Saturday 13 November 2021 06:51 PM IST : By സ്വന്തം ലേഖകൻ

ആദ്യം തന്നെ ഇൻസുലിൻ ചികിത്സ തുടങ്ങണോ? പ്രമേഹം ലൈംഗികശേഷിയെ ബാധിക്കുമോ? പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ

sddsdfes

1 പ്രമേഹരോഗി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ ?

Aപ്രമേഹരോഗം, സാധാരണയായി, ജീവിതകാലം മുഴുവന്‍ കാണുന്ന രോഗം ആണ്. അതുകൊണ്ട് പ്രമേഹരോഗ ചികിത്സ, ജീവിതകാലം മുഴുവൻ വേണ്ടി വരും. പക്ഷേ, പ്രമേഹരോഗ ചികിത്സ എന്നുവച്ചാൽ മരുന്നുകൾ മാത്രമല്ല. ജീവിതശൈലിയിലുള്ള മാറ്റങ്ങളും പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു ചികിത്സാക്രമം ആണ്. ഈ ചികിത്സാക്രമം ആഹാരം ക്രമീകരിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലുമാണ് പ്രധാനമായി കേന്ദ്രീകരിക്കുന്നത്. ഇത് ജീവിതകാലം മുഴുവൻ വേണ്ടി വരും. പക്ഷേ മരുന്നുകൾ പ്രമേഹരോഗികൾക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ വേണ്ടി വരില്ല.എന്നാൽ ജീവിതശൈലിയിൽ നല്ല ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്. അതുകൊണ്ട് പ്രമേഹരോഗികൾ ജീവിതകാലം മുഴുവൻ ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധ പതിപ്പിക്കണം.

2 ആദ്യമെ തന്നെ ഇൻസുലിൻ ചികിത്സ തുടങ്ങുന്നത് നല്ലതാണോ?

Aടൈപ്പ് 1 പ്രമേഹരോഗികൾക്ക് ആദ്യം മുതൽ തന്നെ ഇൻസുലിന്‍ ആവശ്യമാണ്. ഇൻസുലിൻ മാത്രമാണ് ഇവരുടെ ചികിത്സ. പക്ഷേ, ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ ചികിത്സയ്ക്കുള്ള പലതരം മരുന്നുകളിൽ ഒന്നുമാത്രമാണ് ഇൻസുലിൻ. അതുകൊണ്ട് ടൈപ്പ് 2 രോഗികൾക്ക് എപ്പോള്‍ ഇൻസുലിൻ തുടങ്ങണമെന്നത് രോഗിയെ വിശദമായി പരിശോധിച്ച് രക്തത്തിലെ പഞ്ചസാരയുടെയും മറ്റു ടെസ്റ്റുകളുടെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടതാണ്. ചിലർക്ക് ആരംഭത്തിൽ വേണ്ടി വരും. മറ്റു ചിലർക്ക് ഗുളികകൾ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രിക്കുവാൻ സാധിക്കാതെ വരുമ്പോൾ ഇൻസുലിൻ തുടങ്ങേണ്ടി വരും.

3 ഒരിക്കൽ ഇൻസുലിൻ തുടങ്ങിയാൽ പിന്നീട് ഗുളികയിലേക്ക് മാറാൻ സാധിക്കുമോ ?

Aഒരിക്കൽ ഇൻസുലിൻ തുടങ്ങിയാല്‍ തീർച്ചയായും ഗുളികയിലേക്കു മാറാൻ സാധിക്കും. പക്ഷേ ചിലർക്ക് മാത്രം. മുൻപ് പറഞ്ഞതുപോലെ പ്രമേഹം വരാൻ പ്രധാന കാരണം അച്ചടക്കമില്ലാത്ത ആഹാരരീതിയും അമിതവണ്ണവും ആണെങ്കിൽ ആരംഭത്തിൽ ഇൻസുലിൻ ഉപയോഗിക്കേണ്ടി വന്നാലും ജീവിതശൈലിയിൽ നല്ല മാറ്റം വന്നു കഴിഞ്ഞാൽ ഗുളികകൾ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രണത്തിൽ നിൽക്കും. കൂടാതെ പ്രമേഹം കൂടാൻ വേറെ രോഗങ്ങൾ (അണുബാധ, ശസ്ത്രക്രിയ) കാരണമാണെങ്കിൽ അവ നിയന്ത്രിച്ചു കഴിയുമ്പോൾ ഇൻസുലിന്റെ സഹായം കൂടാതെ പിന്നീട് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.

