Friday 12 February 2021 12:32 PM IST

‘ഒരു ദിവസം രാവിലെ വിളിച്ചാൽ ഞാൻ ഉണരില്ല, കരയാതെ സമാധാനമായി ഇരിക്കണം’; മരണം മറഞ്ഞു നിന്ന നിമിഷത്തിൽ അവള്‍ എന്നോട് പറഞ്ഞു

Santhosh Sisupal

Senior Sub Editor

ramesh-valentine

ആഘോഷങ്ങളില്ല... സ്മരണയുടെ മച്ചകങ്ങളിൽ നഷ്ടങ്ങൾ ചേർത്തുവച്ച് പ്രണയദിനത്തെ ഓർക്കുന്നവരും ഈ പ്രണയദിനത്തിലുണ്ട്. പ്രിയപ്പെട്ടവളുടെ മരണം കവർന്നെങ്കിലും ആ ഓർമ്മകളിൽ ജീവിക്കുന്ന രമേശനും ഈ പ്രണയദിനത്തിന്റെ മുഖമാണ്... മനോരമ ആരോഗ്യം മാസികയ്ക്കു വേണ്ടി ഒരിക്കൽ ആ ഓർമ്മകളെ രമേശൻ തിരികെ വിളിച്ചിരുന്നു. അനശ്വരമെന്നോ അതുല്യമെന്നോ വിശേഷിപ്പിക്കാവുന്ന ആ പ്രണയഗാഥ... ഇതാ ഈ പ്രണയദിനത്തിൽ ഒരിക്കൽകൂടി. സന്തോഷ് ശിശുപാൽ എഴുതിയ ഫീച്ചർ ചുവടെ വായിക്കാം...

ഒരു പാതിരാത്രിയിലാണ് പ്രണയം വന്ന് വാതിലിൽ മുട്ടിയത്. എപ്പോഴും പറയുന്ന പോലെ, ഇവിടാരുമില്ല പോയിട്ട് പിന്നെ വരൂ എന്നു പറഞ്ഞില്ല. വാതിൽ തുറന്ന് ഉള്ളിലേക്കു കയറിയ പ്രണയത്തോട് പറഞ്ഞു, ഇരിക്കാൻ ഒരു കസേരപോലുമില്ല. അടുക്കളയിൽ പോയാൽ കാപ്പിയിട്ടു കുടിക്കാം. ഇടക്ക് കഞ്ഞിയാവും ഇടയ്ക്ക് ബിരിയാണി, ചിലപ്പോൾ പട്ടിണി...കഷ്ടമാണ് എന്തിനാ വെറുതേ... വാതിൽ തുറന്നു തന്നെ കിടപ്പാണ്... വേണമെങ്കിൽ..?

മറുപടിവന്നു–‘ഇല്ല, പോകുന്നില്ല. കൂടാനാണ് തീരുമാനം... എന്നത്തേയും പോലെ തള്ളവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ച് കുഞ്ഞു കുഞ്ഞു നുള്ളുമ്മകൾ മാത്രം മതി.’

ഓ.. അപ്പോ തീരുമാനിച്ചുറപ്പിച്ചാണല്ലേ? വീണ്ടും പറഞ്ഞുനോക്കി. ഭ്രാന്തനാണ്, മഴനനയണം, പുഴകാണണം, കടലിൽ മുങ്ങണം, കാട് കേറണം, എങ്ങോട്ടെന്നറിയാതെ യാത്ര പോണം, കുന്നിൻമേൽ കേറി കൂവണം, തണുപ്പുള്ള രാത്രിയിൽ ബൈക്കിൽ ഒരുമിച്ചു കറങ്ങണം...കഥ പറഞ്ഞുറക്കണം..ഉറക്കത്തിലും ചേർത്തു പിടിക്കണം..അങ്ങനെയങ്ങനെ ഒരുപാടുണ്ട് വട്ടുകൾ.. സഹിക്കുമോ?

‘ആണോ..? അതിലപ്പുറമാണുഞാൻ.’ നിറഞ്ഞചിരിയോടെ മറുപടി.

പിന്നൊന്നും നോക്കീല. ഉള്ളം കയ്യിലങ്ങിറുക്കിപ്പിടിച്ചു ഒരു താലിയും കെട്ടി ആ പ്രണയത്തെ കൂടെയങ്ങുകൂട്ടി.

അശ്വതിയെന്ന പ്രണയത്തെ കൂടെക്കൂട്ടിയ കഥ, പാലക്കാട് ചെറുകോട് നായ്ക്കൻ തൊടിയിലെ രമേശന് ഇതിലും ഹ്രസ്വമായി പറയാനാകില്ല. എട്ടുവർഷത്തെ സൗഹൃദം. അഞ്ചുവർഷത്തെ ദാമ്പത്യം. ഈ ഇത്തിരിക്കുഞ്ഞൻ ജീവിതം കൊണ്ട് പല ജൻമങ്ങളുടെ പ്രണയം പങ്കുവെച്ചതുകൊണ്ടാവുമോ അർബുദം ഒരു വില്ലനായി അവതരിച്ചത്?. പക്ഷേ ‘‘കാൻസറിനോട്.. നീ പോടാ പുല്ലേ,’’ എന്ന ഭാവത്തിൽ അവർ പൊരുതി. ഒടുവിൽ 2017 ഏപ്രിൽ 20 ന് അശ്വതിയെ അർബുദം എന്നേക്കുമായി വിളിച്ചിറക്കിപ്പോയിട്ടും രമേശിനും മകൻ കൃഷ്ണഹരിക്കും തോൽക്കാൻ മനസ്സില്ല...

എന്തുരസമീ...

ഞങ്ങൾ ഒരേ പ്രായമാണ്. ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. പ്രണയം കുറെ വൈകിയാണുവന്നത്. പിന്നെ എനിക്ക് ഡോ.റെഡ്ഡീസിന്റെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ട്രെയ്നറായി ജോലികിട്ടിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് ആയിരുന്നു ജോലിയും താമസവും. ആ വൈകുന്നേരങ്ങൾ എത്ര രസമായിരുന്നെന്നറിയാമോ?. യാത്രകളായിരുന്നു ഞങ്ങളുെട സന്തോഷം. കടൽ തീരവും കാറ്റും കാടും മലയും ഒക്കെ നിറയുന്ന സന്തോഷത്തിനുമുകളിലേക്കാണ് ‍ഞങ്ങളുെട കിച്ചു (കൃഷ്ണഹരി) വന്നു പിറന്നത്.

പട്ടാമ്പിയിൽനിന്നും എറണാകുളത്തേക്കും തിരിച്ചുമൊക്കെയുള്ള ദീർഘയാത്രകളുമുണ്ട്. വഴിയിൽ ഇഷ്ടപ്പെടുന്നിടത്തെല്ലാം നിർത്തി.. തട്ടുകടയിൽ നിന്നു കട്ടനൊക്കെ അടിച്ച്.. അങ്ങനെ ഒരു യാത്രയ്ക്കിടയിലാണ് നടവുവേദന തോന്നുന്നുവെന്ന് അച്ചു പറഞ്ഞത്. എറണാകുളത്ത് അച്ചൂന്റെ വീടെത്തി വിശ്രമിച്ചിട്ടും വേദന കുറഞ്ഞില്ല.

വില്ലൻ വരുന്നു

അച്ചു സുന്ദരിയാണ്.. ഇടയ്ക്ക് ഞാൻ വയറ്റിലൊക്കെ പിടിച്ച് അമർത്തുകയും പിച്ചുകയുമൊക്കെ ചെയ്യും. അന്ന് ഞാൻ അങ്ങനെ ചെയ്തപ്പോ വയറിന് പഴയ സോഫ്റ്റനസില്ല. എന്തോ ഒരു കുഴപ്പം പോലെ. അങ്ങനെ പത്തു ദിവസത്തിനുള്ളിൽ നടുവേദനയക്ക് നാലാമത്തെ ഡോക്ടറെ കാണുകയാണ്.കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞ ഡോക്ടറോട് എല്ലാം പരിശോധനകളും സ്കാനും നോക്കിക്കോളൂ..എന്നു പറഞ്ഞ് ചെയ്യിച്ചു.

സ്കാൻ മുറിയിൽനിന്നും പുറത്തിറങ്ങി ഡോക്ടറുടെ ഒപിയിലേക്കു നടക്കുന്നതിനിടയിൽ അച്ചു പറഞ്ഞു, ‘‘അൽപം കഴിയുമ്പോൾ വിളിക്കും. ഡോക്ടർ പറയുന്നതു കേട്ടു തലകറങ്ങി വീഴാനൊന്നും നിൽക്കേണ്ട. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് ചികിത്സിക്കാം’’

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ അവളുെട വല്ലാതെ വിളറിയ മുഖം എന്ന േപടിപ്പിച്ചു. ഡോക്ടർ വിളിച്ചു.. സാവധാനം കാര്യങ്ങൾ പറഞ്ഞു. ഓവറിയിൽ കാൻസർ സാധ്യതയുള്ള മുഴയുണ്ട്. ഉറപ്പിക്കാൻ‌ ബയോപ്സി വേണം.

അങ്ങനെ ഒടുവിൽ ആർസിസിയിൽ എത്തി. അവിടെ പരിശോധനയെല്ലാം നടത്തി. അഞ്ചു ദിവസം കഴിഞ്ഞ് ബയോപ്സിഫലം വന്നു. ഡോക്ടർ, കാരുണ്യയുെട ഒരു ഫോമെടുത്ത് തന്നിട്ടു പറഞ്ഞു. ‘‘സാരമില്ലെടോ.. നമുക്ക് ശരിയാക്കാം. ഫോം പൂരിപ്പിച്ചു കൊണ്ടുവാ..’’ അശ്വതിക്ക് കാൻസർ ആണ് എന്നു ഡോക്ടർ പറഞ്ഞത് അങ്ങനെയായിരുന്നു.

ഉയിർത്തെഴുന്നേൽപ്

ഞാൻ തളർന്നു പോയാൽ അവളുടെ ഉള്ള ആത്മവിശ്വാസം കൂടി പോകും. അതേ ചിന്ത തന്നെയായിരുന്നു അവൾക്കും. ഞങ്ങൾപരസ്പരം നോക്കി പറഞ്ഞു, ‘‘സാരമില്ലെടോ.. ഒക്കെ ശരിയാവും.’’ ഡോക്ടർ ട്രീറ്റ്മെന്റ് പ്ലാൻ വിശദീകരിച്ചു തന്നു. ആദ്യം രണ്ടാഴ്ചയുടെ ഇടവേളകളിലായി മൂന്നു കീമോ, അപ്പോൾ വളർച്ച ചുരുങ്ങും പിന്നെ സർജറി അതു കഴിഞ്ഞ് വീണ്ടും മൂന്നു കീമോ.

ആദ്യകീമോകഴിഞ്ഞപ്പോൾ കുറച്ചധികം അസ്വസ്ഥതകളായിരുന്നു. രണ്ടും മൂന്നും കീമോ ആയതോടെ അസ്വസ്ഥതകൾ കുറഞ്ഞു. ക്ഷീണം മാറി. ആള് ഉഷാറായി. പക്ഷേ മുടി മുഴുവൻ കൊഴിഞ്ഞു. അതൊന്നും ഞങ്ങൾ സാരമായെടുത്തില്ല. വിഗ് വേണ്ട ഒരു തൊപ്പി മതി എന്നായുരുന്നു അച്ചുവിന്റെ നിലപാട്. മുടി പോയപ്പോൾ ജീൻസും കുർത്തയുമാക്കി വേഷം. കമ്മലും വളരെ ചെറുതായതാക്കി. ഈ പരിഷ്കാരങ്ങൾ അച്ചൂന് ഭംഗി കൂട്ടിയതേയുള്ളൂ..

നമ്മുെട കുഞ്ഞിനു വേണ്ടി ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് ഉറച്ചു വിശ്വസിക്കാൻ ദിവസവും പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഞാൻ തളർന്നു പോകാതിരിക്കാൻ എന്നോടൊപ്പം അവൾ ചിരിച്ചുനിന്നു. ഒരിക്കൽ പോലും രണ്ടാളും പരസ്പരം കണ്ണു നിറച്ചു നിന്നിട്ടില്ല.

ശസ്ത്രക്രിയയിൽ ഓവറികളും യൂട്രസും ഒക്കെ നീക്കം ചെയ്തു. കരളിലേക്കും രോഗം പടർന്നിട്ടുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു, ‘നിങ്ങൾക്ക് ഭാഗ്യമുണ്ട്. ഞങ്ങൾ വിചാരിച്ചത്രയും കുഴപ്പമുണ്ടായിരുന്നില്ല. മൂന്നു മാസത്തിനപ്പുറം ആയുസ്സ് കരുതിയതല്ല.’

അനുഭവങ്ങളുെട ആർസിസി

ലോകത്തെ ഏറ്റവും മികച്ച ചികിത്സ തന്നെ അച്ചൂന് ആർസിസിയിൽ നിന്ന് കിട്ടി. ഒപ്പം ഒരു പിടി അനുഭവങ്ങളും. കാൻസർ എന്നറിഞ്ഞ് ഭർത്താവ് ഉപേക്ഷിച്ചുപോയ രോഗിയുടെ കണ്ണീർക്കാഴ്ചമുതൽ സ്നേഹത്തിന്റെയും സൗഹൃദങ്ങളുടേയും വില അനുഭവിപ്പിച്ച സുന്ദരമുഹൂർത്തങ്ങൾ വരെ..

‘‘ആർസിസിയിൽ അച്ചൂന്റെ സർജറിയാണ്. രക്തം വേണം’’ എന്നു വാട്സാപിൽ മെസേജ് ഇട്ടതേയുള്ളൂ, എത്ര പേരാണ് അവിടെ വന്ന് രക്തം നൽകിപ്പോയത്.. അതിനിടെ നോട്ട് നിരോധനത്തിൽ പൊറുതിമുട്ടിയ ദിവസങ്ങളിലും താങ്ങായി വന്നതും കൂട്ടുകാർ തന്നെയായിരുന്നു.സർജറി കഴിഞ്ഞുള്ള കീമോയ്ക്ക് എത്തുമ്പോൾ പേടിച്ചു നിൽക്കുന്ന രോഗികളുെട അടുത്തു പോയി ധൈര്യം നൽകലായിരുന്നു അച്ചൂന്റെ പ്രധാന ജോലി.

ബന്ധുക്കളറിയാൻ

ചികിത്സയ്ക്കിടയിൽ തിരുവനന്തപുരത്തു പോകാനുള്ള എളുപ്പത്തിന് എറണാകുളത്താണ് കഴിഞ്ഞത്. ധാരാളം ബന്ധുക്കൾ കാണാൻ വരും. പലരും കരഞ്ഞും നിലവിളിച്ചുമാണ് അച്ചൂന്റെ മുന്നിൽ നിൽക്കുന്നത്. അവളിൽ ആത്മവിശ്വാസം കുത്തിനിറയ്ക്കാൻ പെടാപ്പാടു പെടുമ്പോഴാണ് ഈ കാഴ്ച. ഒടുവിൽ ചില ബന്ധുക്കളോടു കാര്യം തുറന്നു പറയേണ്ടിവന്നു.

ഇത് മിക്ക രോഗികളും അനുഭവിക്കുന്ന അവസ്ഥയാണ്. ബന്ധുക്കൾ മുന്നിൽ ചെന്നു കരയുന്ന കാണുമ്പോൾ ‘തന്റെ രോഗത്തെക്കുറിച്ച് തനിക്കറിയാത്ത എന്തോ ഇവർക്കറിയാം. അതാണ് ഇവർ കരയുന്നത്’ എന്നാവും അവർ ചിന്തിക്കുക. ഇക്കാരണങ്ങൾ കൊണ്ട് രണ്ടാം ഘട്ട കീമോ കഴിഞ്ഞപ്പോൾ അച്ചു പറഞ്ഞു നമുക്ക് വാടക വീടു മതിയെന്ന്. അങ്ങനെ ആലുവയ്ക്കടുത്ത് ഒരു വാടക വീട്ടിലായി പിന്നീട്.

പുതിയ സൂര്യോദയം

കീമോഅവസാനിച്ചപ്പോൾ ഡോക്ടർ പറഞ്ഞു– ഇപ്പോൾ അശ്വതിയുെട ശരീരത്തിൽ കാൻസർ ഇല്ല. പക്ഷേ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. ‘‘അഞ്ചുവർഷം വരെ കാൻസർ തിരിച്ചുവന്നില്ലെങ്കിൽ ആയുസ്സ് നമുക്ക് കൂടുതൽ കിട്ടും..’’

‘‘തമ്പാനേ മ്മ്ടെ അമ്മയ്ക്കൊന്നും വരുത്തല്ലേ..’’ എന്ന കിച്ചൂന്റെ പ്രാർഥനയെങ്കിലും ദൈവം കേൾക്കാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു കൈമുതൽ. ആദ്യവർഷം എല്ലാ മാസവും ആർസിസിയിൽ പരിശോധനയ്ക്കു പോകണം. കാൻസർ മാർക്കർ പരിശോധനയിൽ അളവുകൾ കുറഞ്ഞിരിക്കുന്നത് കണ്ട് വലിയ സന്തോഷത്തോടെയാണ് മടക്കം. ഭയവും കുറഞ്ഞുവന്നു.

ചികിത്സയ്ക്കിടയിൽ ആദ്യം നീണ്ട ലീവായിരുന്നു. പിന്നീട് പിഎഫ് പണം മുഴുവനും കിട്ടാൻ ഞാൻ ജോലി രാജിവച്ചിരുന്നു. അതിനാൽഫ്രീലാൻസായി ചില ജോലികൾ ആരംഭിച്ചു. അച്ചു പണ്ടത്തേക്കാൾ ആരോഗ്യത്തോടെ തിരിച്ചുവന്നു. പിഎസ്‌സി ടെസ്റ്റിനായി പഠിക്കാനും തുടങ്ങി. ജീവിതത്തിൽ പുതിയ പ്രകാശം നിറയുകയായിരുന്നു. മുമ്പെങ്ങുമില്ലാത്ത തിളക്കമുണ്ടായിയിരുന്നു ആ ജീവിതത്തിന്.

ആഗ്രഹങ്ങളിൽ പലതും ഞങ്ങൾ മാറ്റിവയ്ക്കുമായിരുന്നു. പക്ഷേ, കാൻസർ വന്നശേഷം എന്തു തോന്നുന്നോ അത് അപ്പോൾ തന്നെ ചെയ്യുക എന്നതുശീലമായി. ബിരിയാണി കഴിക്കാൻ തോന്നിയാൽ, പാതിരാത്രിയാണേലും ഞങ്ങൾ ബൈക്കുെമടുത്ത് ഇറങ്ങും. എവിടെയോ മരണം പതിയിരിപ്പുണ്ട് എന്ന തോന്നലായിരിക്കാം അതിനു പിന്നിൽ...

രണ്ട് ഓപ്ഷനുകളാണ് ഒരു കാൻസർ രോഗിക്കുമുന്നിലുള്ളത്. രോഗിയെന്നു കരുതി എന്നും വീട്ടിൽ തന്നെ കഴിയാം. അല്ലെങ്കിൽ പുറത്തിറങ്ങി ജീവിതം ആസ്വദിക്കാം. രണ്ടായാലും രോഗം വരാനിടയുണ്ടെങ്കിൽ വരിക തന്നെ ചെയ്യും. രണ്ടാമത്തെ ഓപ്ഷൻ സ്വീകരിക്കാൻ ‍ ഞങ്ങൾക്ക് ആലോചിക്കേണ്ടി വന്നില്ല. ലൈംഗികത പോലും അന്യമായിക്കഴിഞ്ഞെങ്കിലും സ്വർഗമായിരുന്നു ആ കാലം.

വീണ്ടും വരുന്നു

10 മാസം കഴിഞ്ഞ് കാൻസർ തിരിച്ചെത്തി. ‍ഞങ്ങളുെട ധൈര്യം എവിടെയോ ചോർന്നു പോയ പോലെ.

