Thursday 14 November 2019 12:57 PM IST

നമ്മുടെ കുട്ടികളുടെ സ്വഭാവം മാറിയോ? അതോ അധ്യാപകരാണോ ശ്രദ്ധിക്കേണ്ടത്?

Roopa Thayabji

Sub Editor

teacher-parenting

പുതിയ സ്കൂൾ വർഷത്തിൽ അധ്യാപകർ ഓർക്കേണ്ട കാര്യങ്ങൾ നിർദേശിക്കുന്നു, വിദ്യാഭ്യാസ വിദഗ്ധ ഡോ. ആലീസ് മാണി (പ്രഫസർ ഒഫ് കൊമേഴ്സ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബെംഗളൂരു)

ക്ലാസിലെ ഏറ്റവും വികൃതിക്കാരനെ ഒന്നു നന്നാക്കിയെടുക്കണമെന്നു തന്നെ ടീച്ചർ തീരുമാനിച്ചു. പിൻബഞ്ചിലിരുന്ന് സംസാരിച്ച അവനെ ഒരു ദിവസം മുൻബഞ്ചിലേക്ക് പിടിച്ചിരുത്തി. അവിടെയിരുന്നിട്ടും കക്ഷി പഴയപടി തന്നെ. പലവട്ടം വഴക്കുപറഞ്ഞിട്ടും മാറ്റമില്ലെന്നു കണ്ടിട്ടാണ് ടീച്ചർ ഇങ്ങനെ ചോദിച്ചുപോയത്, ‘ക്ലാസിലിരുന്നിങ്ങനെ പെൺകുട്ടികളെപ്പോലെ സംസാരിക്കാൻ നിനക്ക് നാണമില്ലേ...’ ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാനെന്നല്ലേ പറയാറ്. ‘പെണ്ണ്’ എന്നുവിളിച്ച് അപമാനിച്ചു എന്നു പറഞ്ഞ് മനുഷ്യാവകാശ കമ്മിഷനു പരാതി കൊടുത്തു അവൻ. തങ്ങളെ ഒന്നടങ്കം കളിയാക്കുകയും അപമാനിക്കുകയും ചെയ്തു എന്നു പറഞ്ഞ് ക്ലാസിലെ പെൺകുട്ടികളുടെ പരാതി വേറെയും കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. തെളിവെടുപ്പിനും  മറ്റുമായി പല വാതിലുകൾ കയറിയിങ്ങി മടുത്ത ടീച്ചർ ഇങ്ങനെ ആത്മഗതം നടത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ, ‘നമ്മുടെ കുട്ടികളൊക്കെ എത്ര മാറിപ്പോയി.’

കുട്ടികളുടെ സ്വഭാവം മാറിയോ? അതോ അധ്യാപകരാണോ ശ്രദ്ധിക്കേണ്ടത്. പുതിയ സ്കൂൾ വർഷം തുടങ്ങുമ്പോൾ ഓർത്തിരിക്കാൻ ഇതാ, ചില കാര്യങ്ങൾ.

മനസ്സിൽ എന്താണ് ?

ആകെയുള്ള കുട്ടിയെ ആവശ്യത്തിലേറെ കൊഞ്ചിച്ചും ലാളിച്ചും, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും, ശാസിക്കാതെയും ശിക്ഷിക്കാതെയും വളർത്തുന്ന രീതിയാണ് ഇപ്പോൾ മിക്ക മാതാപിതാക്കളും പിന്തുടരുന്നത്. മനസ്സു നോവിക്കുന്ന ഒരു വാക്കോ, ശിക്ഷയോ കിട്ടിയാൽ കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും പെട്ടെന്നു ക്ഷുഭിതരാകുന്നു. മാറിവരുന്ന ഈ സാഹചര്യം അറിഞ്ഞു വേണം അധ്യാപകർ പെരുമാറാൻ.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് അധ്യാപകരോടുള്ള സമീപനവും മാറിവരും. ചെറിയ കുട്ടികളാകുമ്പോൾ വീട്ടിലെ അധിക സ്നേഹവും കരുതലും അറിഞ്ഞുവളരുന്ന അവർ അധ്യാപകരിൽ നിന്ന്  ആഗ്രഹിക്കുന്നതും അതേ കരുതലാണ്. ജോലിക്കാരായ മാതാപിതാക്കളുടെ മക്കൾ കൂടുതൽ സ മയം ചെലവഴിക്കുന്നത് അധ്യാപകർക്കൊപ്പമാണ്. അധ്യാപകരെ എന്തിനും ആശ്രയിക്കാവുന്നയാൾ എന്ന ചിന്തയാകും ഇവർക്ക്. മാതാപിതാക്കളെ പോലെ തന്നെയാണ് ഇവർ അധ്യാപകരെയും കാണുന്നത്.

ഹൈസ്കൂളിലേക്കും പ്ലസ് വണ്ണിലേക്കുമെത്തിയാൽ കുട്ടികളുടെ മനോനിലയും മാറും. ശാരീരിക മാറ്റങ്ങൾ കൊണ്ടുകൂടിയാണ് ഇതെന്ന് തിരിച്ചറിയണം. എന്തുപറഞ്ഞാലും എതിർപ്പും ധിക്കാരവും പ്രകടിപ്പിക്കുന്നതൊക്കെ ഈ മാറ്റത്തിന്റെ ഭാഗമാണ്. മാതാപിതാക്കൾ വരെ പേടിക്കുന്ന പ്രായമാണിത്. ഈ സമയത്ത് അധ്യാപകരിൽ നിന്നുകൂടി അവഗണനയും ശിക്ഷാനടപടികളും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലും നേരിടേണ്ടി വന്നാൽ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടും.

കോളജ് പ്രായത്തിലെത്തിയാൽ അധ്യാപകരെ തങ്ങൾക്ക് തുല്യരായാണ് കുട്ടികൾ കാണുക. ഒരു തരത്തിൽ ഇത് ശരിയാണു താനും. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പഠനവിഷയങ്ങളിലും മറ്റും കൂടുതൽ അറിവു നേടാനുള്ള ടെക്നിക്സ് അവർക്കാണ് കൂടുതൽ അറിയുക. ഇതു മനസ്സിലാക്കി ഇടപെടുമ്പോഴാണ് അധ്യാപകർ പ്രിയപ്പെട്ടവരാകുന്നത്.

തുറന്നു സംസാരിക്കാം

വീട്, കൂട്ടുകാർ, ഇടപെടുന്ന മറ്റുള്ളവർ, ചുറ്റുപാട് തുടങ്ങി എവിടെ നിന്നു വേണമെങ്കിലും കുട്ടിയുടെ മനസ്സിൽ സംഘർഷങ്ങൾ കയറിക്കൂടാം. കേൾക്കാൻ മനസ്സുകാണിക്കുന്ന ആരോടെങ്കിലും അതു തുറന്നുപറയാൻ മിക്ക കുട്ടികളും ആഗ്രഹിക്കും. പുതിയ കാലത്തെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം വേണ്ടത്ര സമയം  ചെലവഴിക്കാൻ രക്ഷിതാക്കൾക്ക് സമയം കിട്ടാറില്ല. അപ്പോഴാണ് അധ്യാപകരിൽ മുതിർന്ന സുഹൃത്തിനെ അവർ തേടുന്നത്. കുട്ടികൾക്ക് മനസ്സുതുറന്ന് സംസാരിക്കാനും അഭിപ്രായങ്ങൾ തേടാനും ആശ്രയിക്കാവുന്ന ആളായി അധ്യാപകർക്ക് മാറാൻ കഴിയണം.

കുട്ടികൾക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടും പിന്തുണ കൊടുത്തും അവരുടെ മനസ്സിനു കരുത്ത് പകരുക. അവർ പറയുന്ന കാര്യത്തിലെ സ്വകാര്യതയും  രഹസ്യ സ്വഭാവവും  ഉറപ്പുനൽകാൻ മറക്കരുത്. കുട്ടിയുടെ മനസ്സു കേൾക്കുമ്പോൾ ഒരിക്കലും  തിടുക്കം കാണിക്കരുത്. ക്ഷമയോടെ കേൾക്കാൻ ത യാറാകുക, ആവശ്യം പോലെ സമയം നൽകുക.

പറയുന്ന കാര്യങ്ങളുടെ ശരിതെറ്റുകളെ വിധിക്കാതിരിക്കുന്നതും നല്ല ഗുണമാണ്. തെറ്റു മനസ്സിലാക്കി കൊടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് നല്ല കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതും. നല്ല പെരുമാറ്റത്തിനും പഠന മികവിനും ‘കീപ് ഇറ്റ് അപ്...’, ‘നന്നായി...’ തുടങ്ങിയ അഭിനന്ദനവാക്കുകൾ പറയാൻ മടിക്കരുത്. അംഗീകരിക്കാനും അഭിനന്ദിക്കാനുള്ള എന്തെങ്കിലും എല്ലാ കുട്ടിയിലും കാണും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതു സ്വന്തം ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയണം.

അഭിരുചി പരിപോഷിപ്പിക്കാം

രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് മിക്ക കുട്ടികളും പല കോഴ്സുകളും തിരഞ്ഞെടുക്കുന്നത്. മക്കൾക്ക് ഉന്നതവിദ്യാഭ്യാസം  ലഭിച്ചാൽ നല്ലത് എന്നു മാത്രമാണ് അവരുടെ ചിന്ത. ചിലരെങ്കിലും  തങ്ങൾക്ക് പറ്റാതെ പോയത് മക്കളിലൂടെ നേടിയെടുക്കണം എന്നു ചിന്തിക്കുന്നു. അങ്ങനെയുള്ള കുട്ടികൾ പലപ്പോഴും നല്ല ബുദ്ധിയുണ്ടെങ്കിലും നേരിയ മാനസ്സിക സമ്മർദം വന്നാൽ പോലും തളർന്നുപോകും. പരീക്ഷയിൽ അൽപം  മാർക്ക് കുറഞ്ഞാൽ ജീവിതം അവസാനിപ്പിക്കാമെന്നാകും അവരുടെ ചിന്ത. ഇത്തരം ചിന്തയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെടുക്കാൻ അധ്യാപകർക്കേ സാധിക്കൂ.

പാഠ്യവിഷയങ്ങൾ നന്നായി പഠിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുന്നത് മാത്രമല്ല പഠനത്തിന്റെ ലക്ഷ്യം എന്നു കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. ജീവിതത്തിൽ നാളെ നേരിടേണ്ടി വരുന്ന ഓരോ തിരിച്ചടികളിൽ നിന്നും കര കയറാനുള്ള പിടിവള്ളിയാകുന്നത് സ്കൂളിൽ നിന്ന് ഇങ്ങനെ കിട്ടുന്ന കരുത്താണ്. ഒരു വിലയുമില്ലെന്നു കരുതി സ്വയം താഴ്ത്തിക്കെട്ടുമ്പോഴുണ്ടാകുന്ന അപകടകരമായ അപകർഷതാ ബോധത്തിൽ നിന്ന് കുട്ടിയെ ഉയർത്തിയെടുക്കണം. സ്വന്തം ശക്തിയും  ദൗർബല്യവും തിരിച്ചറിഞ്ഞാൽ ബലഹീനതകളെ അതിജീവിക്കാനാകുമെന്ന് പറഞ്ഞുകൊടുക്കണം. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും  ശ്രദ്ധിക്കാൻ ആളുണ്ടെന്ന തോന്നൽ വരുമ്പോൾ അലസത വിട്ടുമാറി കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കും, ഉറപ്പ്.

teacher-parenting1

സമ്മർദമേറുമ്പോൾ കുട്ടിക്കുണ്ടാകുന്ന അസ്വസ്ഥത തിരിച്ചറിയുക. അതു ലഘൂകരിക്കാൻ ആത്മാർഥമായി സഹായിക്കുക. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ കുട്ടിയുടെ ആത്മവിശ്വാസം കെടുത്തരുത്. ഇത്തരക്കാരെ ഒരിക്കലും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വഴക്കുപറയുകയോ, ഒന്നിനും കൊള്ളാത്തവൻ എന്ന മട്ടിൽ തള്ളിക്കളയുകയോ ചെയ്യരുത്. നല്ല കാര്യങ്ങൾ ചെയ്താൽ എല്ലാവരുടെയും മുന്നിൽ വച്ച് പ്രശംസിക്കാൻ മറക്കുകയുമരുത്. പഠനത്തിൽ പിന്നോക്കമുള്ളവരെയും ക്ലാസിലെ പ്രശ്നക്കാരെയും ഇങ്ങനെ ക്ഷമയോടെ സ്നേഹപൂർവം ഇടപെട്ടാൽ വരുതിയിലാക്കാം.

നേർവഴി കാണിക്കാം

കുട്ടികളുടെ വൈകാരിക– മാനസിക പ്രശ്നങ്ങളെ അറിയാൻ ആദ്യം  കഴിയുന്നത് അധ്യാപകർക്കാണ്. ക്ലാസിൽ  അശ്രദ്ധയോ ഇടയ്ക്കിടെ മുങ്ങുന്നതോ പഠനത്തിൽ പിന്നാക്കം പോകുന്നതോ കണ്ടാൽ കുട്ടിയെ നിരീക്ഷിക്കാം. കൂട്ടുകാരുമായി ഇടപഴകാതെ ഒറ്റയ്ക്കിരിക്കുന്നതോ ഉൾവലിയുന്നതു പോലെയോ കണ്ടാൽ ശ്രദ്ധിക്കണം, കാര്യങ്ങൾ ചോദിച്ചറിയണം.