4 എത്രതരം പ്രമേഹഗുളികകൾ ഉണ്ട്? ഇവയുെട പ്രവർത്തനം എങ്ങനെ?

Aകുറഞ്ഞത് ആറ് തരം രീതിയിൽ പ്രവർത്തിക്കുന്ന ഗുളികകൾ പ്രമേഹരോഗ ചികിത്സയ്ക്ക് ഇപ്പോൾ നമ്മുടെ രാജ്യത്ത് ഉണ്ട്.

ശരീരത്തിൽ ഉള്ള ഇൻസുലിനെ നല്ലവണ്ണം പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗുളികകൾ, ഇൻസുലിൻ സെൻസിറ്റൈസർ എന്നു പറയും. ഇതു പ്രധാനമായും രണ്ടു തരത്തിൽ പെട്ടതാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബൈഗുവാനൈഡ് (Biguanide) കൂട്ടത്തിൽ പെട്ട മെറ്റ്ഫോർമിൻ (Metformin) ആണ് ഇതിൽ പ്രധാനം. കൂടാതെ ഗ്ലിറ്റാസോൺ (glitazone)കൂട്ടത്തിൽ പെട്ട പയോഗ്ലിറ്റാസോണും (Pioglitazone) ഇൻസുലിന്റെ പ്രവർത്തനം കൂട്ടുന്ന ഇൻസുലിൻ സെൻസിറ്റൈസർ ആണ്.

ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും കൂടുതൽ ഇൻസുലിൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ആണ് മറ്റൊരു പ്രധാന ഗ്രൂപ്പായ സെക്രീറ്റാഗോഗസ് (Secretagogues). ഇതിൽ സൾഫോനൈലൂറിയ (sulfonylureas) കുടുംബത്തിൽപെട്ട ഗ്ലിക്കസൈഡ്, അമറൈ ൽ (Gliclazide,Amaryl) എന്നിവ ഉൾപ്പെടുന്നു. കൂടാതെ മെഗ്ലിറ്റിനൈഡ് (Meglitinide) കുടുംബത്തിൽ പെട്ട മരുന്നുകളും ശരീരത്തിലെ ഇൻസുലിൻ കൂടുതൽ ഉണ്ടാക്കുന്ന സെക്രീറ്റാഗോഗസ് എന്നതിൽ പെട്ടതാണ്.

വയറ്റിലെ ചെറുകുടലിൽ ഉണ്ടാക്കുന്ന ഇൻക്രെറ്റിൻ ഹോർമോണിന്റെ പ്രവർത്തനം കൂട്ടുന്നതിനു വേണ്ടി ഈ ഹോർമോണിനെ വിഘടിപ്പിക്കുന്ന DPP-4 എൻസൈമിനെ ബ്ലോക്ക് ചെയ്യുന്ന DPP-4 ഇൻഹിബിറ്റേഴ്സ് ആണ് മറ്റൊരു പ്രധാന മരുന്നു ഗ്രൂപ്പ്. ഇതിൽ ഉൾപ്പെടുന്നത് ഗ്ലിപ്റ്റിനുകളായ വിൽഡാഗ്ലിപ്റ്റിൻ (Vildagliptin), ലിനാഗ്ലിപ്റ്റിൻ (Linagliptin), സിറ്റാഗ്ലിപ്റ്റിൻ (Sitagliptin), സാക്സാഗ്ലിപ്റ്റിൻ (Saxagliptin) എന്നിവ.

കുടലുകളിൽ നിന്നും ആഹാരം, രക്തത്തിലേക്കു ആഗിരണം ചെയ്യുന്ന ഘടകത്തെ വൈകിപ്പിക്കുന്ന ഗ്ലൂക്കോസിഡേസ് ഇൻഹിബിറ്റേഴ്സ് ആണ് വേറൊരു മരുന്നു ഗ്രൂപ്പ്. ഇവയിൽ പ്രധാനപ്പെട്ടത് അക്കാർബോസ് (Acarbose) കൂട്ടത്തിൽപെട്ട ഗ്ലൂക്കോബേയ് (glucobay) ആണ്. ഈ കൂട്ടത്തിൽ പെട്ടെ വേറൊന്ന് വോഗ്ലിബോസ് (Voglibose) ആണ്.