വീണ്ടും കീമോയും ആശുപത്രിവാസവും.. യാത്രയും... ഇനി ഒരു തിരിച്ചുവരവില്ലെന്നും.. മരണം തൊട്ടടുത്തുണ്ടന്നും അറിയാമായിരുന്നു. ‍ഞാനും കിച്ചുവുമായിരുന്നു അവളുടെ ആധി.

അവസാന കീമോയ്ക്കായി ആശുപത്രിയിലേക്കു പോകും മുൻപ് കുഞ്ഞിനെ മടിയിലിരുത്തി എല്ലാ പ്രിയപ്പെട്ട ബന്ധുക്കളേയും അവൾ ഫോട്ടോ കാണിച്ചു പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.. മോന്റെ എല്ലാ കാര്യങ്ങളും നോക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ ഓർത്തിരിക്കേണ്ടതെല്ലാം ഡയറിൽ കുറിച്ചുവെച്ചു..

അവസാനയാത്രയിൽ ഇനി കുഞ്ഞിനെ കൂട്ടേണ്ട എന്ന് അച്ചു പറഞ്ഞു. ആദ്യമായി അവൾ കുഞ്ഞിനെ പിരിഞ്ഞു നിൽക്കുകയാണ്. മരുന്നുകിടക്കയിൽ ഇങ്ങനെ കിടക്കുന്നതാവരുത് എന്നെക്കുറിച്ചുള്ള അവസാന ഓർമ എന്നായിരുന്നു അച്ചു ആശുപത്രിയിൽ വച്ച് കാരണം പറഞ്ഞത്.

രോഗം തീരെ വഷളായിക്കൊണ്ടിരുന്ന ഒരു ദിവസം പറഞ്ഞു, ‘‘ഒരു ദിവസം രാവിലെ വിളിച്ചാൽ ഞാൻ ഉണരില്ല...കരയാതെ.. ബഹളമുണ്ടാക്കാക്കാതെ പുറത്തു പോയി എല്ലാരോടും പറഞ്ഞ് സമാധാനമായിട്ട് ഇരക്കണം. പറഞ്ഞപോലെ, പിന്നീടൊരു പുലരിയിൽ അവൾ ഉണർന്നില്ല.

കാൻസർ നാണിച്ച നിമിഷങ്ങൾ

കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ സച്ചിനുണ്ടെന്നറിഞ്ഞപ്പോൾ ‘ഒന്നു കളികാണാൻ പോയാലോ..’വെറുതേ ഒരാഗ്രഹം അച്ചു പറഞ്ഞു. രണ്ടാംഘട്ടകീമോ നടക്കുന്ന സമയം തീരെ വയ്യാത്ത അവസ്ഥ. പക്ഷേ.. രമേശും സുഹൃത്തുക്കളും ചേർന്ന് ആംബുലൻസ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. കളികാണാൻ രമേശ് അശ്വതിയേയും മകനേയും കൂട്ടി സ്റ്റേഡിയത്തിലെത്തി. സച്ചിൻ..സച്ചിൻ.. എന്നു ആർത്തുവിളിച്ചു...കൊതി തീരുംവരെ.

അശ്വതിയെക്കുറിച്ചുള്ള രമേശിന്റെ ഓരോ എഴുത്തിനും ഫേസ്ബുക്കിൽ ആയിരക്കണക്കിനാണ് ലൈക്സും ഷെയറും. അവ കണ്ണീർ കഥകളല്ല.. ജീവിക്കാൻ പ്രേരിപ്പിക്കുന്ന പച്ചത്തുരുത്തുകളാണ് രമേശിന്റെ ഓരോ വാക്കും.ഇക്കഴിഞ്ഞ ഏപ്രിൽ 20 ന്, അശ്വതിയുെട മരണത്തിന്റെ ആദ്യവാർഷികത്തിന് രമേശ് മുഖ

പുസ്തകത്തിൽ ഇങ്ങനെ കുറിച്ചു..

‘‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ, ഞാനും മോനും ചേർന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും.. ഇനിയും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണത്. അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചുകളഞ്ഞാൽ, അവിടെ എല്ലാമവസാനിപ്പിച്ച് തലകുനിച്ചു മടങ്ങാൻ മനസ്സില്ലാത്തവന്റെ ഒരു കുഞ്ഞു വാശി.

Tags:
  • Inspirational Story