Thursday 22 August 2019 10:31 AM IST

വെരിക്കോസ് വെയ്ൻ കൂടുതലും പിടികൂടുന്നത് സ്ത്രീകളെ! ഫലപ്രദമായ ചികിത്സ ഇങ്ങനെ

Santhosh Sisupal

Senior Sub Editor

vv

പാമ്പിനെപോലെ വളഞ്ഞു കിടക്കുന്നത് എന്നാണ് ‘വെരിക്കോസ്’ എന്ന വാക്കിനർഥം. ശരീരത്തിലെ സിരകൾ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ എന്ന രോഗം.

രക്തക്കുഴലുകൾ മൂന്നു തരത്തിലുണ്ട്. ഒന്ന് ശുദ്ധരക്തം വഹിക്കുന്ന ധമനികൾ അധവാ ആർട്ടറികൾ. രണ്ട്, ധമനികളിലെ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന സൂക്ഷ്മ രക്തക്കുഴലുകളായ കാപ്പില്ലറികൾ.

ശരീരം ഉപയോഗിച്ചു കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി തിരിച്ച് കൊണ്ടുപോകുന്ന രക്തക്കുഴലുകളായ സിരകളാണ് മൂന്നാമത്തേത്. ഈ സിരകളെയാണ് വെരിക്കോസ് വെയ്ൻ എന്ന രോഗം ബാധിക്കുക.

എങ്ങനെ ഉണ്ടാകുന്നു?

സിരകൾക്ക് രക്തം വലിച്ചെടുത്തു പമ്പുചെയ്തുകൊണ്ടു പോകാൻ കഴിവില്ല. ശ്വാസമെടുക്കുമ്പോൾ നെഞ്ചിനുള്ളിൽ കുറയുന്ന സമ്മർദവും (നെഗറ്റീവ് പ്രഷർ) നടക്കുമ്പോഴും മറ്റു പ്രവർത്തികൾചെയ്യുമ്പോഴും ശരീര പേശികൾ സിരകളിൽ ന ൽകുന്ന സമ്മർദവുമാണ് അശുദ്ധരക്തത്തെ ഹൃദയനിലയിലേക്ക് എത്തിക്കുന്നത്.

സിരകൾ മൂന്നു തരത്തിലുണ്ട് ആഴത്തിലൂെട പോകുന്ന ഡീപ് വെയ്നും ചർമത്തിനടിയിൽ തെളിഞ്ഞുകാണാവുന്ന സൂപ്പർഫിഷ്യൽ വെയ്നുകളായ പുറംസിരകളുമാണ് പ്രധാനപ്പെട്ട രണ്ടെണ്ണം. മേൽപറഞ്ഞ രണ്ട് സിരകളേയും ബന്ധിപ്പിക്കുന്ന പെർഫൊറേറ്റേഴ്സ് അഥവാ ഇന്റർ കണക്ടേഴ്സ് വെയ്ൻ ആണ് മൂന്നാമത്തേത്. ശരീരത്തിൽ നമുക്ക് ആവശ്യമുള്ളതിന്റെ നാലിരട്ടിയോളം സിരകളുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

കാലുകളിലും മറ്റും നമ്മൾ പുറമേ കാണുന്ന സിരകളുെട മൂന്നോ നാലോ ഇരട്ടി വലുപ്പമുള്ള സിരകളാണ് ഉള്ളിൽ സ്ഥിതിചെയ്യുന്ന ഡീപ് വെയ്നുകൾ. ഒരു വശത്തേയ്ക്കുമാത്രമുള്ള രക്തസഞ്ചാരത്തിനായി സിരകളിൽ ഇടയ്ക്കിടെ വാൽവുകളുമുണ്ട്.