തുറന്നുപറച്ചിലുകൾ കുട്ടിക്ക് സ്വയം പരിഹാരമാർഗം ക ണ്ടെത്താനുള്ള വഴി തുറക്കലാകും. കുട്ടിയുടെ അനുഭവങ്ങൾ ഉൾക്കൊള്ളാനാകുകയും  അവയുമായി  താദാത്മ്യം പ്രാപിക്കാനാകുകയും ചെയ്താൽ പ്രതിസന്ധിയിൽ അധ്യാപകർ തുണയാകുമെന്ന വിശ്വാസം കുട്ടിക്കുമുണ്ടാകും.

മുതിർന്നവരോടും  അധ്യാപകരോടും നിഷേധസ്വഭാവം കാണിക്കുന്നതും എതിർത്ത് സംസാരിക്കുന്നതും അനുസരണ ഇല്ലായ്മയുമൊക്കെ ഉള്ളിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാകാം. നുണ പറയുക, സത്യം മറച്ചുവയ്ക്കുക, മോഷണം തുടങ്ങി അപകട സാധ്യതകൾ നോക്കാതെയുള്ള എടുത്തുചാട്ടവും വികാരവിക്ഷോഭവും വരെ ഇതിൽ പെടും.

ആത്മഹത്യയെ പറ്റി സംസാരിക്കുന്നതോ ഭീഷണി മുഴക്കുന്നതോ കണ്ടാൽ പ്രശ്നങ്ങൾ രൂക്ഷമാണെന്ന് മനസ്സിലാക്കാം. ചില സന്ദർഭങ്ങളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും മോഹാലസ്യപ്പെടുന്നതും വരെ മാനസ്സിക സമ്മർദത്തിന്റെ ലക്ഷണമാകാം.

കുടുംബ പശ്ചാത്തലവും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കി വേണം ഇവിടെ ഇടപെടാൻ. ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന മട്ടിലുള്ള ഉപദേശങ്ങൾ കൗമാരക്കാർ ഇഷ്ടപ്പെടില്ല. ധാർമിക മൂല്യങ്ങളെ കുറിച്ച് സദാസമയവും ഉപദേശിക്കാനും നിൽക്കരുത്. പരസ്പര ബഹുമാനം നിലനിർത്തിയുള്ള തുറന്ന സമീപനവും കൗൺസലിങ്ങുമാണ് ഇവിടെ പ്രയോജനപ്പെടുക.

കുട്ടിയുടെ വിശ്വാസം സമ്പാദിക്കുന്നതിനൊപ്പം തന്നെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യില്ലെന്നും ഉറപ്പുവരുത്തുക. എന്തും  പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനൊപ്പം വിഷമതകൾ തുറന്നുപറയാനുള്ള ആത്മവിശ്വാസവും നൽകുക. അപ്പോൾ കുട്ടികൾക്ക് കിട്ടുന്ന ഏറ്റവും നല്ല പാഠപുസ്തകമാകും അധ്യാപകർ.

നല്ല ടീച്ചറാകാം

∙ കുട്ടികളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കുറ്റപ്പെടുത്തലുകൾ കുറച്ച് പൊസിറ്റിവ് ഗുണങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്താൽ പ്രശ്നങ്ങൾ തുറന്നുപറയാൻ അവർക്ക് ധൈര്യം കിട്ടും.

∙ ദിനചര്യ, ഒരു ദിവസത്തെ പാഠ്യപ്രവർത്തനം എന്നിവയെല്ലാം ക്രമീകരിക്കാൻ കുട്ടിയെ സഹായിക്കാം. പഠനമികവിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ മടിക്കേണ്ട.

∙ മാനസിക വൈകല്യങ്ങളെയും പെരുമാറ്റ– പഠന പ്രശ്നങ്ങളെയും നിരീക്ഷിച്ച് തുടക്കത്തിലേ തിരിച്ചറിയുക.

∙ വിദ്യാർഥികളുടെ മികവുകളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും  യഥാസമയം  രക്ഷിതാക്കളോട് ആശയവിനിമയം നടത്തുക.

∙ പ്രശ്നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കൾക്കൊപ്പം ചേർന്ന് വഴികൾ തേടുക. വിദഗ്ധ സഹായം വേണ്ടിവരുന്ന സന്ദർഭത്തിൽ രക്ഷിതാക്കൾക്കും കുട്ടിക്കും അതിനുള്ള പ്രേരണ നൽകാൻ മടിക്കരുത്.

തയാറാക്കിയത്: രൂപാ ദയാബ്ജി

 

Tags:
  • Mummy and Me
  • Baby Care
  • Parenting Tips