Monday 13 February 2023 12:41 PM IST

ബ്രേക് അപ്പിനു ശേഷം മറ്റേയാളെ കാണിക്കാൻ വേണ്ടി മാത്രം പെട്ടെന്നൊരു പ്രണയത്തിലേക്ക് എടുത്തു ചാടരുത്

Vijeesh Gopinath

Senior Sub Editor

break-up-valentone-special

ശരിയാണ്, അപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല. വെയിലു വീഴുന്നതും രാവു മായുന്നതും മഴ ചാഞ്ഞു പെയ്യുന്നതും.

പക്ഷേ, മിന്നൽ പോലെയാണ് ഒരാൾ തീരുമാനിക്കുന്നത് ഇനി ‘ന മ്മൾ‌’ ഇല്ല. ആ വാക്ക് മുറിച്ച് ‘ഞാനും’ ‘നീയും’ എന്നാക്കാം. ഇന്നു മുതൽ അതു മതി.

ഞെട്ടിപ്പോകില്ലേ? മനസ്സിലപ്പോഴും ഉണ്ടാകും ചേർത്തു പിടിച്ച ചൂട്, നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികൾ, കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത ഉമ്മകൾ. പലപ്പോഴും എന്തിനെന്ന ചോദ്യത്തിന് ഉത്തരം പോലും ഉണ്ടാകില്ല.

വിശാല മനസ്സുള്ളവർ ഒരു കപ്പ് കാപ്പി കുടിച്ചു നല്ല ചങ്ങാതിമാരായി രണ്ടു വഴിക്ക് ഇറങ്ങി പോകും. മറ്റു ചിലർ മുള്ളുരഞ്ഞ നീറലോടെ ഇനി ഒപ്പമില്ലെന്ന സത്യം കയ്ച്ചു വിഴുങ്ങും. വേറെ ചിലർ ‘പോയി പണി നോക്ക്, അങ്ങനെ തോൽപ്പിക്കാനാകില്ലെ’ന്നു പറഞ്ഞു ചങ്കും വിരിച്ചു ജീവിച്ചു കാണിക്കും.

പക്ഷേ, മറ്റൊരു കൂട്ടരുണ്ട്. പക കനൽ പോലെ മനസ്സിൽ ‘ഇൻവെസ്റ്റ്’ ചെയ്യും. അതെരിയുന്ന സുഖം സ്വയം അനുഭവിച്ചു തന്ത്രങ്ങള്‍ നെയ്തു പതുക്കെ ചതിയുടെ തീയൊരുക്കും. അതിലേക്ക് ഒപ്പം നടന്നയാളെ വലിച്ചിട്ടു കത്തിച്ചു കളയും. പക പലിശയടക്കം വീട്ടും. അവരെയാണു സൂക്ഷിക്കേണ്ടത്, ‌‌‌ചികിത്സിക്കേണ്ടത്. ഈ വ ർഷം വന്ന ചില വാർത്തകൾ ഒാർത്തു നോക്കാം.

∙ ജൂൺ 11 നാദാപുരം, കോഴിക്കോട്

കോളജ് വിട്ടു മടങ്ങിയ പെൺകുട്ടിയെ വീടിനു സമീപം വഴിയിൽ കാത്തു നിന്ന് കൊടുവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാൽ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും തീ വയ്ക്കാൻ പെട്രോൾ കരുതിയെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

∙ ഓഗസ്റ്റ് 22 ചിറ്റിലഞ്ചേരി, പാലക്കാട്

പ്രണയത്തിൽ നിന്നു പിൻവാങ്ങിയെന്ന സംശയത്തെത്തുടർന്നു യുവതിയെ തോർത്തുകൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവു പൊലീസ്‌ സ്റ്റേഷനിൽ കീഴടങ്ങി. ആറുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ്.

‌∙ നവംബർ 8 വടക്കേക്കര, എറണാകുളം

പ്രണയത്തകർച്ചയെ തുടർന്നു യുവതിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ കാമുകനും അച്ഛനുമടക്കം മൂന്നു പേർ അറസ്റ്റിൽ.

ഏറ്റവുമൊടുവിൽ കഷായത്തിൽ വിഷം കൊടുത്തു കാമുകനെ കൊന്നെന്ന കേ സും. ഇവർക്കൊന്നും പേരില്ലേ എന്നു തോന്നിയേക്കാം. ഒറ്റ പേരേയുള്ളൂ ഇവർക്ക്– പ്രണയപ്പകയുടെ ഇരകൾ.

