Monday 13 February 2023 04:45 PM IST : By അഞ്ജലി തോമസ്

‘പ്രണയം തകർന്ന ശിൽപി കാളത്തല കൊത്തിയെടുത്ത് കത്തീഡ്രൽ ചുമരിൽ സ്ഥാപിച്ചു’: പ്രണയകഥയുറങ്ങുന്ന ഫ്ലോറൻസ്

florance

ഫ്ലോറൻസിലെ പ്രണയ കഥകൾ

നവോത്ഥാനത്തിന്റെ കളിത്തൊട്ടിലും മനോഹര കലാശിൽപങ്ങളുടെ പറുദീസയും മാത്രമല്ല ഇറ്റാലിയൻ നഗരമായ ഫ്ലോറൻസ്. അവിടുത്തെ ഓരോ തൂണും തെരുവും സ്മാരകവും ഒട്ടേറെ പ്രണയകഥകളുടെ സാക്ഷികളുമാണ്.

ഫ്ലോറൻസ് നഗരത്തിനു പറയാനുള്ള പ്രണയകഥകൾ പ്രശസ്തിയുടെ കാര്യത്തിൽ ബ്രൂനെലെസ്കി ഡോമിനു തുല്യമാണ്, അതിനെക്കാൾ അൽപം കൂടുതൽ അമ്പരപ്പിക്കുന്നതുമാണ്. എന്നാൽ സമീപകാലത്തു മാത്രമാണ് ഞാൻ ഫ്ലോറൻസിനെ ഒരു പ്രണയനഗരമായി മനസ്സിലാക്കിയത്. കാലത്തിന്റെ കുത്തൊഴുക്കിൽ കൈമോശം വന്നുകൊണ്ടിരിക്കുകയാണ് അതിന്റെ കഥകൾ പലതും. അസാധാരണമായവ മാത്രം അതിജീവിച്ചു. ഫ്ലോറൻസിന്റെ ചരിത്രത്തിലേക്ക് 3 രീതിയിൽ സഞ്ചരിക്കാം. മഹാൻമാരായ കലാകാരൻമാരുടെ പ്രതിഭയിലൂടെ, അധികാര വടംവലികളിലൂടെ, സാധാരണ പൗരൻമാരുടേയും പ്രഭുക്കൻമാരുടേയും ജീവിത കാമനകളിലൂടെയും വഞ്ചനകളിലൂടെയും... മൂന്നാമത്തെ മാർഗത്തിലൂടെ സഞ്ചരിച്ചാണ് ഞാൻ ഫ്ലോറൻസിലെ പ്രണയകഥകളിൽ എത്തിയത്.

കാളക്കൊമ്പിനുവേണ്ടി

ആദ്യ സന്ദർശന സ്ഥലം ഫ്ലോറൻസിന്റെ മത കേന്ദ്രമായ പിയാസ എൽ ദുവോമോ ആയിരുന്നു. അവിടെയാണ് ഫ്ലോറൻസ് കത്തീഡ്രൽ, പേരു കേട്ട ബ്രൂനെലെസ്കി ഡോം, സ്വർണ തിളക്കമുള്ള പോർട ഡെൽ പാരഡിസോ എന്ന കവാടത്തോടുകൂടിയ ബാപ്റ്റിസ്റ്ററി, മനോഹരമായ ജിയോട്ടോസ് ബെൽ ടവർ എന്നിവ. ആകർഷകമായ സ്ഥലം എന്നപോലെ പ്രശസ്തമായ പല പ്രണയകഥകളുടേയും വഞ്ചനകളുടേയും പ്രഭവകേന്ദ്രം കൂടിയാണ് അത്.

