Tuesday 15 June 2021 03:45 PM IST : By Easwaran Namboothiri

പഴയകാല കൊച്ചി തുരുത്തുകളിലെ ജീവിതവും ചരിത്രവും പറയുന്ന ലന്തൻബത്തേരി എവിടെ? കൊച്ചിയിലെ തുരുത്തുകളിലൂടെ ഒരു സാഹിത്യ യാത്ര

lanthan10 Photos:Josewin Paulson

കായലിന്റെയും കടലിന്റെയും തലോടലുകളിൽ ഉറങ്ങുന്ന ഒരു പറ്റം ദ്വീപുകളും തുരുത്തുകളും. അവിടെ ജീവിതത്തിന്റെ സമൃദ്ധിയെ തങ്ങളുടേതായരീതിയിൽ ആഘോഷിക്കുന്ന ഒരുപറ്റം മനുഷ്യർ. അതായിരുന്നു പഴയകാല കൊച്ചി. ഇന്നത്തെ മഹാനഗരത്തിന്റെ തിളക്കങ്ങൾ എറണാകുളത്തിന് ചാർത്തിക്കിട്ടുന്നതിനുമുമ്പും കൊച്ചിയുടെ സാമൂഹികമായ എല്ലാ മേഖലയിലും ഈ തുരുത്തുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. തുരുത്തുകളിലെ ജീവിതവും കൊച്ചിയുടെ ചരിത്രവും രേഖപ്പെടുത്തുന്ന, മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു നോവലാണ് എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ.

ഭാവനാസൃഷ്ടമാണെന്ന് തോന്നാത്തതരത്തിൽ വർണിച്ചിരിക്കുന്ന ലന്തൻബത്തേരി ‘നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട’, മണ്ണിന് ഉറപ്പാകാത്ത, ചെറുപ്പം വിട്ടുമാറാത്ത ഒരു തുരുത്താണ്. എൻ.എസ്. മാധവൻ തന്റെ ജന്മദേശമായ കൊച്ചിയിലെ പരിചിതമായ പലേ തുരുത്തുകളുടെയും ആത്മാംശങ്ങളെ സന്നിവേശിപ്പിച്ചാണ് വേമ്പനാട്ടുകായലിൽ ലന്തൻബത്തേരിയെ ഒരുക്കിയിരിക്കുന്നത്. നോവലിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളോടും ചേർന്നുകിടക്കുന്ന പോഞ്ഞിക്കര, വൈപ്പിൻ, കടമക്കുടി, ഫോർട്ടുകൊച്ചി തുടങ്ങിയ ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ കഥാപശ്ചാത്തലത്തിൽക്കൂടിയാണ് ഈ യാത്ര.

lanthan9

‘ദ്വീപുവാസികളുടെ ഉള്ളിൽ ദ്വീപ് പാലങ്ങളില്ലാത്ത അവസ്ഥയാണ്’ എന്ന് നോവലിൽ പറയുന്നുണ്ട്. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ഗോശ്രീപാലങ്ങളും വരാപ്പുഴപ്പാലവുമൊക്കെ കൊച്ചിയിലെ ദ്വീപുകളെ കരയോട് അടുപ്പിച്ചിരിക്കുന്നു. ഇന്ന് ദ്വീപുകളിലേക്ക് കടന്നുചെല്ലാൻ മച്ചുവകൾക്കായി കാത്തിരിക്കുന്നവരെ കണ്ടെത്താനാകില്ല. എറണാകുളം നഗരത്തിന് പടിഞ്ഞാറായിട്ടാണ് ലന്തൻബത്തേരിയുടെ സ്ഥാനം കല്പിച്ചിരിക്കുന്നത്. ഹൈക്കോർട്ട് ജങ്ഷനോടു ചേർന്നുള്ള എറണാകുളം ജട്ടിയിൽനിന്നാണ് അങ്ങോട്ടുള്ള ബോട്ടുകൾ യാത്ര തുടങ്ങുന്നത്. പാലത്തിനൊപ്പം ദ്വീപുകളിലേക്ക് കടന്നെത്തിയ വാഹനങ്ങളുടെ തിരക്കുകളിലും കുരുക്കുകളിലും അകപ്പെടാതെ ദ്വീപുവാസികൾക്ക് നഗരത്തിലെത്താനൊരു വഴി ഇന്നും ഈ ജലപാത തന്നെ.

മെഴുകുതിരിദ്വീപിലെ ലന്തൻകൊട്ടാരം

1663–ൽ പോർട്ടുഗീസുകാരെ തുരത്തിയാണ് ഡച്ചുകാർ അഥവാ ലന്തക്കാർ കൊച്ചിയിലെത്തുന്നത്. ‘കമ്പോഞ്ഞിക്കാട് ലന്തക്കാർക്ക് അധീനമായി. ആലുവായിൽനിന്ന് കുടിവെള്ളം കൊണ്ടുവരാനുള്ള കുത്തകനേടിയപ്പോൾ ലന്തക്കാർ പോഞ്ഞിക്കരയിൽ ബംഗ്ലാവുകൾ പണിതു. ലന്തൻബത്തേരിയിൽ ഗവർണർക്ക് ഒരു കൊട്ടാരവും.’ ആഖ്യായികയിലെ ലന്തൻബത്തേരിക്ക് ബോൾഗാട്ടിദ്വീപിന്റെ ഛായ കാണാം. മെഴുകുതിരിദ്വീപ് എന്നു പേരുണ്ടായിരുന്ന കൊച്ചിക്കായലിലെ ദ്വീപിൽ 1744–ൽ ഡച്ചു കച്ചവടക്കാരാണ് പ്രൗഢഗംഭീരമായ ബംഗ്ലാവു പണിയിച്ചത്. ബോൾഗാട്ടി ദ്വീപും ബോൾഗാട്ടിപാലസ് എന്നും അറിയപ്പെട്ട ദ്വീപും ബംഗ്ലാവും പിന്നീട് ഡച്ച് മലബാറിന്റെ ഗവർണറുടെ വാസസ്ഥാനമാക്കി.

lanthan8

മലാക്കാഹൗസ്, പീരങ്കിമൈതാനം, പെരിയാറ്റിലെ വാണിജ്യപാതയ്ക്കു സംരക്ഷണമേകുന്ന പീരങ്കികൾ, പറങ്കികപ്പേള തുടങ്ങിയ വർണനകളിൽ നിന്ന് ഇതല്ല ലന്തൻബത്തേരി എന്നു പറയാമെങ്കിലും ബോൾഗാട്ടിയിലെ പാലസ് ജെട്ടിയിൽനിന്നു നോക്കുമ്പോൾ കാണുന്ന വല്ലാർപാടത്തിന്റെയും എറണാകുളം ജട്ടിയുടെയും കാഴ്ചകൾ ബോൾഗാട്ടിയ്ക്കും ലന്തൻബത്തേരിയിൽനിന്നു നോവലിസ്റ്റു നൽകുന്ന കാഴ്ചയ്ക്കു തുല്യമല്ലേ എന്നു തോന്നിപ്പോകും.

lanthan7

വൈപ്പിൻ

ഗോശ്രീ പാലംകടന്ന് വൈപ്പിനിലേക്കായിരുന്നു അടുത്ത യാത്ര. കായലിൽ അവിടവിടെയായി പച്ചക്കുടചൂടിയതുപോലെ വൃക്ഷങ്ങൾ നിറഞ്ഞ തുരുത്തുകൾ. മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും സജീവമായ കായൽ. ലന്തൻബത്തേരിയിലെ ലുത്തിനിയകളിലെ നായിക ജസീക്ക ജനിച്ച വലിയ ആശാരിമാരുടെ കുടുംബം നാലു തലമുറമുമ്പ് വൈപ്പിനിൽനിന്നാണ് ഈ തുരുത്തിലേക്ക് കുടിയേറിയത്. അഥവാ രായ്ക്കുരാമാനം രക്ഷപെട്ടത്. 1605–ൽ പോർച്ചുഗീസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ചർച്ച് ഓഫ് അവർ ലേഡി ഓഫ് ഹോപ് ആണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന പള്ളി. വേമ്പനാട് കായൽ അറബിക്കടലിൽ ചേരുന്ന അഴിമുഖത്തിനു സമീപമായി, ഫോർട്ട് കൊച്ചിയുടെ നേരെ അക്കരെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കൊച്ചിയിലെ ‘കപ്പൽ പെരുന്തച്ചൻ’ പോണി ഗ്യുസലറിന്റെ ഓർമ്മകൾ ഉണർത്തുന്നു.

lanthan6

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മുൻവശത്ത് പച്ചപ്പുല്ലു നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. കരിങ്കല്ലുവിരിച്ച മുറ്റം. തലമുറകളുടെ പൈതൃകത്തെ വിളിച്ചോതുന്ന കെട്ടിടം. പള്ളിയുടെ തൊട്ട് മുൻവശത്ത് തന്നെ കായലിന്റെ ഓളങ്ങൾ തഴുകുന്ന തീരമാണ്.

lanthan5

ഇന്ന് ഇവിടെനിന്ന് കടലിലേക്കും കായലിലേക്കും കണ്ണയയ്ക്കുമ്പോൾ ‘കപ്പൽക്കണക്കിന്റെ എഞ്ചുവടിയിൽ തീർത്ത’ വള്ളങ്ങൾ കാണാനില്ല. മറിച്ച് യന്ത്രവത്കൃതബോട്ടുകളും വള്ളങ്ങളും പാഞ്ഞുപോകുന്നത് കാണാം. കൊച്ചിയുടെ മുഖമുദ്രയായ ചീനവലയും കായലിലേക്ക് വീശുവലവീശി മീൻപിടിക്കുന്നവരും ഇവിടെക്കാണാം. അങ്ങുദൂരെ, മറുകരയിൽ ഫോർട്ടുകൊച്ചി ജട്ടിയും ചരിത്രപ്പഴമ പേറുന്ന കെട്ടിടങ്ങളും. വലവീശുകാരുടെ പക്കൽനിന്നും പച്ചമീൻ കൈയോടെ മേടിച്ചുകൊണ്ടുപോകാൻ കാത്തുനിൽക്കുന്നു വിനോദസഞ്ചാരികളായി എത്തിയവരും നാട്ടുകാരും.

lanthan3

വൈപ്പിനിൽ നേവിയുടെ വക ഒരു ലൈറ്റ് ഹൗസുണ്ട്. അതിനുമുകളിൽ കയറി ചുറ്റുപാടും വീക്ഷിച്ചാൽ പടിഞ്ഞാറ് കുഞ്ഞോളങ്ങൾ നീട്ടി വൈപ്പിൻകരയെ തൊടാൻ പരിശ്രമിക്കുന്ന അറബിക്കടലിനെ കാണാം. മറുവശത്ത് തെങ്ങും മറ്റു വൃക്ഷങ്ങളും പച്ചപ്പിന്റെ കമ്പളം പുതുപ്പിക്കുന്ന ചില തുരുത്തുകളുടെ വിദൂരദൃശ്യം മങ്ങിയും മറഞ്ഞും തെളിയുന്നു.  

lanthan2

ലന്തൻബത്തേരിയുടെ ആത്മാവിനു വേണ്ടതു നൽകുന്ന പോഞ്ഞിക്കര

ലന്തൻബത്തേരിയിൽനിന്നും ഒരു പാലം, ബോണിഫേസ്പാലം, കടന്നാൽ പോഞ്ഞിക്കരയായി നോവലിൽ. ‘വളരെക്കാലം ലന്തൻബത്തേരിക്കാർ പോഞ്ഞിക്കരയിലേക്ക് പോയിരുന്നത് ഒറ്റത്തെങ്ങു പാലത്തിലൂടെയായിരുന്നു. പോഞ്ഞിക്കരയുടെ വിളി അവർക്കു ചെറുക്കുവാൻ പറ്റിയിരുന്നില്ല. ആത്മാവിനുവേണ്ടുന്ന പലതും അവിടെ മാത്രമെ ലന്തൻബത്തേരിക്കാർക്ക് കിട്ടിയിരുന്നുള്ളു. വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയുടെ മുറ്റത്തിലെ പുളിമരത്തിൽ തൂക്കിയിട്ടിരുന്ന മണിയടിക്കുമ്പോൾ ലന്തൻബത്തേരിക്കാർ കൂട്ടത്തോടെ വടക്കോട്ട് നീങ്ങി. പോഞ്ഞിക്കര കള്ളുഷാപ്പിൽ അന്തിക്കള്ള് ഇറക്കുന്ന വഞ്ചിക്കാരുടെ കൂക്ക് കേൾക്കുമ്പോഴും അവരിൽ പലർക്കും ഇരുപ്പ് ഉറച്ചിരുന്നില്ല.’ ബോൾഗാട്ടിയിൽനിന്നും വടക്കോട്ട് സഞ്ചരിച്ചാൽ എത്തുന്നത് പോഞ്ഞിക്കരയിലാണ്. അധികം വീതിയില്ലാത്ത വഴി അല്പദൂരം സഞ്ചരിച്ചപ്പോഴേക്കും വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളി കാണാനായി. കായലിന്റെ ഓളങ്ങളെ അഭിമുഖീകരിച്ചാണ് പള്ളി.

lanthan4

വി. സെബസ്ത്യാനോസിന്റെ പള്ളി സെമിത്തേരിയിൽ മലയാളസാഹിത്യത്തിലെ ദമ്പതികൾ എന്നു വിശേഷിപ്പിക്കാവുന്ന പോഞ്ഞിക്കര റാഫിയുടെയും സെബിന റാഫിയുടെയും ശവകുടീരങ്ങളും കാണാം. ദേശത്തെ അടയാളപ്പെടുത്തുന്ന ലന്തൻബത്തേരിയുടെ ലുത്തിനിയകളും ഇവരെ പരാമർശിക്കാൻ വിട്ടുപോയിട്ടില്ല. വായനയെ ആശ്വാസവഴിയായി സ്വീകരിക്കുന്ന ജസീക ഒരു ഘട്ടത്തിൽ പറയുന്നു, ‘പുതിയമലയാളം ഞങ്ങളുടെ അയൽവക്കത്ത് ഉണ്ടായിരുന്നു. സെബീന റാഫി, വഞ്ചിയിൽനിന്ന് കൈവീശിയ–ഞങ്ങളെപ്പോലെ മരപ്പണിക്കാരുടെ കുടുംബത്തിൽ പിറന്ന–അവരുടെ ഭർത്താവ് പോഞ്ഞിക്കര റാഫി. ’ പാപികളും ഓ രാപ്രൊനോബിസും എഴുതിയ, ഒരു കാലഘട്ടത്തിൽ മലയാളികൾ ഏറെ വായിച്ച നോവലിസ്റ്റായിരുന്നു റാഫി. റാഫിയും സെബീനറാഫിയും ചേർന്ന് എഴുതിയ കലിയുഗവും ശുക്രദശയും അക്കാലത്ത് വ്യാപകമായി ചർച്ച ചെയ്തിരുന്നു.

വി. സെബസ്ത്യാനോസിന്റെ പള്ളി കഴിഞ്ഞ് കാൽക്കിലോമീറ്റർ മുന്നോട്ടുപോയാൽ വലതുവശത്ത് പൊന്നരിമംഗലം ബോട്ട് ജെട്ടി കാണാം. ദ്വീപെന്ന മാനസികാവസ്ഥയിൽനിന്ന് ഇനിയും പൂർണമായും മോചനം നേടാത്ത തുരുത്തിന്റെ ബാക്കിപത്രമായി ബോട്ടിനെ കാത്തിരിക്കുന്ന ചിലർ അവിടെയുണ്ടായിരുന്നു.

കടത്തുകടന്ന് കടമക്കുടിയിൽ

ലന്തൻബത്തേരിക്കാർക്ക് അടുത്ത ബന്ധം പുലർത്തേണ്ട മറ്റൊരു തുരുത്താണ് കടമക്കുടി. ജസീക്കയുടെ മാമൂദീസയ്ക്ക് പന്തലിടാൻ വരുന്ന മൂപ്പന്മാരും അതിനും നൂറ്റാണ്ട് മുമ്പ് കോർണേലിയസ് നിർമിച്ച ഫത്തേ സവദ് കപ്പൽ കടലിലിറക്കുമ്പോൾ കുരുത്തോല കെട്ടാന്‍വരുന്ന മൂപ്പന്മാരും ഒക്കെ ഇവിടെനിന്നുള്ളവരാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധിതകാലത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം കാണാൻ പോകുന്നത് കടമക്കുടിയിലാണ്. ഗ്രാമഭംഗിയും ശാലീനതയും ഇന്നും നിലനിർത്തുന്നു ഈ തുരുത്ത്.

ലന്തൻബത്തേരിയിലെ പോഞ്ഞിക്കരയിൽനിന്നുമുള്ള യാത്ര മൂലമ്പള്ളിയിലെത്തി. പെരിയാറിനാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് അക്കരെയുള്ള പിഴല, ഏഴു തുരുത്തുകളടങ്ങുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം. മുൻപ് മൂലമ്പള്ളിയിൽ നിന്നു പിഴലയിലേക്കും തുടർന്നു കടമക്കുടിയിലേക്കും പോയിരുന്നത് ജങ്കാറിലായിരുന്നു, ഇപ്പോൾ അവിടെ പാലങ്ങൾ ഉയർന്നിട്ടുണ്ട്. പൊക്കാളിപ്പാടങ്ങളും മരങ്ങളും കാറ്റും എല്ലാം ചേർന്ന് നല്ലൊരു അന്തരീക്ഷമൊരുക്കുന്ന ഗ്രാമമാണ് കടമക്കുടി. പ്രകൃതിയെ അറിയാനും അനുഭവിക്കാനും സാധിക്കുന്ന ഒരു ഡസ്റ്റിനേഷൻ.

lanthan1

കൊച്ചിയിൽ തുരുത്തുകളിൽനിന്നു തുരുത്തുകളിലേക്കുള്ള യാത്രകൾ നമുക്കിന്നു സമ്മാനിക്കുന്നത് നാഗരികതയുമായി ഒത്തിണങ്ങാൻ ശ്രമിക്കുന്ന ജീവിതത്തിന്റെ കാഴ്ചകളാണ്. തുരുത്തുകളിൽ ജീവിതത്തെ തടവിലാക്കിയിരുന്ന വെള്ളത്തിനുമുകളിൽക്കൂടി പാലങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുന്നു പലയിടങ്ങളിലും. മഹാനഗരമായി വളർന്നുകൊണ്ടിരിക്കുന്ന എറണാകുളവും കൊച്ചിയും ഒന്നായിക്കൊണ്ടിരിക്കുന്നു, ഒന്ന് ഒന്നിലലിയുന്നു. ജസീക്ക ഓർക്കുന്നതുപോലെ, ‘വല്ലാർപാടത്തുനിന്നുമുള്ള 11 മണിയുടെ ബോട്ട്’ ഇപ്പോൾ ദ്വീപുനിവാസികളിൽ ഒറ്റപ്പെടലിന്റെ വ്യാകുലത നിറയ്ക്കാറില്ല. വലിയപക്ഷികൾ ആകാശത്ത് വട്ടമിട്ടു പറക്കുന്ന, പച്ചമരത്തലപ്പുകൾ നിറഞ്ഞിരിക്കുന്ന, വീതിയേറിയ റോഡുകൾ ഇഴഞ്ഞെത്താത്ത ചെറിയ തുരുത്തുകൾ കൊച്ചിക്കായലിൽ കാണാം. അതോരോന്നും ഓരോ ലന്തൻബത്തേരിയായിരിക്കും, ഇവിടുത്തെ പ്രകൃതിയും ഭൂമിയും ഇനിയും ഇങ്ങിനെതന്നെ മുന്നോട്ടുപോകാനുള്ള ആഗ്രഹത്തിൽ ലുത്തിനിയകൾ ഉരുവിടുന്ന ദ്വീപുമനഃസ്ഥിതിയുള്ള സ്ഥലങ്ങൾ.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories