തിന്റെ കഥാഭൂമികയ്ക്ക് പ്രത്യേകിച്ചൊരു പേരു നൽകാതിരുന്നത്? എന്നാൽ ആ കഥയിൽ സ്ഥലപ്പേര് ആവശ്യമായിരുന്നെങ്കിൽ കാർതഹേനയല്ലാതെ മറ്റൊരു പേര് തിരയേണ്ടതില്ല എന്നു സൂചിപ്പിക്കുംവിധം പല അടയാളങ്ങളും അതിൽ കൊടുത്തിട്ടുണ്ട്. മഗ്ദലെന നദിയുടെ സാമീപ്യവും ദേശീയഗാനം എഴുതിയ റഫേൽ ന്യൂനെസ്സിന്റെ പേരും ഈ കഥ കൊളംബിയയിൽതന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പാക്കുന്നു. ഇനിയും എത്രയോ പരാമർശങ്ങൾ ഈ കഥാഭൂമിക കാർതഹേനതന്നെ എന്നു പറയാതെ പറഞ്ഞു വയ്ക്കുന്നു. ഫെർമിന ഡാസ താമസിച്ച പഴയ മാളികയുടെയും സമീപ കെട്ടിടങ്ങളുടെയും അടയാളപ്പെടുത്തലുകളും മറ്റും ഇതിനെ സാധൂകരിക്കുന്നതുതന്നെ. ഇന്നും കുതിരവണ്ടികൾ ഓടുന്ന ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങളുടെ നീണ്ടനിരയും ഭാവനയെ അനന്യമായൊരു തലത്തിലേക്ക് ഉയർത്തും എന്നതിനു സംശയമില്ല. 2007 ൽ മൈക് ന്യൂവെൽ കോളറാകാലത്തെ പ്രണയത്തിനു ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോൾ ലൊക്കേഷനു വേണ്ടിയുള്ള അന്വേഷണം എത്തിനിന്നതും കാർതഹേനയിൽതന്നെ.

carna4

ഗാബോയുടെ മറ്റു പല രചനകളിലും കാർതഹേനയുടെ നിശ്ശബ്ദ സാന്നിധ്യം തിരിച്ചറിയാം. ഓഫ് ലൗ ആൻ‍ഡ് അദർ ഡെമോൺസ് എന്ന നോവലാണ് ഇതിനു മറ്റൊരു സാക്ഷ്യം. രചനകളിൽ ഏറ്റവും പ്രശസ്തമായ ഏകാന്തതയുടെ നൂറു വർഷങ്ങളിൽ കഥ നടക്കുന്ന മകാണ്ടോ മാർകേസിന്റെ ബാല്യകാലം ചിലവിട്ട ഗ്രാമത്തെയാണ് മാതൃകയാക്കുന്നത്.

നിറങ്ങളിൽ നീരാടി

കാർതഹേനയിൽ കടൽതീരത്തോടു ചേർന്ന്, കോട്ടകെട്ടി സംരക്ഷിച്ചിട്ടുള്ള ഓൾഡ് ടൗൺ ഇന്നും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊളോണിയൽ ഭാവത്തിൽ നിലനിൽക്കുന്നു. സംഗീതവും നൃത്തവും തുളുമ്പുന്ന, പലനിറ കെട്ടിടങ്ങൾ അഴകേകുന്ന ഒരു പ്രദേശം. കരിങ്കൽതുണ്ടു പാകിയ പാതകളും പുറത്തേക്കു തള്ളിനിൽക്കുന്ന മട്ടുപ്പാവുകളോടുകൂടിയ കെട്ടിടനിരകളും ഈ നഗരത്തിന് നാടോടിക്കഥകളിലെ കേട്ടുമറന്ന നാടുകളുടെ ഛായ പകരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ സ്പാനിഷ് കോളനിയായിരുന്ന ഇവിടം ആഫ്രിക്കയിൽനിന്ന് എത്തിച്ച അടിമകളുടെയും നാടായി മാറി. പല വിഭാഗങ്ങൾ കൂടിക്കലർന്ന തനതു കൊളംബിയൻ വംശജരുടെ സമൂഹമാണ് ഇപ്പോൾ ഇവിടുത്തെ നിവാസികൾ.

carna2

കൊളംബിയയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന സ്ഥലവും കാർതഹേന തന്നെ. അഞ്ചുനൂറ്റാണ്ടു പഴക്കമുള്ള കോട്ടമതിലാുകളാൽ വേർതിരിച്ച ഓൾഡ് ടൗൺ പ്രദേശമാണ് കാർതഹേനയുടെ സൗന്ദര്യം. കല്ലുപാകിയ വഴികളും നീല, ചുവപ്പ്, മഞ്ഞ ചായം തേച്ച കൊളനി ഭരണകാലത്തെ കെട്ടിടങ്ങളും ഈ കരീബിയൻ തീരത്തിന് മറ്റെങ്ങും കാണാനാകാത്ത അഴകു നൽകുന്നു. കോട്ടയും ദ്വീപുകളും തെരുവുകളും ബീച്ചുകളും കാർതഹേനയെ സഞ്ചാരികളുടെ സ്വർഗമാക്കുന്നു.