14 ാം നൂറ്റാണ്ടിൽ ബ്രൂനെലെസ്കിയുടെ നേതൃത്വത്തിൽ പ്രശസ്തമായ സാന്റാ മരിയ ഡെൽ ഫിയോറോ ഡോമിന്റെ നിർമാണം നടക്കുന്ന സമയം. അവിടെത്തിയ ശിൽപികൾ പലരും നാട്ടുകാരായ സ്ത്രീകളുമായി പ്രണയ ബദ്ധരായി. അതിൽ ഒരാളുടെ പ്രണയത്തിനു മാത്രം കത്തീഡ്രലിൽ സ്ഥിരമായ അടയാളം ചാർത്താൻ കഴിഞ്ഞു. ആ കഥയിലെ നായിക, വിവാഹിതയായ തയ്യൽക്കാരി, വയാ ദേയി സെർവി തെരുവിന്റെ തുടക്കത്തിലാണ് വസിച്ചിരുന്നത്. അവള്‍ മുറിയുടെ ജനാലയിലൂടെ കെട്ടിടനിർമാണ സ്ഥലത്തേക്കു നോക്കിയിരിക്കുക പതിവായിരുന്നു. ശിൽപികളിൽ ഒരാൾ അവളില്‍ അനുരക്തനാകുകയും അവർക്കിടയിൽ പ്രണയം വളരുകയും ചെയ്തു. ഇതറിഞ്ഞ തയ്യൽക്കാരിയുടെ ഭർത്താവ് ബന്ധം അവസാനിപ്പിക്കാൻ നിയമമാർഗം തേടി. പ്രണയം തകർന്ന ശിൽപി വെണ്ണക്കല്ലിൽ വലിയ കൊമ്പുകളോടുകൂടിയ കാളത്തല കൊത്തിയെടുത്ത് കത്തീഡ്രൽ ചുമരിൽ സ്ഥാപിച്ചു. ഡോമിലേക്ക് എത്താനുള്ള മാർഗമായ പോർട ഡെൽ മൻഡോർലയെ അഭിമുഖീകരിക്കുന്ന കാളത്തലയുടെ കൊമ്പുകൾ തയ്യൽക്കാരിയുടെ ഭർത്താവിന്റെ കടയിലേക്കാണ് ചൂണ്ടുന്നത്. ഇറ്റാലിയൻ ഭാഷയിൽ ഭാര്യയുടേയോ ഭർത്താവിന്റേയോ വഞ്ചനയ്ക്ക് ഇരയായ വ്യക്തി അറിയപ്പെടുന്നത് ‘കൊമ്പുള്ളവൻ/ൾ’ എന്നു സൂചിപ്പിക്കുന്ന പദത്താലാണ്.

ടോറി ഡെല്ല കാസ്റ്റഗ്നയ്ക്കു സമീപമുള്ള മധ്യകാല ക്വാർടറാണ് അടുത്ത ലക്ഷ്യം. തൊട്ടുരുമ്മി ഇരിക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെ കടന്നു പോകുന്ന, പ്രത്യേകം നടപ്പാതകളില്ലാത്ത ഇടുങ്ങിയ വഴി തന്നെ ചരിത്ര ഖണ്ഡമാണ്. കവിയും ഇറ്റാലിയൻ ഭാഷാപിതാവുമായി ഡാന്റേ അലിഗേറിയുടെ (1265) ജൻമസ്ഥലമാണ് ഇത്. അദ്ദേഹത്തിന്റെ ശിൽപമാണ് ഈ നഗരത്തെ അടയാളപ്പെടുത്തുന്നത്. ഡാന്റേ വസിച്ച ഗൃഹം ഇപ്പോൾ മ്യൂസിയമാണ്.

ഡാന്റേയുടെ പ്രണയിനിയായിരുന്ന ബിയാട്രിസിന്റെ നാട്ടിലേക്കാണ് പിന്നെ നടന്നത്. ഒൻപതാം വയസ്സിൽ ബിയാട്രിസിനെ ആദ്യമായി കണ്ടതുമുതൽ പ്രണയം തുടങ്ങിയതാണെന്ന് ഡാന്റേ അവകാശപ്പെടുന്നുണ്ട്. അക്കാലത്തെ ആചാരമനുസരിച്ച് 12ാം വയസ്സിൽ ഡൊനാറ്റി കുടുംബത്തിലെ ജെമ്മയെ വിവാഹം കഴിച്ച ഡാന്റേ 18 വയസ്സു തികഞ്ഞ ശേഷം വീണ്ടും ബിയാട്രിസിനെ കണ്ടു. അപൂർവമായി എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടുണ്ട്, അത്രമാത്രമേയുള്ളു. അവർക്കിടയിലെ പ്രണയത്തിന്റെ കരുത്തിൽ, ബിയാട്രിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘വിറ്റ നൂവ’ എന്ന ഗീതകവും ‘ഡിവൈന്‍ കോമഡി’ എന്ന കാവ്യവും ഡാന്റേ രചിച്ചത്. ഡാന്റേയുടെ വിവാഹം നടന്ന പള്ളിയിലാണ് മരണാനന്തരം ബിയാട്രിസിനെ സംസ്കരിച്ചത്. തുടർന്ന് ഡാന്റേ ഫ്ലോറൻസ് വിട്ടുപോയി.

നടന്ന ക്ഷീണം അൽപം കുറയ്ക്കാനായി ഒരു കപ്പ് ചൂട് ചോക്കലേറ്റും ക്രീമുമായി ഡാന്റേ എന്നു പേരുള്ള ഒരു കഫേയിൽ ഇരുന്നു. വേദനാജനകമായ അനശ്വര പ്രണയങ്ങൾ നിറഞ്ഞ ഈ നഗരത്തിൽ മറ്റെന്താണ് കണ്ടെത്താൻ എന്നായിരുന്നു എന്റെ ചിന്ത.