നടക്കുമ്പോൾ സിരയുെട താഴ്ഭാഗം പേശീമർദത്താൽ അമരുമ്പോൾ അവിടെയുണ്ടായിരുന്ന രക്തം ഒരു വാൽവിനു മുക ളിലേക്കുകയറി തങ്ങി നിൽക്കും. അടുത്തചുവടുവയ്ക്കുമ്പോൾ ആ രക്തം അടുത്തവാൽവുകടന്നു വീണ്ടും മുകളിലേക്കു കയറും. ഈ വാൽവുകൾക്കു തകരാറുസംഭവിച്ചാൽ രക്തം മുകളിലേക്കു പോകാതെ സിരകളിൽ തങ്ങിനിൽക്കും. ഇങ്ങനെ അധികമായി തിരിച്ചെത്തിയ രക്തത്തെ താങ്ങാനാകാതെ പുറം സിരകൾവികസിക്കാനും തടിച്ചു വീർക്കാനും തുടങ്ങുന്നു.

വെരിക്കോസ് അൾസർ

കോശങ്ങൾ ഓക്സിജൻ സ്വീകരിച്ചു കഴിഞ്ഞശേഷം സിരകളിലെത്തുന്ന രക്തത്തിൽ ഒാക്സിജൻ കുറഞ്ഞ അളവിലേ കാണൂ. അതുകൊണ്ടാണ് സിരകളിലെ രക്തം ഇരുണ്ട നിറത്തിൽ കാണുന്നത്. ഇത് വെരിക്കോസ് വെയ്നിൽ തങ്ങിനിന്നാൽ കാലക്രമേണ സമീപകോശങ്ങളെ അസ്വസ്ഥമാക്കുകയും വെരിക്കോസ് അൾസറെന്ന വ്രണങ്ങളായി മാറുകയും ചെയ്യാം. ഇതാണ് വെരിക്കോസ് വെയ്നിന്റെ ഏറ്റവും പ്രധാന സങ്കീർണത.

ധമനികളിൽ സാധാരണയായി 120–140 മി.മീ മെർക്കുറി പ്രഷർ ഉണ്ടാകും. എന്നാൽ സിരകളിൽ പൂജ്യം മുതൽ ആറുവരെ പ്രഷർമാത്രമേ കാണൂ. എന്നാൽ സിരകളിലെ വാൽവുകൾ നശിച്ചുകഴിയുന്നതോടെ അവിടെ സമ്മർദം കൂടി വരും. ഇതാണ് വീനസ് ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നത്. ഈ വീനസ് ഹൈപ്പർടെൻഷനാണ് വെരിക്കോസ് വെയ്നിന്റെ എല്ലാ സങ്കീർണതയുടേയും അടിസ്ഥാന കാരണം.

വേദനയല്ല, കാൽ‌ കഴപ്പ്

വെരിക്കോസ് വെയ്ൻ രൂക്ഷമാകുന്നതുവരെ സാധാരണനിലയിൽ ലക്ഷണങ്ങളില്ല. സിരകൾ തടിച്ചു കാണുന്നതു തന്നെയാണ് ആദ്യസൂചന. പിന്നീട് കാലുകളിൽ ഉണ്ടാകുന്ന കഴപ്പാണ് പ്രധാന സൂചനയെന്നു പറയാം. പ്രത്യേകിച്ചും അൽപനേരം കൂടുതൽ നിൽക്കുമ്പോഴുണ്ടാകുന്ന കാലിലെ കഴപ്പാണ് കൃത്യമായ വെരിക്കോസ് ലക്ഷണം. അശുദ്ധ രക്തം കെട്ടി കിടന്ന് സിര വീർക്കുമ്പോൾ വേദനയല്ല, കഴപ്പാണ് ഉണ്ടാകുന്നത്.

കടുത്ത വേദനയാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽ അത് വെരിക്കോസ് വെയ്ൻ ആകണമെന്നില്ല. മാത്രമല്ല രക്തക്കട്ട രൂപംകൊള്ളുന്ന ഡീപ്‌വെയ്ൻ ത്രോബോസിസ് (ഡിവിടി)എന്ന ഗുരുതരമായ അവസ്ഥയുടെ സൂനചയാകാം ആ വേദന. അടിയന്തിര പരിശോധനയും ചികിത്സയും അർഹിക്കുന്ന കാര്യമാണ് ഡിവിടി.