തലച്ചോറിലെ ചില ഹോർമോണിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തി, പ്രമേഹരോഗം ചികിത്സിക്കുന്ന മരുന്നാണ് ബ്രോമോക്രിപ്റ്റിൻ. ഇതു പ്രധാനമായും തലച്ചോറിലെ ‍ഡോപ്പമിന്റെ ഉൽപാദനത്തിലും പ്രവർത്തനത്തിനും മാറ്റം വരുത്തി പ്രമേഹരോഗം നിയന്ത്രിക്കുന്നു.

ഏറ്റവും അവസാനം പ്രമേഹരോഗ ചികിത്സയ്ക്കായി വന്ന മരുന്നുകൾ എസ്ജിഎൽറ്റി ഇൻഹിബിറ്റേഴ്സ് കൂട്ടത്തിൽപെട്ടവയാണ്. ഈ മരുന്നുകൾ ഗ്ലിഫോസിൻ (Glifozin) കുടുംബത്തിൽപെട്ട എംപാഗ്ലിഫ്ലോസിൻ, ഡാപാഗ്ലിഫ്ലോസിൻ, കാനാഗ്ലിഫ്ലോസിൻ (Empagliflozin, Dapagliflozin, Canagliflozin) എന്നിവയാണ്. ഇതു മൂത്രത്തിൽ കൂടെ ശരീരത്തിലെ ഷുഗർ കളഞ്ഞ് രക്തത്തിലെ ഷുഗർ നിയന്ത്രിക്കുന്നു. ഈ മരുന്നുകൾ ഹൃദ്രോഗം വരുന്നതു തടയാനും സഹായിക്കുന്നുണ്ട്

5 എത്രതരം ഇൻസുലിൻ ഉണ്ട്?

Aപ്രവർത്തന സമയം അനുസരിച്ചു മൂന്നുതരം ഇൻസുലിൻ ഉണ്ട് Ð പെട്ടെന്ന് പ്രവർത്തിക്കുന്ന റെഗുലർ ഇൻസുലിൻ, പതുക്കെ, നീണ്ട സമയം (Long acting) പ്രവർത്തിക്കുന്ന NPH ഇൻസുലിനുകൾ, പിന്നെ മിശ്രിത ഇൻസുലിനുകൾ അഥവാ 30/70 ഇൻസുലിനുകൾ. ഇൻസുലിന്‍ ഉണ്ടാക്കുന്ന പ്രക്രിയ അനുസരിച്ചു ഇൻസുലിനുകളെ Ð അനിമൽ, ഹ്യൂമൻ, ഡിസൈനർ ഇൻസുലിനുകൾ എന്നും തരം തിരിക്കാം. ഇപ്പോൾ നമ്മുടെ നാട്ടിൽ അനിമൽ ഇൻസുലിനുകൾ കിട്ടാനില്ല. ഹ്യൂമൻ ഇൻസുലിനാണ് വിലക്കുറവ്, ഡിസൈനറിനു വില കൂടുതലാണ്.

ഹ്യൂമൻ ഇൻസുലിൻ പ്രവർത്തിച്ചു തുടങ്ങാൻ ഏകദേശം അരമണിക്കൂർ എടുക്കും. അതേ സമയം ഡിസൈനർ കുത്തിവച്ച് 5 മിനിറ്റു കൊണ്ട് പ്രവർത്തിക്കും. അതുപോലെ ലോങ് ആക്റ്റിങ് ഹ്യൂമൻ ഇൻസുലിനാകട്ടെ 12–16 മണിക്കൂർ വരെ യേ പ്രവർത്തിക്കുകയുള്ളൂ. പക്ഷേ, ലോങ് ആക്റ്റിങ് ഇൻസുലിൻ 24–28 മണിക്കൂർ വരെ പ്രവർത്തിക്കും.
 

6 പ്രമേഹമരുന്നുകൾക്കൊപ്പം മറ്റു മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

Aപ്രമേഹരോഗി പ്രമേഹരോഗഗുളികകൾ കൂടാതെ, ബിപിക്കും കൊളസ്ട്രോളിനും മറ്റുമുള്ള മരുന്നുകൾ ആഹാരത്തിനു ശേഷമാണ് കഴിക്കേണ്ടത്. അതുകൊണ്ട് ആഹാരത്തിനു മുൻപുള്ള പ്രമേഹരോഗ ഗുളികകളുടെ കൂടെ ഇവ വരാനുള്ള സാധ്യത കുറവാണ്. കൂടാതെ പ്രമേഹരോഗ ഗുളികകളുടെ കൂടെ ബിപിക്കും മറ്റും മരുന്നുകൾ കഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

7 അമിതമായ അളവിൽ വേദനാസംഹാരി, സ്റ്റിറോയ്ഡ് ഉപയോഗം പ്രമേഹം വരുത്തുമോ?

Aവേദനാസംഹാരികൾ എല്ലാവർക്കും പ്രത്യേകിച്ചും പ്രമേഹരോഗികളിൽ വൃക്കയുെട പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പക്ഷേ, വേദനാസംഹാരികൾ, പ്രമേഹരോഗം ഉണ്ടാക്കാനുള്ള സാധ്യത കാര്യമായിട്ടില്ല. എന്നാൽ വേദനാസംഹാരികൾ ആയി സ്റ്റിറോയിഡ് ഉപയോഗിച്ചാൽ അതു തീർച്ചയായും പ്രമേഹം വരുത്താം. രോഗചികിത്സയ്ക്കു പലപ്പോഴും സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നത് സാധാരണമാണ്. ഇവ ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഷുഗറിന്റെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

8 ടൈപ്പ് 1 രോഗികളുെട ചികിത്സ?

Aടൈപ്പ് 1 പ്രമേഹ രോഗ ചികിത്സ പ്രധാനമായും ഇൻസുലിൻ കുത്തിവയ്പാണ്. 24 മണിക്കൂറും രക്തത്തിലെ ഷുഗർ നിയന്ത്രിച്ചു നിറുത്തുന്നതിന് ഇൻസുലിൻ പല പ്രാവശ്യം കുത്തിവയ്ക്കേണ്ടി വരും. മിക്ക ടൈപ്പ് 1 രോഗികള്‍ക്കും ദിവസം 4 തവണയെങ്കിലും കുത്തിവയ്പ് വേണ്ടി വരും Ð മൂന്നു തവണ ആഹാരത്തിനു മുൻപ് Ð റെഗുലർ ഇൻസുലിനും രാത്രി കിടക്കാൻ സമയത്ത് ലോങ് ആക്റ്റിങ് ഇൻസുലിനും. ചിലർക്ക് ഇങ്ങനെയെടുത്താലും ബ്ലഡ് ഷുഗർ നല്ല നിയന്ത്രണം കിട്ടിയില്ലെങ്കിൽ, ഇൻസുലിൻ പമ്പു കൊണ്ട് ഗുണം കിട്ടും. പലതവണ കുത്തിവച്ചിട്ടും നല്ല നിയന്ത്രണം കിട്ടാത്തവർക്ക് ചിലപ്പോൾ ഇൻസുലിന്റെ കൂടെ മെറ്റ്ഫോർമിൻ ഗുളിക കൊണ്ട് പ്രമേഹം നിയന്ത്രിക്കാം. ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന മറ്റൊരു ഗുളിക അക്കാർബോസ് (Glucobay) ആണ്. മെറ്റ്ഫോർമിൻ ഗുളികയും അക്കാർബോസ് ഗുളികയും ടൈപ്പ് 1 രോഗികൾക്ക് ഇൻസുലിന്റെ മേൽ പടിയായി കൊടുക്കുന്നതാണ്. യാതൊരു കാരണവശാലും ടൈപ്പ് 1 രോഗികൾ ഇൻസുലിൻ എടുക്കാതിരിക്കരുത്.

9 ഗർഭകാലത്തെ പ്രമേഹത്തിന്റെ ചികിത്സ ?

Aഗർഭകാലത്ത് ആദ്യമായി പ്രമേഹം കാണുകയും പ്രസവം കഴിഞ്ഞ് ആറ് ആഴ്ചയ്ക്കകം പൂർണമായും മാറുകയും ചെയ്യുന്ന രോഗമാണ് ജെസ്റ്റേഷനൽ ഡയബറ്റിസ്. ഇതിന്റെ ചികിത്സയിൽ പ്രധാനമായും മൂന്നുഘടകങ്ങൾ ഉണ്ട് Ð ജീവിതശൈലീ മാറ്റം, മെറ്റ്ഫോർമിൻ ഗുളികകൾ, ഇൻസുലിൻ കുത്തിവയ്പ്. ചിലർക്ക് ജീവിതശൈലി നിയന്ത്രണം മാത്രം മതിയാകും. ചിലർക്ക് കൂടെ മെറ്റ്ഫോർമിൻ ഗുളിക കൂടി വേണ്ടി വരും. മറ്റുള്ളവർക്ക് ഇൻസുലിൻ കുത്തിവയ്പും വേണ്ടി വരും. ഗർഭകാലത്ത് കൊടുക്കാവുന്ന പ്രമേഹരോഗഗുളിക മെറ്റ്ഫോർമിൻ മാത്രമാണ്. ഇതിൽ നിയന്ത്രണം കിട്ടിയില്ലെങ്കിൽ ഇൻസുലിൻ എടുക്കേണ്ടിവരും. ജെസ്റ്റേഷനൽ പ്രമേഹരോഗികൾ, സാധാരണ പ്രമേഹരോഗികളെക്കാളും കൂടുതലായി ഷുഗർ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. പ്രമേഹം ഉള്ള ഗർഭിണികൾ അവരുടെ ഫാസ്റ്റിങ് ബ്ലഗ് ഷുഗർ 95mg താഴെയും ആഹാരത്തിനു 2 മണിക്കൂർ ശേഷം ഉള്ള ഷുഗർ 125mgയ്ക്കും താഴെയും നിറുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ പ്രമേഹരോഗികളും വീട്ടിൽ വച്ചു ഷുഗർ പരിശോധിക്കുന്നതിനുള്ള ഗ്ലൂക്കോമീറ്റർ കരുതണം.

പ്രസവം കഴിഞ്ഞാൽ മരുന്നുകളും ഇൻസുലിനും നിർത്താൻ സാധി ക്കും. സാധാരണ പ്രസവം കഴിഞ്ഞാ ൽ ഉടൻ തന്നെ രക്തത്തിലെ ഷുഗർ സാധാരണഗതിയിലാകാറുണ്ട്.

10 മരുന്നുകളുെട പരമാവധി ഗുണം ലഭിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ?

Aഎല്ലാ രോഗങ്ങളും ചികിത്സിക്കുമ്പോൾ മരുന്നു കൃത്യമായി പറഞ്ഞ സമയത്തു ശരിയായ ഡോസിൽ ഉപയോഗിക്കണം. അതുപോലെ പ്രമേഹരോഗികൾ മരുന്നുകൾ കഴിക്കുമ്പോൾ പ്രത്യേകിച്ചു മരുന്നിന്റെ ഡോസ് ശരിയാണോ എന്ന് നോക്കണം. കഴിക്കുന്ന സമയം ശരിയാണോ, ആഹാരത്തിനു മുൻപ് ആണോ, ആഹാരത്തിനു ശേഷം ആണോ എന്നു നോക്കണം. ആഹാരത്തിനു തൊട്ടുമുൻപ് കഴിക്കുന്ന അക്കാർബോസ് എന്ന ഗുളിക ആഹാരത്തിനു ശേഷം കഴിച്ചാൽ അതിന്റെ പൂർണ ഗുണം കിട്ടില്ല. മരുന്നുകൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണോ എന്നു നോക്കുന്നതു വളരെ അത്യാവശ്യമാണ്. അതുപോലെ ഇൻസുലിൻ സൂക്ഷിക്കുന്നത് ഫ്രിജിലാണോ എന്നു സ്ഥിരീകരിക്കണം. കുപ്പിയും സിറിഞ്ചും വച്ച് ഇൻസുലിൻ എടുക്കുന്നവർ ഇൻസുലിൻ സിറിഞ്ച് ആ ഉപയോഗിക്കുന്ന ഇൻസുലിൻ (u/40 or u/100) നു പറ്റിയതാണോ എന്നു നോക്കണം. അതുപോലെ ഇൻസുലിൻ പേന കൊണ്ട് ഇൻസുലിൻ എടുക്കുന്നവർ മരുന്നു കയറുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. പേനയിലെ ഇൻസുലിന്റെ അളവ് കുറയുന്നുണ്ടോ എന്നും നോക്കാം.

11 പ്രമേഹരോഗി യാത്ര െചയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ?

Aയാത്ര തുടങ്ങുന്നതിനു മുൻപു തന്നെ, യാത്ര ചെയ്യുന്ന ദിവസങ്ങളിലേക്കുള്ള മരുന്നുകൾ എത്ര വേണമെന്ന് കണക്കുകൂട്ടി പ്രത്യേകം പായ്ക്ക് ചെയ്യണം. ആവശ്യത്തിൽ കൂടുതൽ ദിവസം യാത്ര തുടരേണ്ടി വന്നാൽ അതിനുള്ള മുൻകരുതലായി 2Ð3 ദിവസത്തെ എക്സ്ട്രാ മരുന്നുകൾ സ്‌റ്റോക്ക് ചെയ്യുന്നതു നല്ലതാണ്. ഇതു കൂടാതെ കഴിക്കുന്ന മരുന്നുകളുടെ ഒരു പ്രിസ്ക്രിപ്ഷൻ കയ്യിൽ കരുതുക. ആഹാരത്തിലും കൃത്യനിഷ്ഠ പാലിക്കണം. ഇൻസുലിൻ എടുക്കുന്നവർ ഗ്ലൂക്കോമീറ്റർ കരുതുന്നത് നല്ലതാണ്.ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം.

13 പ്രമേഹമരുന്നുകൾ ലൈംഗികശേഷിയെ ബാധിക്കുമോ?

Aപ്രമേഹരോഗം കാലക്രമേണ ഉണ്ടാക്കുന്ന ഒരു ദീർഘകാല സങ്കീർണതയാണ് ലൈംഗികശേഷിക്കുറവ്. ഇത് പ്രമേഹം വന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ന്യൂറോപതി എന്ന സങ്കീർണതയു
െട ഭാഗം ആകാം. കൂടാതെ പ്രമേഹരോഗം രക്തം പ്രവഹിക്കുന്ന ധമനികളിൽ കേടു വന്ന് അതിലെ ചെറിയ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതു കൊണ്ടും വരാം. ഇവ കൂടാതെ പ്രമേഹരോഗികളിൽ ലൈംഗിക ഹോർമോണുകളിൽ വ്യതിയാനങ്ങൾ ഉണ്ടായി ലൈംഗികശേഷികുറയാം. പ്രമേഹരോഗ മരുന്നുകൾ മൂലം, ലൈംഗിക ശക്തിക്കുറവു വരാറില്ല. മിക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മർദം കാണുന്നുണ്ട്. ഉയർന്ന രക്ത സമ്മർദം നിയന്ത്രിക്കുന്നതിനുപയോഗിക്കുന്ന ചില മരുന്നുകൾ (beta blockers) ലൈംഗികശേഷിയേ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ പ്രമേഹ രോഗികൾ, മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രൊട്ടക്ഷൻ ഹോർമോൺ കൂടിയിട്ട് ലൈംഗിക ശേഷി കുറയാൻ സാധ്യതയുണ്ട്.

പ്രമേഹം വന്നാൽ നിയന്ത്രിക്കാനും വരാതിരിക്കാനും അമിതവണ്ണം ഒഴിവാക്കേണ്ടത് ആവശ്യമാണ്. പ്രമേഹത്തിനെതിരെ മാത്രമല്ല മറ്റു ജീവിതശൈലീരോഗങ്ങൾ തടയാനും ചിട്ടയായ വ്യായാമം സഹായിക്കും. പ്രമേഹരോഗി വ്യായാമം െചയ്യുന്നതിനു മുൻപ് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. വ്യായാമം സംബന്ധിക്കുന്ന സംശയങ്ങൾക്കുള്ള മറുപടികളിതാ. ഒപ്പം മാനസികപിന്തുണയുെട ആവശ്യകതയും.

ഡോ. ആർ വി. ജയകുമാർ

പ്രമേഹരോഗവിദഗ്ധൻ

പ്രമേഹനിയന്ത്രണത്തെക്കുറിച്ച് കൂടുതൽ അറിയാൻ നവംബർ 2021 ലക്കം മനോരമ ആരോഗ്യം കാണുക

Tags:
  • Manorama Arogyam