Saturday 09 May 2020 05:28 PM IST

അമ്മയുടെ ഒരു കുഞ്ഞു ഫോട്ടോ പോലും കയ്യിലില്ല, പക്ഷേ മനസിലെപ്പോഴും ആ രൂപമുണ്ട്; ടി ഡി രാമകൃഷ്ണന്‍ പറയുന്നു

Tency Jacob

Sub Editor

td Photo; Manoj D Vaikkom

ചെറുപ്പകാലത്തെ ഏറ്റവും മിഴിവുള്ള ഓര്‍മ്മകളിലൊന്ന് സന്ധ്യക്ക് നില വിളക്കിന് മുമ്പിലിരുന്ന് രാമായണം വായിക്കുന്ന അമ്മയാണ്. അമ്മക്ക് അദ്ധ്യാത്മരാമായണം ഏതാണ്ട് പൂര്‍ണ്ണമായും കാണാതെ അറിയാമായിരുന്നു. എന്നാലും പുസ്തകം മുന്നിലുണ്ടാവും. നല്ല ഈണത്തില്‍ മനോഹരമായ ശബ്ദത്തിലാണ് അമ്മ വായിക്കുക. ഞാനത് ശ്രദ്ധയോടെ കേട്ടിരിക്കും. വായിച്ചു കഴിഞ്ഞാല്‍ അമ്മ ആ കഥാഭാഗത്തെപ്പറ്റി വിശദമായി പറഞ്ഞുതരും. എല്ലാം നേരിട്ട് കണ്ടപോലെ, രാമന്റേയും സീതയുടേയുമൊക്കെ ഒപ്പം അമ്മയും ഉണ്ടായിരുന്ന പോലെയാണ് പറയുക. അവരെയൊക്കെ അടുത്ത പരിചയമുണ്ടെന്ന് തോന്നും. അന്ന് അമ്മയ്ക്ക് മുപ്പത് വയസ്സേ ഉണ്ടാവൂ. എനിക്ക് പത്തും.

ശ്രീദേവി അന്തര്‍ജ്ജനം എന്നായിരുന്നു അമ്മയുടെ പേര്. കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിനടുത്തായിരുന്നു അമ്മയുടെ മല്ലിശ്ശേരി ഇല്ലം. അവിടെ നിന്ന് കഷ്ടിച്ച് ആറു നാഴിക ദൂരെയുള്ള എയ്യാല്‍ തത്തമംഗലത്തില്ലത്തേക്ക് അച്ഛന്‍ ദാമോദരന്‍ ഇളയത് അമ്മയെ വേളി കഴിച്ച് കൊണ്ടുവന്നത് 1959 ലാണ്. അമ്മയ്ക്ക് വലിയ ഔപാചാരിക വി ദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. എരുമപ്പെട്ടി ഹൈസ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് പാ സായിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പഠിക്കാനുള്ള അവസരമുണ്ടായില്ല. എങ്കിലും അമ്മയുടെ അച്ഛന്‍ സംസ്‌കൃതത്തിലും കവിതയിലുമൊക്കെ തത്പരനായിരുന്നതിനാല്‍ നല്ല അനൌപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നു.

അമ്മയ്ക്ക് നല്ല വായനാശീലമുണ്ടായിരുന്നു. നാട്ടിലെ കൊച്ചുവായനശാലയില്‍ നിന്ന് എന്നും പുസ്തകങ്ങളെടുത്തു കൊണ്ടുവരുമായിരുന്നു. അമ്മ വായിക്കുന്നതു കണ്ടാണ് ഞാന്‍ വായനയിലേക്ക് ആകൃഷ്ടനായത്. അതിന് മറ്റൊരു കാരണം കൂടിയുണ്ടാ യിരുന്നു. ഞങ്ങള്‍ രണ്ടുപേരും കടുത്ത ആസ്തമ രോഗികളായിരുന്നു. ആസ്തമ അറ്റാക്ക് വന്നാല്‍ രാത്രി കിടന്നുറങ്ങാന്‍ പറ്റില്ല. അന്ന് ആസ്തമയ്ക്ക് ഇന്നത്തെപ്പോലെ ഫലപ്രദമായ ഇന്‍ഹേലറുകളൊന്നുമുണ്ടായിരുന്നില്ല. ചില വറവ് കഷായങ്ങളൊക്കെയാണ് കഴിച്ചിരുന്നത്. രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കേണ്ടി വരും. അപ്പോള്‍ പുസ്തകങ്ങളായിരുന്നു ഞങ്ങള്‍ക്ക് കൂട്ട്. വായനശാലയില്‍ നിന്ന് എടുത്തുകൊണ്ടുവരുന്ന രണ്ട് പുസ്തകങ്ങളില്‍ ഒന്ന് അമ്മയും ഒന്ന് ഞാനും വായിക്കും. അധികവും റഷ്യന്‍ , ബംഗാളി നോവലുകളുടെ പരിഭാ ഷകളാണ് അന്ന് വായിച്ചിരുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നത് അക്കാലത്തായിരിക്കും. 

ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുപ്പത്തിമൂന്നാം വയസ്സില്‍ അമ്മ മരിച്ചത്. രണ്ടാമത്തെ അനുജനെ പ്രസവിച്ച് പത്തൊമ്പതാം ദിവസം. സെറിബ്രല്‍ ഹെമ റേജായിരുന്നു. പുലര്‍ച്ചേ നാലുമണിക്കടുത്ത് ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ തലകറങ്ങി വീഴുകയായിരുന്നു. അമ്മ അതിനുമുമ്പും ഇടയ്ക്ക് തലകറങ്ങി വീഴാറുണ്ടായിരുന്നു. ബോധമില്ലാതെ രണ്ടോ മൂന്നോ മണിക്കൂര്‍ കിടക്കും. പിന്നെ ഒന്നും സംഭവി ക്കാത്തതുപോലെ എഴുന്നേല്‍ക്കും. അന്നും അതുപോലെയാണെന്നാണ് അച്ഛനും മുത്തശ്ശിയും വിചാരിച്ചത്. പക്ഷേ അമ്മ പതിവുപോലെ ഉണരാഞ്ഞപ്പോള്‍ അടുത്തുള്ള വൈദ്യരെ വിളിച്ചുകൊണ്ടുവന്നു. നാട്ടുവൈദ്യവും മന്ത്രവാദവുമെല്ലാമുള്ള അദ്ദേഹം മുത്തശ്ശിയോട് ഒരു നിലവിളക്ക് കത്തിച്ച് വെയ്ക്കാന്‍ പറഞ്ഞു. അതിനുമുന്നില്‍ ഒരു നാക്കിലയില്‍ കുറച്ച് നെല്ലും അരിയും പൂവും ചന്ദനവും വെച്ച് രണ്ടുകണ്ണടച്ച് ഏതോ മന്ത്രങ്ങള്‍ അവ്യക്തമായി ചൊല്ലിക്കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ച് നെല്ലും അരിയും പൂവും കയ്യിലെടുത്ത് ജപിച്ചൂതി അകത്തെ മുറിയില്‍ കിടക്കുന്ന അമ്മയുടെ നേരേ എറിയും. കുറേ പ്രാവശ്യം അങ്ങിനെ ചെയ്തശേഷം എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന മട്ടില്‍ നിലവിളക്കിന് താഴേ തൊട്ടുതൊഴുതെണീറ്റു. മുത്തശ്ശിയോടും അച്ഛനോടുമായി, ' എല്ലാം ഒഴിഞ്ഞു പോയിട്ടുണ്ട്. വല്യെ തമ്പ്രാട്ടി ഒന്നും പേടിക്കണ്ട. സൂര്യന്‍ തലക്ക് മേലേ എത്തുമ്പഴേക്കും ചെറ്യേ തമ്പ് രാട്ടി ഒണര്‍ന്നെണീറ്റോളും' എന്നു പറഞ്ഞ് അദ്ദേഹം പോയി. 

സൂര്യന്‍ തലക്ക് മുകളിലെത്തിയിട്ടൊന്നും അമ്മ ഉണര്‍ന്നില്ല. നേരെ ഉച്ചയായപ്പോള്‍ അയല്‍ക്കാരെല്ലാം ' ഉണ്ണ്യെളേതേ ഇനി വെച്ചോണ്ടിരിക്കണ്ട ആസ്പത്രീലിക്ക് കൊണ്ടുപൂവ്വാ നല്ലത് ' എന്ന് പറയാന്‍ തുടങ്ങി. രണ്ടുമണിയോടെ കാറ് വിളിച്ച് അമ്മയെ ചൂണ്ടല്‍ മിഷന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേക്കും രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചിരുന്നു. അന്ന് രാത്രി പുലരുന്നതിന് മുമ്പേ അമ്മ മരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖം അമ്മയുടെ ഒരു ഫോട്ടോപോലും കയ്യിലില്ല എന്നതാണ്. പക്ഷേ മനസ്സിലെപ്പോഴും അമ്മയുണ്ട്. മാമ ആഫ്രിക്ക എന്ന നോവലില്‍ രാമായണം കാണാതെ ചൊല്ലുന്ന താര വിശ്വനാഥിന്റെ അമ്മ എന്റെ അമ്മയാണ്. ചെറുപ്പത്തിലെ പുസ്തകങ്ങളുടെ ലോകം കാണിച്ചു തന്ന്, എന്റെ ചിന്തകളെ, ഭാവനയെ, എഴുത്തിനെ എല്ലാം രൂപപ്പെടുത്തിയതില്‍ അമ്മയ്ക്ക് വലിയ പങ്കുണ്ട്. **