പ്രണയത്താൽ മുറിവേറ്റവർ

മദ്യത്തിനും മയക്കു മരുന്നിനും അടിമകളായവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ വിമുക്തി കേന്ദ്രങ്ങളുണ്ട്. പ്രണയത്തിന്റെ മുറിപ്പാടുകള്‍ ഉണക്കാനായി ഇത്തരം കേന്ദ്രങ്ങൾ ഈ കാലത്ത് ആവശ്യമുണ്ടോ?

ബ്രേക് അപ് എന്ന വാക്കിന് എല്ലാം തകർക്കുക എന്ന അർഥമല്ല ഉള്ളത്. പരസ്പരം മനസ്സിലാക്കി ഇറങ്ങി പോരുക എന്നതു കൂടിയാണ്. പ്രണയം പോലെ ത ന്നെ പ്രണയഭംഗവും നേരിടാൻ മനസ്സിനെ ഒരുക്കണം. വേദനാജനകമായ യാത്ര കൈകാര്യം ചെയ്യാനറിയാത്തതാണ് ജീവിതം തന്നെ താളം തെറ്റിക്കുന്നത്. പ്രണയത്തിനു കണ്ണില്ല എന്നൊക്കെ പറയാറുണ്ട്്. പുതിയ കാലത്തു പ്രണയത്തിലിറങ്ങുന്നവർക്ക് ഉൾക്കണ്ണ് ആവശ്യമാണ്. പ്രണയപ്പകയിലേക്കു പോകുന്ന പല സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള ചില വഴികൾ‌ ഇതാ...

1. തുറന്നു പറയുക

പിരിയാൻ തീരുമാനമെടുത്താൽ അതു തുറന്നു പറയണം. എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടോ അതു വല്ലാതെ വേദനിപ്പിക്കുമോ എന്ന പരിഗണനകൊണ്ടോ ആണുപലപ്പോഴും പലരും തുറന്നു പറയാത്തത്.

മിക്കവരും പ്രയോഗിക്കുന്ന തെറ്റായ മാർഗമുണ്ട്. ഒരു സുപ്രഭാതത്തിൽ അവഗണിക്കാൻ തുടങ്ങും. ഫോൺ എ ടുക്കാതെ മെസേജുകൾക്കു മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറും. ഇത്തരം പെരുമാറ്റത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കട്ടെ എന്നാണു കരുതുക. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

2. എപ്പോൾ പറയണം?

ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതു സാധ്യമല്ലെന്നു തിരിച്ചറിഞ്ഞാൽ ഉടൻ പറയുകയാണു നല്ലത്. പ്രണയം ത കരുമെന്ന് ഉറപ്പായിട്ടും മുന്നോട്ടു സ്വാർഥ ലാഭങ്ങൾക്കായി; പണമോ ലൈംഗികതയോ പിന്തുണയോ എന്തുമായിക്കൊള്ളട്ടെ; മുന്നോട്ടു കൊണ്ടുപോവാൻ പാടില്ല. പരസ്പര വിശ്വാസത്തെ മറികടന്നുള്ള പ്രണയം പകയുണ്ടാക്കും.

breakup-jan-20

3. എങ്ങനെ പറയണം?

തർക്കത്തിനു വേണ്ടിയല്ലെന്നു മനസ്സിൽ ഉറപ്പിച്ചിട്ടു ശാന്തമായി സംസാരിക്കുക. രണ്ടു കൂട്ടരിലും വേദനയുണ്ടാക്കാൻ പോവുന്ന കാര്യമാണെന്ന ബോധ്യം പരസ്പരം ഉണ്ടാക്കണം. തുറന്നു സംസാരിച്ച് യഥാർഥ പ്രശ്നം എന്താണെന്ന് തിരിച്ചറിയുക. തിരുത്താൻ പറ്റുന്നതല്ലെന്നു ബോധ്യപ്പെടുത്തുക. പ്രണയപങ്കാളിയുടെ ഗുണങ്ങളും അതുവരെ തന്ന തണലും പറഞ്ഞു കൊണ്ടു തന്നെ വേണം വേർപിരിയുന്ന കാര്യം അവതരിപ്പിക്കാൻ.

മാനസികമായ പൊരുത്തപ്പെടൽ ഇല്ലാത്തതുകൊണ്ടു തന്നെ ബന്ധം തുടരുന്നതു രണ്ടു കൂട്ടർക്കും ദോഷമായിരിക്കുമെന്നു മനസ്സിലാക്കിക്കുക.

4. എങ്ങനെ സ്വയം ആശ്വസിപ്പിക്കാം?

ചിലപ്പോൾ ഉപേക്ഷിക്കപ്പെടുന്നയാളുടെ ജീവിതപ്രതീക്ഷയുടെ ഒറ്റത്തണൽ ആകും ആ വ്യക്തി. അത്തരം സാഹ ചര്യങ്ങളിൽ മനസ്സിലെ മുറിവും ആഴത്തിലുള്ളതാകും. എ ന്നു കരുതി ഉപേക്ഷിക്കപ്പെട്ടാൽ നിലംപൊത്തി വീഴുക യോ പകയോടെ പൊരുതുകയോ ചെയ്യരുത്. സങ്കടം, ദേഷ്യം, ആശയക്കുഴപ്പം, നീരസം, അസൂയ ഇതിനെ അവഗണിക്കാനോ അടിച്ചമർത്താനോ ശ്രമിച്ചാല്‍ വേദനകൾ നീണ്ടു പോകുകയേയുള്ളൂ. ഇതെല്ലാം അനുഭവിക്കാൻ മനസ്സിനെ ഒരുക്കുക. സ്വയം ആറിത്തണുക്കാതെ മറ്റു വഴികളില്ലെന്നു തിരിച്ചറിയുക. എല്ലാ ബന്ധത്തിലും വേർപിരിയലുകളും ഉയിർത്തെഴുന്നേൽപ്പും സ്വാഭാവികമാണല്ലോ.

5. സങ്കടങ്ങൾ ആരോടാണ് പറയേണ്ടത്?

ഇത്തരം വിഷമങ്ങൾ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ആരോടെങ്കിലും തുറന്നു പറയാം. നിങ്ങളെ തിരിച്ചറിയാൻ പറ്റുന്നു എന്ന് ഉറപ്പുള്ള ആരോടും പങ്കുവയ്ക്കാം. അപ്പോഴുമൊരു കാര്യം ശ്രദ്ധിക്കുക. പ്രശ്നങ്ങൾ ആളിക്കത്തിക്കാന്‍ വെടിമരുന്നുമായി നിൽക്കുന്നവരോടു കഴിവതും ഒരുവിവരവും പങ്കുവയ്ക്കരുത്. നീ അവനെ/അ വളെ വെറുതെ വിടരുത്. ആരാണെന്ന് കാണിച്ചു കൊടുക്കണം. തുടങ്ങിയ ‘െഎറ്റ’ങ്ങളുമായി വരുന്നവരെ കണ്ടറിഞ്ഞ് ഒഴിവാക്കുക.

ആരോടു പറയാൻ എന്ന സംശയമുണ്ടെങ്കിൽ സങ്കടങ്ങ ൾ സ്വയം എഴുതുക. തുറന്നെഴുത്ത് നല്ലൊരു മുറിവുണക്കലാണ്. എഴുതുംതോറും മനസ്സും തണുക്കും.

break-up-valentone-special

6. ഉപേക്ഷിക്കപ്പെട്ടാൽ അരുതാത്ത 5 കാര്യങ്ങൾ

∙ നിങ്ങളുടെ കുറവുകൾ കാരണം മാത്രമാണ് ഉപേക്ഷി ക്കപ്പെട്ടതെന്നു ചിന്തിക്കരുത്.

∙ ചില സിനിമകളിൽ കാണും പോലെ പ്രണയത്തകർച്ചയുടെ പേരിൽ ലഹരിയിൽ മുങ്ങരുത്.

∙ ജോലിയിലും പഠനത്തിലും ശ്രദ്ധ നഷ്ടപ്പെടുത്തരുത്.

∙ സ്വയം വേദനിപ്പിക്കുന്നതിന്റെയും മുറിവേൽപ്പിക്കുന്നതിന്റെയും വിഡിയോ എടുത്ത് അയയ്ക്കുന്നതു പോലുള്ള പരിപാടികളിൽ നിന്നു മാറി നിൽക്കുക.

∙ ഉപേക്ഷിച്ചയാളെ മാനസികമായോ ശാരീരികമായോ തകർക്കാനുള്ള ഒരു വഴിയും ആലോചിക്കരുത്.

1576534960

എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ഉറപ്പിക്കുക. ഇല്ലെങ്കിൽ നിങ്ങൾക്കു പരാജിത മുഖമായിരിക്കും മറ്റുള്ളവർ ചാർത്തി തരുന്നത്. വിഷാ ദത്തിലേക്കു പോയാൽ‌ നഷ്ടം നിങ്ങൾക്കു മാത്രമാണ്.

7. തിരികെ എത്താനുള്ള 3 വഴികൾ

∙ സ്വയം പരിചരണത്തിനു മുൻഗണന നൽകുക. ഉറക്കക്കുറവ് വിഷാദം കൂട്ടും. നല്ല ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക. ജിമ്മിൽ പോകാം, യോഗ പരിശീലിക്കാം.

∙ ആഹ്ലാദിക്കാനുള്ള വഴികൾ കണ്ടുപിടിക്കുക. സ്വയം സ്നേഹിക്കാനുള്ള ഏറ്റവും നല്ല കാലമാണ് ബ്രേക് അപ്പിനു ശേഷമുള്ള സമയം. മറ്റൊന്നിലേക്കും മനസ്സു പോകില്ലെന്നുറപ്പുണ്ടെങ്കിൽ ചെറുയാത്രകളാകാം. നല്ല ഭക്ഷണം തേടി പോകാം, സിനിമകൾ കാണാം.

∙ സ്വാഭാവികമായും ജോലിയിലും പഠനത്തിലും താൽപര്യം നഷ്ടമായേക്കാം. അതുകൊണ്ടു തന്നെ പഠിക്കേണ്ട ചാപ്റ്ററുകളെ കുറിച്ചും ചെയ്യേണ്ട ജോലികളെ കുറിച്ചും ടാർഗറ്റ് വച്ചു മുന്നോട്ടു പോവുക. ടാർഗറ്റിനു മുന്നേ തീർത്താൽ സ്വയം അഭിനന്ദിക്കുക.

8. മറക്കരുത് ഈ 5 കാര്യങ്ങൾ

∙ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ വേണ്ട. ഫോൺകോളിനോ മെസേജിനോ കാത്തിരിക്കേണ്ട. ഇതൊക്കെ ഒപ്പമില്ലെന്ന സത്യം തിരിച്ചറിയാന്‍ കാലതാമസം വരുത്തും.

∙ പരിഹരിക്കപ്പെടാനാകാത്ത കാരണത്താലാണു ബന്ധം തകർന്നതെന്നു മനസ്സിലാക്കുക. എന്നായാലും ഈ കപ്പൽ മുങ്ങുമെന്നും സ്വയം ബോധ്യപ്പെടുത്തുക.

∙ എല്ലാം നിങ്ങളുടെ തെറ്റുകൊണ്ടു മാത്രമാണ് എന്നു ചിന്തിക്കരുത്. ആരുടെയും തെറ്റല്ലാത്ത, പൊരുത്തക്കേടുകൾ എല്ലാ ബന്ധങ്ങളിലും ഉണ്ടാവും.

∙ ആത്മഹത്യ ഭീഷണികളിൽ നിന്നു മാറി നിൽക്കുക. അ തു വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്.

∙ വേർപിരിഞ്ഞ ശേഷം പിന്തുണയ്ക്കായി ആ വ്യക്തിയെ ആശ്രയിക്കാതിരിക്കുക. പിന്നീട് സൗഹൃദം തുടർന്നാലും അയാൾ നിങ്ങളെ ഡ്രൈവ് ചെയ്യാൻ വരരുത്.

9. പകരം വീട്ടണമെന്ന് തോന്നിയാൽ സ്വയം ചെയ്യേണ്ടത്

ഏതെങ്കിലും രീതിയിൽ പക ഉണർ‌ന്നാൽ ഒന്നുറപ്പിക്കുക;നിങ്ങളുടെ യാത്ര അപകടത്തിലേക്കാണ്. സ്വകാര്യനിമിഷങ്ങളിൽ എടുത്ത എല്ലാ ചിത്രവും ഒരിക്കൽ കൂടി കാണാൻ നിൽക്കാതെ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക. സോഷ്യ ൽ മീഡിയ വഴി അപമാനിക്കാനുള്ള തോന്നലുകൾ ഉണ്ടെങ്കിൽ കുറച്ചു കാലം അതിൽ നിന്ന് മാറി നിൽക്കുക.

10. വാശിക്കു വീണ്ടും പ്രണയിക്കരുത്

ബ്രേക് അപ്പിനു ശേഷം മറ്റേയാളെ കാണിച്ചു കൊടുക്കാൻ വേണ്ടി മാത്രം പെട്ടെന്നൊരു പ്രണയത്തിലേക്ക് എടുത്തു ചാടരുത്. വാശിപ്പുറത്തു തുടങ്ങുന്ന ബന്ധങ്ങൾ അധികകാലം നിൽക്കാനുള്ള സാധ്യതയില്ല.

11. വീണ്ടും തിരിച്ചു വന്നാൽ...

വേർപിരിയാൻ തീരുമാനമെടുക്കാനുള്ള കാരണങ്ങളു‍ടെ അപ്പോഴത്തെ അവസ്ഥ തിരിച്ചറിയുക. പ്രശ്നങ്ങൾ മുഴുവനായും ഇല്ലാതായോ എന്നു രണ്ടുപേരും ചർച്ചചെയ്ത് കണ്ടെത്തുക. ഒരാവേശത്തിനു പോയി മറ്റൊരു ആവേശത്തിൽ തിരിച്ചു വന്നതാണെങ്കിൽ വീണ്ടും തകർന്നേക്കാം.

12. ഉപദേശിക്കാം, പക്ഷേ...

പ്രണയം പൊളിക്കാൻ മണ്ണുമാന്തി കൈകളുമായി വരുന്നവരിൽ മാതാപിതാക്കളും ഉണ്ടായിരിക്കും. പ്രണയം തകർന്നെന്നു തിരിച്ചറിഞ്ഞാൽ‌ സ്വകാര്യവിജയമായി കണക്കാക്കരുത്. വിജയിച്ചു എന്ന ഭാവത്തിന്റെ ചെറിയ അംശം പോലും പ്രകടിപ്പിക്കരുത്. ഇതു മാതാപിതാക്കളും മുതിർന്നവരും പ്രത്യേകം മനസ്സിൽ വയ്ക്കേണ്ട കാര്യമാണ്.

13. ഭീഷണിയിലേക്ക് എത്തുമ്പോൾ

ഉപേക്ഷിക്കപ്പെട്ടയാൾ സ്വാഭാവികമായും പൊട്ടിത്തെറിക്കാം. പരിധിവിട്ടുള്ള ചീത്തയും മറ്റും ഫോണിലൂടെ ഉണ്ടാകുമ്പോൾ മനസാന്നിധ്യം വിടാതെ ബ്ലോക്ക് ചെയ്യാതെ മ റ്റു മാർഗമില്ലെന്നു പറയുക. വീണ്ടും തുടർന്നാൽ പറഞ്ഞ ശേഷം ബ്ലോക് ചെയ്യുക. പിന്നീടും ഭീഷണി ഉണ്ടായാൽ പൊലീസിന്റെ സഹായം തേടാവുന്നതാണ്.

14. മറ്റൊരു വിവാഹത്തിലേക്കു പോവുമ്പോൾ

ഇഷ്ടമാണ്. പക്ഷേ, വീട്ടുകാരെ പിണക്കി മുന്നോട്ടു പോകാനും കഴിയില്ല. അങ്ങനെ ഉറപ്പിച്ചു കഴിഞ്ഞാൽ ഒപ്പമുള്ളയാളെ എത്രയും വേഗം അതു ബോധ്യപ്പെടുത്തുക. അല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞല്ല ഈ വിവരം പറയേണ്ടത്. ആലോചനയുടെ ഘട്ടത്തിലേ തുറന്നു പറയണം. മറിച്ചായാൽ ദേഷ്യം കൂടുകയേയുള്ളൂ.

15. പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെടരുത്

ബന്ധങ്ങളിലും പ്രണയത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. ബ്രേക് അപ്പിനു ശേഷം സ്വാഭാവികമായും കാഴ്ചപ്പാടിൽ മാറ്റം വരും. ബന്ധങ്ങളിലൊന്നും അർഥമില്ലെന്നു തോന്നും. ഇതൊക്കെ പ്രത്യേക സാഹചര്യത്തിലുള്ള ചിന്തകൾ മാത്രമാണ്. ഒരു ബന്ധത്തിന്റെ തകർച്ച ജീവിതയാത്രയിലെ അവസാന സ്റ്റോപ്പല്ല. ജീവിതം ഇനിയും ഒഴുകും.

ഒപ്പം നടക്കാൻ ആരൊക്കെയോ നിങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഉറപ്പല്ലേ. അവർ എത്തും വരെ, കൈപിടിച്ചു ചേർത്തു നിർത്തും വരെ കാത്തിരിക്കുക. അല്ലെങ്കിൽ ഒറ്റയ്ക്കു തലയുയർത്തി മുന്നോട്ടു നീങ്ങുക. പുഞ്ചിരിക്കുന്ന ജീവിതമാകട്ടെ നിങ്ങളുടെ പ്രണയം.

വിജീഷ് ഗോപിനാഥ്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.സി.ജെ ജോൺ

ചീഫ് സൈക്യാട്രിസ്റ്റ്, ‌

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി