Thursday 14 November 2019 04:05 PM IST : By M. A . Sameer

ആകാശം തൊട്ട് ഭൂമിയുടെ അറ്റത്ത്... ‘മൗണ്ട് ഹുഅ’ എന്ന ആകാശനടപ്പാത തേടി മലയാളി കൂട്ടുകാർ!

mount-hua1 Photo: M. A . Sameer & Shan Sasidharan

ആകാശനടപാതയിലൂെട മേഘങ്ങളെ തൊട്ടുകൊണ്ടൊരു യാത്ര... വർഷങ്ങൾക്കു മുമ്പ് ഒരു ട്രാവൽ ബ്ലോഗ് വായനയുടെ ഇടയിലാണ് അപകടം പിടിച്ച മൗണ്ട് ഹുഅ ഹൈക്കിങ്ങിനെ കുറിച്ചു ശ്രദ്ധയിൽപ്പെടുന്നത്. ചൈനയിലെ ഹുഅ ഷാൻ മലനിരകളിൽ സൗത്ത് പീക്കിലെ 2,154 മീറ്റർ ഉയരത്തിലുള്ള തടിപ്പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയൊരു നടത്തം.സാഹസിക സഞ്ചാരികൾക്ക് ഇതിലും നല്ലൊരു അവസരം വേറെയുണ്ടാവില്ല.

വിസ്മയത്തിന്റെ കാണാകാഴ്ചകൾ

സൂര്യൻ തട്ടി വിളിച്ചിട്ടും എഴുന്നേൽക്കാതെ രാത്രിമഴയിൽ കുതിർന്നു നിൽക്കുകയായിരുന്ന സിയാൻ നഗരം. തിരക്കൊഴിഞ്ഞ വീഥികൾ. ചൈന യാത്രയുടെ എട്ടാം ദിവസം സങ്ജാജി (Zhangjiajie) യിൽ നിന്നു വിമാനമാർഗം ആണ് സിയാനിൽ എത്തിയത്. ചൈനയിലെ ഷാൻക്സി പ്രവിശ്യയുടെ തലസ്ഥാനമായ സിയാൻ (xian) സിറ്റിയിൽ നിന്നും 120 കിലോമീറ്റർ മാറി ഹുഎയ് (Huayin) നഗരത്തിലാണ് മൗണ്ട് ഹുഅ സ്ഥിതി ചെയ്യുന്നത്. സിയാൻ നോർത്ത് റയിൽവേയിൽ നിന്നും മൗണ്ട് ഹുഅയിലേക്കുള്ള ട്രെയിൻ കിട്ടും. ട്രെയിൻ പുറപ്പെടുന്നതിനു പത്തുമിനിറ്റു മുമ്പു മാത്രമേ പ്ലാറ്റ് ഫോമിലേക്കു പ്രവേശനമുള്ളൂ. ഹുഅ ഷാൻ (Huashan) റയിൽവേ സ്റ്റേഷനിൽ എത്തി പുറത്തിറങ്ങിയാൽ  മൗണ്ട് ഹുഅയിലേക്കുള്ള സഞ്ചാരികൾക്കായി ഫ്രീ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾ കാണാം. ഹുഅ ഷാൻ ടിക്കറ്റ് കൗണ്ടറിന് അടുത്തു വരെ ഈ ബസ് സർവീസ് ഉണ്ട്.   

mount-hua6

മൗണ്ട് ഹുഅയുടെ ഉയരങ്ങൾ...

മൂടൽമഞ്ഞ് പുതപ്പണിയിക്കുന്ന മനോഹരമായ ഹുഅ ഷാൻ മലനിരകൾ. ചൈനക്കാരുടെ വിശ്വാസപ്രകാരം അഞ്ചു വിശുദ്ധ മലനിരകളുടെ പട്ടികയിൽപെട്ട ഒന്നാണിത്. സൗത്ത് പീക്ക്, വെസ്റ്റ് പീക്ക്, നോർത്ത് പീക്ക്, മിഡിൽ പീക്ക്, ഈസ്റ്റ് പീക്ക് എന്നിങ്ങനെ അഞ്ചു മലകൾ ചേർന്നതാണ് ഹുഅ ഷാൻ മലനിര. ഇതിൽ ഏറ്റവും നീളം കൂടിയ സൗത്ത് പീക്കിലാണ് ആകാശനടപ്പാത.

മൗണ്ട് ഹുഅ ട്രെക്കിങ്ങിന് എത്ര ദിവസം ചെലവഴിക്കുന്നു എന്നുള്ളതനുസരിച്ചുള്ള ട്രെക്കിങ് പാത തിരഞ്ഞെടുക്കാം. കേബിൾ കാർ സൗകര്യമുണ്ടെങ്കിലും വിശ്വാസത്തിന്റെ ഭാഗമായതിനാലാവണം കുറേ പേർ നടന്നുകയറുന്നുണ്ട്. മലവെട്ടിയുണ്ടാക്കിയ വഴിയിലൂടെയുള്ള ട്രെക്കിങ്ങിനു നല്ല കായികക്ഷമത ആവശ്യമാണ്. ട്രെക്കിങ്ങിനു പ്രാധാന്യം  കൊടുത്തുവരുന്ന സഞ്ചാരികളും ഈ പാതയാണ് തിരഞ്ഞെടുക്കുക. രാത്രികാല ട്രെക്കിങ്ങിനും ഇവിടം പ്രശസ്തമാണ്. ഹുഅ ഷാൻ മലനിരകളില്‍ നിന്നുകാണുന്ന ഉദയാസ്തമയ ചിത്രം വളരെ സുന്ദരമാണ്. രാത്രി  വൈകി ആരംഭിക്കുന്ന ട്രെക്കിങ് സൂര്യോദയത്തിനു മുമ്പ് ഈസ്റ്റ് പീക്കിൽ അവസാനിക്കുന്നു. നടന്നുകയറാനായി രണ്ടു വഴികളാണുള്ളത്. ആദ്യത്തേത് വെസ്റ്റ് ഗേറ്റിൽ നിന്നു തുടങ്ങുന്ന ഹുഅ ഷാൻ യു (Huashan Yu) രണ്ടാമത്തേത് ഈസ്റ്റ് ഗേറ്റിൽ നിന്നു തുടങ്ങുന്ന ഹുആ ങ്പു യു (Huangpu Yu) റൂട്ടും. രണ്ടാമത്തെ ഹൈക്കിങ് റൂട്ടിലാണ് പ്രശസ്തമായ സോൾജിയേർസ് പാത്ത് (Soldiers Path) ഉള്ളത്.  ഇതു വഴി അപകടം പിടിച്ച കുത്തനെയുള്ള പടികൾ താണ്ടി വേണം നോർത്ത് പീക്കിന്റെ മുകളിൽ എത്താൻ. കാലാവസ്ഥയ്ക്കനുസരിച്ച് മാത്രമേ പോകേണ്ട വഴിയുടെ തിരഞ്ഞെടുപ്പ് നടക്കൂ. നോർത്ത് പീക്കിലെത്തിയാൽ പിന്നെ അവിടെ നിന്നും മറ്റു മലകളിലേക്കുള്ള ട്രെക്കിങ് നടത്താം.

shutterstock_239869228

ഏറ്റവും എളുപ്പം കേബിൾ കാർ വഴി മുകളിലെത്തുകയാണ്. നോർത്ത് പീക്ക് കേബിൾ കാർ, വെസ്റ്റ് പീക്ക് കേബിൾ കാർ എന്നിങ്ങനെ മൗണ്ട് ഹുഅയിൽ രണ്ടു കേബിൾ കാർ സർവീസുകളുണ്ട്. വെസ്റ്റ് പീക്ക് കേബിൾ കാർ വഴി പോയാൽ മറ്റു മലനിരകളിലേക്കു പോകുന്നതോടൊപ്പം ലോകത്തിലെ ഏ റ്റവും വലിയ കൊടുമുടികളിലൊ ന്നായ മൗണ്ട് ഹുഅ ആകാശനടത്തവും ചെസ് പവലിയൻ ഹൈക്കിങ്ങും ഒരു ദിവസം കൊണ്ടുതന്നെ കാണാൻ സാധിക്കും. മൗണ്ട് ഹുഅ പ്രവേശന നിരക്ക് അല്പം കടുപ്പം തന്നെയാണ്.  പ്രവേശന ഫീസ് കൂടാതെ കേബിൾ കാർ ടിക്കറ്റും ബസ് ടിക്കറ്റും ഉൾപ്പെടെ ഒരാൾക്ക് ഒരു ദിവസത്തേക്ക് 490 ചൈനീസ് യുവാൻ അതായത് 5000 രൂപയോളം ചെലവു വരും.

മൗണ്ട് ഹുഅ പാർക്കിനു പുറത്തു കൂടി ഏകദേശം 40 മിനിറ്റ് ബസ്സിൽ സഞ്ചരിച്ചു വേണം വെസ്റ്റ് കേബിൾ കാർ സ്റ്റേഷനിൽ എത്താൻ. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. എന്തോ വാശി തീർക്കും പോലെ മൂടൽ മഞ്ഞ്... മുന്നിലുള്ളതൊന്നും കാണാൻ കഴിയാത്ത അവസ്ഥ.  "ഇങ്ങനെയായാൽ മലമുകളിലെ കാഴ്ചകൾ കാണാൻ കഴിയില്ലല്ലോ?"  ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സങ്കടത്തോടെ പറഞ്ഞു. എന്തായാലും ഇവിടെ വരെ വന്നു. ഇനി വരുന്നിടത്തു വച്ചു കാണാം എന്നു മനസ്സിലുറപ്പിച്ച് സ്റ്റേഷനിലേക്കു നടന്നു. സ‍ഞ്ചാരികൾ എത്തിതുടങ്ങുന്നതേ ഉള്ളൂ. സ്റ്റേഷനിൽ ഒട്ടും തിരക്കില്ല. മൂടൽമഞ്ഞിനെ കീറി മുറിച്ചു കൊണ്ട് കേബിൾ കാർ മുകളിലേക്കു നീങ്ങി തുടങ്ങി. മഞ്ഞിനുള്ളിലൂടെ കേബിൾകാറു പോകുമ്പോൾ കുമിളയിൽ അകപ്പെട്ടു പറക്കുന്ന അനുഭൂതി. ഉയരം കൂടും തോറും മഞ്ഞു പിൻവാങ്ങിക്കൊണ്ടേയിരുന്നു.

mount-hua2

ആകാശം കൈക്കുള്ളിൽ...

സൗത്ത് പീക്കിലുള്ള പ്ലാങ്ക് വാക്കും (The plank walk in the sky), ഈസ്റ്റ് പീക്കിലുള്ള ചെസ്സ് പവലിയനും (Chess pavilion) ആണ് യാത്രാപ്ലാനിലുള്ള സ്ഥലങ്ങൾ. കേബിൾ കാറിൽ നിന്നിറങ്ങി നടത്തം തുടങ്ങി. മുന്നിൽ ഓരോ പീക്കിലേക്കുമുള്ള വഴി വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ. ഹുഅ ഷാൻ മലനിരകളിൽ ഏറ്റവും ഉയരം കൂടിയ സൗത്ത് പീക്കാണ് ഞങ്ങളുടെ ലക്ഷ്യം. സൗത്ത് പീക്കില്‍ ആകാശനടത്തതിനായി കാത്തു നിൽക്കുന്ന സഞ്ചാരികളുടെ നല്ല തിരക്ക്. സാഹസിക യാത്രയായതുകൊണ്ടും സുരക്ഷ ഓർത്തിട്ടുമാവണം കുട്ടികൾക്കോ പ്രായമായവർക്കോ ഈ പാതയിൽ പ്രവേശനം ഇല്ല. ആകാശനടപ്പാതയിലേക്കുള്ള വഴിതാണ്ടാൻ നന്നേ ബുദ്ധിമുട്ടും. സേഫ്റ്റി ബെൽറ്റ് ഇല്ലാതെ മുന്നോട്ടുള്ള യാത്ര അസാധ്യം. കുത്തനെയുള്ള ഇറക്കത്തോടെയാണ് ഹൈക്കിങ്ങിന്റെ ഒരു ഭാഗം ആരംഭിക്കുന്നത്. പാറ ഇടുക്കുകളിൽ ഇരുമ്പുദണ്ഡു ഘടിപ്പിച്ചുണ്ടാക്കിയ സ്റ്റെപ്പുകളിൽ കൂടി ഇറക്കം. ഈ വഴി കടന്നാൽ പിന്നെ തടികൊണ്ടുള്ള നടപ്പാതയാണ്.

60 മീറ്റർ നീളത്തില്‍ കഷ്ടിച്ച് ഒരാൾക്കു മാത്രം നടക്കാൻ പറ്റുന്ന രീതിയിലാണ് തടിപ്പാതയുടെ നിർമാണം. ഭൂനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തില്‍ കൂടിയുള്ള നടത്തം ഒരു തരം ഞാണിൻ മേൽ കളി തന്നെ. നല്ല ഭയത്തോടെയാണ് തടി പ്പാതയിലേക്ക് കാലെടുത്തു വച്ചത്. എത്ര വലിയ ധൈര്യശാലി ആണെന്നു പറഞ്ഞാലും ഉള്ളിലൊരു ഭയമുണ്ടാകുമെന്നുറപ്പാണ്. തടിപ്പാതയിലേക്കിറങ്ങിയതും ശരീരമാകെ ഒരു പെരുപ്പു കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഭയമില്ലാതെ നിൽക്കാമെന്നായി. താഴേക്കു നോക്കിയാൽ തല കറങ്ങി പോകും.  പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങൾ ഇതാ  കാൽകീഴിൽ... കയ്യൊന്നുയർത്തിയാൽ ആകാശമിതാ  കൈക്കുള്ളിൽ...

ഉയരം ഭയമുള്ളവർ മൗണ്ട് ഹുഅ എന്ന പേ രു പോലും മറക്കുന്നതാണ് നല്ലത്. ലോകത്തെ ഏറ്റവും ഭയാനകമായ ട്രെക്കിങ്ങുകൾ എടുത്താൽ മൗണ്ട് ഹുഅ ആകാശ നടത്തം  ആദ്യ മൂന്നു സ്ഥലങ്ങളിൽ ഉണ്ടാകും. തടിപ്പാലം കടന്ന് ട്രെക്കിങ് അവസാനിക്കുന്നത് ഒരു അമ്പലത്തിന്റെ മുന്നിലാണ്. ഇത്തരം ട്രെക്കിങ് ലോക ത്തിൽ തന്നെ വളരെ അപൂർവമാണ്. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഭീതിയുെട ഈ പാത തേടി വരുന്നതും അതുകൊണ്ടു തന്നെ. ട്രെക്കിങ് കഴിഞ്ഞെത്തുന്ന സഞ്ചാരികളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തിനെ ഭയക്കുന്നുവോ അ തിനെ മറികടന്ന സന്തോഷം.

mount-hua5

മലയിറങ്ങും മുമ്പേ...

മൗണ്ട് ഹുഅ ട്രെക്കിങ് കഴിഞ്ഞു. ഇനി എന്തു കിട്ടിയാലും ബോണസ് തന്നെ. ചെസ്സ് പവലിയൻ ട്രെക്കിങ്ങാണ് അടുത്ത ലക്ഷ്യം. ചൈനീസ് ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഇവിടം. സൊങ് രാജവംശത്തിലെ ചക്രവർത്തിയായിരുന്ന സാഒ കുആങ്യൻ (Zhao Kuangyin) താഒയിസ്റ്റ് സന്യാസിയായ ചെൻ ടു അന്‍ (Chento agn)നോട് ചെസ്സ് കളിയിൽ തോറ്റത് ഈ പവലിയനിൽ വച്ചാണെന്നാണ് െഎതിഹ്യം. സൗത്ത് പീക്കിലെ ആകാശനടത്തത്തിന്റെ അത്രയും പേടിപ്പെടുത്തുന്നതല്ലെങ്കിലും ചെസ്സ് പവലിയൻ ട്രെക്കിങ്ങിനു നല്ല കായികക്ഷമത ആവശ്യമുണ്ട്. മല വെട്ടിയുണ്ടാക്കിയ കുത്തനെ താഴോട്ടുള്ള പടികൾ. പിടിച്ചിറങ്ങാൻ ആകെയുള്ളത് പടികളുടെ ഒരു വശത്തായി കൊരുത്തിരിക്കുന്ന ചങ്ങല. സേഫ്റ്റി ബെൽറ്റ് ധരിച്ചിട്ടല്ലാതെ ഈ മലയിറക്കം അസാധ്യം. ട്രെക്കിങ് അവസാനിക്കുന്നിടത്താണ് ചെസ്സ് പവലിയന്‍.  

പിന്നെയും ഒരുപാട് അദ്ഭുതക്കാഴ്ചകൾ നീട്ടി ചൈന വിളിക്കുന്നുണ്ടായിരുന്നു... യാത്ര എട്ടു ദിവസം പിന്നിട്ടിരിക്കുന്നു. ഇല്ല, ഇനിയും നിൽക്കുന്നില്ല. മലയിറങ്ങുമ്പോൾ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഹുഅ ഷാൻ മലനിരകളെ ഒരിക്കൽ കൂ ടി കണ്ണിൽ നിറച്ചു. നിന്റെ തോളേറി ആകാശത്തിന്റെ കഷണം പൊട്ടിച്ചെടുക്കാൻ ഞാൻ ഇനിയും വരും... 

mount-hua3

GETTING THERE 

ചൈനയിലെ സിയാൻ സിറ്റിയിൽ നിന്നു മൗണ്ട് ഹുഅ എത്താൻ പല യാത്രാമാർഗങ്ങളുണ്ട്. D/G സീരീസിൽ ഉള്ള സിയാൻ നോർത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും ഹുഅഷാൻ നോർത്ത് റയിൽവേ സ്റ്റേഷനിലേക്ക് ബുള്ളറ്റ്/ ഹൈ സ്പീഡ് ട്രെയിൻ സർവീസ്. ഏറ്റവും എളുപ്പത്തിൽ ഹുഅഷാനിൽ എത്താനുള്ള മാർഗമാണിത്. ഈ വഴി നോർമൽ ട്രെയിൻ സർവീസും ഉണ്ട്.
സിയാൻ റയിൽവേ സ്റ്റേഷനു പുറത്തുള്ള ടൂറിസ്റ്റ്  ബസ് ലൈൻ സർവീസ്. ഇതു കൂടാതെ ടൂർ പാക്കേജുകൾ അല്ലെങ്കിൽ ടൂർ ഗൈഡു മുഖാന്തരം കാറിലോ ബസ്സിലോ മൗണ്ട് ഹുഅയിലേക്ക് പ്രൈവറ്റ് ടൂറുകൾ നടത്താം. സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരും.

മൗണ്ട് ഹുഅ യോടു ചേർന്നു തന്നെ  ഒരുപാടു ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പാർക്കിനകത്തുള്ള ഹോസ്റ്റലുകളിൽ മുൻകൂട്ടി ബുക്കിങ് ഇല്ല. സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടാകും. ഹോസ്റ്റലുകളിൽ സൗകര്യം വളരെ കുറവായിരിക്കും. അതുകൊണ്ടു സന്ദർശനം ഒന്നിൽ കൂടുതൽ ദിവസം നീണ്ടു നിൽക്കുന്നെങ്കിൽ മാത്രം ഈ ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്തുക. അല്ലെങ്കിൽ സിയാൻ സിറ്റിയാണ് താമസസൗകര്യത്തിനു പറ്റിയ ഇടം.

ഹുഅ ഷാൻ മലനിരകളെല്ലാം തന്നെ സഞ്ചാരികൾക്കായി കാഴ്ചകളുടെ വിരുന്നൊരുക്കിയിരിക്കുന്നു. സൗത്ത് പീക്കിലെ ആകാശനടപ്പാതയിലേക്കു കടക്കും മുമ്പ് സഞ്ചാരികൾ കുത്തനെയുള്ള പടികൾ ശ്രദ്ധയോടെ ഇറങ്ങുന്നതും, ചെസ്സ് പവലിയനും വളരെ മനോഹരമായ കാഴ്ചകളാണ്.

മൗണ്ട് ഹുഅയിൽ വെള്ളത്തിനും ഭക്ഷണത്തിനും ചെലവേറും. അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവും കയ്യിൽ കരുതണം, മലമുകളിൽ ഇരട്ടി വില കൊടുക്കേണ്ടി വരും. തനതു ചൈനീസ് വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.

Tai-Chi-2
Tags:
  • World Escapes
  • Manorama Traveller