തെളിഞ്ഞുകാണുന്ന സിര

പാദങ്ങളിലും കൈകളിലുമൊക്കെ തെളിഞ്ഞുകാണുന്ന (പ്രോമിനന്റ് വെയ്ൻ) സിരകൾ വെരിക്കോസ് വെയ്ൻ അല്ല. വെരിക്കോസ് വെയ്ൻ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതാണെങ്കിൽ ആരോഗ്യമുള്ള പ്രോമിനന്റ് സിരകൾ നിവർന്നവ (സ്ടെയ്റ്റ്) ആയിരിക്കും. അതിനാൽ അവ വെരിക്കോസ് വെയ്നായി തെറ്റിദ്ധരിക്കേണ്ട.

സ്ത്രീകളിൽ കൂടുതൽ

സ്ത്രീകളിൽ ഏതാണ്ട് 60 ശതമാനം പേരിലും വെരിക്കോസ് വെയ്ൻ വരാം. പ്രത്യേകിച്ചും ഗർഭകാലഘട്ടത്തിൽ. പ്രഗ്‍‌നൻസി ഹോർമോണായ പ്രൊജസ്ട്രോൺ സിരകളെ കൂടുതലായി വികസിപ്പിക്കുന്നതാണ് ഒരു കാരണം. സിരകൾ വികസിക്കുമ്പോൾ സിരാവാൽവുകളുെട അടവ് അകന്ന് അവ പരാജയപ്പെടും. മാത്രമല്ല ഗർഭിണികളിലെ വലുപ്പമേറുന്ന ഗർഭപാത്രം കാലുകളിൽ നിന്നും മുകളിലേക്കു വരുന്ന സിരാഭാഗങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദവും വെരിക്കോസ്‌ വെയ്ൻ ഉണ്ടാക്കും.

ഗർഭകാല വെരിക്കോസ് വെയ്ൻ പ്രസവം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ തനിയേ അപ്രത്യക്ഷമാകും. പതിവായി നടക്കുന്നതുപോലെയുള്ള നിത്യവ്യായാമങ്ങളിൽ ഏർപ്പെടുന്ന ഗർഭിണികൾക്ക് ഒരു പരിധിവരെ ഈ വെരിക്കോസ് പ്രശ്നങ്ങൾ പ്രതിരോധിക്കാം.

ചികിത്സ എപ്പോൾ? ആർക്ക്?

സാധാരണനിലയിൽ വെരിക്കോസ് സിരകൾ തെളിഞ്ഞുകാണുന്നതുകൊണ്ടുമാത്രം ചികിത്സയുെട ആവശ്യമില്ല. സ്ത്രീകളും മറ്റും സൗന്ദര്യപരമായ കാരണങ്ങൾ കൊണ്ട് ചികിത്സ തേടാറുണ്ട്. വെരിക്കോസ് വെയ്ൻ കാര്യമായ അസ്വസ്ഥത സ‍ഷ്ടിക്കുകയോ വെരിക്കോസ് വ്രണമായി മാറുകയോ ചെയ്യുന്ന ഘട്ടത്തിലാണ് നിർബന്ധമായും ചികിത്സ ചെയ്യേണ്ടത്.

ഡോക്ടറെ കാണേണ്ടത്

വെരിക്കോസ് വെയ്നിനൊപ്പമോ അല്ലാതെയോ കാലിൽ നീര്, രണ്ടുകാലിലും ഒരുപോലെ വെരിക്കോസ് വെയ്ൻ കാണുക തുടങ്ങിയ ഘട്ടത്തിൽ ഉടൻ ഡോക്ടറെ കാണണം. ആഴത്തിലുള്ള സിരയിൽ രൂപപ്പെടുന്ന രക്തക്കട്ടയെന്ന (ഡിവിടി) ഗുരുതരാവസ്ഥയുെട സൂചനയുമാകാം നീര്. ഡോപ്ലർ ഉൾപ്പെടെയുള്ള പരിശോധനകളിൽ അങ്ങനെയൊന്ന് കണ്ടെത്തിയാൽ അതി ന്റെ ചികിത്സയ്ക്കാണ് പ്രാധാന്യം.

രണ്ടുകാലിലും വെരിക്കോസ്?

സാധാരണ നിലയിൽ ഇടതുകാലിലാണ് വെരിക്കോസ് വെയ്ൻ കൂടുതലും കാണുക. രണ്ടു കാലുകളിലും ഒരുമിച്ച് വെരിക്കോസ് വരുന്നതു കരുതലോടെ കാണണം. ഗർഭിണികളിലൊഴിെക, ഇതു ഗുരുതമായ മറ്റ് ചില സൂചന നൽകുന്നു. വയറിനുള്ളിലുണ്ടാകുന്ന ഏതെങ്കിലും ഒരു സമ്മർദമാകാം ഇതിനു പിന്നിൽ. കാൻസർ മുഴകൾ ഉൾപ്പെടെയുള്ളവ ഇതിനു കാരണം ആകാമെന്നതിനാൽ ഒരു അബ്ഡൊമിനൽ സ്കാൻ പരിശോധനയിലൂടെ അറിയാം.

മലബന്ധമുണ്ടെങ്കിൽ

മലബന്ധവും വെരിക്കോസ് വെയ്ൻ വരുത്താം. മലാശയത്തിനടുത്തുകൂടിയാണ് ഇടതുകാലിൽ നിന്നുള്ള പ്രധാന സിര കടന്നു പോകുന്നത്. ദീർഘകാലമായി മലബന്ധമുള്ളവരിൽ തങ്ങിനിൽക്കുന്ന മലം കട്ടി പിടിച്ച് ഈ സിരയിൽ സമ്മർദം ചെലുത്താം. അതു കാലിൽ വെരിക്കോസ് വെയ്നായി പ്രകടമാകും.

ചികിത്സ നാലു വിധം

ശസ്ത്രക്രിയ, സ്ക്ലീറോ തെറപ്പി, ലേസർ ചികിത്സ എന്നിവയാണ് ഈ പ്രശ്നത്തിന് ഇന്ന് നാട്ടിൽ ലഭ്യമായ പ്രധാന ചികിത്സകൾ. ഒരുതരം പശ ഉപയോഗിച്ചുള്ള ഗ്ലൂ തെറപ്പിയാണ് ഈ രംഗത്ത് ഏറ്റവും പുതിയത്.

ശസ്ത്രക്രിയ: വെരിക്കോസ് വെയ്നിനെ ശസ്ത്രക്രിയയിലൂെട നീക്കം ചെയ്യുന്ന രീതിയാണ് ഇത്. മുറിവുകൾ, ഒരാഴ്ചയോളം വരുന്ന ആശുപത്രിവാസം, രോഗം പിന്നെ യും വരാനുള്ള സാധ്യത എന്നിവയാണ് പ്രധാന പരിമിതികൾ.

ലേസർ ചികിത്സ: രോഗം ബാധിച്ച വെരിക്കോസ് സിരകളുെട ഉൾഭിത്തി ലേസർ രശ്മികളുപയോഗിച്ച് കരിച്ച് ഒട്ടിച്ചുചേർക്കുന്നതാണ് ലേസർ ചികിത്സ. രോഗി സഹകരിക്കുകയാണെങ്കിൽ ലോക്കൽ അനസ്തേഷ്യകൊണ്ടുതന്നെ ലേസർചികിത്സ ചെയ്യാം. എത്രയും വേഗം ആശുപത്രി വിടാം. വളരെ വലുതായിപ്പോയ സിരകളിൽ ലേസർ ചികിത്സ വിജയകരമാകില്ല. വളരെ ശ്രദ്ധവേണ്ടതിനാൽ ലേസർ ശസ്ത്രക്രിയയിൽ പ്രഗത്ഭനായ ഡോക്ടറായിരിക്കണം ചെയ്യേണ്ടത്.

സ്ക്ലീറോ തെറപി: മരുന്ന് നേരിട്ടോ ഫോം രൂപത്തിലാക്കിയോ സിരകളിലേക്കു കുത്തിവയ്ക്കുമ്പോൾ സിരകളുെട ഉൾഭാഗം പൊള്ളി ഒട്ടിച്ചേർന്ന സിര പ്രവർത്തനക്ഷമമല്ലാതാകുന്ന ചികിത്സയാണ് ഇത്. വളരെ വേഗം ചികിത്സ കഴിയും.

എന്നാൽ ഈ മരുന്നിന്റെ അംശം ഡീപ് വെയ്നെന്ന ഉള്ളിലെ സിരയിലേക്ക് കടന്നു പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. ഡീപ് വെയ്നിൽ എത്തിയാൽ പതിവായ നീരുപോലുള്ള സ്ഥിരം പ്രശ്നങ്ങളിലേക്ക് രോഗി എത്താം.

ഗ്ലൂ തെറപി: സിയാനോക്രലൈറ്റ് ഗ്ലൂ (cyanoacrylate glue) എന്ന പശ ഉപയോഗിച്ച് വെരിക്കോസ് സിര ഒട്ടിച്ചു പ്രവർത്തന രഹിതമാക്കുന്ന ഗ്ലൂതെറപ്പിയാണ് വെരിക്കോസ് ചികിത്സയിെല ഏറ്റവും പുതിയ മാർഗം. ഈ വർഷം അമേരിക്കൻ എഫ്ഡിഎ അംഗീകരിച്ച ഈ ചികിത്സ ഇന്ത്യയിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ചികിത്സാചെലവു വരും.

ഈ ചികിത്സാ രീതികളിലെല്ലാം ആറ് ആഴ്ചമുതൽ ആറുമാസം വരെ സിര അമർന്നിരിക്കുന്ന വിധം ബാൻഡേജോ സമ്മർദം നൽകുന്ന സ്റ്റോക്കിങ്സോ ഉപയോഗിക്കേണ്ടിവരും.

Know About Vericose Vein

അശുദ്ധരക്തക്കുഴലുകളായ സിരകളിലെ(വെയ്ൻ) വാൽവുകളുെട തകരാറുമൂലം രക്ത സഞ്ചാരം തടസ്സപ്പെടുകയും രക്തം കെട്ടിനിന്ന് സിരകൾക്കുള്ളിൽ സമ്മർദമുയരുകയും ചെയ്യും. ഇതിന്റെ ഫലമായി കാലുകളിലേയും മറ്റും പുറംസിരകൾ തടിച്ചുവീർത്ത് ചുരുണ്ടു പിണഞ്ഞ് ഉണ്ടാകുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ.

Causes

അധ്യാപനം, പൊലീസ് ജോലി തുടങ്ങി ദീർഘസമയം പതിവായി നിൽക്കേണ്ടി വരുന്നതുപോലുള്ള ജോലികൾ ചെയ്യുന്നവരിൽ വെരിക്കോസ് വെയ്ൻ സാധാരണമാണ്. ദീർഘസമയത്തെ നിൽപ് കാലുകളിെല സിരകളിൽ സമ്മർദം കൂട്ടുന്നതാണ് പ്രശ്നകാരണം. വെരിക്കോസ് വെയ്ൻ പാരമ്പര്യ സ്വഭാവമുള്ള രോഗമായതിനാൽ അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ മക്കൾക്കും വരാം. അച്ഛനമ്മമാർക്കു രണ്ടാൾക്കുമുണ്ടെങ്കിൽ രോഗം ഏതാണ്ട് ഉറപ്പാണ്. ഗർഭകാലത്തും വെരിക്കോസ് വെയ്ൻ വരാം. അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, മറ്റേതെങ്കിലും രോഗത്തിന്റേയോ ചികിത്സയുടേയോ ഭാഗമായി ദീർഘകാലം കാലുകൾക്ക് വ്യായാമമില്ലാതെ കിടപ്പിലായിപ്പോകുന്ന സാഹചര്യവും വെരിക്കോസ് വെയ്ൻ വരുത്താം.

കംപ്രഷൻ സ്റ്റോക്കിങ്സ്

വെരിക്കോസ് രോഗത്തിന്റെ പുരോഗതി തടയാനുള്ള ഫലപ്രദമായ മാർഗമാണ് കംപ്രഷൻ സ്്റ്റോക്കിങ്സുകൾ. ഡോക്ടറുടെ നിർദേശമില്ലാതെ തന്നെ ഇതു രോഗിക്ക് വാങ്ങി ഉപയോഗിക്കാം. ഇവ വെരിക്കോസ് വെയിൻ മാറ്റില്ല. എന്നാൽ ഏതു ഘട്ടത്തിൽ നിൽക്കുന്നുവോ അതിൽ നിന്നും കൂടുതൽ വഷളാകാതിരിക്കാൻ സഹായിക്കും. സോക്സുപോലെ ധരിക്കാവുന്ന ഇവ പുറമേ നിന്നും സിരകൾക്കു സമ്മർദം നൽകുന്നതിലൂെടയാണ് രോഗം വഷളാകാതിരിക്കാൻ സഹായിക്കുന്നത്. കംപ്രഷൻ സ്റ്റോക്കിങ്സുകൾ തിരഞ്ഞെടുക്കുന്നത് രണ്ട് അളവുകളെ അടിസ്ഥാനമാക്കിയാണ്. കാലിൽ പാദങ്ങൾക്ക് തൊട്ടുമുകളിലുള്ള ഭാഗത്തിന്റെ ചുറ്റളവും കാൽ വണ്ണയിൽ ഏറ്റവും വലുപ്പമേറിയ ഭാഗത്തെ ചുറ്റളവും നോക്കിവേണം വാങ്ങാൻ.

Best Hospitals

വാസ്കുലാർ സർജനാണ് യഥാർഥ വെരിക്കോസ് വെയ്ൻ സ്പെഷലിസ്റ്റ്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ സങ്കീർണമായ വെരിക്കോസ് വെയ്നിന് റഫറൽ ചികിത്സലഭിക്കും.

കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ വാസ്കുലാർ സർജറിയിൽ പരിശീലനം നേടിയ ഡോക്ടർമാരുണ്ട്. പ്രധാന ആശുപത്രികളിലും വിദ്ഗധസർജൻമാരും സ്ക്ലീറോ തെറപി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്യുന്നുണ്ട്. ലേസർ ചികിത്സയിൽ പ്രത്യേക വൈദഗ്ധ്യമുള്ള സർജൻമാരുടെ സേവനവും രോഗിക്കു തേടാം.

Do It Yourself

ദീർഘനേരം ഇരിക്കണ്ടിവരുന്നവരും വെരിക്കോസ് വെയ്ൻ ഉള്ളവരും പാദവ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. കസേരയിലിരുന്ന് ഇടയ്ക്ക് പാദങ്ങൾ നിലത്തുനിന്ന് ഉയർത്തി ഘടികാരദിശയിലും തിരിച്ചും പാദങ്ങൾ ചുഴറ്റുന്നത് വെരിക്കോസ് വെയ്ൻ ബുദ്ധിമുട്ട് കുറയ്ക്കാൻ നല്ലതാണ്.

ചിത്രത്തിൽ കാണുന്ന പോലെ പാദത്തിന്റെ മുൻഭാഗം നിലത്തുകുത്തി ഉപ്പൂറ്റിപരമാവധി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് നടക്കുന്നതിനു തുല്യമായ ഫലം നൽകും. വെരിക്കോസ് വെയ്ൻ വഷളാകാതിരിക്കാൻ ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് നീന്തൽ.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ആർ.സി. ശ്രീകുമാർ

അഡീ.പ്രഫസർ& ഹെഡ്,

വാസ്കുലാർ ആൻ‍ഡ് തൊറാസിക് സർജറി,

ശ്രീചിത്ര ഐ എം എസ് ടി

തിരുവനന്തപുരം

Tags:
  • Health Tips